തിരയുക

2019.03.29 violenza, prigione, tortura, pena di morte, tratta di persone 2019.03.29 violenza, prigione, tortura, pena di morte, tratta di persone 

സൗദി അറേബ്യ കൗമാരപ്രായക്കാരുടെ വധശിക്ഷ നിര്‍ത്തലാക്കി

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുള്‍ അസീസ് അൽ സൗദിന്‍റെ പ്രസ്താവന :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1.  വധശിക്ഷയ്ക്കുപകരം ജയില്‍വാസം
പ്രായാപൂര്‍ത്തി എത്താത്ത യുവജനങ്ങളെ വധശിക്ഷയില്‍നിന്നും ഒഴിവാക്കുന്ന സൗദിരാജാവിന്‍റെ ഡിക്രി പശ്ചിമേഷ്യന്‍ രാജ്യവും അറബ് പ്രവിശ്യയിലെ വലിയ രാജ്യവുമായ സൗദി അറേബ്യ ഏപ്രില്‍ 27, തിങ്കളാഴ്ചയാണ് പ്രസിദ്ധപ്പെടുത്തിയത്. മനുഷ്യാവകാശത്തിനുള്ള രാജ്യാന്തര സംഘടന, ആംനസ്റ്റി ഇന്‍റര്‍നാഷണലാണ് (Amnesty International) വാര്‍ത്ത രാജ്യാന്തരതലത്തില്‍ എത്തിച്ചത്. കുറ്റക്കാരായി വിധിക്കപ്പെടുന്ന 18-വയസ്സും അതിനു താഴെയുമുള്ള യുവജനങ്ങള്‍ക്ക് വധശിക്ഷയ്ക്കുപകരം ജയില്‍വാസം നല്കപ്പെടുമെന്ന്  സൗദി രാജാവ്, സൽമാൻ ബിൻ അബ്ദുള്‍ അസീസ് അൽ സൗദിന്‍റെ കല്പന വ്യക്തമാക്കുന്നതായി സര്‍ക്കാരേതര പ്രസ്ഥാനമായ ആംനസ്റ്റി അറിയിച്ചു.

2. നിയമഭേദഗതി രാഷ്ട്ര നവീകരണത്തിന്‍റെ ഭാഗം
രാജ്യത്ത് നിലവിലുള്ളതും, ന്യായാധിപന്മാര്‍ ചെറിയ ശിക്ഷകള്‍ക്ക് ഇന്നും കല്പിക്കുന്നതുമായ ചമ്മട്ടിയടിയും (flogging) ഈ ഡിക്രി പ്രകാരം നിര്‍ത്തലാക്കുന്നതായി സൗദിയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ വക്താവ്, അവ്വാദ് അലവ്വാദ് ഡിക്രിയെ വ്യാഖ്യാനിച്ചുകൊണ്ട് മറ്റൊരു പ്രസ്താവനയിലൂടെ വിശദീകരിക്കുകയുണ്ടായി. സൗദി രാജാവ് ആഗ്രഹിക്കുന്ന രാഷ്ട്ര നവീകരണത്തിന്‍റെ ഭാഗവും ആധുനിക ആഗോള ശിക്ഷാക്രമങ്ങളിലേയ്ക്ക് സൗദിയെ ഉയര്‍ത്തുവാനുള്ള ശ്രമവുമാണിതെന്ന് അലവ്വാദ് പ്രസ്താവനയില്‍ വ്യക്തമാക്കി.

3. നിയമഭേദഗതി ഫലത്തില്‍
പുതിയ നിയമപരിഷ്ക്കാരം മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ള 6 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കും. ഈ അറബി യുവാക്കള്‍ “അറബി വസന്ത”മെന്ന (Arab Spring) പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് രാജാവിന് എതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ലോകത്ത് ഏറ്റവും അധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി. ബലാല്‍സംഗം, കൊലപാതകം, സായുധ മോഷണം, മയക്കുമരുന്നു കടത്തല്‍ എന്നിവയ്ക്കാണ് സൗദിയില്‍ വധശിക്ഷ നടപ്പാക്കാറുള്ളത്.

4. പരസ്യമായി നടപ്പാക്കിയിരുന്ന ശിക്ഷാക്രമങ്ങള്‍
തലവെട്ടി കൊല്ലുക, കല്ലെറിഞ്ഞു കൊല്ലുക എന്നിങ്ങനെയുള്ള കടുത്തതും ക്രൂരവുമായ ശിക്ഷാക്രമങ്ങള്‍ ഇത്രയും നാള്‍വരെ പരസ്യമായിട്ടാണ് സൗദിയില്‍ നടപ്പാക്കിയിരുന്നത്. അതുപോലെ പ്രാര്‍ത്ഥനാലയങ്ങളുടെ പരിസരംപോലുള്ള പരസ്യസ്ഥലങ്ങളിലാണ് കുറ്റവാളികളെ നഗ്നരാക്കി ചമ്മട്ടികൊണ്ട് അടിച്ചിരുന്നത്.

5. വത്തിക്കാന്‍റെയും മറ്റു പ്രസ്ഥാനങ്ങളുടെയും അഭ്യര്‍ത്ഥന
യുവാക്കളുടെ കുറ്റകൃത്യങ്ങള്‍ ഗൗരവകരമാണെങ്കിലും അവരെ വധശിക്ഷയില്‍നിന്നും ഒഴിവാക്കാണമെന്ന് വത്തിക്കാനും, ആംമനസ്റ്റി ഇന്‍റര്‍നാഷണല്‍ പോലുള്ള രാജ്യാന്തര പ്രസ്ഥാനങ്ങളും നാളുകള്‍ക്കുമുന്‍പേ സൗദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണ്.
രാഷ്ട്രങ്ങള്‍ വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നത് പാപ്പാ ഫ്രാന്‍സിസ്  ലോക രാഷ്ട്രങ്ങള്‍ക്കായി  ഇന്നും മുന്നോട്ടുവയ്ക്കുന്ന  അഭ്യര്‍ത്ഥനയാണ്. 
 

01 May 2020, 08:20