നീതിയുടെ വഴികളിലൂടെ യൂറോപ്പ് ഉയിര്‍ത്തെഴുന്നേല്ക്കും
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. യൂറോപ്പിന് സഭയുടെ പിന്‍തുണ
നീതിയുടെ വഴിയിലൂടെ കെടുതിയില്‍നിന്ന് യൂറോപ്പ് ഉയിര്‍ത്തെഴുന്നേല്ക്കുമെന്ന്, യൂറോപ്യന്‍ യൂണിയനിലെ കത്തോലിക്ക സഭയുടെ കൂട്ടായ്മ പ്രസ്താവിച്ചു. പ്രസ്ഥാനത്തിന്‍റെ നാല്പതാം വാര്‍ഷികം അവസരമാക്കിക്കൊണ്ട് (1960-2020) മെയ് 27-ന് ഇറക്കിയ നിലപാടു വെളിപ്പെടുത്തിയ പത്രികയിലാണ് പ്രസിഡന്‍റുമാരും കര്‍ദ്ദിനാളന്മാരുമായ ഷോണ്‍ ക്ലൗഡ് ഓളെറിക്ക്, ആഞ്ചലോ ബഞ്ഞാസ്കൊ എന്നിവര്‍ കെടുതികളില്‍നിന്ന് രക്ഷനേടാന്‍ ഒരുമയോടെ നീതിയുടെ വഴിയെ നീങ്ങുവാനുള്ള നിര്‍ദ്ദേശം യൂറോപ്പിലെ രാഷ്ട്രപ്രതിനിധികള്‍ക്കും വിശ്വാസികള്‍ക്കുമായി മുന്നോട്ടുവച്ചത്. ഭിന്നിപ്പിന്‍റെ വക്കത്ത് എത്തിനില്ക്കെയാണ് കൊറോണ മഹാമാരിയുടെ കെടുതിയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇരകളായത്. അതില്‍ ഇറ്റലിക്കാണ് ഏറ്റവും അധികം ക്ലേശങ്ങള്‍ നേരിടേണ്ടിവന്നതും ജീവനഷ്ടമുണ്ടായതും.
2. നവോത്ഥാനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍
പാരിസ്ഥിതികവും, സാമൂഹികവും, പാരസ്പരികവുമായ നീതിനിഷ്ഠയിലൂടെയും ഐക്യത്തിന്‍റെ വഴിയിലൂടെയും നീങ്ങിയാല്‍ ഇന്നിന്‍റെ പ്രതിസന്ധികളെ നേരിടുവാനും മഹാമാരിയുടെ ക്ലേശങ്ങളെ ഉള്‍ക്കൊള്ളാനാവുമെന്നുമാണ് യൂറോപ്പിന്‍റെ ഉയിര്‍ത്തെഴുന്നേല്പിനായി പ്രസ്ഥാനം (Comece) മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.
a) പാരിസ്ഥിതിക നീതി
വൈറസിന്‍റെ ക്രൂരമായ ആക്രമണം വെളിപ്പെടുത്തുന്നത് വളരെ ലോലമായ നമ്മുടെ പാരിസ്ഥിതിക സംവിധാനങ്ങളാണെന്ന് നിര്‍ദ്ദേശ പത്രിക ചൂണ്ടിക്കാട്ടി. മനുഷ്യന്‍റെ ശ്വാസകോശത്തെ ഞെക്കിക്കൊല്ലുന്ന വൈറസ് പഠിപ്പിക്കുന്നത് രോഗഗ്രസ്ഥവും മലിനീകൃതവുമായ അന്തരീക്ഷമുള്ള ഭൂമിയില്‍ നമുക്ക് അധികനാള്‍ വസിക്കാനാവില്ലെന്നാണ്. അതിനാല്‍ പാരിസ്ഥിതികമായ നീതിക്ക് യൂറോപ്യന്‍ കൂട്ടായ്മ പാപ്പാ ഫ്രാന്‍സിസിനോടു കൈകോര്‍ത്തും സഹകരിച്ചും പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവിച്ചു.
b) സാമൂഹിക നീതി
യൂറോപ്പില്‍ സാമൂഹിക നീതി യാഥാര്‍ത്ഥ്യമാക്കേണ്ടത് സമൂഹത്തില്‍ ഏറ്റവും വ്രണിതാക്കളും പാവങ്ങളുമായവരെ പിന്‍തുണച്ചുകൊണ്ടാവണം എന്ന് കത്തോലിക്ക നേതൃത്വത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി. അംഗരാജ്യങ്ങളില്‍ ഇന്നു നാം പ്രകടമായി കാണുന്ന കാലാവസ്ഥ വ്യതിയാനം, കോവിഡ്-19, ദാരിദ്ര്യം, അസമത്വം എന്നീ പ്രശ്നങ്ങളെ നേരിട്ട് കൈകാര്യം ചെയ്തുകൊണ്ടാവണം സാമൂഹിക നീതി കൈവരിക്കേണ്ടതെന്ന് നിര്‍ദ്ധിഷ്ഠ പ്രസ്താവന വ്യക്തിമാക്കി. അവയില്‍ ഭവനരഹിതരായ പാവങ്ങള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കണമെന്നും പ്രസ്താവന വിശദീകരിച്ചു.
c) കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമാകേണ്ട നീതി
ഇന്ന് ലോക വ്യാപകമായി വളര്‍ന്നു നില്ക്കുന്ന അഴിമതി, നികുതി വെട്ടിപ്പ് എന്നിവയെ അംഗരാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ചു കൈകാര്യം ചെയ്തുകൊണ്ട് ഈ മേഖലയില്‍ നീതി കൈവരിക്കാമെന്നും, ന്യായമായ നീതിക്കുള്ള ഒരു ചട്ടക്കൂട് അടിയന്തിരമായി സൃഷ്ടിക്കാമെന്നുമുള്ള നിര്‍ദ്ദേശം സംഘടനയുടെ തലവന്മാരായ കര്‍ദ്ദിനാളന്മാര്‍, ഓളെറിക്കും ബഞ്ഞാസ്കോയും അടിവരയിട്ടു പ്രസ്താവിച്ചു. ഈ മേഖലയിലും അംഗരാഷ്ട്രങ്ങള്‍ പരസ്പരം കൈകോര്‍ത്തു നിന്നാല്‍ യൂറോപ്പില്‍ എവിടെയും ഏകീകൃതമായ നികുതി സംവിധാനത്തിലൂടെ ഈ മേഖലയില്‍ സാമൂഹിക നീതി കൈവരിക്കാനാവുമെന്നും സംഘടനയുടെ തലവന്മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
3. ഏറെ പ്രത്യാശയും ഐക്യദാര്‍ഢ്യവും
യൂറോപ്പിനെ ആകമാനം വലിയ ദുഃഖത്തിലും വേദനയിലും ആഴ്ത്തിയ സംഭവമാണ് കോവിഡ് 19. നവമായ പ്രത്യാശയും കൈകോര്‍ത്തു നില്ക്കുന്ന ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവവും ഇക്കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് യൂറോപ്പിലെ കത്തോലിക്കാ സഭാനേതൃത്വത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഉപസംഹരിച്ചത്.