തിരയുക

At the cenotaph in Hiroshima on 24th Nov. 2019. At the cenotaph in Hiroshima on 24th Nov. 2019. 

ഒരു ദുരന്തത്തിന്‍റെ വാര്‍ഷികം പ്രാര്‍ത്ഥനയുടെ ദിനമാക്കാം

ജപ്പാനിലെ ആറ്റംബോംബ് ആക്രമണത്തിന്‍റെ 75-Ɔο വാര്‍ഷികം പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സമാധാനത്തിനുള്ള പ്രാര്‍ത്ഥനാഹ്വാനം
ലോകയുദ്ധത്തിന്‍റെ അവസാനഘട്ടത്തില്‍ 1945-ലെ ആഗസ്റ്റ് 6, 9 തിയതികളില്‍ സഖ്യകക്ഷികള്‍ക്ക് അനുകൂലമായി അമേരിക്ക ജപ്പാനില്‍ ആറ്റംബോംബു വര്‍ഷിച്ച ദുരന്തദിനങ്ങള്‍ പ്രാര്‍ത്ഥനാ ദിനങ്ങളായി ആചരിക്കുവാന്‍ അമേരിക്കയിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനംചെയ്തു. ലോകമനഃസാക്ഷിയെ ഞടുക്കിയ ബോംബാക്രമണത്തിന്‍റെ 75-Ɔο വാര്‍ഷികം 2020 ആഗസ്റ്റ് 9-ന് പ്രത്യേക അവസരമാക്കിക്കൊണ്ടാണ് ദേശീയതലത്തില്‍ അന്നേദിനം പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനും ലോകസമാധാനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനുമായി മെത്രാന്‍ സംഘം ജനങ്ങളോട് ആഹ്വാനംചെയ്തത്.

2. ജപ്പാനിലെ മെത്രാന്‍ സംഘത്തിന്‍റെ അഭ്യര്‍ത്ഥനയും
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനവും

ജപ്പാനിലെ മെത്രാന്മാരുടെ ആഹ്വാനപ്രകാരം 1981-മുതല്‍ ആണവാക്രമണങ്ങളുടെ വാര്‍ഷികദിനത്തോട് അനുബന്ധിച്ച് അനുവര്‍ഷം ആഗസ്റ്റു മാസത്തിലെ ആദ്യത്തെ 10 നാളുകള്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്ന പതിവ് അന്നാട്ടില്‍ നിലവിലുണ്ട്. കൂടാതെ പാപ്പാ ഫ്രാന്‍സിസ് 2019 നവംബറില്‍ ജപ്പാനിലെ നാഗസാക്കി ഹിരോഷിമ നഗരങ്ങളിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തിക്കൊണ്ട് ആണവനിരായുധീകരണത്തിനായി ആഹ്വാനം ചെയ്യുകയുണ്ടായി. പാപ്പായുടെ ആഹ്വാനവും മെത്രാന്‍ സംഘത്തിന്‍റെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയും മാനിച്ചുകൊണ്ടാണ് അമേരിക്കിയിലെ മെത്രാന്‍ സംഘം ആഗസ്റ്റ് 9 പ്രാര്‍ത്ഥാനദിനമായി പ്രബോധിപ്പിക്കുന്നതെന്ന് ജൂലൈ 16-ന് ഇറക്കിയ പ്രസ്താവന  വ്യക്തമാക്കി.

3. മനഃസാക്ഷിയില്‍ വളരേണ്ട സമാധാനവാഞ്ഛ
നീതിക്കും സമാധാനത്തിനുമായുള്ള ഉത്തരവാദിത്തം ഓരോ മനുഷ്യന്‍റെയും മനഃസ്സാക്ഷിയില്‍ നിക്ഷിപ്തമാണ്. അതുപോലെ ആറ്റോമിക് ആയുധങ്ങള്‍ നിര്‍മ്മിക്കുകയും, വിപണനം ചെയ്യുകയും, ശേഖരിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളുടെയും മനഃസാക്ഷിയില്‍ ലോകസമാധാനത്തിന്‍റെ ചിന്തകള്‍ ഉണരാന്‍ വൈകിയിരിക്കുകയാണെന്ന് മെത്രാന്മാര്‍ പ്രസ്താവനയില്‍ സൂചിപ്പിച്ചു. ആയുധനിര്‍മ്മാണവും വിപണനവും ലോകത്ത് മെല്ലെ ഇല്ലാതാക്കി യുഎന്‍ ആഹ്വാനംചെയ്തിട്ടുള്ള സമാധാനസന്ധിയുടെ “സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന്‍റെ 6-Ɔο ഉടമ്പടി”യില്‍ രാഷ്ട്രങ്ങള്‍ ഒപ്പുവയ്ക്കണമെന്ന് മെത്രാന്മാരുടെ പ്രസ്താവന അഭിപ്രായപ്പെട്ടു.

4. ആണവനിരായുധീകരണവും സമാധാനവഴികളും
രാഷ്ട്രങ്ങള്‍ ആയുധനിയന്ത്രണത്തിന്‍റെ എല്ലാ പരിധികളും ലംഘിച്ച് വളരെ സങ്കീര്‍ണ്ണവും അപകടകരവുമായ യുദ്ധസാമഗ്രികള്‍ ഉപയോഗിക്കുന്നതും, രാജ്യാതിര്‍ത്തികളിലും രാഷ്ട്രീയ ചേരികളുടെ അഭ്യന്തര ചുറ്റുപാടുകളിലും യുദ്ധവും കലാപങ്ങളും വര്‍ദ്ധിച്ചു വരുന്നതുമാണ്
21-Ɔο നൂറ്റാണ്ടിന്‍റെ പ്രത്യേകതയായി കാണുന്നതെന്ന് ഹിരോഷമയില്‍ പാപ്പാ ചൂണ്ടിക്കാട്ടി.  രാഷ്ട്രത്തലവന്മാര്‍ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട സത്യമാണിതെന്നും  അവിടെ ആണവ യുദ്ധസ്മാരക മണ്ഡപത്തില്‍നിന്നുകൊണ്ട് പാപ്പാ അഭ്യര്‍ത്ഥിച്ചതും അമേരിക്കയിലെ മെത്രാന്‍ സംഘം പ്രസ്താവനയില്‍ അനുസ്മരിച്ചു.   അതിനാല്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം  ആണവനിരായുധീകരണത്തെക്കുറിച്ച് പഠിക്കുവാനും, അത് യാഥാര്‍ത്ഥ്യമാക്കുവാനായി പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുവാനുമുള്ള ഒരവസരണമാണ് ആഗസ്റ്റ് 9, ഞായര്‍ എന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് മെത്രാന്‍ സംഘം പ്രാര്‍ത്ഥനാഹ്വാനം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2020, 08:11