കൊറോണക്കാലത്ത് ആതുരസേവകരേകുന്ന സ്നേഹസാക്ഷ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വന്തം ആരോഗ്യം അപകടത്തിലാക്കിക്കൊണ്ടുപോലും അക്ഷീണം ആതുരസേവനം നടത്തുന്നവരെ ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് (ARCHBISHOP IVAN JURKOVIC) ശ്ലാഘിക്കുന്നു.
സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസംഘടനയുടെ വിവിധ വിഭാഗങ്ങളിൽ ഒന്നായ “ബൗദ്ധികാവകാശ ലോക സംഘടനയുടെ” (WIPO) സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു.
കോവിദ് 19 മഹാമാരിയുടെ ഈ വേളയിൽ ലോകമെമ്പാടും ആതുരശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരെ അനുസ്മരിച്ച ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് അവരേകുന്നത് അയൽക്കാരനോടുള്ള കരുതലിൻറെയും സ്നേഹത്തിൻറെയും സാക്ഷ്യമാണെന്ന് പ്രസ്താവിച്ചു.
ബൗദ്ധികാവകാശ സംരക്ഷണ സംവിധാനത്തോടുള്ള പരിശുദ്ധസിംഹാസനത്തിൻറെ ആദരവ് വെളിപ്പടുത്തിയ അദ്ദേഹം ഇന്നു ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ബൗദ്ധികാവകാശത്തിൻറ സങ്കീർണ്ണതകൾ വിനിമയം ചെയ്യേണ്ടതിൻറെയും, അതിനെ നൂതന സാങ്കേതിക വിദ്യയുടെയും രചനാത്മകതയുടെയും പശ്ചാത്തലത്തിൽ സംയോജിപ്പിക്കേണ്ടതിൻറെയും ആവശ്യകത എടുത്തുകാട്ടുന്നുവെന്ന് പ്രസ്താവിച്ചു.