തിരയുക

Vatican News
ഡോക്ടർ ഫ്രാൻസീസ് കോളിൻസ്,ടെമ്പിൾടൺ പുരസ്ക്കാരജേതാവ്  2020 ഡോക്ടർ ഫ്രാൻസീസ് കോളിൻസ്,ടെമ്പിൾടൺ പുരസ്ക്കാരജേതാവ് 2020  (AFP or licensors)

ദൈവദത്തമാർഗ്ഗങ്ങൾ വിനിയോഗിച്ച് മാനവ സഹനം ശമിപ്പിക്കുക!

രോഗികളെ ചികിത്സിച്ചുകൊണ്ടു കടന്നു പോയ യേശുവിൻറെ ആ പ്രവർത്തി അനുവർത്തിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു, ടെമ്പിൾടൺ പുരസ്ക്കാര ജേതാവ് ഫ്രാൻസീസ് കോളിൻസ്

ജോയി കരിവേലി, വത്തിക്കാൻസിറ്റി

ശാസ്ത്രത്തിനും വിശ്വാസത്തിനും പരസ്പരം സംഭാഷണത്തിലേർപ്പെടാൻ സാധിക്കുമെന്ന് ഇക്കൊല്ലത്തെ (2020) ടെമ്പിൾടൺ പുരസ്ക്കാരജേതാവ്  ഡോക്ടർ ഫ്രാൻസീസ് കോളിൻസ്.

വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അമേരിക്കൻ സ്വദേശിയും ജനിതകശാസ്ത്രജ്ഞനുമായ ഭിഷഗ്വരൻ ഫ്രാൻസീസ് സെല്ലേഴ്സ് കോളിൻസ് ഇതു പറഞ്ഞത്.

ദൈവം രചിച്ച പുസ്തകങ്ങളാണ് വിശ്വാസവും ശാസ്ത്രവും വായിക്കുന്നത് എന്നതാണ് വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സംവാദ സാധ്യതയുടെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ദൈവം നമുക്ക് രണ്ടു ഗ്രന്ഥങ്ങൾ നല്കിയിട്ടുണ്ടെന്നും ദൈവവചനമായ ബൈബിളാണ് ഇവയിൽ ഒന്നെന്നും, അടുത്തത്  ദൈവത്തിൻറെ പ്രവർത്തനങ്ങളുടെ, സൃഷ്ടിയുടെ പുസ്തകമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കോവിദ് 19 മഹാമരിയെക്കുറിച്ചും തൻറെ അഭിമുഖത്തിൽ പരാമർശിച്ച ഭിഷഗ്വരൻ ഫ്രാൻസീസ് കോളിൻസ്, രോഗികളെ ചികിത്സിച്ചുകൊണ്ടു കടന്നു പോയ യേശുവിൻറെ ആ പ്രവർത്തി അനുവർത്തിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ഈ മഹാമരിയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വഴികൾ ദൈവം, ശാസ്ത്രത്തിലൂടെ നമുക്കു പ്രദാനം ചെയ്തിട്ടുണ്ടെങ്കിൽ അതുപയോഗിച്ച് സഹനങ്ങൾ കുറയ്ക്കാനും മരണങ്ങൾ ഒഴിവാക്കാനും സാധ്യമായതൊക്കെ ചെയ്യാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. 

സർ ജോൺ ടെമ്പിൾടണ്ണിൻറെ മാനവസ്നേഹ ദർശനത്തിൻറെ മുന്നേറ്റത്തിന് അതുല്യസംഭാവനകൾ നല്കുന്നവർക്കുള്ള വാർഷിക പുരസ്ക്കാരമാണ് ടെമ്പിൾടൺ സമ്മാനം.

1972-ലാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തപ്പെട്ടത്.

 

12 June 2020, 16:07