ക്ലേശിക്കുന്ന മനുഷ്യനെ സമാശ്വസിപ്പിക്കുന്ന ദൈവം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ക്രിസ്തുവിന്‍റെ സാന്ത്വനശില്പം
എറണാകുളത്തെ ചാത്യാത്ത് കര്‍മ്മലമാതാവിന്‍റെ പള്ളി വിഖ്യാതമാണ്. കര്‍മ്മലീത്ത മിഷണറിമാര്‍ പണിയിച്ച പള്ളി. 300-ല്‍ അധികം വര്‍ഷങ്ങള്‍ പഴക്കമുണ്ടിതിന്. ആ പണ്ണിവളപ്പിലേയ്ക്ക് ഏതാനും പടവുകള്‍ ചവിട്ടി കടന്നുചെല്ലുന്നതും നമ്മെ സ്വീകരിക്കുന്നത് മുന്നില്‍ ഇടതുഭാഗത്തു നിലയുറിപ്പിച്ച ക്രിസ്തുവിന്‍റെ ഒരു ഭീമന്‍ ശില്പമാണ്. മേലങ്കിയണിഞ്ഞ് കൈവിരിച്ച് ആരേയും ആശ്ലേഷിക്കാനെന്നപോലെ മന്ദസ്മിതത്തോടെ നില്ക്കുന്ന ക്രിസ്തുവിന്‍റെ പൂര്‍ണ്ണതയുള്ളതും ആകാരഭംഗിയുള്ളതുമായ ശിലപ്ം! ശില്പത്തിനൊത്ത വലുപ്പമുള്ള ഒരു ഭൂഗോളത്തിന്മേലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശില്പത്തിനു താഴെ കൊത്തിവച്ചിരിക്കുന്ന ലിഖിതമാണ് ഇന്നത്തെ സുവിശേഷവിചിന്തനത്തിന് ആധാരം. “അദ്ധ്വാനിക്കന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ പക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം...” (മത്തായി 11, 28).
2. യേശുവിന്‍റെ സാന്ത്വനവചസ്സുകള്‍
മേല്പറഞ്ഞ വചനം ക്രിസ്തു ഉച്ചരിച്ചത് തന്‍റെ പ്രിയപ്പെട്ട ചിലരോടോ ശിഷ്യന്മാരോടോ മാത്രമല്ല, സകലരോടും ലോകത്തോടുമായിട്ടാണ്. മനുഷ്യന്‍ നിരാശജനകമായ അവസ്ഥയില്‍ ദൈവത്തെ അന്വേഷിക്കുന്നു. ക്ലേശങ്ങളില്‍ ദൈവത്തോടു ചേര്‍ന്ന് നന്മയില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജീവിതം ഒന്നിനുപിറകെ ഒന്നായി കൂടുതല്‍ ക്ലേശങ്ങളിലേയ്ക്ക് നിപതിക്കുമ്പോള്‍ മനുഷ്യന്‍ നഷ്ടധൈര്യനാകുന്നു, നിരാശനാകുന്നു. അങ്ങനെ വാടിത്തളര്‍ന്ന ഒരു ജനസഞ്ചയത്തോടാണ് ഈശോ പ്രത്യാശയുടെ വചനം മൊഴിയുന്നത്. ദൈവത്തെ അന്വേഷിച്ച് ക്ഷീണിതരായ ഒരു ജനത്തോടാണ് ഈശോ സംസാരിക്കുന്നത്. ദൈവത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കണ്ടെത്തിയാല്‍ അവിടുത്തെക്കുറിച്ച് മറ്റൊരാളോട് പറയുവാനും അവിടുത്ത സാക്ഷ്യപ്പെടുത്തുവാനും അത്ര എളുപ്പമല്ല. എന്നാല്‍ ഈശോ പറയുന്നത്, ഈ തിരച്ചില്‍ മതിയെന്നും, ദൈവത്തെ തേടി ക്ഷീണതരായവര്‍ തന്‍റെ പക്കലേയ്ക്കു വരുവാനുമായിരുന്നു. ഇതാണ് ഇന്നത്തെ വചനത്തിന്‍റെ പശ്ചാത്തലം.
അദ്ധ്വാനിക്കുന്നവരും, ജീവിതത്തില്‍ ക്ലേശിക്കുന്നവരും, ഹൃദയം തകര്‍ന്നവരുമയ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍! ക്രിസ്തുവിന്‍റെ ഈ ക്ഷണത്തില്‍നിന്നും അവിടുന്ന് ആരെയെങ്കിലും ഒഴിവാക്കുമെന്നു തോന്നുന്നുണ്ടോ? ഇല്ല! മനുഷ്യഹൃദയങ്ങളെ ഇന്ന് മുറിപ്പെടുത്തുകയും, ജീവിതം ക്ലേശകരമാക്കുകയും ചെയ്യുന്ന എത്രയോ കാര്യങ്ങളാണ് നമുക്കു ചുറ്റുമുള്ളത്. ഒരു മഹാമാരിയുടെ ഭീതി, രോഗങ്ങള്‍, തൊഴിലില്ലായ്മ, ചുറ്റും കാണുന്ന അഴിമതിയും അനീതിയും, ദാരിദ്ര്യവും ജീവിതനൈരാശ്യവും, മെല്ല വലിയ മാനസിക മുറിപ്പാടുകളുമുണ്ടാക്കുന്നതാണ്. ഇന്നിന്‍റേതായ ജീവിതഭാരവും ബദ്ധപ്പാടുകളും, നാളെയുടെ അനിശ്ചിതത്ത്വങ്ങളുമെല്ലാം ജീവിതത്തെ ഭാരപ്പെടുത്തുന്നതാണ്.
3. ജീവിത പ്രതിസന്ധിയുടെ അരണ്ടയാമങ്ങള്‍
ഇങ്ങനെയുള്ള പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും മദ്ധ്യത്തില്‍ നമ്മെ നോക്കി - എല്ലാവരെയും നോക്കി യേശു ആദ്യം പറയുന്നത്, “വരൂ! നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍!” ഒരു രോഗം പിടിപെട്ടിട്ടോ, എന്തെങ്കിലും അബദ്ധം പറ്റിയിട്ടോ, വിഷാദത്തില്‍ കഴിയുമ്പോള്‍ വരൂ, എന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചാലും എഴുന്നേല്‍ക്കുവാനോ, ആ വിളിയോടു പ്രതികരിക്കുവാനോ അത്ര എളുപ്പമല്ല. അതായത് ജീവിത്തിന്‍റെ ഇരുണ്ട യാമങ്ങളില്‍ നാം ആയിരിക്കുന്ന അവസ്ഥയില്‍ ഒതുങ്ങിക്കൂടുവാനാണ് എളുപ്പം. ഇത്തരത്തിലുള്ളൊരു ജീവിതം നിര്‍ഭാഗ്യകരമാണ്. ചിന്തിച്ചും പിറുപിറുത്തും ചിലപ്പോള്‍ മറ്റുള്ളവരെ പഴിച്ചും നാം അവിടെത്തന്നെ കഴിഞ്ഞുകൂടും. ചടഞ്ഞുകൂടി കഴിയും. ജീവിതത്തില്‍ ഒരു അടച്ചുപൂട്ടല്‍ സാഹചര്യം, Lock down situation അനുദിന ജീവിതത്തിന്‍റെ ഭാഗമാണ്. ഇങ്ങനെ ജീവിതത്തിന്‍റെ ഇരുട്ടിലും ബന്ധനത്തിലും കഴിയുന്ന അവസ്ഥ പ്രയാസമുള്ളതാണ്, അപകടകരമാണ്.
4. നമ്മെ വിളിക്കുന്ന ക്രിസ്തു
എല്ലാ വാതിലുകളും അടയുമ്പോഴും, ജീവിതം ഇരുട്ടായി അനുഭവപ്പെടുമ്പോഴും ഒരു വിഷാദഭാവം മനസ്സിലേയ്ക്ക് ഊര്‍ന്നിറങ്ങുന്നത് സ്വാഭാവികമാണ്. അതു നമ്മെ കീഴ്പ്പെടുത്തുവാന്‍ ഇടയുണ്ട്. വിഷാദം മനുഷ്യഹൃദയത്തിന്‍റെ ഒരു ഭീതിദമായ അവസ്ഥയാണ്. വിഷാദത്തിന്‍റെയും ഏകാന്തതയുടെയും നൈരാശ്യത്തിന്‍റെയും ഈ ചുഴിയില്‍നിന്ന് നമ്മെ കരകയറ്റുവാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവിടുന്ന് വിളിക്കുന്നത്, ക്ലേശിക്കുന്നവരും ജീവിതഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍! അവിടുന്നു നമ്മെ ക്ഷണിക്കുന്നു. ആരാണ് യേശുവിന്‍റെ പക്കലേയ്ക്കു പോകേണ്ടത്... അത് നിങ്ങളും ഞാനുമാണ്. പ്രത്യാശയോടെ യേശുവിങ്കലേയ്ക്ക് കരങ്ങള്‍ നീട്ടാം, ഹൃദയം ഉയര്‍ത്താം. ഇത് രക്ഷയ്ക്കുള്ള മാര്‍ഗ്ഗമാണ്. നമ്മെ സ്നേഹിക്കുകയും വിളിക്കുകയും, നമ്മിലേയ്ക്കു വരികയുംചെയ്ത യേശുവിങ്കലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്താം, യേശുവിനായി ഹൃദയം തുറക്കാം. അവിടുന്നു നമ്മെ സമാശ്വസിപ്പിക്കും.
5. ഇരുട്ടില്‍ നിപതിക്കുന്നവര്‍
ക്ലേശങ്ങളില്‍ കഴിയുന്ന നമ്മള്‍ അതില്‍നിന്ന് പുറത്തേയ്ക്കു വരുമ്പോള്‍ എവിടേയ്ക്കാണ് പോകേണ്ടത് എന്നുകൂടെ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ജീവിതയാത്രയില്‍ നാം മുന്നില്‍ കാണുന്ന പലതും മിഥ്യയാണ്, കബളിപ്പിക്കുന്നതാണ്. അവ തല്ക്കാലം സുഖവും സന്തോഷവും വാഗ്ദാനംചെയ്യാം, മെല്ലെ നമ്മെ വഴിതെറ്റിക്കാം. സമാധാനം വാഗ്ദാനംചെയ്യാം, എന്നിട്ട് നമ്മെ പഴയ മനോവ്യഥയുടെയും ഏകാന്തതയുടെയും വഴിയില്‍തന്നെ തള്ളിയിട്ടേക്കാം. മിഥ്യയായ സുഖംതേടല്‍ പൊട്ടിത്തീരുന്ന പടക്കംപോലെയാണ്. അവസാനം അത് പുകയും പൊടിയും ചാമ്പലുമായിത്തീരുന്നു, ഒന്നുമല്ലാതായിത്തീരുന്നു. അതുകൊണ്ടാണ് യേശു കൃത്യമായി പറയുന്നത്, “നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍!” (28).
6. ശരണം തേടുന്നവര്‍
ജീവിതത്തിന്‍റെ കൈയ്പും ക്ലേശങ്ങളും നാം ഒരു സുഹൃത്തിനോടോ, ഉപദേശകനോടോ, ആരോടെങ്കിലും പങ്കുവച്ച് ആശ്വാസം തേടാറുണ്ട്. എത്രയോ പേരാണിന്ന് കൗണ്‍സിലിങ്ങിനു പോകുന്നത് – നല്ലകാര്യം! എന്നാല്‍ യേശുവിനെ നാം മറന്നുപോകരുത്. അവിടുത്തെ മുന്നില്‍ ഹൃദയംതുറക്കാന്‍ മറന്നുപോകരുത്. നമ്മുടെ ജീവിതകഥയുടെ കണക്ക് അവിടുത്തോടു പറയാന്‍ മടികാണിക്കരുത്. നമ്മെ ഭാരപ്പെടുത്തുന്ന സാഹചര്യങ്ങളെയും വ്യക്തികളെയും അവിടുത്തെ മുന്നില്‍ സമര്‍പ്പിക്കാം. കാരണം ഇവ നമ്മുടെ ജീവിതത്തിന്‍റെ ഇരുണ്ട യാമങ്ങളുടെ ഭാഗമാണ്. യേശുവിന്‍റെ വെളിച്ചം വീഴാന്‍ നാം ഒരിക്കലും അനുവദിക്കാത്ത ഇടങ്ങള്‍ ജീവിതത്തിലുണ്ടാകരുത്. എന്‍റെ കഥ അങ്ങനെ ക്ലേശകരമാകുമ്പോള്‍
തീര്‍ച്ചയായും ഒരു കുമ്പസാരക്കാരന്‍റെ മുന്നില്‍ അനുതപിക്കുവാനോ, കാരുണ്യത്തിന്‍റെ മിഷണറിയുടെ പക്കല്‍ച്ചെന്നു ഹൃദയം തുറക്കുവാനോ സാധിച്ചേക്കാം. എവിടെപ്പോയാലും ഈശോയുടെ പക്കല്‍ പോകാന്‍ മടിക്കരുത്, മറക്കരുത്! യേശുവിന്‍ നമുക്കു ശരണപ്പെടാം. ഇതാണ് ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍പ്പിക്കുന്നത്.
7. നമ്മെ ശക്തിപ്പെടുത്തുന്ന ക്രിസ്തു
ക്രിസ്തു നിങ്ങളോടും എന്നോടും ഇന്ന് ഈ സുവിശേഷഭാഗത്തിലൂടെ പറയുന്നത് ധൈര്യമായിരിക്കുവാനാണ്. ജീവിതഭാരങ്ങള്‍ക്ക് അടിമപ്പെടാതിരിക്കുവാനാണ്.
ജീവിതക്ലേശങ്ങള്‍ നമ്മെ ഒരിക്കലും കീഴ്പ്പെടുത്താന്‍ ഇടയാക്കാതിരിക്കട്ടെ. അതുപോലെ പാപത്തിന്‍റെയും ഭീതിയുടെയും നുകത്തിനു കീഴിലും നാം അമര്‍ന്നുപോകാന്‍ അനുവദിക്കരുത്. യേശു കരങ്ങള്‍ വിരിച്ച് നമ്മെ അവിടുത്തെ സ്നേഹത്തിലേയ്ക്കും സമാശ്വാസത്തിലേയ്ക്കും ക്ഷണിക്കുന്നു. “നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം!”
ക്രിസ്തു നമുക്കായ് കാത്തിരിക്കുന്നു. എപ്പോഴും അവിടുന്നു നമുക്കായ് കാത്തിരിക്കുന്നു. ജീവിതവ്യഥകള്‍ മാന്ത്രികമായി മാറ്റിയെടുക്കുവാനല്ല അവിടുന്നു നമ്മെ വിളിക്കുന്നതും കാത്തിരിക്കുന്നതും. നമ്മെ ശക്തിപ്പെടുത്തുവാനാണ് അവിടുന്നു വിളിക്കുന്നത്. ക്രിസ്തു നമ്മുടെ ജീവിതഭാരം എടുത്തു മാറ്റുന്നില്ല, എന്നാല്‍ അതിന്‍റെ മാനസികമായ കഠിനവേദനകള്‍ അവിടുന്ന് കുറയ്ക്കുന്നു. ജീവിതക്കുരിശുകള്‍ അവിടുന്ന് എടുത്തുകളയുന്നില്ല, എന്നാല്‍ അവിടുന്ന് നമ്മോടു ചേര്‍ന്നു നടക്കുകയും, താങ്ങിത്തരികയും, ജീവിതഭാരം ലഘൂകരിക്കുകയും ചെയ്യുന്നു (30).
8. ക്രിസ്തു നല്കുന്ന ആന്തരിക സൗഖ്യം
ജീവിതത്തിലേയ്ക്കു ക്രിസ്തു കടന്നുവരുമ്പോള്‍ നമ്മില്‍ സമാധാനം വന്നു വസിക്കും. നമ്മുടെ കഷ്ടപ്പാടിലും വേദനയിലും ഒരാന്തിരക സ്വാസ്ഥ്യം നാം അനുഭവിക്കും. അതിനാല്‍ യേശുവിന്‍റെ പക്കലേയ്ക്കും പോകാം. അനുദിനം അല്പനേരമെങ്കിലും അവിടുത്തോടുകൂടെയായിരിക്കാന്‍ ശ്രദ്ധിക്കാം. പ്രാര്‍ത്ഥനയില്‍ യേശുവില്‍ ആത്മവിശ്വാസം കണ്ടെത്താന്‍ സാധിച്ചാല്‍ യേശുവുമായുള്ള ആത്മവിശ്വാസത്തിന്‍റെയും വ്യക്തിഗത സംവാദത്തിന്‍റെയും ബന്ധം വളര്‍ത്തിയെടുക്കും. അതുപോലെ യേശുവിന്‍റെ വചനം അടുത്തറിയുവാനും ധ്യാനിക്കുവാനും നമുക്കു ശ്രമിക്കാം. ഭയമില്ലാതെ, ഭയപ്പെടാതെ അവിടുത്തെ ക്ഷമയ്ക്കും കാരുണ്യത്തിനുമായി പരിശ്രമിക്കാം. കര്‍ത്താവിന്‍റെ വിരുന്നുമേശയെ കൂടെക്കൂടെ സമീപിക്കാം, അവിടുത്തെ ജീവന്‍റെ അപ്പം ഭക്ഷിച്ച് ആത്മീയശക്തിയാര്‍ജ്ജിക്കാം. അങ്ങനെ യേശുവിന്‍റെ സമാശ്വാസത്തിനും സ്നേഹത്തിനും അര്‍ഹരായി നമുക്കു ജീവിക്കാം, വളരാം.
9. പ്രാര്‍ത്ഥനയോടെ...
ഇന്നത്തെ സുവിശേഷഭാഗം അവസാനമായി പറയുന്നത്, യേശുവില്‍നിന്നു പഠിക്കുവിന്‍, എന്നാണ് (29). ജീവിതവ്യഥകള്‍ ഊര്‍ന്നിറങ്ങുന്ന നേരത്ത്, രോഗക്ലേശങ്ങള്‍ വലയ്ക്കുന്ന നേരത്ത് നമുക്ക് യേശുവിന്‍റെ പക്കലായിരിക്കുവാന്‍ പഠിക്കാം. ശാരീരികമായി അല്പം ക്ഷീണം തോന്നിയാല്‍ നാം ഉടനെ വിശ്രമം തേടുന്നു. നാം എടുക്കുന്ന ശാരീരിക വിശ്രമത്തോടൊപ്പം, യേശുവില്‍ ആത്മീയമായി സമാശ്വാസം തേടുവാന്‍ സമയം കണ്ടെത്തുവാനും പരിശ്രമിക്കാം. ഇന്ന് നാം ഭയവിഹ്വലരും ആകുലചിത്തരുമാണ്. ഒരു വൈറസ് ബാധ ലോകജനതയെയും നമ്മുടെ രാജ്യത്തെയും ക്ലേശത്തിലാഴ്ത്തുമ്പോള്‍ യേശുവിന്‍റെ പക്കലേയ്ക്ക് പോകാം, അവിടുന്നില്‍ അഭയംതേടാം. രക്ഷയുടെ വഴിയും ജീവനും സത്യവുമായ അവിടുന്നില്‍ സമാശ്വാസം തേടാം. ഞങ്ങളുടെ ജീവിതഭാരം ലഘൂകരിക്കണമേ, ക്ലേശങ്ങളില്‍ സമാശ്വസിപ്പിക്കണമേ, രോഗങ്ങളില്‍ സൗഖ്യംപകരണമേ, നിത്യജീവന്‍റെ പ്രത്യാശ നല്കണമേ!
ഗാനമാലപിച്ചത് രമേഷ് മുരളിയും സംഘവുമാണ്, രചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്...