തിരയുക

Deresden cathedral and castle in the sun set Deresden cathedral and castle in the sun set 

സൃഷ്ടിയില്‍ ദൃശ്യമാകുന്ന ദൈവത്തിന്‍റെ സൂര്യതേജസ്സ്

19-Ɔο സങ്കീര്‍ത്തനം : സൃഷ്ടിയുടെ സ്തുതിപ്പിന്‍റെ പഠനം - രണ്ടാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

19-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം - ഭാഗം രണ്ട്

1. ദൈവത്തിന്‍റെ സൃഷ്ടിയും അവിടുത്തെ കല്പനകളും
സ്രഷ്ടാവും പ്രപഞ്ചദാതാവുമായ ദൈവത്തെ സ്തുതിക്കുന്ന സങ്കീര്‍ത്തനമാണിത്. ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്കു മുന്‍പെങ്കിലും രചിക്കപ്പെട്ടതാണ് ഈ ഗീതമെന്ന് കണ്ടെത്തിയിട്ടുണ്ട്. ജരൂസലേം ദേവാലയത്തില്‍ ആരാധന സജീവമായിരുന്ന കാലത്തായിരിക്കണം ദൈവത്തെ സ്തുതിച്ചു പാടുന്ന ഈ ഗീതങ്ങള്‍ അധികവും ഇസ്രായേലില്‍ പിറവിയെടുത്തതെന്നും നമുക്ക് അനുമാനിക്കാവുന്നതാണ്. കഴിഞ്ഞ ഭാഗത്ത് ഗീതത്തിന്‍റെ ആദ്യത്തെ നാലുവരികള്‍ ആമുഖ പഠനത്തില്‍ നാം പരിചയപ്പെടുകയുണ്ടായി. പ്രപഞ്ചത്തിന് മനോഹാരിതയും അതില്‍ ജീവജാലങ്ങളും സസ്യലതാദികളുമെല്ലാം നല്ല ദൈവം ഒരു ക്രമപ്രകാരമാണ് തന്നിട്ടുള്ളത്, എല്ലാം തന്നു പരിപാലിക്കുന്നതും, എല്ലാറ്റിനെയും ക്രമീകരിക്കുന്നതും ദൈവത്തിന്‍റെ കല്പനയാലാണ്, ആജ്ഞയാലാണെന്ന് ഈ ഗീതം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് സൃഷ്ടിയോളംതന്നെ അവിടുത്തെ കല്പനകള്‍ക്കും ദൈവത്തിന്‍റെ വചനത്തിനും സങ്കീര്‍ത്തകന്‍ പ്രാധാന്യം നല്കുന്നത്. ഗീതത്തിന്‍റെ പ്രഭണിതം അതേറ്റു പാടുന്നത് ശ്രവിച്ചുകൊണ്ട് പഠനം തുടരാം.

Musical Version of Ps 19 Antiphon
പ്രഭണിതം :
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം.

2. ദൈവികവിജ്ഞാനം വര്‍ണ്ണിക്കുന്ന ഗീതം
ഈ പ്രാപഞ്ചിക സ്തുതിപ്പിന്‍റെ മനോഹാരിത കണ്ടിട്ടെന്നോണം ലോകത്തെ വിശ്വത്തര സംഗീതജ്ഞന്മാര്‍ സങ്കീര്‍ത്തനവരികള്‍ സംഗീതസൃഷ്ടിചെയ്തിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്.
അവരില്‍ ഏറ്റവും പ്രശസ്തരും, യൂറോപ്പ്യന്‍ ശാസ്ത്രീയ സംഗീതത്തിന്‍റെ സുവര്‍ണ്ണകാലത്തെ അഗ്രഗണ്യന്മാരുമായ സെബാസ്റ്റ്യന്‍ ബാഹ്, ബിഥോവന്‍, ജോസഫ് ഹെയ്ഡന്‍ എന്നിവര്‍ സങ്കീര്‍ത്തനം 19 സംഗീതാവിഷ്ക്കാരം ചെയ്തിട്ടുണ്ട്. ദൈവമഹത്വം അറിയുന്നവര്‍ അത് പ്രഘോഷിക്കുമെന്നതാണ് ഈ സങ്കീര്‍ത്തനവരികളും അതിന്‍റെ സംഗീത സൃഷ്ടികളും വെളിപ്പെടുത്തുന്നത്. ദൈവം തന്‍റെ ആജ്ഞയാല്‍ ഇവയെല്ലാം സൃഷ്ടിച്ചുവെന്ന് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുമ്പോള്‍, മൂലരചനയില്‍ വചനം, the Word, Logos എന്ന പദപ്രയോഗമാണ് കാണുന്നത്. “ലോഗോസ്” എന്ന ഗ്രീക്ക് വാക്കിന് വചനം എന്ന അര്‍ത്ഥത്തെക്കാള്‍ യുക്തി, വിജ്ഞാനമെന്നെല്ലാം അര്‍ത്ഥമുണ്ടെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. അതിനാല്‍ ദൈവത്തിന്‍റെ സൃഷ്ടികള്‍ വെറും ഭൗമിക പദാര്‍ത്ഥങ്ങളും വസ്തുക്കളും മാത്രമായി നാം കാണരുത്. അവ അവിടുത്തെ നന്മകളുടെയും സ്നേഹത്തിന്‍റെയും പ്രതീകം കൂടിയാണ്. അവ ദൈവിക ആജ്ഞയുടെയും കല്പനകളുടെയും സാക്ഷാത്ക്കാരങ്ങളാണ്. അവ അവിടുത്തെ മഹത്വവും കരവേലയും പ്രകടമാക്കുന്നു.

Musical Version of Ps 19 Unit One
കര്‍ത്താവിന്‍ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.

3. സൃഷ്ടിയുടെ സൂര്യതേജസ്സ്
സങ്കീര്‍ത്തനം 19-ന്‍റെ 3-മുതല്‍ 6-വരെ വരികള്‍ ശ്രവിച്ചുകൊണ്ട് ആമുഖപഠനം തുടരാം.
Recitation of Ps. 19, 4-6.
ദൈവത്തിന്‍റെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.
അവിടുത്തെ വാക്കുകള്‍ ലോകത്തിന്‍റെ അതിര്‍ത്തിയോളമെത്തുന്നു,
അവിടെ സൂര്യന് ഒരു കൂടാരം അവിടുന്നു നിര്‍മ്മിച്ചിരിക്കുന്നു.
മണവറയില്‍നിന്നും മണവാളനെന്നപോലെ
അതില്‍നിന്നു സൂര്യന്‍ പുറത്തുവരുന്നു.
മല്ലനെപ്പോലെ പ്രസന്നതയോടെ ഓട്ടം ആരംഭിക്കുന്നു.
ആകാശത്തിന്‍റെ ഒരറ്റത്ത് അവന്‍ ഉദിക്കുന്നു.
മറ്റേയറ്റത്ത് അവന്‍റെ അയനം പൂര്‍ത്തിയാക്കുന്നു.
അവന്‍റെ ചൂടില്‍നിന്ന് ഒളിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

പ്രബോധനപരമായ സ്തുതിപ്പിന്‍റെ ശബ്ദം ലോകമെങ്ങും വ്യാപിക്കുന്നു. സൃഷ്ടപ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ശക്തവും വര്‍ണ്ണനാതീതവുമായ വിജ്ഞാനം ദൈവത്തിന്‍റെ മഹത്ത്വത്തെയും അവിടുത്തെ കരവേലയെയും പ്രകീര്‍ത്തിക്കപ്പെടുന്നു. ഉദാഹരണത്തിന്, ശക്തനായ സൂര്യന്‍ ദൈവിക മഹാമാവിന്‍റെയും ദൈവികപ്രഭയുടെയും പ്രതീകംതന്നെ. അവിടുന്നു അതിനു കൂടാരം ഒരുക്കുന്നു. അതായത് സൂര്യന്‍റെ ക്രമവും സമയവും, പ്രഭാതത്തില്‍ കൃത്യമായി ഉദിച്ചുയരുന്നതും സായാഹ്നത്തില്‍ അസ്തമിക്കുന്നതുമെല്ലാം ദൈവത്തിന്‍റെ കൃത്യമായ പദ്ധതിയും, അവിടുത്തെ കല്പന പ്രകാരമാണെന്നും സങ്കീര്‍ത്തകന്‍ ധ്യാനിക്കുന്നു. സൂര്യന് ഒരു കൂടാരം... കൊട്ടാരമല്ല, കൂടാരം ഉണ്ടെന്നത് പുരാതനമായ ഒരു ധാരണയാണ്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത് പടിഞ്ഞാറ് എവിടെയോ ഒരു കൂടാരത്തില്‍ വിശ്രമിക്കുന്നു. വീണ്ടും പ്രഭാതത്തില്‍ കിഴക്ക് ഉദിച്ചുയരുന്നു എന്നായിരുന്ന വളരെ പ്രാചീനമായ സങ്കല്പം. സൂര്യന്‍ കൂടാരം വിട്ടിറങ്ങുന്നു. അവന്‍റെ വധുവായി പ്രകാശം എത്തുന്നതും പുരാതന ഭൗമവിജ്ഞാനമാണെന്നു നമുക്കു മനസ്സിലാക്കാവുന്നതാണ്. ഒരു അതികായനും മല്ലനുമായ സൂര്യനെയാണ് സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ ശക്തിയായി വരച്ചുകാട്ടുന്നത്. അങ്ങനെ ഭൂമിയില്‍ അത് പ്രകാശം പരത്തിക്കൊണ്ട് സകലരെയും സന്തോഷിപ്പിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് സങ്കീര്‍ത്തകന്‍ ധ്യാനിക്കുന്നു.

Musical Version : Psalm 19 Unit two
കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്
അവ ഹൃദയത്തിനെന്നും ആനന്ദമേകുന്നു
കര്‍ത്താവിന്‍റെ പ്രമാണങ്ങള്‍ പാവനമാണ്
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

4. ഒരു നൈയ്യാമിക ഗീതം
ഇനി, 19-Ɔമത്തെ സങ്കീര്‍ത്തനത്തിന്‍റെ 7–മതുല്‍ 11-വരെയുള്ള ഭാഗം നമുക്കു മനസ്സിലാക്കാന്‍ ശ്രമിക്കാം.
Recitation of Ps. 19, 7-11.
കര്‍ത്താവിന്‍റെ നിയമം അവികലമാണ് അത് ആത്മാവിന് പുതുജീവന്‍ പകരുന്നു.
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ് അതു വിനീതരെ വിജ്ഞരാക്കുന്നു
കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്. അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു
അവിടുത്തെ പ്രമാണം വിശുദ്ധമാണ്, അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
ദൈവഭക്തി നിര്‍മ്മലമാണ്, അത് എന്നേയ്ക്കും നിലനില്ക്കന്നു
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്. അവ തികച്ചും നീതിപൂര്‍ണ്ണമാണ്.
അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭിമാക്യമാണ്.
അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
അവതന്നെയാണ് ഈ ദാസനെ പ്രബോധിപ്പിക്കുന്നത്
അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.

ആമുഖപഠനത്തില്‍ നാം കണ്ടത്, സങ്കീര്‍ത്തനം 19 പ്രാപഞ്ചികമായി ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം, അവിടുത്തെ കല്പനകളെയും അനുസ്മരിക്കുന്ന ഗീതമെന്നാണ്. അതുകൊണ്ട് ഈ ഗീതത്തെ “തോറ സങ്കീര്‍ത്തനം,” നിയമങ്ങളുടെ സങ്കീര്‍ത്തനമെന്നും പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നു, വിളിക്കുന്നു. കല്പനകളെ ദൈവത്തിന്‍റെ തിരുമനസ്സായി ഇസ്രായേല്‍ കണ്ടിരുന്നു. അവയിലൂടെ ദൈവംതന്നെ ജനത്തോടു സംസാരിക്കുന്നു എന്നവര്‍ വിശ്വസിച്ചുപോന്നു. കല്പനകള്‍ ആത്മാവിനെ ഉജ്ജീവിപ്പിക്കുകയും ഹൃദയത്തെ സന്തോഷിപ്പിക്കുകയും ജീവിതത്തില്‍ പ്രകാശം പരത്തുകയും ചെയ്യുമെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. സങ്കീര്‍ത്തനവരികള്‍ അതുതന്നെയാണ് സൂചിപ്പിക്കുന്നത്, ദൈവത്തി‍ന്‍റെ പ്രാപഞ്ചിക നന്മകള്‍ ഏറ്റുപറയുന്ന ഗീതത്തോടൊപ്പം, ലോകത്തെയും അതിലെ ഓരോ വ്യക്തിയെയും പ്രകാശിപ്പിക്കുന്ന ദൈവിക കല്പനകളെയും ഗായകന്‍ വരികളില്‍ നമ്മെ അനുസ്മരിപ്പിക്കുന്നു.

Musical Version : Psalm 19 Unit 3.
ദൈവഭക്തി നിര്‍മ്മലമാണ്
അതെന്നേയ്ക്കും നിലനില്ക്കുന്നു
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്
അവ തികച്ചും നീതിപൂര്‍വ്വകം.

5. മനുഷ്യന്‍ ദൈവത്താല്‍ നയിക്കപ്പെടണം
സങ്കീര്‍ത്തന വരികള്‍ ദൈവകല്പനകളെ കറയില്ലാത്ത, കുറ്റമറ്റ ബലിവസ്തുപോലെയെന്ന് ഉപമിക്കുന്നു. ദൈവകല്പന ജീവദായകമാണ്, അത് ഭോഷനു വിജ്ഞാനം പകരുന്നു. അവ മനുഷ്യനു ജീവിതവിജ്ഞാനം പകര്‍ന്നുനല്കുകയും, ഹൃദയത്തെ പ്രകാശപ്പിക്കുകയും ചെയ്യുന്നു. അവ ഹൃദയത്തെ സന്തോഷിപ്പിച്ചുകൊണ്ടും, കണ്ണുകളെ പ്രകാശിപ്പിച്ചുകൊണ്ടും എന്നേയ്ക്കും നിലനില്ക്കുന്നു. അത് നീതിയുക്തവും വിശുദ്ധവും സത്യവും കലര്‍പ്പില്ലാത്തതുമാണെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ സ്ഥാപിക്കുന്നു. അതുകൊണ്ട് അവ എല്ലാറ്റിനെക്കാളും വിലപ്പെട്ടതാണ്. അങ്ങനെ നിയമമനുസരിച്ചുള്ള ജീവിതം ദൈവത്താല്‍ നയിക്കപ്പെടുന്നതും, ദൈവത്താല്‍ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നതാണെന്നും സങ്കീര്‍ത്തകന്‍‍ പഠിപ്പിക്കുന്നു.

6. മനുഷ്യന് അഭയമാകേണ്ട ദൈവിക കാരുണ്യം
സങ്കീര്‍ത്തകന്‍ നമ്മെ ഓര്‍പ്പിക്കുന്ന മറ്റൊരു സത്യം - മനുഷ്യന്‍ ബലഹീനനും തെറ്റില്‍ വീഴുവാന്‍ ചായിവുള്ളവനുമാകയാല്‍ ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടുന്നതാണ് കരണീയമെന്നാണ്. അതുപോലെ ലോകത്ത് എവിടെയും ദുഷ്ടാത്മാക്കള്‍ ഉണ്ടെന്നും, ദുഷ്ടാരൂപി നമ്മെ കെണിയില്‍ വീഴ്ത്തുവാനും, നമുക്ക് എതിരായി പ്രവര്‍ത്തിക്കുവാനും തുടങ്ങുമ്പോള്‍ വീണ്ടും ദൈവസ്നേഹത്തില്‍ അഭയംതേടുകയും, ദുഷ്ടരുടെ കെണിയില്‍നിന്ന് മോചിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുകയും, ദൈവത്തില്‍ എപ്പോഴും ആശ്രയിച്ചു ജീവിക്കണമെന്നും ഗീതം നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം മരിയ ഡാവിനയും സംഘവും.


Musical Version : Psalm 19 Unit 3.
പ്രഭണിതം :
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം.

കര്‍ത്താവിന്‍ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര .
 

16 June 2020, 12:48