തിരയുക

“എല്ലാവരുടെയും അമ്മ” - ഒരുഹ്രസ്വ വീഡിയോ പ്രാര്‍ത്ഥന

“ക്രിസ്ത്യാനികളുടെ സഹായി”യെന്നു ഡോണ്‍ബോസ്കോ വിശേഷിപ്പിച്ച അമ്മയോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന.

ഡോണ്‍ബോസ്കോയ്ക്ക് പരിശുദ്ധ കന്യകാനാഥയോട് ഉണ്ടായിരുന്ന തീവ്രമായ ഭക്തിയ്ക്കു മുന്നില്‍ ഒരു സ്നേഹസമര്‍പ്പണവും പ്രാര്‍ത്ഥനയുമാണ് ഈ ചിത്രീകരണം.

രചനയും സംവിധാനവും : ഫാദര്‍ ഹാരിസ് പക്കം എസ്.ഡി.ബി.
ശബ്ദരേഖ : ഫാദര്‍ വില്യം നെല്ലിക്കല്‍
നിര്‍മ്മാണം : സലീഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്കൊ

1. അമ്മയുടെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം
ഓ, സ്നേഹമുള്ള അമ്മേ, ക്രിസ്ത്യാനികളുടെ സഹായമേ, അങ്ങ് ഞങ്ങളില്‍ ആത്മവിശ്വാസവും ശക്തിയും ധൈര്യവും വളര്‍ത്തുന്നു. ശരണം തേടിയവരെ അങ്ങൊരിക്കലും കൈവിടില്ലെന്ന് ഞങ്ങള്‍ക്കറിയാം! ലോകമെമ്പാടുമുള്ള മക്കള്‍ക്ക് അങ്ങ് എപ്പോഴും ഉദാരമതിയും കൃപാപൂര്‍ണ്ണയുമാണ്.  സ്വര്‍ഗ്ഗത്തില്‍ അങ്ങു സര്‍വ്വദാ ഞങ്ങളുടെ മദ്ധ്യസ്ഥയാണ്. ദൈവം അങ്ങില്‍ പ്രസാദിച്ചിരിക്കുന്നു. 

2. യേശുവിന്‍റെ അമ്മ നമ്മുടേയും...
ഈശോയുടെ കാലംമുതല്‍ അങ്ങു ഞങ്ങള്‍ക്ക് അമ്മയും സംരക്ഷകയും സഹായിയും വഴികാട്ടിയുമാണ്. “മകനേ, അവര്‍ക്കു വീഞ്ഞില്ല,” എന്നു കാനായില്‍ പറഞ്ഞത്, ഇന്നു സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കായ് ആവര്‍ത്തിന്നുണ്ട്.  അങ്ങയെ അമ്മയായ് ലഭിച്ച ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്,  കുരിശില്‍ കിടന്നുകൊണ്ട് അങ്ങേ തിരുക്കുമാരന്‍ ഞങ്ങള്‍ക്കായി നല്കിയ പൈതൃകമാണ് ഈ മാതൃത്വം. ജീവിതയാത്രയില്‍ ഞങ്ങള്‍ക്കു തുണയായി ലഭിച്ച സ്വര്‍ഗ്ഗീയദാനമാണ് അങ്ങ്. മാനവരാശിക്ക് ഉറപ്പായ സാന്ത്വനവും ‘പങ്കില മാനസരായ ഞങ്ങള്‍ക്ക് ഏകാശ്രയവും’ അങ്ങാണ്.  

3. കന്യകാനാഥ ഡോണ്‍ബോസ്ക്കോയുടെ ജീവിതത്തില്‍
അങ്ങേ മാദ്ധ്യസ്ഥ്യം തേടിയ ഡോണ്‍ബോസ്കോയ്ക്ക് അങ്ങ് വഴികാട്ടിയും അദ്ധ്യാപികയും അമ്മയുമായിരുന്നു. അങ്ങ് ഡോണ്‍ബോസ്കോയെ പഠിപ്പിച്ചു, രൂപപ്പെടുത്തി, നിരന്തരമായി സഹായിച്ചു. അങ്ങേ മാതൃസാമീപ്യവും സാന്നിദ്ധ്യവും ഡോണ്‍ബോസ്കോ എന്നും അനുഭവിച്ചു.  അപേക്ഷിച്ച അനുഗ്രഹങ്ങളും രോഗശാന്തിയും അങ്ങ് അത്ഭുതകരമായി അദ്ദേഹത്തിനു നേടിക്കൊടുത്തു. ഡോണ്‍ബോസ്കോയ്ക്ക് അങ്ങ് “കരുത്തുറ്റ നായിക”യായപ്പോള്‍, അദ്ദേഹം അങ്ങേ വിശ്വസ്ത വക്താവായിരുന്നു.  ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോടു പ്രാര്‍ത്ഥിക്കുവാന്‍ ഡോണ്‍ബോസ്കോ എല്ലാവരെയും പഠിപ്പിച്ചു. അമ്മയാണ് എല്ലാം ചെയ്തുതന്നതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.  “ഈ അമ്മയോടു ഭക്തിയുണ്ടെങ്കില്‍ നിങ്ങള്‍ അത്ഭുതങ്ങള്‍ കാണു”മെന്ന് ഡോണ്‍ബോസ്കൊ എന്നും പറയുമായിരുന്നു.

4. ട്യൂറിനിലെ അത്ഭുതഛായാചിത്രം
മറിയത്തിന്‍റെ ഛായാചിത്രം തയ്യാറാക്കുവാന്‍ അദ്ദേഹത്തിന് ഉണ്ടായ ആഗ്രഹം ഏറെ തീക്ഷ്ണമായിരുന്നു. ഈ ആഗ്രഹം ഏറെ ബോധ്യത്തോടെയാണ് അദ്ദേഹം ഉള്‍ക്കൊണ്ടത്. ‌ഒരു ദര്‍ശനത്തില്‍ ലഭിച്ച മഹത്തരവും മനോഹരവുമായൊരു തിരുസ്വരൂപം അദ്ദേഹം മെനഞ്ഞെടുത്തു. ആദ്യം, ഒരു ദൈവിക പ്രഭാപൂരം മറിയത്തിന്‍റെ ശിരസ്സിനു ചുറ്റും നിപതിക്കുന്നു. പാടിസ്തുതിക്കുന്ന മാലാഖവൃന്ദത്തിന്‍റെ കൂട്ടത്തില്‍ സ്വര്‍ഗ്ഗീയ രാജ്ഞിയായ മറിയം നില്ക്കുന്നതായി അദ്ദേഹം കണ്ടു. ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്‍റെയും രാജ്ഞിയായ മറിയത്തിന്‍റെ ശിരസ്സില്‍ മനോഹരമായൊരു കിരീടം!   ദൈവം വര്‍ഷിച്ച സ്വര്‍ഗ്ഗീയ അധികാരത്തിന്‍റെ അടയാളമായി വലതുകൈയ്യില്‍ ചെങ്കോലും, ഇടതുകൈയ്യില്‍ തുറന്ന കരങ്ങളുമായി ലോകത്തിന് കൃപയും കാരുണ്യവും വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിയേശുവും.

ദൈവകൃപ നിറഞ്ഞവളുടെ മഹത്വം ധ്യാനിക്കുന്ന അപ്പസ്തോലന്മാരുടെയും നാലു സുവിശേഷകന്മാരുടെയും മദ്ധ്യത്തില്‍ കന്യകാനാഥ വരാജിക്കുന്നു.  ചിത്രത്തിന്‍റെ അടിഭാഗത്ത് ട്യൂറിന്‍ പട്ടണവും, അതിന് അടുത്തായി വല്‍ഡോക്കൊയിലെ ദേവാലയവും, എല്ലാറ്റിനും പശ്ചാത്തലമായി സുപേര്‍ഗാ മലയും കാണാം. യേശുവിന്‍റെ അമ്മയും, സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയുമായിട്ടാണ് മറിയത്തെ ഡോണ്‍ബോസ്കോ ആ ചിത്രത്തില്‍ വിഭാവനംചെയ്തത്. അപ്പസോതലന്മാരും വിശുദ്ധത്മാരും ഉള്‍പ്പെടുന്ന സഭ അങ്ങയെ അമ്മയും ക്രിസ്ത്യാനികളുടെ ശക്തിപൂര്‍ണ്ണയായ സഹായിയുമായി വണങ്ങുന്നു.

5. മഹാമാരിയില്‍നിന്നു മോചിക്കണമേ!
കരുതലും കാരുണ്യവുമുള്ള അമ്മേ, ദുര്‍ഘടമായ ഈ സമയത്ത് ഞങ്ങളുടെ സഹായത്തിന് അങ്ങു വരണമേ. അങ്ങേ മാദ്ധ്യസ്ഥ്യത്താല്‍ ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ സഹായവും സംരക്ഷണവും തേടിക്കൊണ്ട് ഞങ്ങള്‍ അങ്ങേ പക്കല്‍ അണയുന്നു. അങ്ങേ അനുഗ്രഹത്തില്‍ പ്രത്യാശയര്‍പ്പിച്ച് ഞങ്ങള്‍ ജീവിതയാത്ര തുടരുന്നു. അങ്ങയെ എന്നും ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന മക്കളില്‍ മാതൃകടാക്ഷം ചൊരിയണമേ! സ്നേഹമുള്ള അമ്മേ, ക്രിസ്തുവിന്‍റെ വിശ്വസ്ത ശിഷ്യരായി ജീവിക്കുവാന്‍ ഇനിയും ഞങ്ങളെ പഠിപ്പിക്കണമേ! അങ്ങേ സുകൃതങ്ങള്‍ അനുകരിച്ച് ഈ ജീവിതകാലം മുഴുവന്‍ അങ്ങേ മക്കളായി സന്തോഷത്തില്‍ ജീവിക്കുവാന്‍ അമ്മേ, ഞങ്ങളെ സഹായിക്കണമേ.  ആമേന്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2020, 09:00