തിരയുക

2020.07.31 Archana Soreng 2020.07.31 Archana Soreng 

ഭാരതത്തിന് അഭിമാനമായി അര്‍ച്ചന സോറെങ്ങ്

കാലവസ്ഥ വ്യതിയാനം സംബന്ധിച്ച് യുവജനങ്ങളു‌‌‌ടെ യുഎന്‍ ഉപദേശക സമിതിയില്‍ ഇന്ത്യയുടെ അര്‍ച്ചന സോറെങ്ങ് നിയമിതയായി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഒറീസ്സ സ്വദേശിനി
ഒറീസ്സായിലെ റൂക്കല രൂപതയിലെ യുവജനപ്രവര്‍ത്തകയായ അര്‍ച്ചന സോറങ്ങാണ്  കലാവസ്ഥ വ്യതിയാനം സംബന്ധിച്ച യുഎന്നിന്‍റെ 7 അംഗ യുവജന ഉപദേശസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.  ഭാരതത്തിലെ ലത്തീന്‍ സഭയുടെ ബാംഗളൂരിലെ കാര്യാലയത്തില്‍നിന്നും സെക്രട്ടറി ജനറല്‍, ഫാദര്‍ സ്റ്റീഫന്‍ ആലത്തറ ജൂലൈ 30-ന് ഇറക്കിയ പ്രസ്താവനയിലൂടെ  നിയമനം അറിയിച്ചു.

2. ദേശീയ കത്തോലിക്ക യുവജന പ്രവര്‍ത്തക
കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്‍റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അര്‍ച്ചന, രാഷ്ട്രമീമാംസ ഐച്ഛിക വിഷയമായി പഠിച്ചു. തുടര്‍ന്ന് ബോംബെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ടില്‍ ഇപ്പോള്‍ ഭാരതത്തിലെ തദ്ദേശജനതകളെക്കുറിച്ചും ഗോത്രവര്‍ഗ്ഗാരെക്കുറിച്ചുമുള്ള ഗവേഷകയുമാണ്. ഗിരിവംശജരായ യുവജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അവരുടെ ജീവിതമൂല്യങ്ങളും സമ്പ്രദായങ്ങളും സംരക്ഷിക്കുന്നതിലും, കലാ-സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കുന്നതിലും, പരമ്പാരഗത അറിവുകള്‍ കൈമാറുന്നതിലും പരിരക്ഷിക്കുന്നതിലും തദ്ദേശ യുവജനങ്ങള്‍ക്ക് അവബോധം നല്കുന്ന പ്രവര്‍ത്തനങ്ങളിലും വ്യാപൃതയാണ്. ഭാരതസഭയുടെ കത്തോലിക്ക യുവജന പ്രവര്‍ത്തനങ്ങളിലും, പ്രാദേശിക സഭയുടെ പ്രേഷിത രംഗത്തുമുള്ള അര്‍ച്ചനയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണെന്ന് ഫാദര്‍ സ്റ്റീഫന്‍ ആലത്തറ വിശദീകരിച്ചു.

3. യുഎന്‍ നിയമനം
ആഗോള കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള യുഎന്നിന്‍റെ ഉപദേശകസമിതിയിലെ യുവജന വിഭാഗത്തിലേയ്ക്ക് അര്‍ച്ചനയെ തിരഞ്ഞെടുത്ത വിവരം യൂഎന്‍ സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തിയരസില്‍നിന്നും ലഭിച്ചത് ജൂലൈ 27-നാണ്. അര്‍ച്ചനയുടെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ നിയമനം. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 7 ഉപദേശകരില്‍ ഒരാളാണ് അര്‍ച്ചനയെന്നും  ഫാദര്‍ ആലത്തറ വ്യക്തമാക്കി.  18-നും 28-നും വയസ്സ് പ്രായപരിധിയില്‍നിന്നുമാണ് യുവജന ഉപദേശക സമിതിയിലേയ്ക്ക് ഈ നിയമനം ഉണ്ടായത്.   ഇതിനു മുന്‍പും യുഎന്നിന്‍റെ കാലാവസ്ഥ സമ്മേളനങ്ങളിലേയ്ക്ക് നിരീക്ഷകയായും, യുഎന്‍ യുവജന സമ്മേളനങ്ങളില്‍ ഭാരതത്തിന്‍റെ യുവജനപ്രതിനിധിയായും ഇവര്‍ തിരഞ്ഞെടുക്കിപ്പെട്ടിട്ടുണ്ടെന്നും ഫാദര്‍ ആലത്തറ ചൂണ്ടിക്കാട്ടി.

4. സഭയുടെ പാരിസ്ഥിതിക പ്രവര്‍ത്തക
പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചിട്ടുള്ള  "അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ," എന്ന ചാക്രികലേഖത്തിന്‍റെ ചൈതന്യമുള്‍ക്കൊണ്ടു കൊണ്ടുള്ള ഭാരതസഭയുടെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകയാണ് അര്‍ച്ചനയെന്നും, പൊതുഭവനമായ ഭൂമി സംരക്ഷിക്കുന്നതിലുള്ള സഭയുടെ നവവും ഊര്‍ജ്ജിതവുമായ പ്രവര്‍ത്തനങ്ങളില്‍ അര്‍ച്ചന സജീവ പ്രവര്‍ത്തകയാണെന്നും  ഡോ. സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.  ഇവര്‍  ഒറീസ്സയിലെ സുന്ദര്‍ഹാര്‍ ജില്ലയില്‍ ഖാഡിയ ഗോത്രസമൂഹാംഗമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2020, 07:28