തിരയുക

Pope Francis with the Icon of Madonna, Salus Populi Romani Pope Francis with the Icon of Madonna, Salus Populi Romani 

മഹാമാരിയില്‍നിന്നുള്ള മുക്തിക്കായി രണ്ടു മേരിയന്‍‍ പ്രാര്‍ത്ഥനകള്‍

2020 ഏപ്രില്‍ 25-ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത്. ശബ്ദരേഖയോടെ...

പരിഭാഷ : ഫാദര്‍ വില്യം നെല്ലിക്കല്‍ 
ശബ്ദരേഖ : മരിയ ഡാവിന

രണ്ടു മരിയന്‍ പ്രാര്‍ത്ഥനകള്‍

1. പ്രാര്‍ത്ഥന ഒന്ന്
പരിശുദ്ധ കന്യകാമറിയമേ,
അങ്ങ് എപ്പോഴും ഞങ്ങളുടെ ജീവിതവഴികളില്‍ വിളക്കാണ്.
അങ്ങ് ഞങ്ങള്‍ക്ക് രക്ഷയുടെയും പ്രത്യാശയുടെയും അടയാളവുമാണ്.
വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അങ്ങേ തിരുക്കുമാരന്‍റെ കുരിശിലെ വേദനയില്‍ പങ്കുചേര്‍ന്ന ആരോഗ്യദായിനിയായ അമ്മേ, ഞങ്ങള്‍ അങ്ങില്‍ ആശ്രയിക്കുന്നു.
അങ്ങേ കരങ്ങളില്‍ ഞങ്ങളെ സമര്‍പ്പിക്കുന്നു. ഇപ്പോഴത്തെ ഞങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്ന ലോക രക്ഷകിയായ അമ്മേ, കാനായിലേതുപോലെ, ജീവിത പ്രതിസന്ധിയുടെ ഈ കാലഘട്ടത്തെ തരണംചെയ്യുവാനും, ഞങ്ങളുടെ എളിയ ജീവിതങ്ങള്‍ സന്തോഷകരമാക്കുവാനും കൃപതരണമേ. ഞങ്ങളുടെ വേദനകളും ദുഃഖങ്ങളും ഏറ്റെടുത്ത അങ്ങേ തിരുക്കുമാരന്‍റെ കുരിശിലൂടെ പുനരുത്ഥാനത്തിന്‍റെ സന്തോഷം അങ്ങു ഞങ്ങള്‍ക്കായി പകര്‍ന്നുതരണമേ.

ദൈവസ്നേഹത്തിന്‍റെ അമ്മേ,
അങ്ങയെപ്പോലെ ദൈവഹിതത്തിനു കീഴ്പ്പെടുവാനും ഈശോ പഠിപ്പിച്ചിട്ടുള്ളതുപോലെ ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ! ഓ, പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ അങ്ങേ സങ്കേതം തേടിയണയുന്നു. ആവശ്യനേരത്തെ അപേക്ഷകളില്‍ അങ്ങു ഞങ്ങളെ ഉപേക്ഷിക്കരുതേ. അപകടങ്ങളില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ! ഓ, മഹത്വപൂര്‍ണ്ണയും ഭാഗ്യവതിയുമായ കന്യകാനാഥേ. ആമ്മേന്‍.

2. പ്രാര്‍ത്ഥന രണ്ട്
ഓ, പരിശുദ്ധ ദൈവമാതാവേ,
ഞങ്ങള്‍ അങ്ങേ സങ്കേതത്തില്‍ ഓടിയണയുന്നു. ലോകത്ത് എവിടെയും ജനങ്ങള്‍ ഇന്ന് യാതനയിലും ഉല്‍ക്കണ്ഠയിലും കഴിയുകയാണ്. ഓ, ദൈവമാതാവേ, സംരക്ഷണയ്ക്കായ് ഞങ്ങള്‍ അങ്ങേ മാതൃസങ്കേതം തേടുന്നു. കന്യകാനാഥേ, മഹാമാരിയില്‍ ഉഴലുന്ന മക്കളുടെ നേര്‍ക്ക് അങ്ങേ കാരുണ്യകടാക്ഷം തിരിക്കണമേ. മരണമടഞ്ഞ പ്രിയപ്പെട്ടവരെ ഓര്‍ത്തു കേഴുകയും നിരാശരാവുകയും ചെയ്യുന്നവരെ അങ്ങു സമാശ്വാസിപ്പിക്കണമേ. രോഗികളായ കുടുംബാംഗങ്ങളെ പരിചരിക്കാനാവാതെയും അവരുടെ അടുത്തൊന്നു നില്കാനാവാതെയും മനംനൊന്തു വേദിനക്കുന്നവര്‍ക്ക് അങ്ങ് ആശ്വാസമാകണമേ. തൊഴിലില്ലായ്മയും സാമ്പത്തിക ക്ലേശങ്ങളും ഉയര്‍ത്തുന്ന ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്ത്വത്താല്‍ മനോവ്യഥ അനുഭവിക്കുന്നവര്‍ക്ക് അങ്ങു പ്രത്യാശ പകരണമേ.

ദൈവമാതാവേ, ഞങ്ങളുടെ അമ്മേ,
മഹാമാരിയുടെ ക്ലേശങ്ങള്‍ അവസാനിപ്പിച്ച്, ഞങ്ങളില്‍ പ്രത്യാശയുടെയും സമാധാനത്തിന്‍റെയും പ്രഭാതം തെളിയിക്കണമേ. കാനായിലെന്നപോലെ അങ്ങേ തിരുക്കുമാരനായ ഈശോയോട് ഞങ്ങള്‍ക്കായ് മാദ്ധ്യസ്ഥ്യം വഹിക്കുകയും, ഞങ്ങളുടെ കുടുംബങ്ങളെയും രോഗികളായ ഞങ്ങളുടെ സഹോദരങ്ങളെയും സാന്ത്വനപ്പെടുത്തുകയും ചെയ്യണമേ. അവരുടെ ഹൃദയങ്ങളില്‍ സമാശ്വാസവും ആത്മധൈര്യവും വളര്‍ത്തണമേ! രോഗത്തിന്‍റെ തീവ്രമായ മുന്‍നിരയില്‍ തങ്ങളുടെ ജീവന്‍ പണയംവച്ച് മറ്റുള്ളവരെ രക്ഷിക്കുവാന്‍വേണ്ടി ശുശ്രൂഷചെയ്യുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പരിചാരകരെയും സന്നദ്ധസേവകരെയും സംരക്ഷിക്കണമേ.
ധീരമായ അവരുടെ അദ്ധ്വാനത്തെ ഫലമണിയിക്കാന്‍ അവര്‍ക്ക് കരുത്തും, ഉദാരതയും, ആരോഗ്യവും പ്രദാനംചെയ്യണമേ. രോഗികളെ പരിചരിക്കാന്‍ രാപകല്‍  അദ്ധ്വാനിക്കുന്നവരെ, വിശിഷ്യാ അജപാലന തീക്ഷ്ണതയാലും വിശ്വസ്തതയാലും എല്ലാവരെയും സഹായിക്കുവാനും പിന്‍തുണയ്ക്കുവാനും പരിശ്രമിക്കുന്ന വൈദികരുടെ ചാരത്തും അങ്ങ് ഉണ്ടായിരിക്കണമേ.

പരിശുദ്ധ കന്യകാംബികേ,
വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സുകളെയും അദ്ധ്വാനത്തെയും പ്രകാശിപ്പിക്കുകയും, ഈ മഹാമാരിയെ കീഴ്പ്പെടുത്തുവാനുള്ള മാര്‍ഗ്ഗം അവര്‍ക്കു കാട്ടിക്കൊടുക്കുകയും ചെയ്യണമേ. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ക്ലേശിക്കുന്ന ജനങ്ങളെ തുണയ്ക്കുവാനും, ദീര്‍ഘദൃഷ്ടിയോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ സാമൂഹികവും സാമ്പത്തികവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഈ പ്രതിസന്ധിയില്‍ കണ്ടെത്തുവാനും വേണ്ട വിവേകവും അഭിനിവേശവും ആത്മാര്‍ത്ഥതയും ഉദാരതയും രാഷ്ട്രനേതാക്കളില്‍ വളര്‍ത്തണമേ. ഏറ്റവും പരിശുദ്ധയായ അമ്മേ, വിനാശങ്ങള്‍ക്കു കാരണമാകുന്ന ആയുധ നിര്‍മ്മിതിക്കും അതിന്‍റെ സംഭരണത്തിനുംവേണ്ടി ചെലവഴിക്കുന്ന വന്‍തുകകള്‍ മാനവികതയുടെ അഭിവൃദ്ധിക്കും ഭാവിനന്മയ്ക്കുമായി ഉപയോഗപ്പെടുത്താന്‍ രാഷ്ട്രാധിപന്മാരുടെ മനസ്സാക്ഷിയെ അങ്ങു തെളിയിക്കണമേ.

പ്രിയ അമ്മേ,
മനുഷ്യകുലം മുഴുവനും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നു മനസ്സിലാക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും കണ്ണികളെ അങ്ങ് ബലപ്പെടുത്തുകയും, ചുറ്റും കാണുന്ന ദാരിദ്ര്യവും മനുഷ്യയാതനകളും ശമിപ്പിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമേ. ക്ലേശിതര്‍ക്ക് ആശ്വാസമായ അമ്മേ, നിരാശയില്‍ കഴിയുന്ന എല്ലാ മക്കളെയും അങ്ങ് ആശ്ലേഷിക്കുകയും, ഈ മഹാമാരിയില്‍നിന്നു ഞങ്ങളെ മോചിക്കുവാന്‍ ദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍ ഞങ്ങളിലേയ്ക്കു നീട്ടുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ. അങ്ങനെ ഞങ്ങളുടെ ജീവിതങ്ങള്‍ സാധാരണഗതിയില്‍ എത്തിച്ചുതരണമേ! രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതവഴികളില്‍ തെളിയുന്ന കാരുണ്യവതിയും, സ്നേഹപൂര്‍ണ്ണയും മാധുര്യവുമുള്ള കന്യകാനാഥേ, എളിയവരായ ഞങ്ങളെ അങ്ങേ കരങ്ങളില്‍ ഭരമേല്പിക്കുന്നു.  ഞങ്ങളെ കൈവിടിയരുതേ! ആമേന്‍.

3. ഗാനം
ആലാപനം – രാധിക തിലക്
രചന – ഫാദര്‍ ജോര്‍ജ്ജ് പുതുമന തലശ്ശേരി
സംഗീതം – ജെറി അമല്‍ദേവ്
 

17 May 2020, 12:17