പ്രതിസന്ധിയിലും പ്രത്യാശ കൈവെടിയാതെ വിശുദ്ധനാട്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. വൈറസ് ബാധ മൂര്‍ച്ഛിച്ച അവസ്ഥ
വിശുദ്ധനാട്ടില്‍ ഇന്ന് തീര്‍ത്ഥാടകരില്ലെങ്കിലും തങ്ങളുടെ പ്രത്യാശ കെട്ടുപോകുന്നില്ലെന്ന്, അവിടത്തെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്‍റെ അപ്പസ്തോലിക ആഡ്മിനിസ്ട്രേറ്റര്‍, ആര്‍ച്ചുബിഷപ്പ് പിയര്‍ബത്തീസ്ത പിസ്സബേല പ്രസ്താവിച്ചു. മഹാമാരിയുടെ മൂര്‍ച്ഛിച്ച അവസ്ഥയില്‍ വിശുദ്ധനാട്ടിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ വരവ് പൂര്‍ണ്ണമായും നിലച്ചുവെങ്കിലും, ക്രിസ്തു ജീവിക്കുകയും മരിക്കുകയും ഉത്ഥാനചെയ്യുകയും ചെയ്ത നാട്ടില്‍ പ്രാര്‍ത്ഥനയോടെ ജീവിക്കുന്നതിനാല്‍ പ്രത്യാശയുള്ള കരുത്തോടെ മുന്നോട്ടുപോകാന്‍ ജനങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്ന് ജൂലൈ 7-ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് പിസബേല പ്രസ്താവിച്ചു.
2. കിഴക്കിന്‍റെ പ്രാര്‍ത്ഥനാപാരമ്പര്യത്തില്‍
വൈറസ് ബാധയുടെ പകര്‍ച്ച തീവ്രമായിരിക്കുന്ന അവസ്ഥയില്‍ മദ്ധ്യപൂര്‍വ്വദേശത്തെ രാജ്യാതിര്‍ത്തികള്‍ അടച്ചിരിക്കുകയാണെന്നും, വിശുദ്ധ സ്ഥലങ്ങളില്‍ പൊതുവായ പ്രാര്‍ത്ഥനകള്‍ ഇല്ലെന്നും ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി. എന്നിരുന്നാലും കിഴക്കിന്‍റെ പാരമ്പര്യത്തില്‍ സമൂഹത്തില്‍ ആയിരുന്നാലും കുടുംബങ്ങളില്‍ ആയിരുന്നാലും അനുദിനജീവിതം പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചാണ് പരമ്പരാഗതമായി മുന്നോട്ടുപോകുന്നതെന്നും, എല്ലാ വാതിലുകളും അടയുമ്പോഴും ദൈവത്തിലുള്ള പ്രത്യാശയിലാണ് ജനങ്ങള്‍ മുന്നേറുന്നതെന്ന് ആര്‍ച്ചുബിഷപ്പ് പിസബേല വിശദീകരിച്ചു. മാധ്യമ സഹായത്തോടെയുള്ള ദിവ്യബലിയും, പ്രാര്‍ത്ഥനകളും അജപാലകര്‍ സംഘടിപ്പിക്കുന്നത് ജനങ്ങളെ ക്ലേശങ്ങളുടെ ഈ ഘട്ടത്തില്‍ പ്രത്യാശയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം വിവരിച്ചു. സാധിക്കുന്നതുപോലെ സാമൂഹിക നിയമങ്ങള്‍ പാലിച്ചുകൊണ്ട് അജപാലകര്‍ ജനങ്ങളെ നേരില്‍ കാണുവാനും, ആത്മീയസഹായം എത്തിച്ചു കൊടുക്കുവാനും പരിശ്രമിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് പിസബേല പറഞ്ഞു.
3. സഹായഹസ്തവുമായി സന്നദ്ധസംഘടനകള്‍
ഏറെ ക്ലേശിക്കുന്ന പലസ്തീന, ജോര്‍ദ്ദാന്‍ പ്രദേശങ്ങളില്‍ സഹായം എത്തിക്കുവാനുള്ള സംവിധാനം വിശുദ്ധനാട്ടില്‍ ഇപ്പോള്‍ ഉണ്ടെന്നും ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഈശോയുടെ വിശുദ്ധ കല്ലറയുടെ യോദ്ധാക്കള്‍ (the Knights of the Holy Sepulchre) എന്ന ഉപവിപ്രസ്ഥാനവും മറ്റു സന്നദ്ധ സ്ഥാപനങ്ങളും പാവങ്ങളെ സഹായിക്കാന്‍ നിര്‍ലോഭമായി ഇറങ്ങിപ്പുറപ്പെടുന്നുണ്ടെന്ന വസ്തുത ആര്‍ച്ചുബിഷപ്പ് പിസബേല എടുത്തുപറഞ്ഞു. ബെതലഹേമിലും, വടക്കന്‍ പലസ്തീനയിലും, കിഴക്കെ ജരൂസലേമിലും, യോര്‍ദ്ദാന്‍ പ്രദേശത്തും ഭക്ഷണം, മരുന്ന് എന്നിവയുടെ സഹായത്തിനായുള്ള പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, രോഗീപരിചരണത്തിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുള്ളതായി കപ്പൂച്ചിന്‍ സഭാംഗവും, ഏറെ വര്‍ഷങ്ങളായി വിശുദ്ധനാട്ടില്‍ അജപാലനശുശ്രൂഷ ചെയ്തു പരിചയസമ്പത്തുമുള്ള ആര്‍ച്ചുബിഷപ്പ് പിസബേല വ്യക്തമാക്കി.