തിരയുക

Daily life amid coronavirus Daily life amid coronavirus 

ഭൂമിയില്‍ തെളിയുന്ന ദൈവിക പരിപാലനയുടെ തേജസ്സ്

രാജകീയ സങ്കീര്‍ത്തനം 89-ന്‍റെ പഠനം - അഞ്ചാംഭാഗം. ആത്മീയവിചിന്തനം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

89-‍Ɔο സങ്കീര്‍ത്തന പഠനം - ഭാഗം അഞ്ച്

1. ദൈവിക പരിപാലനയുടെ തേജസ്സ്
ഈ സങ്കീര്‍ത്തനത്തിന്‍റെ പഠനം അഞ്ചാം ഭാഗത്ത് വരികളുടെ ആത്മീയവിചിന്തനം തുടരുകയാണ്. ഇന്ന് 19-മുതല്‍ 25-വരെയുള്ള വരികളാണ് നാം പഠിക്കുവാന്‍ പോകുന്നത്. തങ്ങള്‍ക്ക് ഒരു ഭൗമിക രാജാവുണ്ടെങ്കിലും ഇസ്രായേല്‍ എപ്പോഴും ദൈവത്തെ രാജാവായി കണക്കാക്കുകയും അവിടുത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. അത് 89-Ɔο സങ്കീര്‍ത്തനത്തില്‍ മാത്രമല്ല, മറ്റു രാജകീയ സങ്കീര്‍ത്തനങ്ങളിലും കാണാം. ഉദാഹരണത്തിന് “കര്‍ത്താവ് രാജാവാണ്…” എന്നൊരു ആര്‍ത്തിരമ്പല്‍ വിവിധ രാജകീയ സങ്കീര്‍ത്തനങ്ങളില്‍ പ്രതിധ്വനിക്കുന്നത് ശ്രദ്ധേയമാണ് (93, 1). സങ്കീര്‍ത്തനം 89-ന്‍റെ 15-Ɔമത്തെ വരി പാടുന്ന ആശയം ഇതുതന്നെയാണ്.

Recitation of Ps 89, 15.
“ഉത്സവാഘോഷത്താല്‍ ദൈവമേ, സ്തുതിക്കുന്നവര്‍ ഭാഗ്യവാന്മാര്‍,
അവര്‍ അങ്ങയുടെ മുഖത്തിന്‍റെ പ്രകാശത്തില്‍ ചരിക്കുന്നു.
എന്തെന്നാല്‍ അങ്ങു ഞങ്ങളുടെ രാജാവാണ്…”

ഇതിന് അര്‍ത്ഥം, ഞങ്ങള്‍ അനുദിനം മുന്നോട്ടുപോകുന്നത് ദൈവമേ, അങ്ങയുടെ രക്ഷാകരമായ സ്നേഹത്താലും പരിപാലനയാലുമാണ് എന്നതാണ്.  ദൈവത്തിന്‍റെ മുഖതേജസ്, the light of Thy face…, എന്ന പ്രയോഗം അവിടുത്തെ സ്നേഹത്തിന്‍റെയും പരിപാലനയുടെയും സാന്നിദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവസ്നേഹം അനുഭവിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കുകതന്നെ ചെയ്യുമെന്ന് 16-Ɔമത്തെ വരി പ്രസ്താവിക്കുന്നു.

Recitation of Ps 89, 16.
“അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു.
അങ്ങയുടെ നീതിയെ പ്രഘോഷിക്കുന്നു.”

Musical Version of Ps 89 Unit One
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നൂ
നിന്‍റെ അചഞ്ചല സ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

3. ദൈവത്തിന്‍റെ അരുളപ്പാടുകള്‍
19-മുതല്‍ 25-വരെയുള്ള വരികള്‍ ശ്രവിച്ചുകൊണ്ട് ആത്മീയവിചിന്തനം തുടരാം.
Recitation of Verses 19-25
19 പണ്ട് ഒരു ദര്‍ശനത്തില്‍ തന്‍റെ വിശ്വസ്തനോട് അവിടുന്നു അരുളിച്ചെയ്തു
ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു.
ഒരുവനെ ഞാന്‍ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത് ഉയര്‍ത്തി.
20 ഞാന്‍ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി.
വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേചിച്ചു
21 എന്‍റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും
എന്‍റെ ഭുജം അവനു ശക്തിനല്കും.
22 ശത്രു അവനെ തോല്പിക്കില്ല,
ദുഷ്ടന്‍ അവന്‍റെ മേല്‍ പ്രാബല്യം നേടുകയില്ല.
23 ശത്രുവിനെ അവന്‍റെ മുന്‍പില്‍വച്ചുതന്നെ ഞാന്‍ തകര്‍ക്കും,
വൈരികളെ ഞാന്‍ നിലംപതിപ്പിക്കും.
24 എന്‍റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും
എന്‍റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്ക്കും.
25 ഞാന്‍ അവന്‍റെ അധികാരം സമുദ്രത്തിന്മേലും
ആധിപത്യം നദികളുടെമേലും വ്യാപിപ്പിക്കും.
4. രക്ഷയുടെ പദ്ധതി ചുരുളഴിയിക്കുന്ന വരികള്‍

4. എന്താണ് ഈ വരികള്‍ പറയാന്‍ ശ്രമിക്കുന്നത്?
ആദ്യമായി ഇവയെല്ലാം ദൈവത്തിന്‍റെ അരുളപ്പാടുകളാണ്. വിശുദ്ധിയുള്ള ഒരുവനെ ദൈവം ഇസ്രായേലില്‍ കിരീടമണിയിച്ചെന്നും, അത് തിരഞ്ഞെടുത്ത ഒരു ജനത്തിന്‍റെ രക്ഷയ്ക്കുവേണ്ടിയായിരുന്നെന്നും സങ്കീര്‍ത്തകന്‍ പാടുകയാണ്. മാത്രമല്ല ദൈവം തിരഞ്ഞെടുത്തവനെ അവിടുന്നു അഭിഷേചിച്ചുവെന്ന് സങ്കീര്‍ത്തകന്‍
20-Ɔമത്തെ വരിയില്‍ പാടുന്നത് വ്യക്തമായും ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനെയും തന്‍റെ ജനത്തെ ശത്രുകരങ്ങളില്‍നിന്നു മോചിച്ചു നയിക്കുവാനുള്ള അവിടുത്തെ നിയോഗത്തെയും കുറിച്ചാണ്. അതുകൊണ്ടാണ് സാമുവല്‍ പ്രവാചകന്‍റെ വാക്കുകള്‍ ഇങ്ങനെ പ്രഖ്യാപിച്ചത്, “സാവൂള്‍ കര്‍ത്താവിന്‍റെ കല്പനകള്‍ അനുസരിക്കായ്കയാല്‍ തന്‍റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കുവാന്‍ അവിടുന്ന് അവനെ നിയോഗിച്ചു.” (1സാമു. 13, 14). തന്‍റെ കരം അവനോടൊപ്പം ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തപ്പോള്‍, ഹീബ്രു പ്രയോഗം ദൈവത്തിന്‍റെ “സഹായഹസ്തം” അല്ലെങ്കില്‍ സഹായം തിരഞ്ഞെടുത്ത നേതാവിലൂടെ, രാജാവിലൂടെ ജനത്തിനു ലഭ്യമാകും എന്നാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായി തന്‍റെ “കിരീടം” ജനത്തോടൊപ്പം ഉണ്ടായിരിക്കും എന്ന് ചില പരിഭാഷകളില്‍ കാണാറുണ്ടെന്ന കാര്യവും ഇവിടെ ശ്രദ്ധേയാണ്. എന്നാല്‍ ജനത്തിന് രക്ഷയുടെയും സകല അനുഗ്രഹങ്ങളുടെയും സ്രോതസ്സ് ദൈവമാണ്.

5. കൂടെയായിരിക്കുന്ന ദൈവം
നിയമാവര്‍ത്തന പുസ്തകത്തിന്‍റെ അവസാന അദ്ധ്യായങ്ങളില്‍, മോശയുടെ ആശീര്‍വ്വാദ വാക്കുകളില്‍ വിവരിക്കുന്നത്, തന്‍റെ ജനത്തെ സഹായിക്കാന്‍ കര്‍ത്താവ് അനന്ത വിഹായസ്സിലൂടെ മഹത്വപൂര്‍ണ്ണനായി സഞ്ചരിച്ചു. എന്നും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന പരിചയും, മഹത്വമണിയിക്കുന്ന സംരക്ഷകനുമായിരുന്നും ദൈവം. അങ്ങനെ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട ജനതയാണു ഇസ്രായേലെന്ന് ഓര്‍ക്കണമെന്ന് ജനങ്ങളെ അവസാനമായി ഉദ്ബോധിപ്പിച്ചുകൊണ്ടാണ് മോശ വിടപറയുന്നത് (നിയമാ. 33, 26... 29). ഇതേ ആശയമാണ് സങ്കീര്‍ത്തകന്‍ മറ്റു വാക്കുകളില്‍ നമുക്കു പകര്‍ന്നുനല്കുന്നത്. സാവൂളിനു പിന്‍തുടര്‍ച്ചയായി ഇസ്രായേലിനെ ശത്രുകരങ്ങളില്‍നിന്ന് മോചിക്കുവാനുള്ള സഹായമായും, നായകനായും ദൈവസ്നേഹത്തിന്‍റെ അടയാളമായും, ജെസ്സെയുടെ ഗോത്രത്തില്‍നിന്നുമുള്ള ഇടയച്ചെറുക്കനെ – ദാവീദിനെ ഞാന്‍ കണ്ടെത്തിയെന്ന് സങ്കീര്‍ത്തകന്‍ പ്രഘോഷിക്കുന്നു! (25).

Recitation of Verses 24, 25
എന്‍റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും
എന്‍റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്ക്കും.
അവന്‍റെ അധികാരം സമുദ്രത്തിന്മേലും,
ആധിപത്യം നദികളുടെമേലും വ്യാപിപ്പിക്കും.
അങ്ങനെഎന്‍റെ ദാസനായ ദാവീദിനെ ഞാന്‍ കണ്ടെത്തി (20).

Musical Version of Ps 89 Unit two
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

6. രക്ഷയില്‍ പങ്കുചേരുന്ന നവജനം
നാം ദൈവത്തെ കണ്ടെത്തുന്നതിനുമുന്‍പ് അവിടുന്നു നമ്മെ കണ്ടെത്തിയിട്ടുണ്ട്. ദൈവം നമുക്കു നല്കിയിട്ടുള്ള രക്ഷയുടെ അടയാളമായ ജ്ഞാനസ്നാനമെന്ന കൂദാശ അതു വ്യക്തമാക്കുന്നു. ദാവീദിന്‍റെ തിരഞ്ഞെടുപ്പിനെ ദൈവം സ്ഥിരീകരിക്കുന്നത് സാമുവേല്‍ പ്രവാചകന്‍ അദ്ദേഹത്തിനു നല്കിയ അഭിഷേകത്തിലൂടെയാണ്.  അതുപോലെ നവജനമായ സഭാമക്കള്‍ക്ക്, ക്രൈസ്തവര്‍ക്ക് ജ്ഞാനസ്നാനമെന്ന കൂദാശ രക്ഷയുടെ അടയാളമാണെന്ന് ഈ സങ്കീര്‍ത്തന ഭാഗത്തിന്‍റെ ആത്മീയവിചിന്തനത്തിലൂടെ നമുക്കു മനസ്സിലാക്കാം.

7. നീതിനടപ്പാക്കുന്ന ദൈവം
ഓരോ വ്യക്തിക്കും ദൈവാരൂപിയിലൂടെ ലഭിക്കുന്ന ആത്മീയശക്തി ദൈവികശക്തിയാണെന്ന് സങ്കീര്‍ത്തകന്‍ നമ്മെ പഠിപ്പിക്കുന്നു. അതിന്‍റെ ഫലമായി, അകൃത്യങ്ങള്‍ ചെയ്യുന്നവരെയും അനീതി പ്രവര്‍ത്തിക്കുന്നവരെയും ദൈവം തകര്‍ക്കുമെന്നും സങ്കീര്‍ത്തകന്‍ താക്കീതു നല്കുന്നുണ്ട്. സ്വഭാവത്തില്‍ അധര്‍മ്മത്തിനു നേരെ വിപരീതമാണ് ദൈവം. വില്യം ഷേക്സ്പീയറിന്‍റെ ഭാഷയില്‍ പറയുകയാണെങ്കില്‍ അവിടുന്ന്, violently creative… “അത്യുഗ്രമായ സര്‍ഗ്ഗശക്തിയോടെ”യാണ് പ്രവര്‍ത്തിക്കുന്നത്. നന്മയ്ക്കെതിരെ ഉയരുന്ന തിന്മയെ ദൈവത്തിന്‍റെ അത്യുഗ്രമായ സര്‍ഗ്ഗശക്തി ഇല്ലായ്മചെയ്യുന്നത് സ്വാഭാവികമാണെന്നു വേണം ഈ ആത്മീയ വിചിന്തനത്തില്‍നിന്നും നമുക്കിന്നു മനസ്സിലാക്കാം.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Ps 89 Unit two & three
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

കര്‍ത്താവേ, അങ്ങാണു ഞങ്ങളുടെ പരിചയും കോട്ടയും
ഇസ്രായേലിന്‍റെ പരിശുദ്ധനും അതിന്‍റെ രാജാവും അങ്ങാകുന്നു
പണ്ടൊരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ ജനത്തോട് അരുള്‍ചെയ്തു
ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചൂ.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

അടുത്തയാഴ്ചയിലും സങ്കീര്‍ത്തനം 89-ന്‍റെ വരികളുടെ ആത്മീയവിചിന്തനം തുടരും.
(ഭാഗം ആറ്).
 

 

05 May 2020, 09:47