ഇടറി വീഴുന്നവര്‍ക്കും സമാശ്വാസമായ് നല്ലിടയന്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ഇടയന്‍ - ഒരു സ്നേഹരൂപം
ദൈവശാസ്ത്ര പഠനത്തിന്‍റെ അന്ത്യത്തില്‍ പരീക്ഷകള്‍ നടക്കുകയായിരുന്നു. ക്രിസ്തുവിജ്ഞാനീയം പരീക്ഷയും (Christology) മറ്റു വിഷയങ്ങള്‍പോലെ തന്നെ ചോദ്യമായിരുന്നു. മുഖം ഗൗരവകരമായിരുന്നതുകൊണ്ടോ, മുഖത്തു ടെന്‍ഷന്‍ കണ്ടതുകൊണ്ടോ പ്രധാന പരീക്ഷകന്‍റെ ആദ്യത്തെ ചോദ്യം വിചിത്രമായിരുന്നു. കലാബോധമുള്ള താങ്കളോട്... ആദ്യംതന്നെ ക്രിസ്തുവിന്‍റെ ഇഷ്ടമുള്ളൊരു രൂപം വരയ്ക്കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും അത്? അധികം ചിന്തിക്കാതെ മറുപടി വന്നു. യോഹന്നാന്‍റെ സുവിശേഷം 10-Ɔο അദ്ധ്യായം വിവരിക്കുന്ന നല്ലിടയനായ ക്രിസ്തു! ഒരു വലിയ ഷോളും, കൈയ്യില്‍ വടിയും, മുടിയും താടിയുമായി നീങ്ങുന്ന ക്രിസ്തുവിന്‍റെ പ്രതിച്ഛായ ഒരു സ്നേഹരൂപമാണ് എനിക്ക്! പ്രഫസര്‍മാര്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടപോലെ പരീക്ഷഹാളില്‍ ഒരു പൊട്ടിച്ചിരി മുഴങ്ങി. ഉടനെ അടുത്ത ഗൗരവമുള്ള ചോദ്യത്തിലേയ്ക്ക് കടക്കുകയും ചെയ്തു.
2. ഇടയന്‍ നല്കുന്ന ജീവസങ്കേതം
“നല്ലിടയന്‍റെ ഞായര്‍” എന്നു പെസഹാക്കാലം നാലാംവാരത്തെ വിളിക്കാറുണ്ട്. യേശുതന്നെത്തന്നെ നല്ലിടയനായി വിശേഷിപ്പിക്കുന്ന വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗത്തെ ആധാരമാക്കി ആരാധനക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നതുകൊണ്ടാണ് അനുവര്‍ഷം പെസഹാക്കാലത്തെ നാലാംവാരത്തെ “നല്ലിടയന്‍റെ ഞായര്‍” എന്നു വിശേഷിപ്പിക്കുന്നത്. വളരെ നല്ല രണ്ടു ബിംബങ്ങളാണ് വിശുദ്ധ യോഹന്നാന്‍ സുവിശേഷഭാഗത്തു വരച്ചുചേര്‍ക്കുന്നത്. ഒന്ന് ഇടയന്‍റേതും, രണ്ടാമത്തേത് ആടുകള്‍ക്കുള്ള ആലയുടെ വാതിലിന്‍റേയും ചിത്രം.
നല്ലിടയനായ ക്രിസ്തുവിന്‍റെ ആലയാണ് അജഗണങ്ങള്‍ക്ക് ജീവസങ്കേതം, ആത്മീയ ജീവന്‍റെ സങ്കേതം. ഒരു ദിവസത്തെ നീണ്ട അലച്ചിലും മേയലും കഴിഞ്ഞ് ആടുകള്‍ രാവണയുമ്പോള്‍ ഇടയന്മാര്‍ക്കൊപ്പം അവ വിശ്രമിക്കുന്ന ഇടമാണ് ആല. ഒരു ചെറിയ വളച്ചുകെട്ടും, അതിനൊരു വാതില്‍, അല്ലെങ്കില്‍ ഒരു ചെറിയ പടി... അത്രതന്നെ! ആടുകളെയെല്ലാം ആലയ്ക്ക് അകത്താക്കി, കാവലായി ഇടയന്‍ വാതില്‍ക്കല്‍ കിടക്കുകയാണ് പതിവ്. ഒരു കള്ളനോ കുറുനരിക്കോ അകത്തു പ്രവേശിക്കണമെങ്കില്‍ ഇടയന്‍റെ നെഞ്ചില്‍ ചവിട്ടിവേണം അകത്തുകടക്കാന്‍, അത് അസാദ്ധ്യവുമാണ്! ജീവന്‍ പണയംവച്ചും ആടുകളെ സംരക്ഷിക്കുന്ന ഇടയന്‍. അത്രയ്ക്ക് സുരക്ഷയാണ് ആടുകള്‍ക്ക് ആലയും ഇടയനും നല്കുന്നത്.
3. എല്ലാം അറിയുന്നവനും കണ്മണിപോലെ കാക്കുന്നവനും
ആലയില്‍ പല തരത്തിലും പല വിധത്തിലും പ്രവേശിക്കുന്നവരുണ്ട്. ചിലര്‍ വാതിലിലൂടെ പ്രവേശിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ ആലയുടെ സുരക്ഷാവലയം ചാടിക്കടക്കുന്നു (10, 1). വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ഇടയനാണ്. സുരക്ഷാവലയം അല്ലെങ്കില്‍ ആലയുടെ വേലി പൊളിച്ചോ, ചാടിയോ കടക്കുന്നവര്‍ മറ്റു ലക്ഷ്യങ്ങളുമായിട്ടായിരിക്കാം വരുന്നത്. ഇടയന്‍ ആടുകളെ അറിയുന്നു, ആടുകള്‍ അയാളുടെ ശബ്ദം തിരിച്ചറിയുകയും, അയാളെ അനുഗമിക്കുകയും ചെയ്യുന്നു (3). ഇടയന്‍ ആടുകളെ പച്ചപ്പുല്‍പ്പുറങ്ങളിലേയ്ക്ക് നയിക്കുകയും അവയ്ക്ക് മേയുവാന്‍ സമൃദ്ധമായ സൗകര്യം നല്കുകയും ചെയ്യുന്നു.
4. ഇടയനും വാതിലും
ഇന്നത്തെ സുവിശേഷത്തില്‍ ഈശോ തന്നെത്തന്നെ ആടുകളുടെ ഇടയനായി മാത്രമല്ല, വാതിലായും ചിത്രീകരിക്കുന്നത് വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു (7). അവിടുന്ന് പറഞ്ഞത്, “ഞാന്‍ ആടുകളുടെ വാതിലാണ്. എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും” (9). അവര്‍ക്ക് ജീവനുണ്ടാകും, അത് സമൃദ്ധമായി ഉണ്ടാകുമെന്നാണ് (10). നല്ലിടയനായ ക്രിസ്തു മാനവകുലത്തിന്‍റെ രക്ഷയുടെ വാതിലാണ്. കാരണം, അവിടുന്ന് ആടുകള്‍ക്കായ് സ്വയാര്‍പ്പണംചെയ്ത നല്ലിടയനാണ്.
5. ജീവാര്‍പ്പണംചെയ്ത നല്ലിടന്‍
നല്ലിടയനും ആടുകളുടെ വാതിലുമായ ക്രിസ്തു തന്‍റെ അധികാരം പ്രകടമാക്കിയത് സേവനത്തിലൂടെയും സ്നേഹ സമര്‍പ്പണത്തിലൂടെയുമാണ്. സകലത്തിനെയും നയിക്കുവാനും രക്ഷിക്കുവാനുംവേണ്ടി മറ്റാരെയും തത്രപ്പെടുത്താതെ ത്യാഗപൂര്‍വ്വം ജീവാര്‍പ്പണംചെയ്ത നല്ലിടയനാണ് അവിടുന്ന്. ഇങ്ങനെയൊരു നായകനില്‍ ലോകം വിശ്വാസമര്‍പ്പിക്കുന്നതില്‍ ആശ്ചര്യപ്പെടാനില്ല! കാരണം നല്ലിടയന്‍ ആടുകളെ സ്വച്ഛന്ദം സമൃദ്ധമായ പുല്‍പ്പുറങ്ങളിലേയ്ക്ക് അവിടുന്നു നയിക്കുമെന്ന് അവര്‍ക്കറിയാം. അതിനാല്‍ ഒരു ചെറിയ കുഴല്‍വിളി മതി ആടുകള്‍ ഇടയനെ ഉടനെ അനുഗമിക്കാന്‍. അയാളെ അനുസരിക്കുന്നു. അവ അയാളുടെ പിന്നാലെ സസന്തോഷം അവ നീങ്ങുന്നു. അയാളുടെ ശക്തവും, എന്നാല്‍ പ്രശാന്തവും സ്നേഹമസൃണവുമായ സാന്നിദ്ധ്യം അറിയുന്ന ആടുകള്‍ സന്തോഷത്താല്‍ കുതിച്ചു തുള്ളിച്ചാടിയാണ് ഇടയന്‍റെ പിന്നാലെ നീങ്ങുന്നത്. തോളോടു തോളുരുമ്മി ഇടയനോടു പറ്റിച്ചേര്‍ന്ന് ആടുകള്‍ നീങ്ങുന്നത് കുളിരേകുന്ന കാഴ്ചയാണ്. ഇടയന്‍റെ സ്നേഹമുള്ള സംരക്ഷണ വലയത്തില്‍ അവ ആനന്ദംകൊള്ളുന്നു. ഇതാണ് ആര്‍ക്കും വിസ്മരിക്കാനാവാത്ത, ആരും ഇഷ്ടപ്പെടുന്ന നല്ലിടയനായ ക്രിസ്തുവിന്‍റെ പ്രതിരൂപം.
6. ജീവിതത്തില്‍ നിഴലിക്കേണ്ട മാതൃക
ക്രിസ്തീയ സാന്നിദ്ധ്യത്തിന് എവിടെയും ഉണ്ടായിരിക്കേണ്ട ആത്മീയവും സ്നേഹാര്‍ദ്രവുമായ മാതൃകയും പ്രചോദനവുമാണ് നല്ലിടയനായ യേശുവിന്‍റെ സ്നേഹരൂപം. അത് ഒരു ചമയമല്ല. യേശുവിന്‍റെ വ്യക്തി വൈഭവത്തില്‍ നിഴലിക്കുന്നതാണ് ഈ സ്നേഹസാന്നിദ്ധ്യം – അവിടുത്തെ ജീവിതത്തില്‍ പ്രതിഫലിച്ചതാണീ സ്നേഹബിംബം, നല്ലിടയന്‍റെ പ്രതിച്ഛായ! ഈ അനുഭവത്തില്‍ ആടുകള്‍ ഇടയനോടെന്നപോലെ, നാം യേശുവിനോടുള്ള പ്രത്യേക ആത്മബന്ധത്താല്‍ കണ്ണിചേര്‍ന്നു ജീവിക്കാന്‍ ഇടയാകേണ്ടതാണ്. വിശ്വാസത്തെ നാം അമിതമായി യുക്തിഭദ്രമാക്കുകയും, അതിനെ ബൗദ്ധികമാക്കുകയും ചെയ്യുമ്പോള്‍, ലക്ഷ്യബോധം നല്കുന്നതും വശ്യതയുള്ളതുമായ യേശുവിന്‍റെ ആര്‍ദ്രമായ മധുരസ്വരം നാം കേള്‍ക്കാതെ പോകാന്‍ ഇടയുണ്ട്.
ഇവിടെ ഓര്‍മ്മവരുന്നത് എമാവൂസ് സംഭവമാണ്! യേശുവിന്‍റെ മരണശേഷം, എമാവൂസിലേയ്ക്കു ഭയന്ന് ഓടിപ്പോയ രണ്ടു ശിഷ്യന്മാരുടെ കൂടെനടന്ന് ഉത്ഥിതന്‍ അവരുടെ ഗ്രാമത്തില്‍ പ്രവേശിക്കുകയും അവരോട് അപരിചിതനെപ്പോലെ പെറുമാറുകയും ചെയ്തെങ്കിലും, അവിടുത്തെ സാന്ത്വന വചസ്സുകള്‍ ഭയചകിതമായ അവരുടെ മനസ്സുകള്‍ക്ക് ഉടനെ ധൈര്യംപകര്‍ന്നു. മെല്ലെ അവര്‍ പ്രകാശിതരായി. പേടിച്ച് ഒളിച്ചോടിപ്പോയിട്ടും തേടി വന്ന നല്ലിടയന്‍റെ സ്നേഹം അവര്‍ തിരിച്ചറിഞ്ഞ സുന്ദര മുഹൂര്‍ത്തമായിരുന്നു എമാവൂസ്!
7. നാം ശ്രവിക്കേണ്ട ഇടയനാദം
യേശുവിന്‍റെ സ്നേഹം എന്‍റെ ജീവിതത്തെ സ്പര്‍ശിക്കുന്നുണ്ടോ? എന്‍റെ ജീവിതത്തില്‍ അനുഭവവേദ്യമായിട്ടുണ്ടോ, എന്ന് ഇന്നാളില്‍ സ്വയം ചോദിക്കേണ്ടതാണ്. ഒരു സുഹൃത്തിനെപ്പോലെയോ ഗുരുനാഥനെപ്പോലെയോ നമുക്ക് അവിടുത്തെ സമീപിക്കാം. എന്നിരുന്നാലും മറുവശത്ത് ആ നല്ലിടയന്‍റെ ദിവ്യനാദം നാം തിരിച്ചറിയാതെ പോകുന്ന സന്ദര്‍ഭങ്ങളുമുണ്ട്. കാരണം ഇന്നത്തെ സമൂഹം മറ്റു ബഹുമുഖ ശബ്ദധോരണികളാല്‍ മുഖരിതമാണ്.
ശബ്ദമുഖരിതമായ ഇന്നത്തെ ലോകത്ത് യേശുവിന്‍റെ ദിവ്യസ്വരം തിരിച്ചറിയുവാനും അവിടുത്തെ ശ്രവിക്കുവാനും ശ്രദ്ധിക്കുവാനും, അതുപ്രകാരം ചരിക്കുവാനും അത്ര എളുപ്പമല്ല. നമ്മെ മറ്റു ചിന്താധാരകളിലേയ്ക്കും തീരുമാനങ്ങളിലേയ്ക്കും വലിച്ചിഴയ്ക്കുന്ന അല്ലെങ്കില്‍ നമ്മുടെ ശ്രദ്ധയെ ചിതറിക്കുന്ന ധാരാളം ശബ്ദകോലാഹലങ്ങള്‍ നമുക്കു ചുറ്റും ഉയരുന്നുണ്ട്. എന്നാല്‍ തീര്‍ച്ചയായും നമ്മെ നയിക്കുവാന്‍ കരുത്തുള്ള ദിവ്യസ്വരം ഉത്ഥിതനായ ക്രിസ്തുവിന്‍റേതാണ് എന്നു മനസ്സിലാക്കുവാനുള്ള വിവേകം നമുക്ക് ഉണ്ടാകണം. ജീവിതത്തിന് കൃത്യമായ ദിശാബോധവും അര്‍ത്ഥവും നല്കാന്‍ യേശുവിനും അവിടുത്തെ സുവിശേഷത്തിനും കരുത്തുണ്ടെന്ന് “നല്ലിടയന്‍റെ ദിന”ത്തില്‍ നമുക്കു ധ്യാനിക്കാം, അത് ആഴമായി മനസ്സിലാക്കാന്‍ പരിശ്രമിക്കാം!
8. അജപാലകരെ ഓര്‍ക്കേണ്ട ദിനം
ദൈവവിളിക്കായി പ്രാര്‍ത്ഥിക്കുന്ന അവസരംകൂടിയാണ് ഈ ദിനം. പ്രത്യേകിച്ച്, പൗരോഹിത്യ ദൈവവിളിക്കായി പ്രാര്‍ത്ഥിക്കുന്ന ദിനമാണിത്. അജപാലനശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവര്‍ നല്ലിടയനായ യേശുവിന്‍റെ മാതൃക അനുകരിച്ച് വിശ്വസ്തരായും വിനീതരായും ജീവിക്കുവാനും, സേവനംചെയ്യുവാനും ദൈവജനത്തെ ഇടറാതെ, പതറാതെ നയിക്കുവാനും ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാം.
9. പ്രാര്‍ത്ഥന
സ്നേഹരൂപനായ യേശുവേ, നല്ലിടയാ... ജീവിതയാത്രയില്‍ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ജീവിതത്തിന്‍റെ ഇരുളുമൂടിയ താഴ്വാരങ്ങളിലൂടെയും നയിക്കണമേ, പാലിക്കണമേ! മുറിപ്പെട്ട ഇന്നത്തെ ലോകത്ത്, മഹാമാരിയാല്‍ തത്രപ്പെടുന്ന ലോകത്ത് ദൈവസ്നേഹത്തിന്‍റെ പാതയിലൂടെ നടന്നുനീങ്ങാന്‍ സ്നേഹപാലകാ, ഞങ്ങളെ അങ്ങു സഹായിക്കണമേ, ഞങ്ങളെ സൗഖ്യപ്പെടുത്തണമേ! അങ്ങേ ദിവ്യസ്വരം ശ്രവിച്ച് ജീവിതയാത്രയില്‍ മുന്നേറട്ടെ!
ഗാനമാലപിച്ചത് കെ. എസ്. ചിത്രയാണ്. രചന ജോഷി കണ്ണൂക്കാടന്‍ സി.എം.ഐ., സംഗീതം ജോണ്‍സണ്‍.