അസ്സീസി നല്കുന്ന പാപമോചനം തേടി ആയിരങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
“പൊര്‍സ്യൂങ്കോള” തീര്‍ത്ഥാടന കേന്ദ്രത്തിലെ ഫ്രയര്‍ സിമോണെ ചെക്കോബായുടെ അഭിമുഖത്തില്‍നിന്ന്...
1. ദൈവിക കാരുണ്യത്തിന്‍റെ തീര്‍ത്ഥസ്ഥാനം
അനുവര്‍ഷം ആഗസ്റ്റ് 2-നാണ് അസ്സീസി പട്ടണ പ്രാന്തത്തിലെ ദൈവമാതാവിന്‍റെ വലിയ ബസിലിക്കയ്ക്ക് അകത്തുള്ള വിശുദ്ധ ഫ്രാന്‍സിസിന്‍റെ “പൊര്‍സ്യൂങ്കോള” എന്ന ദര്‍ശനാലയത്തിലേയ്ക്ക് ദൈവികകാരുണ്യത്തിന്‍റെ പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ദിക്കായി തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നത്. കോവിഡ് 19 രോഗബാധയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ലളിതമായിട്ടാണെങ്കിലും ദൈവികകാരുണ്യം തേടിയുള്ള “അസ്സീസി നല്കുന്ന പാപമോചനം” (Pardon of Assisi) എന്ന വിശുദ്ധ ഫ്രാന്‍സിസ് തുടങ്ങിവച്ച തീര്‍ത്ഥാടനം ഇക്കുറിയും നടത്തപ്പെടുമെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് ജൂലൈ 29-നു നല്കിയ അഭിമുഖത്തില്‍ ഫ്രയര്‍ സിമോണെ പ്രസ്താവിച്ചു. ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമാത്രമല്ല ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും തീര്‍ത്ഥാടകര്‍ ദൈവികകാരുണ്യം തേടി ഇന്നാളില്‍ അസ്സീസിയില്‍ എത്താറുണ്ട്.
2. കാരുണ്യലബ്ദിക്കുള്ള നിര്‍ദ്ദേശങ്ങള്‍
ജൂലൈ 30, 31, ആഗസ്റ്റ് 1 ദൈവികകാരുണ്യത്തിന്‍റെ തീര്‍ത്ഥാടനദിനത്തിന് ഒരുക്കമായുള്ള ത്രിദിനങ്ങളായി ഫ്രാന്‍സിസ്ക്കന്‍ സമൂഹം ആചരിച്ചുകൊണ്ട് മാനവികതയുടെ ക്ലേശപൂര്‍ണ്ണമായ ഇക്കാലഘട്ടത്തില്‍ ദൈവത്തിന്‍റെ കാരുണ്യലബ്ധിക്കായി ആഗസ്റ്റ് 2-ന്‍റെ തീര്‍ത്ഥാടനദിനം പോര്‍സ്യൂങ്കൂളയില്‍ ആചരിക്കുമെന്ന് ഫാദര്‍ സിമോണെ അറിയിച്ചു. അസ്സീസിയിലെ സിദ്ധന്‍റെ ദര്‍ശന നടയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, അനുതാപത്തിന്‍റെ കൂദാശ (കുമ്പസാരം) കൈക്കൊണ്ട്, വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത്, വിശ്വാസപ്രമാണം സ്വര്‍ഗ്ഗസ്ഥനായ പിതാവേ... എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടുമാണ് പാപമോചന ലബ്ദിക്കായി ഒരുങ്ങേണ്ടതെന്ന വിശദാംശവും ഫ്രയര്‍ സിമോണെ അഭിമുഖത്തില്‍ അറിയിച്ചു.
3. പൊര്‍സ്യൂങ്കോളയുടെ ചരിത്രം
1216-മാണ്ട്. ആഗസ്റ്റ് 1-തിയതി. പൊര്‍സ്യൂങ്കോളയില്‍ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കവെ ക്രിസ്തുവിന്‍റെ ദര്‍ശനമുണ്ടായി. പരിശുദ്ധ കന്യകാനാഥയ്ക്കൊപ്പം മാലാഖമാരും ചേര്‍ന്നുള്ള ദര്‍ശനമായിരുന്നു അതെന്ന് പാരമ്പര്യവും, സമകാലീനരുടെ മൊഴികളും രേഖപ്പെടുത്തിയിരിക്കുന്നു. കപ്പേളയുടെ നിലത്ത് സാഷ്ടാംഗപ്രണമിതനായ ഫ്രാന്‍സിസിന് ക്രിസ്തുവിന്‍റെ ദര്‍ശനവും സന്ദേശവും ലഭിച്ചു. ഫ്രാന്‍സിന്‍റെ സാക്ഷ്യവും, ഫ്രാന്‍സിസ്ക്കന്‍ പാരമ്പര്യവും അനുസരിച്ച് പൊര്‍സ്യൂങ്കോളയില്‍ പിന്നീടു തീര്‍ത്ത ചുവര്‍ചിത്രം അത് വ്യക്തമാക്കുന്നുണ്ട്. ദര്‍ശനത്തില്‍ സിദ്ധനു കിട്ടിയ സന്ദേശം, ദൈവികകാരുണ്യത്തിന്‍റെയും പാപമോചനത്തിന്‍റേതും ആയിരുന്നു. അസ്സീസിയില്‍നിന്നും ദൈവികകാരുണ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കണം എന്നായിരുന്നു പിന്നീട് വിശുദ്ധ ഫ്രാന്‍സിസ് പങ്കുവച്ച ദര്‍ശനദൗത്യം.
4. സഭ അംഗീകരിച്ച തീര്‍ത്ഥാടനത്തിന്‍റെ തിരുനട
തനിക്കു ലഭിച്ച ദൈവിക കാരുണ്യസ്പര്‍ശം അസ്സീസിയിലെ ദര്‍ശന സ്ഥാനമായ പൊര്‍സ്യൂങ്കോളയില്‍നിന്നും (Porziuncola) ജനങ്ങള്‍ക്കും ലഭ്യമാകണം എന്നായിരുന്നു ഫ്രാന്‍സിസിന്‍റെ ആഗ്രഹം. അനുതാപത്തോടെ ദര്‍ശനസ്ഥാനം സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണപാപവിമോചനം നേടുന്നതിനുള്ള അനുമതി ഒനോരിയൂസ് മൂന്നാമന്‍ പാപ്പായെ (1216-1227) നേരില്‍ക്കണ്ട് വിശുദ്ധ ഫ്രാന്‍സിസ് കരസ്ഥമാക്കി. അടുത്തവര്‍ഷം 1217, ദര്‍ശനത്തിന്‍റെ പ്രഥമ വാര്‍ഷിക നാളില്‍ ആഗസ്റ്റ് 1-ന്‍റെ സായാഹ്നപ്രാര്‍ത്ഥന മുതല്‍, 2-Ɔο തിയതിയുടെ പ്രഭാതയാമംവരെ അസ്സീസിയിലേയ്ക്ക് ജാഗരം അനുഷ്ഠിച്ചുകൊണ്ട് ജനങ്ങള്‍ പ്രവഹിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
അന്നാള്‍ മുതല്‍ തുടരുന്ന ‘അസ്സീസിയിലെ പാപമോചനം’ (The Pardon of Assisi) എന്നറിയപ്പെടുന്ന പൊര്‍സ്യൂങ്കോളയിലെ പൂര്‍ണ്ണദണ്ഡവിമോചന ലബ്ദിയുടെ ചരിത്രമാണിത്. അങ്ങനെ 13-Ɔο നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ് ആരംഭിച്ച അനുരഞ്ജനത്തിനും മാനസാന്തരത്തിനുമുള്ള ആഹ്വാനം ഉള്‍ക്കൊണ്ട് ദൈവത്തില്‍നിന്നും മാപ്പുതേടിയും, സഹോദരങ്ങളുമായി രമ്യപ്പെട്ടും ജീവിക്കുവാനുള്ള ആഗ്രഹത്തോടെ ആയിരങ്ങളാണ് അസ്സീസിയില്‍ ഇന്നും എത്തുന്നത്.
Link : https://www.porziuncola.org/