തിരയുക

2020.08.18 - Vescovi del Bangladesh piantano un albero-Bangladesh bishops tree planting 2020.08.18 - Vescovi del Bangladesh piantano un albero-Bangladesh bishops tree planting 

ബംഗ്ലാദേശിലെ സഭ നാലുലക്ഷം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നു

സഭയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയില്‍ ബംഗ്ലാദേശിലെ ദേശീയസഭ സജീവമാകുന്നു.

-  ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ദേശീയസഭ തുടക്കമിട്ട പദ്ധതി
പാപ്പാ ഫ്രാന്‍സിസിന്‍റെ അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ, എന്ന ചാക്രികലേഖനത്തിന്‍റെ 5-Ɔο വാര്‍ഷികവും രാജ്യത്തിന്‍റെ 50-Ɔο വാര്‍ഷികവും അവസരമാക്കിയാണ് ബംഗ്ലാദേശിലെ  ദേശീയസഭ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഡാക്കയില്‍നിന്നും ഇറക്കിയ പ്രസ്താവന അറിയിച്ചു.  ആഗസ്റ്റ് 14-ന് തലസ്ഥാന നഗരമായ ഡാക്കയില്‍ ദേശീയ മെത്രാന്‍ സമിതിയുടെ ഓഫീസ് പരിസരത്ത് സ്ഥലത്തെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് പാട്രിക് ഡി റൊസേരിയോ ആദ്യത്തെ മൂന്നു വൃക്ഷത്തൈകള്‍ ഓഫീസ് വളപ്പില്‍ നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.

2. നാടിനെ സുസ്ഥിരമാക്കാന്‍
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങല്‍ നേരിടുന്ന മണ്ണൊലിപ്പും വെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും, പൊതുവെ ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനവും നേരിടുവാന്‍ രാജ്യമാസകലം രൂപതകളും ഇടവകകളും സംഘടനകളും സജീവമായിക്കൊണ്ട് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ആര്‍ച്ചുബിഷപ്പ് പാട്രിക്ക് ഉദ്ഘാടന വേളയില്‍ അറിയിച്ചു.  2020-2021 കാലയളവില്‍ ഭൂമിയെ ഹരിതാഭമാക്കുവാനും ജനജീവിതം കൂടുതല്‍ സുസ്ഥിരമാക്കുവാനും സഹായിക്കുന്ന ഈ മരംനടല്‍ പദ്ധതിയില്‍ രാജ്യത്തെ എട്ടു രൂപതകളെയും ഇടവകകളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് പാട്രിക് പ്രസ്താവനയില്‍ വ്യക്തമാക്കി.

3. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം പ്രചോദനമാക്കി
പരിസ്ഥിതിയുടെ സുസ്ഥിതിക്കും സന്തുലിതാവസ്ഥയ്ക്കും മരങ്ങള്‍ക്ക് വലിയപങ്കുണ്ടെന്ന്, കോവിഡ് 15-ന്‍റെ പശ്ചാത്തലത്തില്‍ കുറച്ചു പേര്‍മാത്രം പങ്കെടുത്ത പരിപാടിയില്‍ ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഹരിതാവരണം നഷ്ടപ്പെട്ട് ഏറെ കെടുതികള്‍ മനുഷ്യര്‍ അനുഭവിക്കുന്ന ഇക്കാലത്ത് വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി നമ്മുടെ ഭൂമിയെ രക്ഷിക്കുവാന്‍ സഭാമക്കള്‍ ആത്മാര്‍ത്ഥമായും കൂട്ടായ്മയോടുംകൂടെ പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. 2015-ലാണ് പരിസ്ഥിതിയെയും മാനവകുലത്തിന്‍റെയും സുസ്ഥിതിയെയും സംബന്ധിച്ച് ചാക്രികലേഖം അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ പുറത്തുന്നവതും ലോകശ്രദ്ധ ആകര്‍ഷിക്കപ്പെട്ടതും. അതിന്‍റെ 5-Ɔο വാര്‍ഷികത്തോട് അനുബന്ധിച്ച് സഭ ഒരുക്കിയിരിക്കുന്ന ഒരുവര്‍ഷം നീളുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ബംഗ്ലാദേശ് വൃക്ഷത്തൈകള്‍ രാജ്യത്ത് ആകമാനം നടുവാന്‍ പദ്ധതിയിട്ടത്.

4. ദേശീയതയും വിശ്വാസബോധ്യവും
സഭയുടെ ഉപവിപ്രസ്ഥാനമായ “കാരിത്താസി”ന്‍റെ (Caritas) പിന്‍തുണയോടെയാണ് ഫലവൃക്ഷങ്ങളും നല്ലയിനം തടിനല്കുന്ന ചിരഞ്ജീവകളായ മരങ്ങളും നട്ടുപിടിപ്പിക്കുവാന്‍ തുടങ്ങുന്നതെന്നും ആര്‍ച്ചുബിഷപ്പ് പാട്രിക് വ്യക്തമാക്കി. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യലബ്ദിയുടെ 50-Ɔο വാര്‍ഷികവും രാഷ്ട്രപിതാവായ മുജീബ് റെഹ്മാന്‍റെ ജന്മശതാബ്ദിവര്‍ഷവും സന്ധിക്കുന്ന ഈ പ്രത്യേകകാലഘട്ടത്തില്‍ ദേശീയതലത്തില്‍ നാടിനും നാട്ടാര്‍ക്കും  ഉപകാരപ്രദമായൊരു പദ്ധതി സഭയ്ക്കു ചെയ്യുവാന്‍ സാധിക്കുന്നതിലുള്ള സന്തോഷവും ആര്‍ച്ചുബിഷപ്പ് പാട്രിക് ഉദ്ഘാടനവേളയില്‍ വെളിപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2020, 14:12