തിരയുക

 Bread of Life Bread of Life 

ദിവ്യകാരുണ്യം - കൂട്ടായ്മയുടെ അടയാളവും ആനന്ദവും

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 6, 51-58. പരിശുദ്ധ ദിവ്യകാരുണ്യ മഹോത്സവത്തിലെ സുവിശേഷ ചിന്തകള്‍ - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദിവ്യകാരുണ്യ മഹോത്സവം - വചനചിന്തകള്‍

1.  സ്നേഹത്തിന്‍റെയും നീതിയുടെയും കൂട്ടായ്മ
ആഗോളവത്ക്കരണം മനുഷ്യരെ പരസ്പരം കൂടുതല്‍ ആശ്രിതരാക്കുകയും, ഒരു മഹാമാരി ലോകത്ത് എവിടെയും ജീവിതം ക്ലേശകരമാക്കുകയും ചെയ്യുന്നു. ഒപ്പം വംശീയതയും മതമൗലികവാദവുമെല്ലാം ക്രൂരമായി എവിടെയും തലപൊക്കുന്നു. അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് എവിടെയുമുണ്ട് വംശീയത... ഇന്ത്യയിലും കേരളത്തിലും ഇന്നുണ്ട്. അങ്ങനെയുള്ളൊരു കാലഘട്ടത്തില്‍, ദൈവത്തില്‍ കേന്ദ്രീകൃതമായ ശാശ്വതഭാവമുള്ള ഒരൈക്യം കെട്ടിപ്പുലര്‍ത്തുവാന്‍ സാധിച്ചില്ലെങ്കില്‍ വ്യക്തി മഹാത്മ്യവാദത്തിന്‍റെയും, താന്‍ പോരിമയുടെയും പരസ്പര പീഡനത്തിന്‍റെയും വിദ്വേഷത്തിന്‍റെയും കലുഷിതമായ ഒരന്തരീക്ഷത്തില്‍ മാനവകുലം നശിക്കുവാനാണ് സാദ്ധ്യത. മനുഷ്യകുലത്തിന്‍റെ ഐക്യമാണ് ക്രിസ്തുവിന്‍റെ സുവിശേഷവും ദിവ്യകാരുണ്യത്തിലെ കൂട്ടായ്മയും എപ്പോഴും ലക്ഷൃംവയ്ക്കുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തയില്‍, ഭൂമി നമ്മുടെ പൊതുഭവനമാണെന്നും, അതിലെ സകലരെയും ആശ്ലേഷിക്കുന്ന സാഹോദര്യത്തിന്‍റെ മനോഭാവമാണ് ഇന്നു നാം ഉള്‍ക്കൊള്ളേണ്ടത്.

2. ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ മഹോത്സവം
പരിശുദ്ധ കര്‍ബ്ബാനയില്‍നിന്നുമാണ് സ്നേഹത്തിന്‍റെയും നീതിയുടെയും ഈ വഴി ക്രൈസ്തവമക്കളായ നാം അനുസ്യൂതം ആര്‍ജ്ജിക്കേണ്ടതെന്ന് നാം ഇന്ന് ആചരിക്കുന്ന ദിവ്യകാരുണ്യ മഹോത്സവം പഠിപ്പിക്കുന്നു. ക്രൈസ്തവമക്കള്‍ ലോകമെമ്പാടുമുള്ള പരിശുദ്ധ ദിവ്യകാരുണ്യത്തിലേയ്ക്ക് ആരാധനയോടെ, കരങ്ങള്‍ കൂപ്പിയും കണ്ണുകള്‍ കൂമ്പിയും തിരിയുന്ന ദിവസമാണ് പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ മഹോത്സവം. ലത്തീന്‍ ഭാഷയില്‍ Corpus Christi അല്ലെങ്കില്‍ Corpus Domini, അതായത് ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ മഹോത്സവമെന്നാണ് ഇത് അറിയപ്പെടുന്നത്. ക്രിസ്തു ലോകത്തിനായി പകര്‍ന്നുനല്കിയ അമൂല്യസമ്പത്തും മഹത്തായ കൂദാശയുമാണ് പരിശുദ്ധദിവ്യകാരുണ്യം.

3. മുറിക്കപ്പെടുവാനും പങ്കുവയ്ക്കുവാനും
കഫര്‍ണാമിലെ സിനഗോഗില്‍ ക്രിസ്തു നല്കിയ ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രബോധനം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്. “സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പം ഞാനാണ്. ഈ അപ്പം ഭക്ഷിക്കുന്നവന്‍ നിത്യമായി ജീവിക്കും. ഞാന്‍ നിങ്ങള്‍ക്കായി നല്കുന്ന അപ്പം ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള എന്‍റെ ശരീരമാകുന്നു.” ലോകത്തിന്‍റെ ജീവനുവേണ്ടിയും, തന്നില്‍ വിശ്വസിക്കുന്നവരുടെ ആത്മീയ പോഷണത്തിനുവേണ്ടിയും തന്നെത്തന്നെ നല്കുവാനാണ് അവിടുന്നു മനുഷ്യാവതാരം ചെയ്തത്. ക്രിസ്തു സമാരംഭിച്ച കൂട്ടായ്മയും സ്വയാര്‍പ്പണവുമാണ് അവിടുത്തെ അനുഗമിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും, ഒപ്പം സഹോദരങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെടുവാനും, ത്യാഗത്തില്‍ ജീവിതങ്ങള്‍ സമര്‍പ്പിക്കുവാനുമുള്ള മനോഭാവം നല്കുന്നതും.

4. ദിവ്യകാരുണ്യത്തിന്‍റെ സാമൂഹികമാനം
നമ്മുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും, സ്വാര്‍ത്ഥതയില്ലാതെ പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയില്‍ നിറഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോട് ഒന്നുചേരുന്നതാണ് ദിവ്യകാരുണ്യത്തിലെ കൂട്ടായ്മ. ദിവ്യകാരുണ്യം ക്രിസ്തുവിനോടെന്നപോലെ നമ്മെ മറ്റു സഹോദരങ്ങളോടും ഐക്യപ്പെടുത്തുകയും ഏവരും ഒരു വിരുന്നു മേശയില്‍ പങ്കുചേരുകയും ചെയ്യുന്നു. ദിവ്യകാരുണ്യഭക്തരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായ വിന്‍സെന്‍റ് ഡി പോളിനെയും, മദര്‍ തെരേസായെയും പോലെയുള്ള വിശുദ്ധാത്മാക്കള്‍ അവരുടെ ജീവിതങ്ങള്‍കൊണ്ട് കാണിച്ചുതരുന്നതുപോലെ പരിശുദ്ധ ദിവ്യകാരുണ്യം ലോകത്തുള്ള സഭയുടെ ആഴമായ സാമൂഹ്യ സാന്നിദ്ധ്യത്തിന്‍റെയും പ്രതീകമാണ്. അതായത് ജീവിതവീഥികളില്‍ ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍ വേദനിക്കുന്നവര്‍ക്കും വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും, പരദേശികള്‍ക്കും പാവങ്ങള്‍ക്കും രോഗികള്‍ക്കും കാരാഗൃഹ വാസികള്‍ക്കും അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങളില്‍ ശ്രദ്ധാലുക്കളാകുകയും, അവരുടെ സഹായത്തിനായി ഓടിയെത്തുയും ചെയ്യുന്നു. അങ്ങനെ നീതിയുടെയും സഹോദര്യത്തിന്‍റേതുമായ ഒരു സ്നേഹസമൂഹം വളര്‍ത്തുന്നതിനുള്ള ശക്തിയും ബോധ്യവും ക്രിസ്തുവിന്‍റെ സ്നേഹ സ്രോതസ്സായ പരിശുദ്ധ കുര്‍ബ്ബാന നമുക്കു നല്കുന്നു.

5. സ്വയാര്‍പ്പണത്തിന്‍റെ യുക്തിയും രൂപാന്തരീകരണവും
അന്ത്യത്താഴ വിരുന്നില്‍ അപ്പവും വീഞ്ഞും തന്‍റെ ശിഷ്യന്മാര്‍ക്ക് പകുത്തുനല്കിക്കൊണ്ട് ക്രിസ്തു സ്ഥാപിച്ച ബലി കാല്‍വരിയിലെ തന്‍റെ പരമയാഗത്തിന്‍റെ പ്രതിരൂപമായിരുന്നു. സ്നേഹത്തില്‍ എല്ലാം ഉള്‍ക്കൊണ്ട ക്രിസ്തുവിന്, താന്‍ ഏല്ക്കേണ്ടിവന്ന അധിക്രമങ്ങളും, അവസാനം കുരിശുമരണംപോലും മനുഷ്യരക്ഷയ്ക്കായുള്ള സ്വയാര്‍പ്പണമായി മാറുന്നു. ഈ രൂപാന്തരീകരണമാണ് ലോകത്തിന് ഇന്നാവശ്യം. ഭൗമികതയില്‍നിന്നു ആത്മീയതയിലേയ്ക്ക് ഉയരുന്ന രൂപാന്തരീകരണവും ദൈവരാജ്യത്തിലേയ്ക്കുള്ള പരിവര്‍ത്തനവുമാണ് നമുക്കാവശ്യം. ഈ രൂപാന്തരീകരണം ക്രിസ്തുവിന്‍റെ ശൈലിയിലാണ് നാം ആര്‍ജ്ജിച്ചെടുക്കേണ്ടത്. കാരണം അവിടുന്നാണ് വഴിയും, സത്യവും ജീവനും. ക്രൈസ്തവികതയില്‍ അതിമാനുഷമായിട്ട് ഒന്നുമില്ല. കുറിക്കുവഴികളും അതിലില്ല. ക്ഷമയുടെയും, നിലത്തു വീണലിയുന്ന വിത്തുപോലുള്ള വിനയത്തിന്‍റെയും യുക്തിയാണ് അവിടെയുള്ളത്. മലയെ മാറ്റാന്‍ കരുത്തുള്ള കടുമണിയോളമുള്ള വിശ്വാസത്തിന്‍റെ യുക്തിയാണ് ഈ ലോകത്തെ നവീകരിക്കുവാന്‍ ദൈവം മനുഷ്യനില്‍നിന്നും പ്രതീക്ഷിക്കുന്നത്.

6. ക്രിസ്തുവിലുള്ള അലിഞ്ഞുചേരല്‍
ചരിത്രത്തെയും ഈ പ്രപഞ്ചത്തെയും രൂപാന്തരപ്പെടുത്തുന്ന ചങ്ങലയിലെ മുഖ്യകണ്ണിയാണ് പരിശുദ്ധ കര്‍ബ്ബാന. മനുഷ്യന്‍റെ ജീവിതാദ്ധ്വാനത്തിന്‍റെ പ്രതീകമാണ് നാം കാഴ്ചവയ്ക്കുന്ന അപ്പവും വീഞ്ഞും. അവ കുര്‍ബ്ബാനയില്‍ പരികര്‍മ്മംചെയ്യപ്പെടുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നതുപോലെ, മനുഷ്യര്‍ രൂപാന്തരപ്പെടുകയും അവിടുന്നില്‍ അലിഞ്ഞുചേരുകയും ചെയ്യുന്നു. ക്രിസ്തുവിലുള്ള ഈ പങ്കുചേരല്‍ അവിടുത്തെ രക്ഷാകര പദ്ധതിയില്‍ നമ്മെ പങ്കുകാരാക്കുന്നു. സ്വയാര്‍പ്പണത്തിന്‍റെ യുക്തിയില്‍, ക്രിസ്തുവുമായും ക്രിസ്തുവിലും ഒന്നുചേരുന്ന മനുഷ്യന്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍, ചരിത്രത്തിന്‍റെ കോറിയ നിലത്തു വിതറിയ വിത്തുകള്‍ മുളപൊട്ടി വളരുന്നതുപോലെ, ദൈവിക പദ്ധതിയില്‍ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും വിളകളായി രൂപാന്തരപ്പെടുന്നു. മറിയത്തിലൂടെ ക്രിസ്തുവില്‍ മാസംധരിച്ച ദൈവസ്നേഹംപോലെ, മാനുഷികതയുടെ ചെറുവിത്തുകള്‍ മുളപൊട്ടി തിന്മയെയും അധിക്രമങ്ങളെയും മരണത്തെയും മറികടക്കുന്ന ഉറച്ചബോധ്യമുള്ള വ്യക്തിത്വങ്ങളായി നവീകരിക്കപ്പെടേണ്ടതാണ്.

7. ക്രിസ്തുവിലുള്ള രൂപാന്തരപ്പെടല്‍
ഇന്ന് നമ്മുടെ ദേവാലയങ്ങള്‍ ദിവ്യബലി അര്‍പ്പിക്കുവാനുള്ള സാമൂഹ്യ ചുറ്റുപാട് ഇല്ലെങ്കിലും ആത്മീയമായി നമുക്ക് ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാം, ദിവ്യബലിയില്‍ ആത്മീയമായി മാധ്യമങ്ങളിലൂടെയെങ്കിലും പങ്കുചേരാം. ഓരോ തവണയും നാം ദിവ്യബലിയില്‍ പങ്കെടുക്കുകയും ക്രിസ്തുവിന്‍റെ ദിവ്യശരീരത്താല്‍ പരിപോഷിതരാക്കപ്പെടുകയും ചെയ്യുമ്പോള്‍ നമ്മില്‍ പരിശുദ്ധാത്മാവ് നിറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ദൈവാരൂപി നമ്മുടെ മനോഭാവത്തെ സുവിശേഷമൂല്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിമറിക്കുന്നു, രൂപാന്തരപ്പെടുത്തുന്നു. നമ്മില്‍ സാഹോദര്യം വളര്‍ത്തുന്നു, ക്രിസ്തുവിനു സാക്ഷൃംവഹിക്കുവാനുള്ള ധൈര്യംനല്കുന്നു. അങ്ങനെ ആരെയും ആകര്‍ഷിക്കുന്ന സ്നേഹത്തിന്‍റെ ഉടമകളായിത്തീരുന്നു..

8. യേശുവേ, ഞങ്ങളില്‍ വന്നു വസിക്കണമേ!
ഓരോ ദിനത്തിലും പ്രഭാതത്തില്‍ ഉദിച്ചുയരുന്ന സൂര്യന്‍ മങ്ങിമറയുമ്പോള്‍, നമ്മുടെകൂടെ ചരിക്കുന്ന ഉത്ഥിതനായ ക്രിസ്തു, ദിവ്യകാരുണ്യമായ ക്രിസ്തു പറയുന്നുണ്ട്, “യുഗാന്തംവരെ ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (മത്തായി 28, 20). ഞങ്ങളുടെ പ്രത്യാശ കെട്ടുപോകാതെ തുണയായ് നില്കുന്ന അങ്ങേ അതിരറ്റ വാത്സല്യത്തിനും വിശ്വസ്തതയ്ക്കും ദൈവമേ, പരിശുദ്ധ ദിവ്യകാരുണ്യമേ... നന്ദി! സന്ധ്യ മയങ്ങുന്നു, പകല്‍ തീരാറായി. ഞങ്ങളുടെ ജീവിതക്ലേശങ്ങള്‍ വര്‍ദ്ധിക്കുന്നു. ഒരു മഹാമാരിയുടെ വ്യഗ്രതയിലാണു ഞങ്ങള്‍. അങ്ങു ഞങ്ങളോടുകൂടെ വസിച്ചാലും. നല്ലയിടയനും ജീവന്‍റെ അപ്പവുമായ അങ്ങേ കൃപ ഞങ്ങളില്‍ വര്‍ഷിക്കണമേ. നിത്യമായ ആനന്ദത്തിലേയ്ക്ക് ഒരുനാള്‍ ഞങ്ങളെ നയിക്കുംവരെ അങ്ങേ തിരുപ്പാഥേയം ഞങ്ങള്‍ക്കു ശക്തിയേകട്ടെ. ഞങ്ങളെ നയിക്കട്ടെ!

ഗാനമാലപിച്ചത് കെ. എസ്. ചിത്രയും സംഘവും. ഗാനരചനയും ഈണവും ഫാദര്‍ ജേക്കബ് കല്ലറക്കല്‍, ഗാനത്തിന്‍റെ നവാവിഷ്ക്കാരം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2020, 13:05