ജീവിതത്തോണിയുടെ അണയത്തെ ദൈവികസാന്നിദ്ധ്യം – ഭാഗം 2
പരിപാടി ഒരുക്കിയത് :
മരിയ ഡാവിനയും ഫാദര്‍ വില്യം നെല്ലിക്കലും
1. ലോകത്തെ പ്രാര്‍ത്ഥനയില്‍ ഉണര്‍ത്തിയ ദിനം
യൂറോപ്പില്‍ വസന്തം വിരിഞ്ഞ സമയം. എങ്ങും പൂക്കള്‍ നിറഞ്ഞെങ്കിലും അതിന്‍റെ ഭംഗിയോ പരിമളമോ ആസ്വദിക്കാനാവാത്തവിധം എവിടെയും മരണവും വേദനയും വിതച്ചുകൊണ്ട് കൊറോണ മഹാമാരി ഇറ്റലിയില്‍ മാത്രമല്ല ലോകത്തെവിടെയും ഭീഷണിയായി ഇനിയും നില്ക്കുന്നു. പാപ്പാ ഫ്രാന്‍സിസ് ലോകത്തെ പ്രാര്‍ത്ഥനയില്‍ ഉണര്‍ത്തിയൊരു ദിനമായിരുന്നു മാര്‍ച്ച് 27 വെള്ളി. എന്നാല്‍ ആ ദിനത്തിന് ഒരു ദുഃഖവെള്ളിയുടെ പരിവേഷമായിരുന്നു.
2. ഏകനായി പാപ്പാ ഫ്രാന്‍സിസ്
പ്രാര്‍ത്ഥനാവേദിയില്‍ ഉയര്‍ന്നുനിന്ന പുരാതന മരക്കുരിശും, കന്യകാനാഥയുടെ അത്ഭുത വര്‍ണ്ണനാചിത്രവും ആ സായാഹ്നത്തിന് ആത്മീയമായ ഒരു നിഗൂഢത ആവസിച്ചപോലെ...! സാധാരണ ആയിരങ്ങള്‍ സമ്മേളിക്കുന്ന വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ ജനരഹിതമായ വേദിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഏകനായി പടവുകള്‍ നടന്നു കയറിയത് മാധ്യമങ്ങളിലൂടെ ലോകം കണ്ടത് ഈറനണിഞ്ഞ കണ്ണുകളോടെയാണ്. നിമിഷനേരത്തില്‍ അന്തരീക്ഷം ഇരുണ്ടു, വസന്തത്തിലെ സായാഹ്നത്തില്‍ പതിവില്ലാത്തൊരു ചെറുമഴ. പ്രകൃതിയും കണ്ണീരണിഞ്ഞു. മാധ്യമശൃംഖലകളിലൂടെ ലോകത്തെ ലക്ഷോപലക്ഷം ജനതയെ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിച്ചപ്പോള്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗം തുറക്കപ്പെട്ടൊരു അനുഭൂതി പങ്കെടുത്തവരുടെ മനസ്സുകളിലേയ്ക്ക് ഊര്‍ന്നിറങ്ങി. ആ പ്രാര്‍ത്ഥനായാമത്തിന്‍റെ ഒരോര്‍മ്മയാണീ ചിന്താമലരുകള്‍!
3.ഗലീലിയക്കടലിലെ കൊടുങ്കാറ്റ്
“സായാഹ്നമായി ഇരുള്‍ മൂടിയിരുന്നു...” (മര്‍ക്കോസ് 4, 35). ഇങ്ങനെയാണ് യേശു കടലിനെ ശാന്തമാക്കിയ സംഭവം വിവരിക്കുന്ന മര്‍ക്കോസിന്‍റെ സുവിശേഷഭാഗം ആരംഭിക്കുന്നത്. നമ്മുടെ നഗരങ്ങളിലും ചത്വരങ്ങളിലും തെരുവുകളിലും ഈ നാളുകളില്‍ ഇരുള്‍ മൂടിയിരിക്കുകയാണ്. കാതടപ്പിക്കുന്ന ഒരു നിശ്ശബ്ദത എങ്ങും വ്യാപിക്കുകയും ഞങ്ങളുടെ ജീവിതങ്ങളെ അത് ഗ്രസിച്ചിരിക്കുകയും ചെയ്യുന്നു. കടന്നുപോകുന്ന എല്ലാറ്റിനെയും അത് പിടിച്ചുനിര്‍ത്തുന്നു. നിരാശാജനകമായ ഒരു ശൂന്യതയായിട്ടാണ് ഈ നിശ്ശബ്ദത എങ്ങും അനുഭവപ്പെടുന്നത്. ജനങ്ങളുടെ നോട്ടങ്ങളിലും ഭാവങ്ങളിലും അതു ശ്രദ്ധേയമാണ്. നാം നമ്മെത്തന്നെ ഭയക്കുന്നവരും, എല്ലാം നഷ്ടപ്പെട്ടവരുമായി കണ്ടെത്തിയിരിക്കുന്നു.
4. ഇന്നത്തെ പ്രക്ഷുബ്ധമായ ജീവിതം
സുവിശേഷം വിവരിക്കുന്ന ഗലീലിയക്കടലില്‍ കോളിളക്കത്തില്‍പ്പെട്ട ശിഷ്യന്മാരെപ്പോലെ നമ്മളും അപ്രതീക്ഷിതവും പ്രക്ഷുബ്ധവുമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടിരിക്കുകയാണ്. നാമെല്ലാം ഒരേ വഞ്ചിയിലാണെന്നും, ലക്ഷ്യബോധം നഷ്ടപ്പെട്ടവരും ബലഹീനരുമാണെന്നും അറിയുന്നു. പക്ഷെ, അതേ സമയം നാം ഓരോരുത്തരും അപരനെ ആശ്വസിപ്പിക്കേണ്ടതാണെന്നും, മുങ്ങാതിരിക്കണെങ്കില്‍ എല്ലാവരും ഒരുമിച്ചു തുഴയേണ്ടതിന്‍റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കേണ്ടിയുമിരിക്കുന്നു. നാം എല്ലാവരും ഒരേ വഞ്ചിയില്‍ ഉല്‍ണ്ഠയോടെ ഒരേസ്വരത്തില്‍ കേഴുകയാണ്. “ഞങ്ങള്‍ മുങ്ങിപ്പോവുകയാണെ”ന്നു കേണപേക്ഷിച്ച ശിഷ്യന്മാരെപ്പോലെ (38), നമ്മള്‍ നമ്മെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. പക്ഷെ, നാമിപ്പോള്‍ മനസ്സിലാക്കാന്‍ തുടങ്ങുകയാണ് നമ്മെക്കുറിച്ചു മാത്രം ചിന്തയുള്ളവരായി ജീവിച്ചാല്‍പ്പോര, ഒത്തൊരുമിച്ചു മാത്രമേ ഈ ഭൂമയില്‍ മനുഷ്യര്‍ക്ക് ജീവിക്കുവാനും രക്ഷനേടുവാനും സാധിക്കൂ!
5. വിജയം നേടിത്തരുന്ന ആയുധം - പ്രാര്‍ത്ഥന
ഓരോ ദിവസവും എന്തുമാത്രം ജനങ്ങളാണ് ക്ഷമാപൂര്‍വ്വം പെരുമാറുകയും, പ്രത്യാശപകരുകയും, സഹോദരങ്ങളില്‍ ഭീതി വിതയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നത്. ഇവയെല്ലാം ത്യാഗപൂര്‍വ്വം പങ്കുവയ്ക്കാന്‍ സന്നദ്ധമാകുന്ന ഉത്തരവാദിത്വത്തിന്‍റെ ഉദാഹരണങ്ങളാണ്. എങ്ങനെ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കണമെന്നും തരണംചെയ്യണമെന്നും തങ്ങളുടെ ചെറിയ ദൈനംദിന പ്രവൃത്തികളിലൂടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്ന എത്രയോ അച്ഛന്മാരും അമ്മമാരും മുത്തശ്ശന്മാരും മുത്തശ്ശിമാരും അദ്ധ്യാപകരുമുണ്ട്. അവരുടെ ദിനചര്യകള്‍ ക്രമീകരിച്ചും, കണ്ണുകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ സഹായിച്ചും, പ്രോത്സാഹിപ്പിച്ചുമാണ് അവര്‍ അത് ചെയ്യുന്നത്. എല്ലാവരുടെയും നന്മയ്ക്കായി പ്രാര്‍ത്ഥിക്കുകയും, സഹായിക്കുകയും ഇടപെടുകയും ചെയ്യുന്ന എത്രയോ പേരുണ്ട് ഇന്ന് നമുക്കു ചുറ്റും? പ്രാര്‍ത്ഥനയും നിശബ്ദ സേവനവുമാണ് നമുക്കു വിജയം നേടിത്തരുന്ന ആയുധങ്ങള്‍.
6. അണയത്ത് ഉറങ്ങിയ അമരക്കാന്‍
“നിങ്ങളെന്തിന് ഭയപ്പെടുന്നു? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” നമുക്ക് രക്ഷയുടെ ആവശ്യമുണ്ടെന്ന് മനസ്സിലാകുമ്പോഴാണ് വിശ്വാസം ആരംഭിക്കുന്നത്. നമ്മള്‍ സ്വയം പര്യാപ്തരല്ല. തനിച്ചാണെങ്കില്‍ നാം ഇടറിപ്പോകും. പണ്ടുകാലത്തെ നാവികര്‍ക്ക് ദിശാമാപിനികളായ നക്ഷത്രങ്ങളെ ആവശ്യമായിരുന്നതുപോലെ, നമുക്കിന്ന് ദൈവത്തെ ആവശ്യമുണ്ട്. നമ്മുടെ ജീവിതത്തിലെ വഞ്ചികളിലേയ്ക്ക് യേശുവിനെ നമുക്ക് ആനയിക്കാം. നമ്മുടെ ഭീതികളെല്ലാം അവിടുത്തെ സന്നിധിയില്‍ സമര്‍പ്പിക്കാം. അവിടുന്ന് അതിനെ കീഴടക്കിക്കൊള്ളും. അവിടുന്ന് കൂടെയുള്ളപ്പോള്‍ മുങ്ങിപ്പോകില്ലെന്ന് ശിഷ്യന്മാരെപ്പോലെ നമുക്കും വിശ്വസിക്കാം. കാരണം, ദൈവം സ്രഷ്ടാവാണ്. അവിടുന്നു നമ്മുടെ രക്ഷകനാണ്. നമുക്കു ചുറ്റും സംഭവിക്കുന്നതെല്ലാം നല്ലതായി മാറ്റിത്തീര്‍ക്കുന്ന നന്മയാണു ദൈവം, മോശമായ കാര്യങ്ങള്‍പോലും...!! അവിടുന്നു നമ്മുടെ കൂടെയുണ്ടെങ്കില്‍ നാം ഒരിക്കലും മരിക്കുകയില്ലെന്ന അനുഭവം ശിഷ്യന്മാര്‍ക്കുണ്ടായതുപോലെ, നമ്മുടെയും ജീവിതത്തിന്‍റെ കൊടുങ്കാറ്റിലേയ്ക്ക് ദൈവം പ്രശാന്തത കൊണ്ടുവരും എന്നു നമുക്ക് ഉറച്ചു വിശ്വസിക്കാം.
7. നങ്കൂരമായ കുരിശ്
കൊടുങ്കാറ്റിനു നടുവില്‍ ദൈവം നമ്മെ കരുതലോടെ കാക്കുകയും, ഭഗ്നാശരാകാതെ ഉണര്‍വ്വോടെ മുന്നേറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എല്ലാം വീണടിയുകയാണെന്നു തോന്നുന്ന ഈ മണിക്കൂറുകളില്‍ ശക്തിയും പിന്‍ബലവും അര്‍ത്ഥവും നല്കാന്‍ കഴിയുന്ന ഐക്യവും പ്രത്യാശവും പ്രാവര്‍ത്തികമാക്കുവാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. നമ്മുടെ ഉയിര്‍പ്പിന്‍റെ വിശ്വാസം വീണ്ടെടുക്കുവാന്‍ വേണ്ടി അവിടുന്ന് ഉണരുകയും, നമ്മെ വീണ്ടും ഉണര്‍ത്തുകയും നയിക്കുകയും ചെയ്യുന്നു. അവിടുത്തെ കുരിശിനാല്‍ നാം രക്ഷിക്കപ്പെട്ടു. ക്രിസ്തുവിന്‍റെ കുരിശ് നമ്മുടെ ജീവിതനൗകയുടെ നങ്കൂരമാണ്. അവിടുത്തെ കുരിശിനാല്‍ നാം വീണ്ടെടുക്കപ്പെട്ടു. അത് നമ്മുടെ അമരവുമാണ്. അവിടുത്തെ കുരിശിനാല്‍ നാം മുക്തിനേടുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്തു.
അതിനാല്‍ പ്രത്യാശ കൈവെടിയരുത്. അവിടുത്തെ വീണ്ടെടുപ്പിന്‍റെ സ്നേഹത്തില്‍നിന്ന് ഒന്നിനും, ഒരാള്‍ക്കും നമ്മെ വേര്‍പെടുത്താനാവില്ല. ഇന്നത്തെ അവസ്ഥയില്‍ കണ്ടുമുട്ടുവാനുള്ള അവസരങ്ങളും പരസ്പരമുള്ള സ്നേഹോഷ്മളതയും കുറയുമ്പോള്‍, ഒറ്റപ്പെടലിന്‍റെ നടുവില്‍ യാതന അനുഭവിക്കുമ്പോള്‍ നാം ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കുന്നു. നമ്മെ രക്ഷിക്കുന്ന ആ പ്രഖ്യാപനത്തിന് നമുക്ക് ഒരിക്കല്‍ക്കൂടി ചെവി കൊടുക്കാം : "ക്രിസ്തു ഉത്ഥാനം ചെയ്തിരിക്കുന്നു!" അവിടുന്നു നമ്മോടൊത്തു ജീവിക്കുന്നു. ഉത്ഥിതന്‍ ഇന്നും നമുക്കായി കാത്തിരിക്കുന്നു.
8. കുരിശില്‍നിന്നൊരു കാരുണ്യകടാക്ഷം
കണ്ണുകളുയര്‍ത്തി കാരുണ്യത്തിനായി നമ്മിലേയ്ക്ക് നോക്കുന്നവരിലേയ്ക്ക് കണ്ണു തിരിക്കുവാനും, ജീവന്‍ ഒരിക്കല്‍ക്കൂടി കണ്ടെത്തുവാനും കുരിശില്‍ കിടന്നുകൊണ്ട് നമ്മോട് ക്രിസ്തു ആവശ്യപ്പെടുന്നു. നമ്മുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കാരുണ്യത്തെ ശക്തിപ്പെടുത്തുവാനും അംഗീകരിക്കുവാനും പരിപോഷിപ്പിക്കുവാനും അവിടുന്ന് ആവശ്യപ്പെടുന്നു. "പ്രഭ മങ്ങിയ തിരിനാളം കെട്ടുപോകാന്‍ അവിടുന്ന് അനുവദിക്കുകയില്ല..." (ഏശയ്യ 42, 3). ഒരിക്കലും അണയാന്‍ പാടില്ലാത്തതിനെ ആളിക്കത്തിക്കുവാന്‍ പ്രത്യാശയോടെ നമുക്കും പരിശ്രമിക്കാം.
9. കുരിശിനെ പുല്കാം
കുരിശിനെ പുല്കുക എന്നതിന്‍റെ അര്‍ത്ഥം വര്‍ത്തമാന കാലത്തെ എല്ലാ ദുരിതങ്ങളെയും പുണരുവാനുള്ള ധൈര്യമുണ്ടാവുക എന്നാണ്. അധികാരത്തോടും സമ്പത്തിനോടുമുള്ള നമ്മുടെ ആവേശം ഒരു നിമിഷത്തേയ്ക്ക് കയ്യൊഴിഞ്ഞ്, പരിശുദ്ധാത്മാവിനു മാത്രം നല്കാന്‍ കഴിവുള്ള ക്രിയാത്മകതയ്ക്കും പ്രചോദനത്തിനുമായി ഇടംനല്കാം. സകലരും ക്ഷണിതാക്കളാണെന്നും മനസ്സിലാകുന്ന രീതിയില്‍ സകലെയും ആശ്ലേഷിക്കുവാനും, അവര്‍ക്കായി ഇടം സൃഷ്ടിക്കുവാനും, അവരെ ഉള്‍ക്കൊള്ളുവാനുമുള്ള ആ ധൈര്യം ദൈവാത്മാവിന്‍റെ പ്രേരണയാണ്. അങ്ങനെ നവമായ ആതിഥേയത്വവും സാഹോദര്യവും ഐക്യദാര്‍ഢ്യവും സൃഷ്ടിക്കുന്ന പ്രത്യാശയുടെ ജീവിതം പുണരുവാന്‍ വേണ്ടിയാണ് അവിടുത്തെ കുരിശിനാല്‍ നാം വീണ്ടടുക്കപ്പെട്ടത്. മറ്റുള്ളവരെ നമ്മോടൊപ്പം സംരക്ഷിക്കുവാനും സഹായിക്കുവാനും പോരുന്ന എല്ലാ വഴിത്താരകളും കണ്ടെത്തുവാനും നിലനിര്‍ത്തുവാനും കുരിശില്‍നിന്നും അവിടുന്നു നമ്മോട് ആവശ്യപ്പെടുന്നു. ദൈവത്തെ പുണരുന്നവര്‍ പ്രത്യാശയുള്ളവരാണ്. അത് വിശ്വാസത്തിന്‍റെ ശക്തിയാണ്. ഭയത്തില്‍നിന്നു നമ്മെ മോചിപ്പിച്ച് പ്രത്യാശ പകരുന്നത് വിശ്വാസത്തിന്‍റെ ശക്തിയാലാണ്.
10. പ്രത്യാശയായി ഉഷഃകാലതാരം
“നിങ്ങളെന്തിന് ഭയപ്പെടുന്നു? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” പ്രിയ സഹോദരീ സഹോദരന്മാരേ, പാറപോലെ ഉറച്ച വിശ്വാസത്തെക്കുറിച്ചു പറയുന്ന വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ തിരുമുറ്റത്തു നിന്നുകൊണ്ട് എല്ലാവരെയും ഈ സന്ദര്‍ഭത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദൈവത്തിനു ഭരമേല്പിച്ചു. പ്രക്ഷുബ്ധമായ സാഗരത്തിന്‍റെ ചക്രവാളത്തില്‍ തെളിഞ്ഞ ഉഷഃകാലനക്ഷത്രവും ആരോഗ്യദായിനിയുമായ പരിശുദ്ധ കന്യകാനാഥയുടെ മദ്ധ്യസ്ഥതയിലൂടെ സകലരെയും പാപ്പാ ദൈവത്തിന് സമര്‍പ്പിച്ചു. റോമാനഗരത്തെ മാത്രമല്ല ലോകം മുഴുവനെയും പ്രതീകാത്മകമായി ആശ്ലേഷിക്കുന്ന വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ നീട്ടിയ കരങ്ങള്‍പോലുള്ള സ്തംഭാവലി (collonade of St. Peter's Square) ദൈവം മക്കള്‍ക്കു നല്കുന്ന സമാശ്വാസത്തിന്‍റെയും സംരക്ഷണത്തിന്‍റെയും ആശ്ലേഷത്തിന്‍റെ പ്രതീകമാണ്.
ദൈവമേ, അങ്ങ് ഈ ലോകത്തെ അനുഗ്രഹിച്ച് ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസവും, ശരീരങ്ങള്‍ക്ക് ആരോഗ്യവും സൗഖ്യവും പ്രദാനംചെയ്യണമേ. ഭയപ്പെടാതിരിക്കുവാന്‍ അവിടുന്ന് ഞങ്ങളോട് വീണ്ടും പറയുന്നുണ്ട് (മത്തായി 28, 5). പത്രോശ്ലീഹായോടൊപ്പം ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു, ദൈവമേ, ഞങ്ങളുടെ എല്ലാ ഉല്‍ക്കണ്ഠകളും അങ്ങയെ ഭരമേല്പിക്കുന്നു. കാരണം അവിടുന്നു ഞങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്! (1പത്രോസ് 5, 6).
11. ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥന
പാപ്പാ ഫ്രാന്‍സിസ് 2020 ഏപ്രില്‍ 25-ന് പ്രബോധിപ്പിച്ചത് :
ഓ, പരിശുദ്ധ ദൈവമാതാവേ,
ഞങ്ങള്‍ അങ്ങേ സങ്കേതത്തില്‍ ഓടിയണയുന്നു. ലോകത്തെവിടെയും ജനങ്ങള്‍ ഇന്ന് യാതനയിലും ഉല്‍ക്കണ്ഠയിലും കഴിയുകയാണ്. ഓ, ദൈവമാതാവേ, സംരക്ഷണയ്ക്കായ് ഞങ്ങള്‍ അങ്ങേ മാതൃസങ്കേതം തേടുന്നു. കന്യകാനാഥേ, മഹാമാരിയില്‍ ഉഴലുന്ന മക്കളുടെ നേര്‍ക്ക് അങ്ങേ കാരുണ്യകടാക്ഷം തിരിക്കണമേ. മരണമടഞ്ഞ പ്രിയപ്പെട്ടവരെ ഓര്‍ത്തു കേഴുകയും നിരാശരാവുകയും ചെയ്യുന്നവരെ അങ്ങു സമാശ്വാസിപ്പിക്കണമേ. രോഗികളായ കുടുംബാംഗങ്ങളെ പരിചരിക്കാനാവാതെയും അവരുടെ അടുത്തൊന്നു നില്കാനാവാതെയും മനംനൊന്തു വേദിനക്കുന്നവര്‍ക്ക് അങ്ങ് ആശ്വാസമാകണമേ. തൊഴില്ലായ്മയും സാമ്പത്തിക ക്ലേശങ്ങളും ഉണര്‍ത്തുന്ന ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്ത്വത്താലും മനോവ്യഥ അനുഭവിക്കുന്നവര്‍ക്ക് അങ്ങു പ്രത്യാശ പകരണമേ.
ദൈവമാതാവേ, ഞങ്ങളുടെ അമ്മേ,
മഹാമാരിയുടെ ക്ലേശങ്ങള്‍ അവസാനിപ്പിച്ച്, ഞങ്ങളില്‍ പ്രത്യാശയുടെയും സമാധാനത്തിന്‍റെയും പ്രഭാതം തെളിയിക്കണമേ. കാനായിലെന്നപോലെ അങ്ങേ തിരുക്കുമാരനായ ഈശോയോട് ഞങ്ങള്‍ക്കായ് മാദ്ധ്യസ്ഥ്യം വഹിക്കുകയും, ഞങ്ങളുടെ കുടുംബങ്ങളെയും രോഗികളായ ഞങ്ങളുടെ സഹോദരങ്ങളെയും സാന്ത്വനപ്പെടുത്തേണമേ. അവരുടെ ഹൃദയങ്ങളില്‍ സമാശ്വാസവും ആത്മധൈര്യവും വളര്‍ത്തണമേ! രോഗത്തിന്‍റെ തീവ്രമായ മുന്‍നിരയില്‍ തങ്ങളുടെ ജീവന്‍ പണയംവച്ച് മറ്റുള്ളവരെ രക്ഷിക്കുവാന്‍വേണ്ടി ശുശ്രൂഷചെയ്യുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പരിചാരകരെയും സന്നദ്ധസേവകരെയും സംരക്ഷിക്കണമേ. ധീരമായ അവരുടെ അദ്ധ്വാനത്തെ ഫലമണിയിക്കാന്‍ അവര്‍ക്ക് കരുത്തും, ഉദാരതയും, ആരോഗ്യവും പ്രദാനംചെയ്യണമേ. രോഗികളെ പരിചരിക്കാന്‍ രാപകല്‍ അദ്ധ്വാനിക്കുന്നവരെ, വിശിഷ്യാ അജപാലന തീക്ഷ്ണതയാലും വിശ്വസ്തതയാലും എല്ലാവരെയും സഹായിക്കുവാനും പിന്‍തുണയ്ക്കുവാനും ശ്രമിക്കുന്ന വൈദികരുടെ ചാരത്തും അങ്ങ് ഉണ്ടായിരിക്കണമേ.
പരിശുദ്ധ കന്യകാംബികേ,
വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സുകളെയും അദ്ധ്വാനത്തെയും പ്രകാശിപ്പിക്കുകയും, ഈ മഹാമാരിയെ കീഴ്പ്പെടുത്താനുള്ള മാര്‍ഗ്ഗം അവര്‍ക്കു കാട്ടിക്കൊടുക്കുകയും ചെയ്യണമേ. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ക്ലേശിക്കുന്ന ജനങ്ങളെ തുണയ്ക്കുവാനും, ദീര്‍ഘദൃഷ്ടിയോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ സാമൂഹികവും സാമ്പത്തികവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഈ പ്രതിസന്ധിയില്‍ കണ്ടെത്തുവാനും വേണ്ട വിവേകവും അഭിനിവേശവും ആത്മാര്‍ത്ഥതയും ഉദാരതയും രാഷ്ട്രനേതാക്കളില്‍ വളര്‍ത്തണമേ. ഏറ്റവും പരിശുദ്ധയായ അമ്മേ, വിനാശങ്ങള്‍ക്കു കാരണമാകുന്ന ആയുധനിര്‍മ്മിതിക്കും അതിന്‍റെ സംഭരണത്തിനുംവേണ്ടി ചെലവഴിക്കുന്ന വന്‍തുകകള്‍ മാനവികതയുടെ അഭിവൃദ്ധിക്കും ഭാവിനന്മയ്ക്കുമായി ഉപയോഗപ്പെടുത്താന്‍ രാഷ്ട്രാധിപന്മാരുടെ മനസ്സാക്ഷിയെ അങ്ങു തെളിയിക്കണമേ.
പ്രിയ അമ്മേ,
മനുഷ്യകുലം മുഴുവനും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നു മനസ്സിലാക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും കണ്ണികളെ അങ്ങ് ബലപ്പെടുത്തുകയും, ചുറ്റും കാണുന്ന ദാരിദ്ര്യവും മനുഷ്യയാതനകളും ശമിപ്പിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമേ. ക്ലേശിതര്‍ക്ക് ആശ്വാസമായ അമ്മേ, നിരാശയില്‍ കഴിയുന്ന എല്ലാ മക്കളെയും അങ്ങ് ആശ്ലേഷിക്കുകയും, ഈ മഹാമാരിയില്‍നിന്നു ഞങ്ങളെ മോചിക്കുവാന്‍ ദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍ ഞങ്ങളിലേയ്ക്കു നീട്ടുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ. അങ്ങനെ ഞങ്ങളുടെ ജീവിതങ്ങള്‍ സാധാരണഗതിയില്‍ എത്തിച്ചുതരണമേ! രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതവഴികളില്‍ തെളിയുന്ന കാരുണ്യവതിയും, സ്നേഹപൂര്‍ണ്ണയും മാധുര്യവുമുള്ള കന്യകാനാഥേ, എളിയവരായ ഞങ്ങളെ അങ്ങേ കരങ്ങളില്‍ ഭരമേല്പിക്കുന്നു. ഞങ്ങളെ കൈവിടിയരുതേ! ആമേന്‍.
ഗാനമാലപിച്ചത് സെബി തുരുത്തിപ്പുറവും റിമി റ്റോമിയുമാണ്. രചന സി.റ്റി. ജോര്‍ജ്ജ് കാക്കനാട്, സംഗീതം ജെറി അമല്‍ദേവ്.