തിരയുക

Flying fox butterfly - short lived beauties Flying fox butterfly - short lived beauties 

ദൈവകല്പനകള്‍ ജീവിതത്തിന്‍റെ പുനര്‍ജനിക്കുള്ള ആഹ്വാനം

19-Ɔο സങ്കീര്‍ത്തനം : സൃഷ്ടിയുടെ സ്തുതിപ്പിന്‍റെ പഠനം – ഏഴാം ഭാഗം - നവീകരണത്തിന്‍റെ ഉണര്‍ത്തുപാട്ട് - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 19 - ഭാഗം ഏഴ് - ആത്മീയവിചിന്തനം

1. ശ്രേഷ്ഠവും ശാശ്വതവുമായ ദൈവപ്രമാണങ്ങള്‍
ഗീതത്തി‍ന്‍റെ ആത്മീയവിചിന്തനം നാം തുടരുകയാണ്. ദൈവകല്പനകളുടെയും, അവയുടെ ദാതാവിന്‍റെയും വൈശിഷ്ട്യങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ആഴ്ചയില്‍ നാം ശ്രവിച്ചത്. സൃഷ്ടിയില്‍ ദൈവം എപ്രകാരം തന്‍റെ സ്നേഹവും കാരുണ്യവും വെളിപ്പെടുത്തിയെന്നു വര്‍ണ്ണിച്ചുകൊണ്ട് ആരംഭിക്കുന്ന 19-Ɔο സങ്കീര്‍ത്തനം, രണ്ടാം ഘട്ടത്തിലാണ് ദൈവം കല്പനകളിലൂടെ തന്‍റെ രക്ഷണീയമായ സ്നേഹവും വൈഭവവും പ്രകടമാക്കുന്നുവെന്ന് സങ്കീര്‍ത്തനവരികള്‍ പ്രസ്താവിക്കുന്നതും വിവരിക്കുന്നതും. കല്പനകളിലൂടെയുള്ള ദൈവത്തിന്‍റെ വെളിപാടുകള്‍ എപ്രകാരം ചരിത്രത്തില്‍ മനുഷ്യന് അനുഗുണമാണെന്ന് വിവരിക്കുന്ന സങ്കീര്‍ത്തനവചനങ്ങള്‍ നാം പഠിക്കുകയുണ്ടായി.

ദൈവകല്പനകള്‍ നിയമദാതാവായ ദൈവത്തിന്‍റെ ആധിപത്യവും വൈശിഷ്ട്യവുമാണ് വെളിപ്പെടുത്തുന്നത്. ദൈവകല്പനകളുടെ 6 ഗുണവിശേഷങ്ങള്‍ സങ്കീര്‍ത്തകന്‍ എണ്ണിയെണ്ണി പറയുന്നത് നാം കഴിഞ്ഞ ആഴ്ചയില്‍ പഠിച്ചതാണ്. ദൈവിക വെളിപാടുകളും അവിടുത്തെ കല്പനകളും വാഗ്ദാനങ്ങളും എപ്രകാരം ലോകത്തിന് സുവിശേഷമാകുന്നുവെന്നാണ് ആ വരികള്‍ വ്യക്തമാക്കിതന്നത്. ദൈവകല്പനകള്‍ സകല മാനുഷിക നിയമങ്ങളെയുംകാള്‍ ശ്രേഷ്ഠവും ശാശ്വതവുമാണെന്ന് സങ്കീര്‍ത്തകന്‍ വരികളിലൂടെ സ്ഥാപിക്കുകയും, അവ ആത്മീയമായി ഉള്‍ക്കൊണ്ടു ജീവിക്കുവാന്‍ സകലരെയും ക്ഷണിക്കുകയും ചെയ്യുന്നു.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം മരിയ ഡാവിനയും സംഘവും.


Musical Version of Ps 19 Unit One
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം (2).

2. വചനം ഉള്‍ക്കൊള്ളേണ്ട മനുഷ്യന്‍
പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 19-ന്‍റെ അവസാനത്തെ 5 വരികള്‍,10-മുതല്‍ 14-വരെയുള്ള വരികള്‍ ശ്രവിച്ചുകൊണ്ട് ആത്മീയ വിചിന്തനഭാഗം തുടരാം.

Recitation of Ps 19, 10-14.
ദൈവവചനം പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്.
അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
അവതന്നെയാണ് ഈ ദാസരെ പ്രബോധിപ്പിക്കുന്നത്
അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
എന്നാല്‍, സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും?
അറിയാതെ വീണപോയ വീഴ്ചകളില്‍നിന്ന് എന്നെ
ശുദ്ധീകരിക്കണമേ!

ബോധപൂര്‍വ്വം ചെയ്യുന്ന തെറ്റുകളില്‍നിന്നും
ഈ ദാസരെ കാത്തുകൊള്ളണമേ!
പാപം ഞങ്ങളില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ,
അപ്പോള്‍ ഞങ്ങള്‍ നിര്‍മ്മലരായിരിക്കും
മഹാപരാധങ്ങളില്‍നിന്നു ഞങ്ങള്‍ വിമുക്തരായിരിക്കും.
ഞങ്ങളുടെ അഭയശിലയും വിമോചകനുമായ ദൈവമേ,
ഞങ്ങളുടെ അധരങ്ങളിലെ വാക്കുകളും
ഹൃദയത്തിലെ വിചാരങ്ങളും
അങ്ങേ ദൃഷ്ടിയില്‍ സ്വീകാര്യമാവട്ടെ!

കേട്ടമാത്രയില്‍ നമുക്കു പറയാം, സൃഷ്ടിയിലെ ദൈവികമഹത്വം ആദ്യം വര്‍ണ്ണിച്ച ഗായകന്‍ രണ്ടാമതായി, ദൈവകല്നകളുടെ ശാശ്വതമായ സ്വഭാവത്തില്‍ ആശ്ചചര്യപ്പെടുകയും അതിന്‍റെ അപാരതയും മനുഷ്യജീവിതത്തിലുള്ള അതിന്‍റെ സ്വാധീനവും വരികളില്‍ വിവരിക്കുന്നു. തുടര്‍ന്നു ഗീതത്തിന്‍റെ അവസാനഭാഗത്ത് വ്യക്തി തന്നിലേയ്ക്കുതന്നെ തിരിയുന്നതായിട്ടു നമുക്കു മനസ്സിലാക്കാം. ദൈവവചനത്തിനുള്ള വലിയ മൂല്യം ആദ്യം ഗായകന്‍ ഏറ്റുപറയുന്നു.
ദൈവകല്പന എത്രയോ ശ്രേഷ്ഠമാണെന്നും, അത് മനുഷ്യജീവിതത്തിന്
ഉപകാരപ്രദവും അനിവാര്യവുമാണെന്ന് വരികള്‍ ഉദ്ബോധിപ്പിക്കുന്നു. നാം ഏറ്റവും വിലപിടിപ്പുള്ളതെന്നു കരുതുന്ന സ്വര്‍ണ്ണത്തെക്കാളും തങ്കത്തെക്കാളും അഭികാമ്യമായതും, മനുഷ്യര്‍ ഏറ്റവും മധുരമുള്ളതും ഗുണകരവുമെന്നു കരുതുന്നതുമായ തേനിനെയും തേന്‍കട്ടയെക്കാളും ഏറെ മധുരതരമാണ് ദൈവകല്പനകളെന്ന് സങ്കീര്‍ത്തകന്‍ കുറിക്കുന്നു.

3. ദൈവവചനം അപാരവും ശാശ്വതവും
തുടര്‍ന്ന് പറയുന്നത്, കരുത്തും മേന്മയുള്ളതും, അതിശ്രേഷ്ഠവുമായ ദൈവവചനത്തിനു മാത്രമേ മനുഷ്യനെ നന്മയിലേയ്ക്കും, ദൈവിക സമ്മാനത്തിനായും,  നിത്യസമ്മാനത്തിലേയ്ക്കും നയിക്കുവാനാകൂ എന്നാണ്. ഇതുവഴി മനുഷ്യന് മഹാപരാധങ്ങളില്‍നിന്നും വിമുക്തരായി നിര്‍മ്മലരായി ജീവിക്കുവാന്‍ സാധിക്കുമെന്നും സങ്കീര്‍ത്തകന്‍ ഉറപ്പുനല്കുന്നു.
കാരണം മനുഷ്യരുടെ പാപങ്ങളെക്കുറിച്ച് അവബോധമുള്ളവരാകുവാനും തെറ്റുകളില്‍നിന്ന് അകന്നു ജീവിക്കുവാനും ദൈവപ്രമാണങ്ങള്‍ മനുഷ്യര്‍ക്ക് ബോധംനല്കുകയും നയിക്കുകയും ചെയ്യും.

Musical Version : Psalm 19 Unit two
കര്‍ത്താവിന്‍റെ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.

4. വചനം – പുനര്‍ജനിക്കുള്ള ആഹ്വാനം
മനുഷ്യന്‍ ചെയ്യേണ്ട കടമകളെയും ഉത്തരവാദിത്ത്വങ്ങളെയും കുറിച്ച് ദൈവകല്പനകള്‍ അനുസ്മരിപ്പിക്കുന്നതോടൊപ്പം ജീവിതത്തില്‍ അവന്‍ ഒഴിവാക്കേണ്ട അപകടങ്ങളെയും, നേരിടേണ്ടി വന്നേക്കാവുന്ന ദുരന്തങ്ങളെയും കുറിച്ചു സങ്കീര്‍ത്തനവരികള്‍ വ്യക്തമായ സൂചനകള്‍ നല്കുന്നുണ്ട്. തിന്മയില്‍ വീണവരോട്, വിശിഷ്യാ ബോധപൂര്‍വ്വം തെറ്റുകള്‍ചെയ്തവരോട് തിരികെ വരണമെന്നും, ഉണര്‍ന്നു ദൈവത്തിങ്കലേയ്ക്കു തിരിയണമെന്നും സങ്കീര്‍ത്തനവചനം അനുസ്മരിപ്പിക്കുന്നു. ഇതു സംബന്ധിച്ച് എസേക്കിയേല്‍ പ്രവാചകന്‍റെ വാക്കുകള്‍ പ്രചോദനാത്മകമാണ്. വചനം കേള്‍ക്കുമ്പോള്‍ അതിലൂടെ ദൈവം നല്കുന്ന താക്കീതുകളെക്കുറിച്ചു ബോധവാന്മാരായി മനുഷ്യര്‍ ജീവിക്കണമെന്ന് പ്രവാചകന്‍ ആവര്‍ത്തിച്ച് ഉദ്ബോധിപ്പിക്കുന്നു (എസേക്കിയേല്‍ 3, 17... 33, 17). അതിനാല്‍ ദൈവികവഴികളിലേയ്ക്ക് മനുഷ്യരെ തിരികെവിളിക്കുന്ന ഒരു ആഹ്വാനമാണ് ഈ സങ്കീര്‍ത്തനത്തിന്‍റെ അവസാനത്തെ വരികളെന്നു നമുക്കു മനസ്സിലാക്കാം. ദൈവകല്പനകള്‍ക്ക് അനുസൃതമായി ജീവിക്കുന്നവര്‍ക്ക് അവിടുന്നു വാഗ്ദാനംചെയ്യുന്ന നന്മകള്‍ നിരവധിയാണ്.

5. കല്പനകള്‍ക്കെതിരായ വഴിപിഴച്ച നീക്കങ്ങള്‍
ദൈവവചനം സത്യവും നീതിനിഷ്ഠവുമാകയാല്‍, അതിന് എതിരായ മനുഷ്യന്‍റെ ഓരോ നീക്കവും തിന്മയിലേക്കുള്ള പതനമായിരിക്കും എന്നതില്‍ സംശയമില്ല. എല്ലാ ദുഷ്പ്രവൃത്തികളും കല്പനകള്‍ക്ക് എതിരായ മനുഷ്യന്‍റെ ധിക്കാരമാണ്, ദൈവകല്പനകളോടുള്ള നിസ്സംഗതയാണ്. അത് ഉല്പത്തിയുടെ കാലംമുതല്‍ നാം കാണുന്നുണ്ട്. സമൂഹത്തില്‍ നാം ഇന്നു കാണുന്ന അക്രമവും അനീതിയുമെല്ലാം പൊതുവായ നിയമങ്ങളുടെ ലംഘനവും, സമൂഹത്തിലെ അഴിമതി കലര്‍ന്ന നിയമവാഴ്ചയുമാണ് വെളിപ്പെടുത്തുന്നത്.

എന്നാല്‍ ദൈവം മനുഷ്യന് രക്ഷയ്ക്കുള്ള വഴി തെളിക്കും. അവിടുന്നു അനന്ത ക്ഷമാശീലനും കരുണാര്‍ദ്രനുമാണെന്ന് സങ്കീര്‍ത്തനവരികള്‍ പാടുന്നു.  കല്പനകള്‍ വെളിപ്പെടുത്തിതരുന്ന ബലഹീനതകളെയും പോരായ്മകളെയും പാപങ്ങളെയും കുറിച്ച് അവബോധമുള്ള മനുഷ്യന്‍ ദൈവകൃപയിലേയ്ക്കാണ് തിരിയേണ്ടതെന്ന് സങ്കീര്‍ത്തനം ഓര്‍മ്മിപ്പിക്കുന്നു. ബലഹീനനും പാപിയുമായ മനുഷ്യന്‍ രക്ഷയുടെ കൃപയില്‍ ആശ്രയിച്ചു ജീവിക്കണമെന്നും സങ്കീര്‍ത്തനം 19 ഉദ്ബോധിപ്പിക്കുന്നുണ്ട്. എന്നാല്‍ നാം നിയമത്തിന്‍റെ അടിമകളല്ല, മറിച്ച് ദൈവകൃപയില്‍ ആശ്രയിച്ചു നിയമത്തിന്‍റെ വെളിച്ചത്തില്‍ ജീവിതത്തില്‍ മുന്നേറേണ്ടവരാണെന്നും സങ്കീര്‍ത്തനവരികള്‍ വ്യക്തമായി പ്രസ്താവിക്കുന്നു.

Musical Version : Psalm 19 Unit three
കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്
അവ ഹൃദയത്തിനെന്നും ആനന്ദമേകുന്നു
കര്‍ത്താവിന്‍റെ പ്രമാണങ്ങള്‍ പാവനമാണ്
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

6. ജീവിതം ദൈവത്തിനെന്നപോലെ
മനുഷ്യര്‍ക്കും പ്രീതിജനകമാവട്ടെ...

നാം ചെയ്യുന്ന കാര്യങ്ങള്‍ ദൈവത്തിന് പ്രീതിജനകമല്ലെങ്കില്‍ അവകൊണ്ട് മറ്റാര്‍ക്ക് എന്തു പ്രയോജനമുണ്ടാകാനാണ്. ഇതു നാം വിലയിരുത്തേണ്ടതാണ്. ജീവിതത്തില്‍ കളവും കാപട്യവും, തട്ടിപ്പും വെട്ടിപ്പും കാട്ടി  എന്തെല്ലാം നേടിയാലും വാരിക്കൂട്ടിയാലും  അതൊന്നും ആര്‍ക്കും ഉപകാരപ്പെടുവാന്‍ പോകുന്നില്ല. മറിച്ച്, വിശ്വാസത്തില്‍ ജീവിക്കുകയും, നന്മയുടെ ജീവിതമൂല്യങ്ങള്‍ പാലിക്കുകയും ചെയ്യുന്ന വ്യക്തികള്‍ ജീവിതത്തില്‍ എന്തുചെയ്താലും, എത്രചെയ്താലും ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും, പ്രവൃത്തികള്‍ ദൈവസന്നധിയില്‍ സ്വീകാര്യമാണോ, പ്രീതിജനകമാണോയെന്നാണ്. അങ്ങനെ ദൈവപ്രമാണങ്ങള്‍ വിശ്വസ്തതയോടെ കാത്തുപാലിച്ചു ജീവിക്കുന്ന വ്യക്തി ജീവിതത്തില്‍ ദൈവികമായ ആനന്ദം അനുഭവിക്കുമെന്ന ആത്മീയ വിചിന്തനത്തിലേയ്ക്കാണ് ഈ ഗീതം നമ്മെ കൊണ്ടെത്തിക്കുന്നത്. അതിനാല്‍ അഭയശിലയും ശക്തികേന്ദ്രവുമായ ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ടാണ് സങ്കീര്‍ത്തകന്‍ ഗീതം ഉപസംഹരിക്കുന്നത്.

Musical Version : Psalm 19 Unit 4.
കര്‍ത്താവിന്‍റെ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.
- കര്‍ത്താവിന്‍

ദൈവഭക്തി നിര്‍മ്മലമാണ്
അതെന്നേയ്ക്കും നിലനില്ക്കുന്നു
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്
അവ തികച്ചും നീതിപൂര്‍വ്വകം.
- കര്‍ത്താവിന്‍ കല്പനകള്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.  അടുത്ത ആഴ്ചയില്‍ സങ്കീര്‍ത്തനം 19-ന്‍റെ പൊതുവായൊരു അവലോകനം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2020, 11:26