തിരയുക

Vatican News
FRANCE-ECONOMY-AGRICULTURE-PERFUME FRANCE-ECONOMY-AGRICULTURE-PERFUME  (AFP or licensors)

ദൈവസ്നേഹം വര്‍ണ്ണിക്കുന്ന സങ്കീര്‍ത്തനം

89-Ɔο സങ്കീര്‍ത്തനം : ഒരു രാജകീയ കൃതജ്ഞതാ ഗീതത്തിന്‍റെ പൊതുവായ അവലോകനം ശബ്ദരേഖയോടെ...

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

89-‍Ɔο സങ്കീര്‍ത്തനപഠനം - അവസാനഭാഗം

1. ഗീതത്തിന്‍റെ തനിമയാര്‍ന്ന ഘടന
സങ്കീര്‍ത്തനങ്ങള്‍ പൊതുവെ പ്രാര്‍ത്ഥനയോടെയും ദൈവസന്നിധിയിലെ വിലാപത്തോടെയുമൊക്കെ തുടങ്ങിയിട്ട് അവസാനം ഒരു സ്തുതിപ്പില്‍ എത്തിച്ചേരുന്നു. എന്നാല്‍ സങ്കീര്‍ത്തനം 89 ഏറെ വ്യത്യസ്തവും തനിമയാര്‍ന്നതുമാണെന്ന് ഈ ഗീതത്തിന്‍റെ പഠനത്തിന്‍റെ അവസാനത്തില്‍ നമുക്കു പറയാനാകും. കാരണം സങ്കീര്‍ത്തനം ആരംഭിക്കുന്നത് ദൈവം പൂര്‍വ്വകാലങ്ങളില്‍ ഇസ്രായേല്‍ ജനത്തിനു ചെയ്ത നന്മകളും മഹിമാദിരേകങ്ങളും അനുസ്മരിച്ചുകൊണ്ട്, ഏറെ ആനന്ദത്തോടെയാണ്. എന്നിട്ട് ഇസ്രായേല്‍ ജനം അവസാനകാലത്ത് നേരിട്ട ക്ലേശങ്ങളെ അനുസ്മരിക്കുന്ന ഒരു ഹ്വസ്വവിലാപത്തോടെ ഗീതം അവസാനിക്കുന്നു.

2. വരികളിലെ ദൈവവിചാരം
ഏതു കാലയളവിലാണ് 89-Ɔο സങ്കീര്‍ത്തനം രചിക്കപ്പെട്ടതെന്ന് കൃത്യമായി പറയുവാന്‍ പണ്ഡിതന്മാര്‍ക്ക് ആവുന്നില്ലെങ്കിലും, തങ്ങളുടെ രാജഭരണത്തിന്‍റെ അവസാനഘട്ടത്തില്‍ ഇസ്രായേല്‍ ഏറെ ക്ലേശങ്ങള്‍ അനുഭവിച്ച കാലത്താണിത് രചിക്കപ്പെട്ടതെന്ന് വരികളില്‍നിന്നും മനസ്സിലാക്കാം. അത് ബാബിലോണ്‍ വിപ്രവാസകാലത്താണോ, അതോ ഇസ്രായേലിലെ തന്നെ ചില ഗോത്രങ്ങള്‍ രാജാവിന് എതിരായി പ്രതിരോധിച്ച കാലത്താണോ എന്നൊന്നും വ്യക്തമല്ല. എങ്കിലും ക്ലേശകാലത്ത് ദൈവത്തിന്‍റെ കാരുണ്യത്തിനായി യാചിക്കുന്ന സങ്കീര്‍ത്തകന്‍ അപ്രകാരം ചെയ്യുന്നത് അധികവും അവിടുത്തെ നന്മകളെ അനുസ്മരിച്ചുകൊണ്ടും, അവിടുത്തെ സ്തുതിച്ചുകൊണ്ടും കൃതജ്ഞത അര്‍പ്പിച്ചുകൊണ്ടുമാണ്. അതിനാല്‍ നമുക്കു പറയാം ദൈവിക നന്മകള്‍ക്ക് കൃതജ്ഞതയര്‍പ്പിക്കുന്നവര്‍ എപ്പോഴും ദൈവത്തോടു ചേര്‍ന്നു നില്ക്കുകയും അവര്‍ ദൈവത്തെ സ്തുതിച്ചു നന്ദിയോടെ ജീവിക്കുമെന്നും പഠിപ്പിക്കുന്ന ഗീതമാണ് സങ്കീര്‍ത്തനം 89.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Ps 89 Unit One
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു
നിന്‍റെ അചഞ്ചല സ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

3. ഏത് അവസ്ഥയിലും ദൈവത്തെ അനുസ്മരിക്കാം
ദാവീദിന്‍റെ ഭവനത്തിലെ പരിതാപകരമായ അവസ്ഥയെ ഓര്‍ത്ത് സങ്കീര്‍ത്തനം 89-ല്‍ ഗായകന്‍ വിഷമിക്കുകയും വിലപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ദൈവം ചെയ്ത പൂര്‍വ്വീക നന്മകള്‍ അനുസ്മരിച്ചുകൊണ്ട് പ്രത്യാശയോടെ ഗായകന്‍ ദൈവത്തെ സ്തുതിക്കുകയും അവിടുത്തേയ്ക്കു നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. സ്തുതിപ്പോടെയാണ് ഗീതം ആരംഭിക്കുന്നത്. അതിനാല്‍ നാം ഏത് അവസ്ഥയില്‍ ആയിരുന്നാലും ദൈവത്തെ മറക്കരുത്, അവിടുത്തെ സ്തുതിക്കണം, അവിടുത്തെ നന്മകള്‍ അനുസ്മരിക്കുകയും അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും വേണം എന്ന ചിന്തയാണ് സങ്കീര്‍ത്തനം നമ്മെ പഠിപ്പിക്കുന്നത്.

4. അഗ്നിയുടെ പൊള്ളലിലും ദൈവത്തെ സ്തുതിച്ചവര്‍
അഗ്നിയിലൂടെ ദൈവത്തെ പ്രകീര്‍ത്തിച്ച ഇസ്രായേലിന്‍റെ മക്കളെ നമുക്ക് ഇവിടെ അനുസ്മരിക്കാവുന്നതാണ്. നെബുക്കദനേസര്‍ രാജാവിന്‍റെ കാലത്ത് വിഗ്രഹങ്ങളെ ആരാധിക്കാന്‍ വിസമ്മതിച്ച മൂന്നു ഇസ്രായേലിലെ യുവാക്കളെ – ഷദ്രാക്ക്, മെഷാക്ക്, അബെദ്നെഗോ എന്നിവരെ രാജാവു ശിക്ഷിച്ചത് അഗ്നിയിലൂടെ നടത്തിക്കൊണ്ടായിരുന്നു. എന്നാല്‍ അവര്‍ ദൈവത്തിന് കീര്‍ത്തനം ആലപിച്ചുകൊണ്ടും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടും തീജ്വാലകളുടെ മദ്ധ്യേ നടന്നുവെന്നു നാം വേദഗ്രന്ഥത്തില്‍ വായിക്കുന്നു. ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകം വിവരിക്കുന്ന മൂന്നു യുവാക്കളുടെ കീര്‍ത്തനം അതിമനോഹരമായൊരു കൃതജ്ഞതാഗീതമാണ്.

Recitation : Daniel 2, (2) 1-68
കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ,
അവിടുന്ന് വാഴ്ത്തപ്പെട്ടവനാണ്.
അങ്ങയുടെ നാം എന്നേയ്ക്കും മഹത്വപ്പെടട്ടെ!
(‍ഡാനിയേല്‍ 3, 16-23).

5. അറിയുന്നവര്‍ ദൈവത്തെ സ്നേഹിക്കുന്നു
സങ്കീര്‍ത്തനം 89-ന്‍റെ ആദ്യഭാഗത്ത് (5-14) ആകാശവും ഭൂമിയും ദൈവത്തെ ഒരുപോലെ സ്തുതിക്കുന്നതായി വിവരിക്കുന്നു. ദൈവത്തെ ഉന്നതങ്ങളില്‍ സ്തുതിക്കുന്നത് മാലാഖമാരാണ്.

Recitation : Ps 89, 7-8.
കര്‍ത്താവേ, ആകാശം അങ്ങയുടെ അത്ഭുതങ്ങളെ സ്തുതിക്കട്ടെ!
നീതിമാന്മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കട്ടെ!
വിശുദ്ധരുടെ സമൂഹം അവിടുത്തെ പുഴ്ത്തുന്നു
അവിടുന്ന് ഉന്നതനും ഭീതിദനുമാണ്
ദൈവത്തിന്‍റെ ഹിതം നിറവേറ്റുന്ന മാലാഖമാരുടെ വ്യൂഹമേ,
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍ (സങ്കീ. 103, 23).

ദൈവം ദൂതവൃന്ദങ്ങളുടെ മദ്ധ്യേ സമാദരണീയനും അത്യന്തം മഹത്വപൂര്‍ണ്ണനുമാണ്. ദൈവത്തിന്‍റെ ചെയ്തികള്‍ അവിടുത്തെ അടുത്തറിയുന്ന വിശുദ്ധഗണത്തിനുപോലും ആശ്ചര്യാവഹമെന്നാണ് സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നത്. അതിനാല്‍ നമുക്കു സ്ഥാപിക്കാം ദൈവത്തെ അടുത്ത് അറിയുന്നവര്‍ അവിടുത്തെ സ്നേഹിക്കുന്നു. എത്രയധികമായി നാം ദൈവത്തെ അറിയുന്നുവോ, അത്രയധികം നാം അവിടുത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുമെന്നാണ് സങ്കീര്‍ത്തന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ദൈവശുശ്രൂഷയില്‍ ഇറങ്ങിത്തിരിക്കുന്നവര്‍, അജപാലകരും സമര്‍പ്പിതരും ദൈവജനത്തെ ശുശ്രൂഷിക്കുന്നതോടൊപ്പം, എന്നും ദൈവത്തെ സ്തുതിക്കുന്നതിലും അവിടുത്തേയ്ക്കു നന്ദിയര്‍പ്പിക്കുന്നതിലും ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഈ സങ്കീര്‍ത്തനം നമ്മെ പഠിപ്പിക്കുന്നു.

Musical Version of Ps 89 Unit two
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

6. രക്ഷയുടെ വഴി തുറക്കുന്ന ദൈവം
മറ്റൊരു ശ്രദ്ധേയമാകുന്ന ഘടകം, ഇസ്രായേലിന്‍റെ ദൈവത്തെയാണ് സങ്കീര്‍ത്തകന്‍ സ്തുതിക്കുന്നത്. ഒരു ജനത്തിന്‍റെ നായകനും രക്ഷിതാവുമായ ദൈവത്തെ സങ്കീര്‍ത്തനം 89 വാഴ്ത്തിപ്പുകഴ്ത്തുകയും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. ദൈവവുമായി ചേര്‍ന്നു ജീവിക്കുകയും, അവിടുത്തെ വാഴ്ത്തിസ്തുതിക്കുകയും ചെയ്ത ഇസ്രായേലിന്‍റെ മഹത്വവും മേന്മയും സങ്കീര്‍ത്തന വരികളില്‍ പ്രതിഫലിക്കുന്നുണ്ടെന്നു നമുക്കു സ്ഥാപിക്കാം. അതുപോലെ സത്യമായും ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ വികാരവും ബോധ്യങ്ങളും സങ്കീര്‍ത്തന വരികളി‍ല്‍ തീര്‍ച്ചയായും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ജനത്തിന്‍റെ നായകരായിരുന്ന രാജാക്കന്മാരും നേതാക്കാന്മാരും അവിശ്വസ്തരായിരുന്നെങ്കിലും, ജനം ശത്രുകരങ്ങളില്‍ അമര്‍ന്നുവെങ്കിലും ദൈവം അവര്‍ക്ക് രക്ഷയുടെ വഴികള്‍ ഒരുക്കുന്നതും തുറന്നുകൊടുക്കുന്നതും ചരിത്രത്തില്‍ ശ്രദ്ധേയമാണ്.

8. ക്രിസ്തുവിലേക്കു വിരല്‍ചൂണ്ടുന്ന ഗീതം
ദാവീദിന്‍റെ വംശജനായി ക്രിസ്തു പിറക്കുന്നതും, അവിടുന്ന് ജനത്തിനു മാത്രമല്ല ലോകത്തിനുതന്നെ രക്ഷയുടെ വാഗ്ദാനമാകുന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. ലോകം ആ ചരിത്രം സുവിശേഷങ്ങളിലൂടെ അറിയുകയും, ജീവിക്കുകയും ചെയ്യുന്നു. സമാന്തരമായൊരു ചിന്ത, സങ്കീര്‍ത്തകനെപ്പോലെ ഹോസിയ പ്രവാചകന്‍ രേഖപ്പെടുത്തുന്നുണ്ട്. അത് ക്രിസ്തുവിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.

Recitation : Hosea 3, 5.
ആ നാളുകളില്‍ ഭയഭക്തിയോടവര്‍
കര്‍ത്താവിന്‍റെ അടുക്കല്‍ തിരിച്ചുവരും.
അവിടുത്തെ കൃപയ്ക്ക് അവര്‍ പാത്രീഭൂതരാകും (3, 5).

ക്രിസ്തുവിലേയ്ക്ക് വിരല്‍ചൂണ്ടിയ ഗീതമാണെന്ന് നമുക്കു വിശേഷിപ്പിക്കാവുന്നതാണ്. അതിനാല്‍ സങ്കീര്‍ത്തനം 89-ന്‍റെ പഠനം ഉപസംഹരിക്കുമ്പോള്‍ നമുക്കു സ്ഥാപിക്കാവുന്നതാണ് ദൈവം തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. മനുഷ്യര്‍ ദൈവത്തെ മറന്നു ജീവിക്കുമ്പോഴും, അകന്നുപോകുമ്പോഴും ദൈവം തന്‍റെ രക്ഷണീയ കരം നമ്മിലേയ്ക്കു നീട്ടുന്നു.

Recitation : Ps 89, 28
എന്‍റെ കരുണ എപ്പോഴും അവന്‍റെമേല്‍ ഉണ്ടായിരിക്കും
അവനോടുള്ള എന്‍റെ ഉടമ്പടി അചഞ്ചലമായി നിലനില്ക്കും.

Musical Version of Ps 89 Unit three :
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

കര്‍ത്താവേ, അങ്ങാണു ഞങ്ങളുടെ പരിചയും കോട്ടയും
ഇസ്രായേലിന്‍റെ പരിശുദ്ധനും അതിന്‍റെ രാജാവും അങ്ങാകുന്നു
പണ്ടൊരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ ജനത്തോട് അരുള്‍ചെയ്തു
ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചൂ.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നൂ.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. സങ്കീര്‍ത്തനം 89-ന്‍റെ പഠനം ഇവിടെ ഉപസംഹരിക്കുന്നു. അടുത്ത ആഴ്ചയില്‍  മറ്റൊരു സങ്കീര്‍ത്തന പഠനം ആരംഭിക്കാം.

02 June 2020, 12:08