തിരയുക

2019.12.12 Santa Messa nella festa della Madonna di Guadalupe 2019.12.12 Santa Messa nella festa della Madonna di Guadalupe 

മേരിയന്‍ ദര്‍ശനങ്ങള്‍ സഭയുടെ വീക്ഷണത്തില്‍

ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കരയുടെ ചിന്താമലരുകള്‍ - ശബ്ദരേഖയോടെ...

നെയ്യാറ്റിന്‍കര രൂപതാംഗവും റോമിലെ “സാന്താ ക്രോചെ” യൂണിവേഴ്സിറ്റിയില്‍ ആശയവിനിമയ ശാസ്ത്ര വിദ്യാര്‍ത്ഥിയുമാണ് ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക്.

മേരിയന്‍ ദര്‍ശനങ്ങളും വെളിപാടുകളും

1. നാം കേള്‍ക്കുന്ന സ്വകാര്യവെളിപാടുകള്‍
സ്വകാര്യ വെളിപാടുകൾ, സ്വകാര്യ ദർശനങ്ങൾ എന്നിവ മദ്ധ്യ നൂറ്റാണ്ടു മുതൽ കത്തോലിക്കാ സഭയിൽ സുപരിചിതമായ പദങ്ങളായിരുന്നു. ഏറെ പ്രത്യേകിച്ച് 12-Ɔο നൂറ്റാണ്ടുമുതൽ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ ദർശനങ്ങൾ ലോകത്തിന്‍റെ എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും ഗുഹകളിലോ, കൃഷിയിടങ്ങളിലോ, ദേവാലയങ്ങളിലോ, ഒറ്റപ്പെട്ട പ്രദേശങ്ങളിലോ, ആശ്രമങ്ങളിലോ, വീടുകളിലോ, നഗരങ്ങളിലോ ഒക്കെ വച്ച് ദർശനങ്ങൾ ഉണ്ടായിട്ടുള്ളതായാണ് ചരിത്രം പറയുന്നത്. ലോകത്താകമാനം 1500 -ൽ അധികം മേരിയൻ ദർശനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആകെ 9 മേരിയൻ ദർശനങ്ങൾ മാത്രമേ വിശ്വാസ യോഗ്യമായി സാർവത്രിക സഭ അംഗീകരിച്ചിട്ടുള്ളൂ. സ്വകാര്യ മേരിയൻ ദർശനങ്ങളെ കുറിച്ച് സഭ എന്തൊക്കെയാണ് നമ്മെ ഉദ്ബോധിപ്പിക്കുന്നത് എന്ന് നോക്കാം.

2. സ്വകാര്യ ദർശനങ്ങളെക്കുറിച്ചുള്ള സഭയുടെ ഉദ്‌ബോധനം
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 65 മുതൽ 73 വരെയുള്ള ഖണ്ഡികകളിൽ 'വെളിപാടു'കളെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നു: യേശു ക്രിസ്തുവാണ് എല്ലാ വെളിപാടിന്‍റെയും മധ്യസ്ഥനും പൂർണ്ണതയും. ഇനി മറ്റൊരു വെളിപാട് ഇല്ല. ക്രൈസ്തവ രക്ഷാപദ്ധതി, നവീനവും അന്തിമവുമായ ഉടമ്പടി ആയതിനാൽ ഒരിക്കലും റദ്ദാക്കപ്പെടുകയില്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വപൂർണ്ണമായ പ്രത്യക്ഷപ്പെടലിനു മുൻപായി നാം ഇനി ഒരു പരസ്യവെളിപാടും പ്രതീക്ഷിക്കേണ്ടതില്ല. കാരണം പിതാവായ ദൈവം പുത്രനെ പൂർണ്ണമായി നൽകിക്കൊണ്ട് നമ്മോട് പൂർണ്ണമായി സംസാരിച്ചിരുന്നു. അതിനാൽ ആരെങ്കിലും ദൈവത്തോട് ഏതെങ്കിലും ദർശനമോ വെളിപാടോ അന്വേഷിക്കുകയോ അഭിലഷിക്കുകയോ ചെയ്‌താൽ, അയാൾ വലിയൊരു മൗഢ്യമായിരിക്കും ചെയ്യുന്നത്. മാത്രമല്ല, ദൈവത്തെ അയാൾ മറ്റൊരുവിധത്തില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു. കാരണം, ക്രിസ്തുവിൽ തന്‍റെ ദൃഷ്ടികൾ പൂർണ്ണമായി കേന്ദ്രീകരിക്കാതെ അയാൾ മറ്റെന്തെങ്കിലും പുതുമയന്വേഷിച്ച് പോകുന്നു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 67- ൽ സ്വകാര്യ വെളിപാടുകളെക്കുറിച്ചും സ്വകാര്യ ദർശനങ്ങളെക്കുറിച്ചുമുള്ള കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാണ്. അതായത്, വിവിധ കാലഘട്ടങ്ങളിൽ "സ്വകാര്യ വെളിപാടുകൾ" എന്ന വിളിക്കപ്പെടുന്നവ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതിന് സഭാധികാരികളിൽനിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാലും അവ ഒരിക്കലും സഭയുടെ "വിശ്വാസ നിക്ഷേപത്തിന്‍റെ" ഭാഗമല്ല. ഇത്തരം വെളിപാടുകളുടെയും ദർശനങ്ങളുടെയും ലക്ഷ്യം ഒരിക്കലും ക്രിസ്തുവിലൂടെ അന്തിമമായി നൽകപ്പെട്ട വെളിപാടിനെ "മെച്ചപ്പെടുത്തുകയോ", "പൂർത്തീകരിക്കുകയോ" ചെയ്യുന്നില്ല, മറിച്ച് ചരിത്രത്തിന്‍റെ പ്രത്യേക കാലഘട്ടത്തിൽ ക്രിസ്തുവിന്‍റെ വെളിപാടിനനുസൃതമായി, കൂടുതൽ പൂർണ്ണമായി, നന്നായി ജീവിക്കാൻ സഹായിക്കുക എന്നതു മാത്രമാണ്.

3. ദർശനങ്ങളെക്കുറിച്ച് സഭയുടെ നിലപാട്
മേരിയൻ ദർശനങ്ങളെ അംഗീകരിക്കുന്നതിലും, നിരാകരിക്കുന്നതിലും, വിധിക്കുന്നതിലും കത്തോലിക്കാ സഭ വളരെ ജാഗ്രതയോടും വിവേകത്തോടും കൂടിയുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സഭ സ്വകാര്യ മരിയൻ ദർശനങ്ങളെ "വിശ്വാസത്തിന് യോഗ്യമല്ല", "വിശ്വാസത്തിന് വിരുദ്ധമല്ല", "വിശ്വാസത്തിന് യോഗ്യമാണ്" എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. "വിശ്വാസത്തിന് യോഗ്യമായി" സഭ അംഗീകരിക്കുന്ന മേരിയൻ ദർശനങ്ങളിലെ സന്ദേശനങ്ങളിൽ സഭാപഠനങ്ങൾക്ക് വിരുദ്ധമായി ഒന്നും ഉണ്ടാവുകയില്ല.

കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച്, എ.ഡി.100-ൽ അവസാന അപ്പോസ്തലനായ വിശുദ്ധ യോഹന്നാന്‍റെ മരണത്തോടെ 'പരസ്യ വെളിപാടുകൾ' അവസാനിച്ചു. അതിനാൽ, മേരിയൻ ദർശനങ്ങൾ 'സ്വകാര്യ വെളിപാടുകൾ' ആണ്. അവ വിശ്വാസ ജീവിതത്തെ പ്രകാശിപ്പിക്കുന്നു. എന്നാൽ ഒരിക്കലും പുതുതായി ഒന്നും വെളിപ്പെടുത്തുന്നില്ല.

4. വിശ്വാസി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ആദ്യമായി മനസിലാക്കേണ്ടത് സ്വകാര്യ ദർശനങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലൂടെയും, സഭാ പാരമ്പര്യത്തിലൂടെയും നൽകപ്പെട്ട വെളിപാടിന്‍റെ നിക്ഷേപങ്ങളോടൊപ്പം എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ അതിനെ പൂർത്തികരിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. അതിനാൽ, വിശുദ്ധ ഗ്രന്ഥത്തിനും, സഭാ പാരമ്പര്യത്തിനും നൽകുന്ന അതേ പ്രധാന്യത്തോടെ ഒരിക്കലും സ്വകാര്യ ദർശനങ്ങളെ സമീപിക്കരുത്.

രണ്ടാമതായി, സഭയുടെ വിശ്വാസ തിരുസംഘം ഇത്തരത്തിലുള്ള വെളിപാടുകളെ കുറിച്ച് സൂക്ഷ്മമായ പഠനങ്ങൾക്കും വിചിന്തനങ്ങൾക്കും ശേഷം, ദൈവത്തിൽനിന്ന് വിശ്വാസികളെ അകറ്റാൻ പിശാച് നല്ലതാണെന്ന് തോന്നുന്നതിനെപ്പോലും ഉപയോഗപ്പെടുത്തുന്നു എന്ന യാഥാർഥ്യവും കണക്കിലെടുത്ത് - ഇതിലെ മാനുഷികവും അമാനുഷികവുമായ സാധ്യതകളെ വിലയിരുത്തി - നമുക്ക് ഔദ്യോഗികമായി നൽകുന്നവയെ മാത്രം സ്വീകരിക്കുക, ആത്മീയതയുടെ ഭാഗമാക്കുക.

മൂന്നാമതായി; ഒരു സ്വകാര്യ വെളിപാടിനോ ദർശനത്തിനോ സഭ അംഗീകാരം നൽകുന്നതിന്‍റെ അർത്ഥം അതിൽനിന്ന് ലഭിച്ച സന്ദേശങ്ങൾ ആത്യന്തികമായി വെളിപാടിന്‍റെ നിക്ഷേപങ്ങൾക്കോ ധാർമ്മികതയ്ക്കോ വിരുദ്ധമല്ലെന്നും, അതേസമയം വിശ്വാസികൾ ജാഗ്രതയോടും വിവേകത്തോടും കൂടിമാത്രം സ്വീകരിക്കണമെന്നുമാണ്. ഇനി അഥവാ സഭ ഔദ്യോഗികമായി ഒരു സ്വകാര്യ വെളിപാടിനെകുറിച്ചോ ദർശനത്തെ പറ്റിയോ ഒന്നും പറഞ്ഞിട്ടില്ല എങ്കിൽ വിശ്വാസികൾ അവയെ സ്വീകരിക്കുന്നതിന് സഭ അത്രയധികം ആഗ്രഹിക്കുന്നില്ല എന്നാണ് അർത്ഥം. അതേസമയം, സഭ ഔദ്യോഗികമായി ഒരു സ്വകാര്യ വെളിപാടിനെയോ ദർശനത്തെയോ സംശയിക്കുകയും, വിശ്വാസ്യത ഇല്ല എന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ അവയെ പൂർണ്ണമായും അകറ്റി നിർത്തേണ്ടതാണ്.

നാലാമതായി; വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട പരമ പ്രധാനമായ കാര്യം ഇതാണ്; ഒരു സ്വകാര്യ വെളിപാടിനോ ദർശനത്തിനോ സഭ ഔദ്യോഗിക അംഗീകാരം നൽകിയാലും, ആ സ്വകാര്യ വെളിപാടിലോ ദർശനത്തിലോ വിശ്വാസികൾ വിശ്വസിച്ചേ മതിയാവൂ എന്ന് ഒരിക്കലും നിർബന്ധമില്ല. കാരണം, വിശുദ്ധഗ്രന്ഥവും, പരിശുദ്ധ പാരമ്പര്യവും അടിസ്ഥാനമാക്കി സഭ മുന്നോട്ടുവച്ചിട്ടുള്ള വിശ്വാസ നിക്ഷേപങ്ങളെ പാലിക്കുവാനും പിന്തുടരുവാനുമാണ് ഒരു വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്നത്.

5. സഭ അംഗീകരിച്ചിട്ടുള്ള മേരിയൻ ദർശനങ്ങള്‍
a) ഗ്വാഡലൂപ്പെ മാതാവ്
1531-ൽ മെക്സിക്കോയിൽ "ജുവാൻ ഡീഗോ"യ്ക്ക് ലഭിച്ച ദർശനം (4 തവണ).

b) അത്ഭുത കാശുരൂപ മാതാവ് (അവർ ലേഡി ഓഫ് മിറാക്കുലസ് മെഡൽ)
1830-ൽ പാരീസിൽ "കാതറിൻ ലെബോറേ"യ്ക്ക് ലഭിച്ച ദർശനം (3 തവണ).

c) ലാ സലേറ്റ് മാതാവ്
1846-ൽ ഫ്രാൻസിലെ 11 വയസുണ്ടായിരുന്ന "മാക്സിമിൻ ഗിറാഡി"യ്ക്കും, 14 വയസുണ്ടായിരുന്ന "മെലാനി കാൽവെറ്റി"നും ലഭിച്ച ദർശനം.

d) അമലോത്ഭവ മാതാവ് (ലൂർദ്‌ മാതാവ്)
1858-ൽ ലൂർദ്ദിൽ 14 വയസുണ്ടായിരുന്ന "ബെർണാഡിറ്റ് സുബീരോ"യ്ക്കു ലഭിച്ച ദർശനം (18 തവണ).

e) പ്രത്യാശയുടെ മാതാവ്
1871-ൽ ഫ്രാൻസിലെ ചെറിയ പട്ടണമായ പോണ്ട്മെയിനിലെ ഒരു കൂട്ടം കുട്ടികൾക്ക് ലഭിച്ച ദർശനം.

f) നോക്കിലെ മാതാവ് (Our Lady of Knock)
1879-ൽ അയർലൻഡിലെ നോക്കിൽ ഒരു കൂട്ടം ഗ്രാമീണർക്ക് ലഭിച്ച ദർശനം.

g) ജപമാലയുടെ മാതാവ് (ഫാത്തിമ മാതാവ്)
1917-ൽ ഫാത്തിമയിൽ 9, 8, 7 വയസുകൾ പ്രയാസമായിരുന്ന ലൂസിയ, ഫ്രാൻസിസ്കോ, ജസീന്ത എന്നീ മൂന്ന് ഇടയകുട്ടികൾക്ക് ലഭിച്ച ദർശനം.
ഫാത്തിമയുടെ മൂന്ന് രഹസ്യങ്ങൾ: 1) നരകം എന്ന യാഥാർഥ്യത്തെ കുറിച്ച് നൽകിയ വെളിപ്പെടുത്തൽ. 2) ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അന്ത്യവും, മറ്റൊരു യുദ്ധത്തിന്‍റെ പ്രവചനവും. തുടർന്ന് റഷ്യയെ മാതാവിന്‍റെ വിമലഹൃദയത്തിന് സമർപ്പിക്കപ്പെടും എന്ന പ്രവചനവും. 3) ക്രൈസ്തവർ നേരിടുവാനിരിക്കുന്ന മതപീഡനം.

h) ബ്യൂറയിംഗിലെ മാതാവ്
1932-ൽ ബെൽജിയത്തിലെ ഒരു കോൺവെന്‍റിലെ പൂന്തോട്ടത്തിൽവച്ച് ഒരു കൂട്ടം കുട്ടികൾക്ക് ലഭിച്ച ദർശനം (33 തവണ).

i) ദരിദ്രരുടെ മാതാവ്
1933-ൽ ബെൽജിയത്തെ ബാനൂക്സിൽവച്ച് 11 വയസുണ്ടായിരുന്ന "മാരിയറ്റ് ബെക്കോ"ക്ക് ലഭിച്ച ദർശനം.

ഏറ്റവും ഒടുവിലായി ഇപ്പോൾ വത്തിക്കാന്‍റെ പരിഗണനയിലുള്ള സ്വകാര്യ മേരിയൻ ദർശനമാണ് പ്രസിദ്ധമായ "മെഡ്‌ജുഗോരെയിലെ മാതാവിന്‍റെ ദർശനങ്ങളും സന്ദേശനങ്ങളും". ഇവിടെ സഭ ഔദ്യോഗിക തീർത്ഥാടന അനുമതി നൽകിയിട്ടുണ്ടെങ്കിലും, എല്ലാ മാസവും ലഭ്യമായിരുന്ന സ്വകാര്യ മേരിയൻ ദർശനങ്ങൾക്ക് സഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

6. സ്വകാര്യവെളിപാടുകളുടെയും
ദർശനങ്ങളുടെയും സാധുത

സഭ സ്വകാര്യവെളിപാടുകളുടെയും ദർശനങ്ങളുടെയും സാധുതയെ സംബന്ധിക്കുന്ന നടപടിക്രമങ്ങളെ കുറിച്ച്, 1978-ൽ, അതായത് വിശുദ്ധ പോൾ ആറാമന്‍ പാപ്പായുടെ കാലത്ത് വത്തിക്കാൻ വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘം നൽകിയ മാർഗനിർദേശങ്ങളിൽ പറയുന്നത്, പ്രാദേശിക സഭാ നേതൃത്വം പ്രാഥമികമായി അത്തരം കാര്യങ്ങളുടെ യോഗ്യതകളെക്കുറിച്ച് വിവേകപൂർവം അന്വേഷിച്ച് തീരുമാനിക്കണമെന്നാണ്. പ്രാദേശിക മെത്രാനാണ് ഇത്തരം കാര്യങ്ങൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകുവാനും, നിയന്ത്രിക്കുവാനും, വിലക്കുവാനുമുള്ള അധികാരം.

സഭ ഔദ്യോഗീകമായി ഈ നടപടിക്രമങ്ങളെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ വിവിധ ഭാഷകളിൽ നൽകിയിരുന്നില്ലെങ്കിലും ആഗോള സഭയിൽ പലയിടങ്ങളിലായി പ്രാദേശിക മെത്രാൻ സമിതികൾ അവയെ വിവർത്തനം ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, 2012 ലാണ് പ്രാദേശിക മെത്രാന്മാർക്ക് ദർശനങ്ങളുടെ ആധികാരികതയും, സത്യാവസ്ഥയും എങ്ങനെ ഔദ്യോഗികമായി പരിശോധിക്കാം എന്നത് സംബന്ധിച്ച് ലത്തീൻ ഭാഷയിൽ മാത്രം നല്കപ്പെട്ടിരുന്ന നിർദേശങ്ങളെ വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത് ലഭ്യമാക്കിയത്.

7. സഭയുടെ നിര്‍ദ്ദേശങ്ങള്‍
(1978-ൽ, വിശുദ്ധ പോൾ ആറാമന്‍ പാപ്പായുടെ കാലത്ത് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം നൽകിയ മാർഗനിർദേശം അടിസ്ഥാനമാക്കി)
ഒന്നാമതായി; സ്വകാര്യവെളിപാടുകളുടെയും ദർശനങ്ങളുടെയും സാധുത എത്രമാത്രം വിശ്വാസനീയമാണെന്ന് തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുക എന്നുള്ളതാണ്. ഇതിനായി അവയുടെ വാസ്തവികവും (പോസിറ്റീവ്), നിക്ഷേധാത്മകവുമായ (നെഗറ്റീവ്) മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് അടിസ്ഥാനപരമായി നിർദേശിക്കുന്നത്.

വാസ്തവികമായ മാനദണ്ഡങ്ങളിൽ പ്രധാനമായും മൂന്നു കാര്യങ്ങളാണ്
പരിശോധനക്കായി സഭ മുന്നോട്ടുവയ്ക്കുന്നത്:

ഒന്ന്; സ്വകാര്യ വെളിപാട് അവകാശപ്പെടുന്ന വ്യക്തിയുടെ ധാർമ്മിക നിലവാരം എന്താണ്? അവർ സത്യം പറയുന്ന വ്യക്തി ആണോ? അവരുടെ വിശ്വാസ ജീവിതം എപ്രകാരമുള്ളതാണ്? അവർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? സഭയിലും വിശുദ്ധ ഗ്രന്ഥത്തിലും വിശ്വസിക്കുന്നുണ്ടോ? അപ്പസ്തോലിക അധികാരത്തെ അംഗീകരിക്കുന്നുണ്ടോ? ഒരു ക്രൈസ്തവ ജീവിതത്തിനു ചേർന്ന ഫലം പുറപ്പെടുവിക്കുന്നുണ്ടോ?

രണ്ട്; ദൈവശാസ്ത്രപരവും ആത്മീയപരവുമായ തെറ്റുകളിൽനിന്ന് മുക്തമാണോ?

മൂന്ന്; ആരോഗ്യകരമായ ഭക്തിയും, സുസ്ഥിരമായ ആത്മീയ ഫലങ്ങളും നിർബാധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണോ? അതായത്, പ്രാർഥനയോടുള്ള സ്ഥിരോത്സാഹം, മാനസാന്തരം, ദാനധർമ്മത്തിന്‍റെ സാക്ഷ്യം നൽകൽ തുടങ്ങിയവ ജീവിതത്തിൽ പ്രകടമാണോ?

നിക്ഷേധാത്മകമായ മാനദണ്ഡങ്ങളിലും മൂന്നു കാര്യങ്ങളാണ് പരിശോധിക്കുവാൻ സഭ ആവശ്യപ്പെടുന്നത്:

ഒന്ന്; അവരുടെ വെളിപാടിന്‍റെ സ്വഭാവം എപ്രകാരമുള്ളതാണ്‌? അമാനുഷിക ദർശനം അബോധാവസ്ഥയിലാണോ, ദർശനത്തിൽ മാനുഷിക ഘടകങ്ങളോ, സ്വാഭാവിക ക്രമത്തിന്‍റെ പിശകുകളുടെ സാധ്യതയോ ഉണ്ടോ?

രണ്ട്; സാമ്പത്തിക ലാഭമോ, ദർശനവുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും നേട്ടങ്ങളോ ലക്ഷ്യംവെയ്ക്കുന്നുണ്ടോ?

മൂന്ന്; അവരുടെ മാനസിക നില എങ്ങനെയാണ്? എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളോ, മാനസിക തകരാറുകളോ ഉള്ള വ്യക്തിയാണോ?

8. പ്രാദേശിക സഭയുടെ ഇടപെടല്‍
വാസ്തവികമായ മാനദണ്ഡങ്ങളെയും, നിക്ഷേധാത്മകമായ മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയുള്ള പരിശോധന കഴിഞ്ഞാൽ, പ്രാദേശിക സഭാ നേതൃത്വത്തിന്‍റെ നിരന്തരമായുള്ള നിരീക്ഷണം ഉണ്ടാകണം. സ്വാഭാവികമായ ഒത്തുചേരലുകളും പ്രാർത്ഥനകളും ഉണ്ടോയെന്ന് നിരീക്ഷിച്ച് അവയുടെ ഉദ്ദേശ ശുദ്ധി വിലയിരുത്തപ്പെടണം.   വിശ്വാസികൾ നിയമപരമായി പ്രാദേശിക സഭാ നേതൃത്വത്തെ സമീപിക്കുകയാണെങ്കിൽ (അതായത് പ്രാദേശിക ഇടവക വികാരിയുടെ നേതൃത്വത്തിൽ, അല്ലാതെ ഏതെങ്കിലും സ്വകാര്യ ഭക്തസഖ്യങ്ങളുടെയോ, ആത്മീയ നേതാക്കളുടെയോ നേതൃത്വത്തിൽ അല്ല), വ്യക്തമായ വിലയിരുത്തലുകൾക്കുശേഷം കൃത്യമായ നിർദേശങ്ങളോടുകൂടെ സമൂഹ പ്രാർത്ഥനകൾ പ്രോത്സാഹിപ്പിക്കാവുന്നതാണ്. അതേസമയം, വിശ്വാസികൾ ഇക്കാര്യത്തെ സഭയുടെ ഭാഗത്തുനിന്നുള്ള ആത്യന്തികമായ പഠനമായോ, അമാനുഷികമായ ദർശന സാധ്യതയെ സഭ പൂർണ്ണമായും അംഗീകരിക്കുന്നതായോ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

കൂടാതെ, ആരാധനയും പ്രാർത്ഥനകളും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായി പ്രാദേശിക നേതൃത്വം കൃത്യമായ നടപടികൾ കൈക്കൊള്ളുകയും വേണം.  അതേസമയം, സംശയാസ്പദമായ സന്ദർഭങ്ങളിൽ സഭാ നേതൃത്വം നേരിട്ടുള്ള തീരുമാനങ്ങളിൽനിന്നും, നേരിട്ടുള്ള നടപടികളിൽനിന്നും വിട്ടുനിൽക്കുകയും; വിശ്വാസ സംഹിതകൾ അപകടത്തിലാക്കുന്ന തരത്തിൽ സാഹചര്യങ്ങൾ ദുരുപയോഗംചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ആവശ്യമെങ്കിൽ വിവേകത്തോടെ ഇടപെടുന്നതിനുള്ള ജാഗ്രത കാണിക്കുകയും വേണം എന്നും നിർദേശിക്കുന്നു.

9. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ദർശനങ്ങൾ തത്വത്തിൽ പലപ്പോഴും നമ്മെ പരിഹാസ്യമാക്കുവാൻ ലക്‌ഷ്യം വച്ചുള്ളതാകാം. ചിലതിന്‍റെ ലക്‌ഷ്യം വഞ്ചനയാകാം. അതിനാൽത്തന്നെ, പലതിനും പ്രാദേശിക ബിഷപ്പിൽനിന്നോ, വത്തിക്കാനിൽനിന്നോ ഔദ്യോഗിക അനുമതി ലഭിക്കുന്നില്ല എന്നത് തിരിച്ചറിയുക. ഇത്തരത്തിൽ ഔദ്യോഗിക അനുമതിയില്ലാത്ത ദർശനങ്ങളും വെളിപാടുകളും സഭയുമായുള്ള ഭിന്നതയിലേക്ക് നയിച്ചേക്കാം. അതിനാൽ, ഇത്തരത്തിലുള്ള സ്വകാര്യ മേരിയൻ ദർശനങ്ങളെയും വെളിപാടുകളെയും അടിസ്ഥാനത്തിൽ രൂപപ്പെട്ട പ്രസ്ഥാനങ്ങളിലോ, സഭയോട് കൂറുണ്ടെന്ന് തോന്നിക്കുന്ന വിഭാഗങ്ങളിലോ പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

ഇത്തരത്തിൽ രൂപപ്പെട്ട പ്രസ്ഥാനങ്ങളുടെയും വിഭാഗങ്ങളുടെയും
സ്വഭാവ സവിശേഷതകൾ പ്രധാനമായും മൂന്നെണ്ണമാണ്:

a) ഇവരുടെ പഠനങ്ങൾക്കനുസൃതമായി ചില സമയങ്ങളിൽ, ചിലകാര്യങ്ങളിൽ കടുത്ത പാരമ്പര്യവാദം പുലർത്തുകയും, സഭയുടെ പാരമ്പര്യങ്ങളിൽ ഇല്ലാത്ത കാര്യങ്ങൾ വിശ്വാസികളിൽ അടിച്ചേല്പിക്കുകയും ചെയ്യാറുണ്ട്.

b) അവർ സഭാപഠനങ്ങളെ സൗകര്യപൂർവ്വം നിക്ഷേധിക്കുകയും തങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കുകയും ചെയ്യും (ഈ അടുത്തകാലത്ത് സ്പഷ്ടമായി രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ പഠനങ്ങളെയും, കൗൺസിലിനെത്തന്നെയും നിക്ഷേധിക്കുന്ന നിലപാട് കൈക്കൊള്ളാറുണ്ട്).

c) കത്തോലിക്കാ സഭയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നവയായിരിക്കും (ഫ്രാൻസിസ് പാപ്പായെ കുറിച്ച് ചില ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണങ്ങൾ ഉദാഹരണം).

കേരളത്തിൽ ഈ കാലയളവിൽ, സ്വകാര്യ മേരിയൻ ദർശനങ്ങളുടെയും വെളിപാടുകളുടെയും അടിസ്ഥാനത്തിൽ രൂപംകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളും കൂട്ടായ്മകളും ഇത്തരം സ്വഭാവ സവിശേഷതകൾ ഉള്ളവയാണെങ്കിൽ അവയിൽ നിന്നൊക്കെ അകലം പാലിക്കുവാൻ ശ്രദ്ധിക്കുക.

ഗാനമാലപിച്ചത് രാജലക്ഷ്മി, ഗാഗുല്‍ ജോസഫ് സംഘമാണ്. രചന സി.റ്റി. ജോര്‍ജ്ജ് കാക്കനാട്, സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2020, 12:45