നിക്കരാഗ്വയിൽ കത്തോലിക്ക കത്തീദ്രൽ ദേവാലയത്തിൽ ആക്രമണം!
കത്തീദ്രൽ ദേവാലയം ആക്രമിച്ച സംഭവം ആസൂത്രിതമാണെന്ന് മനാഗ്വ അതിരൂപത
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിൽ കത്തോലിക്കാ കത്തീദ്രലിനു നേർക്ക് തീബോംബാക്രമണം.
വെള്ളിയാഴ്ച (31/07/20) ആയിരുന്നു ആക്രമണം.
മുഖംമൂടിയണിഞ്ഞെത്തിയ അക്രമിയെറിഞ്ഞ തീബോംബ് കത്തീദ്രലിനകത്തുള്ള ക്രിസ്തുവിൻറെ തിരുരക്തത്തിൻറെ കപ്പേളയിൽ അഗ്നിബാധയ്ക്ക് കാരണമാകുകയും നാലു നൂറ്റാണ്ടോളം പഴക്കമുള്ള ഒരു കുരിശുരൂപത്തിന് സാരമായ കേടുപാടുകൾ വരുത്തുകയും ചെയ്തു.
ആളപായമൊന്നും സംഭവിച്ചില്ല.
ഈ ആക്രമണം ആസൂത്രിതമാണെന്ന് പറയുന്ന മനാഗ്വ അതിരൂപത ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
നിക്കരാഗ്വയിൽ വിശ്വാസികൾ സവിശേഷമാം വിധം വണങ്ങുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശിന് കേടുപാടുകൾ വന്നതിനാൽ ഈ ആക്രമണം പ്രാദേശിക കത്തേലിക്കാവിശ്വാസികൾക്കേറ്റ ആഴമേറിയ ഒരു മുറിവാണെന്ന് അതിരൂപതാവൃത്തങ്ങൾ പറയുന്നു.
01 August 2020, 17:45