തിരയുക

2020.07.11 la Parabola del Seminatore 2020.07.11 la Parabola del Seminatore 

വചനത്തിന്‍റെ വിതയെക്കുറിച്ചു ക്രിസ്തുവിന്‍റെ കഥപറച്ചില്‍

ആണ്ടുവട്ടം 15-Ɔ൦ വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍. വിശുദ്ധ മത്തായിയുടെ സുവിശേഷം 13, 1-23 – ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

വിതക്കാരന്‍റെ ഉപമയുടെ ധ്യാനചിന്തകള്‍

1.  കഥപറച്ചില്‍ ശക്തമായൊരു സംവേദനമാധ്യമം
കഥപറച്ചില്‍ എന്ന വിഷയമാണ് 2020-Ɔമാണ്ടിലെ ആഗോള മാധ്യമദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത്. കഥപറച്ചില്‍ ആശയവിനിമയത്തിനുള്ള ശക്തമായ മാധ്യമമാണെന്നു പാപ്പാ വളരെ രസകരമായി സന്ദേശത്തില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ 2000 വര്‍ഷങ്ങള്‍ക്കു മുന്നേ ദൈവരാജ്യത്തിന്‍റെ സന്ദേശങ്ങള്‍ ചുരുളഴിയിക്കുവാനായി ക്രിസ്തു കഥപറച്ചില്‍ ഒരു മാധ്യമമായി ഉപയോഗിച്ചിരുന്നു. കഥകളും ഉപമകളും അവിടുന്നു പറയുക മാത്രമല്ല, അവ തന്‍റെ ശിഷ്യന്മാര്‍ക്കും അനുവാചകര്‍ക്കുമായി ലളിതമായും രസകരമായും വ്യാഖ്യാനിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ അവിടുത്തെ പ്രബോധനങ്ങള്‍ ഒരിക്കലും ദുര്‍ഗ്രഹമായിരുന്നില്ല. ഈശോ പറഞ്ഞ കഥകള്‍ കാലത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഷകളുടെയും അതിര്‍വരമ്പുകളെ അതിജീവിക്കുന്നു. അവയ്ക്കുള്ളില്‍ നന്മയുടെ കരുത്ത്, ദൈവസ്നേഹത്തിന്‍റെ ചൈതന്യം ഒളിഞ്ഞിരിക്കുന്നു. അവ മനുഷ്യര്‍ക്ക് ഇന്നും പ്രചോദനാത്മകമാണ്. അവ നമുക്കു നന്മയുടെ പ്രതിവിധികള്‍ പറഞ്ഞുതരികയും ചെയ്യുന്നു.

2. അനുദിന ജീവിതത്തിന്‍റെ ശീലയില്‍ ഇഴചേര്‍ന്ന കഥകള്‍
ഗലീലിയ കടല്‍ത്തീരത്ത് ഈശോ ജനങ്ങളോട് സംസാരിച്ചു നില്ക്കുന്നതാണ് ഇന്നത്തെ സുവിശേഷരംഗം. എന്നാല്‍ ജനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, അവിടുന്നു തീരത്തു കിടന്നിരുന്ന ഒരു വള്ളത്തില്‍ കയറിനിന്നിട്ട് ജനാവലിയോടു സംസാരിക്കുവാന്‍ തുടങ്ങി. അനുദിന ജീവിതവുമായി ബന്ധപ്പെട്ടതായിരുന്ന ആ കഥകള്‍, അതിനാല്‍ അവ മനസ്സിലാക്കുവാന്‍‍ വളരെ സാധാരണക്കാരായ ജനങ്ങള്‍ക്കുപോലും എളുപ്പമായിരുന്നു. ഇന്നത്തെ സുവിശേഷത്തില്‍ ഒരു വിതക്കാരന്‍റെ കഥയാണ് ഈശോ പറഞ്ഞത്.  ഈ വിതക്കാരന്‍ അയാള്‍ക്ക് ഇഷ്ടമുള്ളിടത്തൊക്കെ ഒരു കരുതലുമില്ലാതെ വിതയ്ക്കുന്നു. നാലുതരം നിലങ്ങളിലാണ് അയാള്‍ വിത്തുവിതച്ചത്. യഥാര്‍ത്ഥത്തില്‍ കഥയിലെ നായകന്‍ വിത്താണ്, വിതക്കാരനല്ല. കാരണം വീഴുന്ന നിലത്തിന് അനുസൃതമായിട്ടാണ് ഫലം ലഭിക്കുന്നത്. കഥയുടെ സന്ദേശം നിലത്തില്‍നിന്നും ലഭിക്കുന്ന ഫലപ്രാപ്തിയാണ്. നിലത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്നതും വിത്താണ്.

അതിനാല്‍ ഈ കഥയില്‍ ഏതെല്ലാം തരം നിലത്തിലാണ് വിതക്കാരന്‍ വിത്തുകള്‍ പാകുന്നതെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ആദ്യമായി മൂന്നുതരത്തിലുള്ള പാഴ്നിലങ്ങളിലാണ് അയാള്‍ വിത്തുവിതച്ചത്. ഒന്ന്, വഴിയോരത്ത്. അവിടെ വീണ വിത്തുകള്‍ പറവകള്‍ വന്നു കൊത്തിക്കൊണ്ടുപോയി. പിന്നെ കല്ലുകള്‍ക്കിടയിലും വിതകള്‍ വീണു. അവ മുളയെടുത്തെങ്കിലും, വെയില്‍വന്നപ്പോള്‍ വാടിക്കരിഞ്ഞുപോയി. മൂന്നാമതായി കുറെ വിത്തുകള്‍ മുള്ളുകള്‍ക്കിടയിലും വീണും. അവ മുളച്ചുവന്നെങ്കിലും മുള്ളുകള്‍ അവയെ ഞെരുക്കിക്കളഞ്ഞു. ഇനി, നാലാമത്തെ നിലം നല്ലനിലമായിരുന്നു. നല്ല നിലത്തു വീണ വിത്തുകള്‍ മുളച്ചു വളര്‍ന്ന് മുപ്പതും, അറുപതും നൂറും മേനി വിളനല്കിയെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ക്രിസ്തു കഥ ഉപസംഹരിക്കുന്നത്.

3. പാതയോരത്തെ വിത്തുകള്‍
എന്നാല്‍ കഥയോടെ തന്‍റെ പ്രഭാഷണം ഈശോ അവസാനിപ്പിക്കുന്നില്ല. കേള്‍വിക്കാര്‍ക്ക് തുടര്‍ന്നും അവിടുന്ന് അത് ലളിതമായി വ്യാഖ്യാനിച്ചുകൊടുക്കുന്നു. വഴിയോരത്തു വീണ വിത്ത്, ദൈവരാജ്യത്തിന്‍റെ സന്ദേശം കേട്ടിട്ടും അതു മനസ്സിലാവാതെയും, ഫലപ്രാപ്തി അണിയാതെയും ജീവിച്ചവരാണെന്ന് ഈശോ വ്യാഖ്യാനിച്ചു കൊടുത്തു. തിന്മയുടെ ശക്തികള്‍ വന്നാണ് നന്മയെ നശിപ്പിക്കുന്നതും, ജീവിതത്തിന്‍റെ വഴിയോരത്തുനിന്നും നന്മയുടെ വിത്തുകള്‍ തട്ടിക്കൊണ്ടു പോകുന്നതും. ദൈവവചനമാകുന്ന വിത്ത് ഹൃദയത്തില്‍ വളരുവാനും, മനുഷ്യന്‍ നന്മയില്‍ ജീവിക്കുവാനും തിന്മയുടെ ശക്തികള്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് ഈശോ പറഞ്ഞ ആദ്യത്തെ കഥാതന്തു.

4 കല്ലുകള്‍ക്കിടയില്‍ വീണ വിത്തുകള്‍
രണ്ടാമതായി കല്ലുകള്‍ക്കിടയില്‍ വീണവിത്തുകളാണ്. വചനം കേള്‍ക്കുകയും അതു മനസ്സിലാക്കുകയും ചെയ്യുന്നവരാണിത്, വിത്തുകള്‍ മുളപൊട്ടി തളിര്‍ക്കുന്നു, എന്നാല്‍ വേരിറങ്ങാന്‍ ഇടമില്ലാത്തതിനാല്‍ വാടിക്കരിഞ്ഞുപോകുന്നു. അവര്‍ വചനം മനസ്സിലാക്കുന്നുവെങ്കിലും, അത് ഉപരിപ്ലവമായിട്ടാണ്. വചനം അവരുടെ കാഠിന്യമുള്ള മനസ്സുകളില്‍ ആഴമായി പതിയുന്നില്ല, വേരുപിടിക്കുന്നില്ല. അവര്‍ സ്ഥായീഭാവമില്ലാത്തവരാണ്. പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അവര്‍ പതറിപ്പോകുന്നു. അവര്‍ പെട്ടന്ന് നിരാശരാകുന്നു. അവര്‍ എല്ലാം ഇട്ടെറിഞ്ഞു പോകുന്നു. അത്തരക്കാര്‍ പെട്ടന്ന് തിന്മയ്ക്കു കീഴ്പ്പെടുന്നു.

5. മുള്ളുകള്‍ക്കിടയില്‍ വീണവിത്തുകള്‍
മൂന്നാമത്തെ കൂട്ടര്‍, മുള്ളുകള്‍ക്കിടയില്‍ വീണ വിത്തുകള്‍ പോലെയാണ്. ഈശോ പറയുന്നത് ഇത്തരക്കാര്‍ വചനം കേള്‍ക്കുന്നവരാണെങ്കിലും, അവര്‍ ലോകജീവിതത്തിന്‍റെ ബദ്ധപ്പാടുകളിലും, സമ്പല്‍സമൃദ്ധിയുടെ മോഹവലയത്തിലും കുടുങ്ങി ജീവിക്കുന്നവരാണ്. ആകയാല്‍ അവരില്‍ പ്രവേശിക്കുന്ന ദൈവവചനത്തിന്‍റെ വിത്തുകള്‍ ലൗകിക ജീവിതത്തിന്‍റെ നൂലാമാലകളില്‍ ഞെങ്ങിഞെരുങ്ങി ഇല്ലാതാകുന്നു, നശിക്കുന്നു.

6. നല്ലനിലത്തെ ഫലസമൃദ്ധി
അവസാനമായി, നല്ലനിലത്തു വീണവിത്തുകളെക്കുറിച്ചാണ് ഈശോ വ്യഖ്യാനിക്കുന്നത്. അത് ഹൃദയംതുറന്ന് ദൈവവചനം ശ്രവിക്കുന്നവരും ഉള്‍ക്കൊള്ളുന്നവരുമാണ്. വചനം കേട്ടവര്‍, അത് സ്വീകരിക്കുകയും മനസ്സിലാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നു. അവര്‍ വചനത്തിന്‍റെ സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാണ്. നമുക്കു കൂട്ടിച്ചേര്‍ക്കാം, നല്ലനിലത്തിന് സമുന്നതമായ മാതൃകയാണ് പരിശുദ്ധ കന്യകാനാഥ. ദൈവവചനം ഹൃദയത്തില്‍ സ്വീകരിക്കുകയും, അതു മനസ്സിലേറ്റുകയും, അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത ഒരു സ്ത്രീയും അമ്മയും. വചനത്തോടെന്നപോലെ ദൈവിക പദ്ധതികളോടു തുറവുകാണിച്ച മറിയം ഭൂമിയില്‍ രക്ഷ യാഥാര്‍ത്ഥ്യമാക്കുവാനുള്ള വലിയ ഉപകരണമായി മാറി, രക്ഷകന്‍റെ അമ്മയായ് തീര്‍ന്നു. കന്യകാനാഥ മാനവകുലത്തിന്‍റെ അമ്മയും മാര്‍ഗ്ഗദീപവും, മദ്ധ്യസ്ഥയുമാണ് ഇന്നും.

7. ഇന്നും ആവര്‍ത്തിക്കുന്ന വിതക്കാരന്‍റെ കഥ
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈശോ പറഞ്ഞ കഥ, ഇന്ന് നിങ്ങളോടും എന്നോടും ക്രിസ്തു ഇന്നത്തെ വചനത്തിലൂടെ ആവര്‍ത്തിക്കുകയാണ്. ഈ കഥകളുടെ ആവര്‍ത്തനം ഒരിക്കലും വിരസമല്ല. ആവര്‍ത്തനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് വിതക്കാരനായ ക്രിസ്തു അവിടുത്തെ സ്നേഹത്തിന്‍റെ വചനവിത്തുകള്‍ നിരന്തരമായി നമ്മുടെ ഹൃദയവയലുകളില്‍ വിതച്ചുകൊണ്ടിരിക്കുകയാണെന്ന സത്യമാണ്. എങ്ങനെയാണ് നാമതു സ്വീകരിക്കുന്നത്. നാം അവിടുത്തെ വചനത്തിനായി ഹൃദയം തുറക്കുന്നുണ്ടോ? എന്‍റെ ഹൃദയം ഏതു തരത്തിലുള്ള വയലാണ്, എപ്രകാരമുള്ള നിലമാണ്? അതൊരു തുറന്നുകിടക്കുന്ന വഴിയോരമാണോ, ഒരു മുള്‍പ്പടര്‍പ്പാണോ, പാറപ്പുറമാണോ? എന്നാല്‍ കല്ലുംമുള്ളുമില്ലാതെ ഉഴുതൊരുക്കിയ, കട്ടയുടച്ചു നിരത്തിയ വയലാകാന്‍, തുറവുള്ള ഹൃദയവയലുകളാകാന്‍ നമുക്കു സാധിച്ചാല്‍ ജീവിതത്തില്‍ ഒത്തിരി നന്മയുടെ ഫലങ്ങള്‍ അണിയാന്‍ സാധിക്കും എന്നതില്‍ സംശയമില്ല.

8. വിതക്കാരാകേണ്ടവര്‍ നാം 
വചനമായ വിത്തു ദൈവം നമ്മുടെ ഹൃദയത്തില്‍ വിതയ്ക്കുമ്പോള്‍ അത് ഹൃദയത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളവര്‍ തിരിച്ചും വിതക്കാരാകണം എന്നൊരു സന്ദേശവും ഈ വചനഭാഗത്തുനിന്നും നമുക്ക് ഉള്‍ക്കൊള്ളാവുന്നതാണ്. വചനത്തിന്‍റെ വിത്തുസ്വീകരിച്ച നമ്മള്‍ പുറപ്പെടുവിക്കുന്ന ഫലങ്ങള്‍ നല്ലതായിരിക്കണം.  വാക്കിലും പ്രവൃത്തിയിലും ദൈവവചനത്തിന്‍റെ സദ്ഫലങ്ങള്‍ പ്രതിഫലിപ്പിക്കുവാന്‍ നമുക്കു സാധിക്കണം. നമ്മുടെ അധരങ്ങളില്‍നിന്നു പുറത്തുവരുന്ന വാക്കുകള്‍ നല്ല വിത്തുകളായി സഹോദരങ്ങളുടെ ഹൃദയവയലില്‍ പതിക്കണം! അവ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും, നന്മയില്‍ വളരാന്‍ സഹായിക്കുകയും, അവരുടെ ഹൃദയങ്ങളില്‍ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രത്യാശയുടെയും ഫലങ്ങള്‍ വിരിയിക്കുകയും ചെയ്യുന്നു!

ഞങ്ങളുടെ ഹൃദയങ്ങളില്‍ നല്ല വയലുണ്ട്, അതുപോലെ നല്ലതല്ലാത്ത കല്ലുംമുള്ളുമുള്ള വയലേലയുമുണ്ട്. തുറവുണ്ടെങ്കില്‍ നല്ലനിലംപോലെ വിശ്വാസത്തില്‍ ദൈവവചനം സ്വീകരിക്കുവാനും, അത് ഉള്‍ക്കൊണ്ടു ജീവിക്കുവാനും സാധിക്കും. ആത്മീയ അന്ധതയുടെ കടുത്ത പാറയും, തിന്മയുടെയും ദുരാഗ്രഹങ്ങളുടെയും മുള്ളുകളും ഞങ്ങളുടെ ഹൃദയവയലിലുണ്ടോ എന്ന് ആത്മപരിശോധനചെയ്യാനുള്ള അവസരമാണ് ഇന്നത്തെ വചനധ്യാനം.

9. പ്രാര്‍ത്ഥന
ജീവിതവഴികളില്‍ കോളിളക്കങ്ങള്‍ ഉയര്‍ന്ന് ഇരുളുമൂടിയ ഇക്കാലഘട്ടത്തില്‍ വിതക്കാരനായ യേശുവേ, അങ്ങു ഞങ്ങളെ നന്മയില്‍ നിലനിര്‍ത്തണമേ, പരിരക്ഷിക്കണമേ! അവിടുത്തെ വചനപ്രഭയുടെ വെളിച്ചം ഞങ്ങളുടെ ജീവിതവഴികളെ തെളിയിക്കട്ടെ! നല്ലനിലംപോലെ അങ്ങേ വചനമാക്കുന്ന വിത്ത് തുറവോടും വിശ്വാസത്തോടുംകൂടെ ഹൃദയത്തില്‍ സ്വീകരിച്ച് നന്മയില്‍ ജീവിക്കുവാനും വളരുവാനും അനുദിനം ഞങ്ങളെ സഹായിക്കണമേ...!

ഗാനമാലപിച്ചത് ഡോ. കെ. ജെ. യേശുദാസ്, രചന ഏ. കെ. പുതുശ്ശേരി, സംഗീതം ജോബ് & ജോര്‍ജ്ജ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2020, 13:03