തിരയുക

Vatican News
2020.08.09 HAGIA SOPHIA 2020.08.09 HAGIA SOPHIA 

ഹാഗിയ സോഫിയയുടെ പരിണാമം അപരിഹാര്യമായ തെറ്റ്

ക്രിസ്ത്യന്‍ ചരിത്രസ്മാരകം മുസ്ലിംപള്ളിയാക്കിയതില്‍ ഇസ്ലാമിക ശ്രേഷ്ഠരുടെ പ്രതികരണം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഏകാധിപതിയുടെ തീരുമാനം
തുര്‍ക്കിയിലെ ഈസ്താംബൂള്‍ നഗരത്തിലെ ഫത്തീമില്‍ ചരിത്ര സ്മാരകമായി സൂക്ഷിച്ചിട്ടുള്ള പുരാതന ബൈസാന്‍റൈന്‍ ദേവാലായം ജൂലൈ 24-നാണ് തുര്‍ക്കിയുടെ പ്രസിഡന്‍റ് ഏര്‍ദോഗാന്‍ മുസ്ലീംപള്ളിയാക്കി മാറ്റിയത്. ഏകാധിപത്യ സ്വഭാവം പ്രതിധ്വനിപ്പിക്കുന്ന ഏര്‍ദോഗാന്‍റെ തീരുമാനത്തോട് ലോകത്തെ നിരവധി മഹല്‍വ്യക്തികളും പ്രസ്ഥാനങ്ങളും ഇസ്ലാമിക സ്ഥാപനങ്ങളും, പ്രഗത്ഭരായ ഇസ്ലാമിക പണ്ഡിതരും വിയോജിപ്പു പ്രകടിപ്പിക്കുകയും, ചരിത്രസ്മാരകം മുസ്ലീംപള്ളിയാക്കുന്നതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയുമുണ്ടായി. എങ്കിലും ഏര്‍ദോഗാന്‍ തന്‍റെ തെറ്റായ തീരുമാനത്തില്‍ ഉറച്ചുനില്ക്കുകയാണ് ചെയ്തത്. 
ഈ ചരിത്ര സ്മാരകത്തിനു വളരെ അടുത്തായി വിഖ്യാതമായ മുസ്ലീം പ്രാര്‍ത്ഥനാലയവും, തുര്‍ക്കിയുടെ വിവിധഭാഗങ്ങളിലായി 3500-ല്‍പ്പരം മോസ്കുകളും നിലനില്ക്കെയാണ് എല്ലാവര്‍ക്കും സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്ന യുഎന്‍ പൈതൃക സ്മാരകംകൂടിയായ ഹാഗിയ സോഫിയ ഏര്‍ദോഗാന്‍  മുസ്ലീം പള്ളിയാക്കിയത്.

2. ദൈവികവിജ്ഞാനത്തിനു സമര്‍പ്പിതമായിരുന്ന
ബൈസൈന്‍റൈന്‍ ക്രിസ്തീയ പ്രാര്‍ത്ഥനാലയം

ക്രിസ്താബ്ദം 537-ല്‍ പുരാതന പട്ടണമായ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ സ്ഥാപിതമായ മനോഹരവും വിസ്തൃതവുമായ ബൈസൈന്‍റൈന്‍ ദേവാലയം ഓട്ടോമാന്‍ തുര്‍ക്കികളുടെ പടയോട്ട കാലത്ത് 1453-ല്‍ അവരുടെ അധീനത്തിലാക്കുകയുണ്ടായി. 1934-ല്‍ അന്നത്തെ ഭരണകര്‍ത്താവ്, മുസ്തഫ കമാല്‍ അത്താത്തുര്‍ക്ക് ഹാഗിയ സോഫിയ ദേവാലയം എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ഒരു മ്യൂസിയമായി തുറന്നിട്ടു. എന്നാല്‍ തുര്‍ക്കിയിലെ ഒരു പക്ഷം മൗലികവാദികളായ മുസ്ലിങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ടാണ് പുരാതനദേവാലയം മുസ്ലിംങ്ങള്‍ക്കു മാത്രമായുള്ള മോസ്ക്കായി തുര്‍ക്കിയുടെ പ്രസിഡന്‍റ് ഏര്‍ദോഗാന്‍ രൂപാന്തരപ്പെടുത്തിയത്.

3. പണ്ഡിതന്മാരുടെ പ്രതികരണം
തുര്‍ക്കിയിലെ പ്രശസ്തമായ ഇസ്ലാമിക പണ്ഡിതരും ഏര്‍ദോഗാന്‍റെ തെറ്റായ നീക്കത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ്താവന ഇറക്കുകയുണ്ടായി. മാനവചരിത്രത്തില്‍ ക്രൈസ്തവ ആത്മീയതയുടെയും സമാധാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രതീകമായി ഉയര്‍ന്നുനിന്ന സ്മാരകമന്ദിരത്തെ ഒരു മതത്തിന്‍റേതു മാത്രമായി കൈയ്യടക്കിയ ഏര്‍ദോഗാന്‍റെ തീരുമാനം ചരിത്രത്തില്‍ “അപരിഹാര്യമായ ഒരു തെറ്റായി” (Irreperable error) മനുഷ്യകുലം കാണുന്നുവെന്ന് നാസിഫ് ആയ്, മെഹമ്മദ് അലി ഓസ്, യൂസഫ് ദുല്‍ഗര്‍ എന്നീ ഇസ്ലാമിക പണ്ഡിതന്മാര്‍ ആരോപിച്ചു.

4. വിശ്വസാഹോദര്യ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന
ഹാഗിയ സോഫിയയുടെ ആത്മീയ സാംസ്കാരിക മൂല്യം മനസ്സിലാക്കി ലോകത്ത് മതങ്ങള്‍ തമ്മില്‍ പരസ്പരാദരവും ധാരണയും നിലനില്ക്കുന്ന വിധത്തില്‍ ഇസ്താംബൂളിലെ ചരിത്രസ്മാരകം ആയിരിക്കുന്ന അവസ്ഥയില്‍ത്തന്നെ പരിരക്ഷിക്കപ്പെടണമെന്ന് അബുദാബി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിശ്വസാഹോദര്യ കമ്മിറ്റി അഭ്യര്‍ത്ഥിച്ചിരുന്നു. ഏര്‍ദോഗാനും ജനീവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മതങ്ങളുടെ കൂട്ടായ്മയ്ക്കും (World Council of Religions) അയച്ച കത്തിലൂടെയാണ് വിശ്വസാഹോദര്യത്തിനായുള്ള സമുന്നത കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജനറലും നിയമപണ്ഡിതനുമായ മഹമ്മദ് അബ്ദല്‍ സലാം പ്രതികരിച്ചത്.

ലോകം വലിയ പ്രതിസന്ധിയെ നേരിടുന്ന ഇക്കാലഘട്ടത്തില്‍ സഹവര്‍ത്തിത്വവും മാനവസാഹോദര്യവും വളര്‍ത്തുവാന്‍ പരിശ്രമിക്കണമെന്നും, മതങ്ങള്‍ തമ്മില്‍ സംഘര്‍ഷവും വെറുപ്പും വളര്‍ത്തുന്നതും, മതാന്തരസംവാദത്തിന്‍റെയും സംസ്കാരാന്തര സംവാദത്തിന്‍റെയും സാദ്ധ്യതകള്‍ തകര്‍ക്കുന്നതുമായ പ്രവൃത്തിയില്‍നിന്നും പിന്മാറി, സഹവര്‍ത്തിത്വത്തിന്‍റെ മൂല്യം വളര്‍ത്തുന്ന തീരുമാനം അടിയന്തിരമായി എടുക്കണമെന്നും അബ്ദല്‍ സലാം ആവശ്യപ്പെടുകയുണ്ടായി.

5. ജനീവയിലെ ആഗോള ഇസ്ലാമിക ഫൗണ്ടേഷന്‍റെ അഭ്യര്‍ത്ഥന
സകല മതസ്ഥരും സംഗമിക്കുകയും സംവദിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക സ്ഥാപനമായി “ഹാഗിയ സോഫിയ” എന്ന ദൈവിക വിജ്ഞാനത്തിന്‍റെ ദേവാലയമായിരുന്ന ഈസ്താംബൂളിലെ ചരിത്രസ്മാരകം നിലനിര്‍ത്തണമെന്ന് ജനീവയിലെ ഇസ്ലാമിക ഫൗണ്ടേഷനുവേണ്ടി ഫാഹിദ് ക്വിര്‍ദീരി രേഖാമൂലം അഭ്യര്‍ത്ഥിക്കുകയുണ്ടായി. മാനവികതയ്ക്ക് എന്നും ദൈവികമായ അറിവിന്‍റെയും നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെ വെളിച്ചമായി തെളിഞ്ഞുനില്ക്കേണ്ട സ്ഥാപനമാണ് ഹാഗിയ സോഫിയയെന്നും ക്വിര്‍ദീരിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചിരുന്നു.
 

09 August 2020, 10:09