തിരയുക

2020.05.23 ASCENSIONE DEL SIGNORE 2020.05.23 ASCENSIONE DEL SIGNORE 

സ്വര്‍ഗ്ഗാരോഹണം പിതൃസന്നിധിയിലെ സാന്നിദ്ധ്യോത്സവം

സുവിശേഷവിചിന്തനം.... ശബ്ദരേഖയോടെ ... വിശുദ്ധ മത്തായിയുടെ സുവിശേഷം 28, 16-20.
സ്വര്‍ഗ്ഗാരോഹണ മഹോത്സവം

1. സകലജനതകളോടും സുവിശേഷം പ്രഘോഷിക്കുവിന്‍
യേശുവിന്‍റെ ഉയിര്‍പ്പിനുശേഷം നാല്പതാംനാള്‍ നാം അവിടുത്തെ സ്വര്‍ഗ്ഗാരോഹണം അനുസ്മരിക്കുന്നു. ഉത്ഥാനാനന്തരം ക്രിസ്തു സ്വര്‍ഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെടുംവരെ 40 നാളുകള്‍ അവിടുന്ന് ഏപ്രകാരം ശിഷ്യന്മാരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്തുവെന്ന് അപ്പസ്തോല നടപടിപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നു (1, 2-9). വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്‍റെ അവസാന അദ്ധ്യായവും സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ചും, ആ കടന്നുപോകലിനു മുന്‍പു നല്കിയ അന്തിമാഹ്വാനവും രേഖപ്പെടുത്തിയിരിക്കുന്നു (മത്തായി 28, 16-20). പഴയ ജരൂസലേം പട്ടണത്തിന്‍റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഒലിവുമലയില്‍നിന്ന് ശിഷ്യന്മാര്‍ നോക്കിനില്ക്കെ ക്രിസ്തു സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണംചെയ്തുവെന്നാണ് വേദഗ്രന്ഥത്തില്‍ നാം വായിക്കുന്നത്.

2. ഒലിവുമലയിലെ ചരിത്രസ്മാരകം
ചരിത്രത്തില്‍ ക്രിസ്താബ്ദം 313-നുശേഷം, കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം നല്കിയശേഷം ഒലിവുമലയിലെ  തുറസ്സായ പാറമേല്‍, ക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തെന്ന് പാരമ്പര്യമായി ചൂണ്ടിക്കാട്ടിയ സ്ഥാനത്ത് സ്വര്‍ഗ്ഗാരോഹണത്തിന്‍റെ കപ്പേള വിശ്വാസികള്‍ പണിയുകയുണ്ടായി. ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണ സംഭവത്തിന് സാക്ഷ്യമായി ഇന്നു അത് അവിടെ ഉയര്‍ന്നുനില്ക്കുന്നു (The chapel of Ascension). ഇന്നത്തെ സുവിശേഷം വിവരിക്കുന്നത് ഗലീലിയയിലെ ഒലിവുമലയില്‍വച്ച് (Mount of Olives) ക്രിസ്തു ശിഷ്യന്മാര്‍ക്കു നല്കിയ അന്തിമാഹ്വാനമാണ്. (മത്തായി 28, 16-20). ലോകമെമ്പാടും പോയി സകല ജനതകളെയും സുവിശേഷം അറിയിക്കുവാനും, അവിടുന്നു പഠിപ്പിച്ചതെല്ലാം എല്ലാവരോടും പ്രഘോഷിക്കുവാനും ആജ്ഞാപിച്ചു. യുഗാന്തംവരെ അവരുടെകൂടെ താന്‍ ഉണ്ടായിരിക്കുമെന്നും ക്രിസ്തു അവര്‍ക്ക് ഉറപ്പുനില്കി.

3. ശിഷ്യരുടെ കൂടെ വസിക്കുന്ന ചൈതന്യം
പോവുക, പ്രഘോഷിക്കുക! ഇവയാണ് ഇന്നത്തെ സുവിശേഷത്തിന്‍റെ സൂത്രവാക്യങ്ങള്‍. യേശു പിതാവിന്‍റെ പക്കലേയ്ക്കു മടങ്ങിപ്പോവുകയാണ്. എന്നാല്‍ തന്‍റെ ശിഷ്യന്മാരോട് സകല ജനതകളുടേയും പക്കലേയ്ക്കും, ലോകത്തിന്‍റെ നാനാഅതിര്‍ത്തികളിലേയ്ക്കും സുവിശേഷസന്ദേശവുമായി ഇറങ്ങി പുറപ്പെടാന്‍ അവിടുന്നു ആവശ്യപ്പെടുന്നു, ആഹ്വാനംചെയ്യുന്നു. ഭൂമിയിലെ തന്‍റെ ദൗത്യം അവസാനിപ്പിച്ച് പിതൃസന്നിധിയിലേയ്ക്ക് യേശു ആരോഹണംചെയ്യുന്നു. അങ്ങനെ താന്‍ വന്നിടമായ പിതാവിന്‍റെ പക്കലേയ്ക്ക് അവിടുന്നു മടങ്ങിപ്പോകുന്നു.

4. പിതാവിന്‍റെ പക്കലേയ്ക്ക്
അതിനാല്‍ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ക്രിസ്തുവിന്‍റെ ഭൗമിക സാന്നിദ്ധ്യം നവമാണെന്നു നാം മനസ്സിലാക്കണം. ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിലും അവര്‍ നോക്കിനില്ക്കുമ്പോഴുമാണ് അവിടുന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണംചെയ്തത്. അവര്‍ നോക്ക് നില്ക്കുമ്പോള്‍... എന്ന പ്രയോഗം ശ്രദ്ധേയമാണ്. ശിഷ്യന്മാരുടെ ദൃഷ്ടികള്‍ സ്വര്‍ഗ്ഗത്തിലേയ്ക്കായിരുന്നു. ഈ നോട്ടം ഏറെ പ്രതീകാത്മകവും എല്ലാ ക്രൈസ്തവര്‍‍ക്കുമുള്ള സന്ദേശവുമാണ്. അതായത്, നാമെല്ലാവരും പരമമായി ക്രിസ്തുവിനെപ്പോലെ പിതൃസവിധേ എത്തിച്ചേരേണ്ടവരാണെന്ന് ഇന്നത്തെ സ്വര്‍ഗ്ഗാരോഹണ മഹോത്സവം പഠിപ്പിക്കുന്നു. ഇക്കാര്യം യേശു തന്‍റെ ജീവിതകാലത്തുതന്നെ പറഞ്ഞിട്ടുള്ളതാണ്. അവിടുന്ന് പിതാവിന്‍റെ പക്കലേയ്ക്ക് തിരികെ പോകുമെന്നും, താന്‍ പോകുന്നിടത്തേയ്ക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടു പോകുമെന്നും. പിതൃഗേഹത്തില്‍ അനേകം വാസസ്ഥാനങ്ങള്‍ ഉണ്ടെന്നും അവിടുന്നു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍, പെസഹാക്കാലം അഞ്ചാംവാരത്തില്‍ നാം ഈ സുവിശേഷഭാഗം ധ്യാനിച്ചതാണ്.

5. ക്രിസ്തു ഇന്നും ജീവിക്കുന്നു
ഈ വിടപറയല്‍ തന്‍റെ ശിഷ്യന്മാരുമായി ഒരു വിഭജനം സൃഷ്ടിക്കുന്നില്ല. അവിടുന്ന് സ്വര്‍ഗ്ഗാരോഹിതനായെങ്കിലും ശിഷ്യന്മാരുടെകൂടെ യേശു എന്നും വസിക്കുന്നു. ക്രിസ്തു ഇന്നും ജീവിക്കുന്നു, അവിടുന്നു അരൂപിയുടെ ശക്തിയാല്‍ മനുഷ്യചരിത്രത്തിന്‍റെ ഓരോ ചുവടുവയ്പിലും ആത്മചൈതന്യമായ് ജീവിക്കുന്നു. കണ്ണുകള്‍കൊണ്ടു നാം കാണുന്നില്ലെങ്കിലും അവിടുന്ന് നമ്മുടെ കൂടെയുണ്ട്. അദൃശ്യമായ ആ ദൈവികസാന്നിദ്ധ്യം നമ്മെ അനുദിനം നയിക്കുന്നു. അവിടുന്നു നമ്മുടെകൂടെ നടക്കുന്നു, കൈപിടിച്ചു നടത്തുന്നു. വീഴുമ്പോള്‍ താങ്ങുകയും, വീണുപോയാല്‍ എഴുന്നേല്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉത്ഥിതനായ ക്രിസ്തു പീ‍ഡിതരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ചാരത്തുമുണ്ട്. അവിടുന്ന് വേദനിക്കുന്ന ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും സമീപത്തുണ്ട്. നാം ആയിരിക്കുന്ന ഇടങ്ങളിലും അവസ്ഥയിലും അവിടുന്നുണ്ട്. ക്രിസ്തു ഇന്നും ജീവിക്കുന്നു. അവിടുന്നു നമ്മോടു കൂടെയുണ്ട് - ദൈവം നമ്മോടുകൂടെയുണ്ട്!!

6. പിതൃസന്നിധിയിലെ മാദ്ധ്യസ്ഥ്യം

പിതാവിന്‍റെ പക്കലേയ്ക്കു മടങ്ങിയ യേശു മനുഷ്യകുലത്തിനുവേണ്ടി പിതൃസന്നിധിയില്‍ രക്ഷയുടെ സമ്മാനമായി മാറുകയാണ്. അവിടുന്നു ലോകരക്ഷയ്ക്കായ് ഭൗമികജീവിതത്തില്‍ ഏറ്റെടുത്ത മുറിവുകള്‍, മനുഷ്യര്‍ക്കായ് നേടിയ പാപമോചനത്തിന്‍റെ വിലയും അടയാളവുമാണ്. പിതൃസന്നിധിയില്‍ എത്തിയ പുത്രന്‍റെ മുറിപ്പാടുകളുള്ള ദേഹം അവിടുത്തെ രക്ഷണീയ കര്‍മ്മത്തിന്‍റെ സാക്ഷ്യപ്പെടുത്തലാണ്. പുത്രന്‍ ഭൂമിയില്‍ ഏറ്റെടുത്ത രക്ഷണീയ സഹനമാണ് പിതാവിന്‍റെ കാരുണ്യം മനുഷ്യകുലത്തിനു നേടിത്തരുന്നത്. അങ്ങനെ പുത്രന്‍വഴി പിതാവ് മാനവരാശിയുടെ ഏറ്റവും കരുണാര്‍ദ്രനായ പിതാവായി മാറുന്നു. “പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ...,” എന്ന പ്രയോഗം ക്രിസ്തുവില്‍നിന്നും നാം പഠിക്കുന്നു (ലൂക്കാ 6, 36).

ക്രിസ്തുവിന്‍റെ പിതൃസന്നിധിയിലെ സാന്നിദ്ധ്യം മനുഷ്യകുലത്തിന് മാദ്ധ്യസ്ഥശക്തിയാണ്. പിതാവിന്‍റെ കാരുണ്യത്തിനായുള്ള വിലയാണ് പുത്രന്‍റെ കുരിശിലെ സഹനവും പീഡകളും. അതിനാല്‍ വീണുപോകുമ്പോഴും പിതാവിങ്കലേയ്ക്കു തിരിയാനും തിരികെപ്പോകുവാനും മാപ്പുയാചിക്കുവാനും നാം മടിക്കേണ്ടതില്ല. പിതാവിനോട് കാരുണ്യം യാചിക്കാന്‍ മടിക്കേണ്ടതില്ല. അവിടുന്ന് ക്ഷമാശീലനാണ്. പുത്രന്‍റെ മുറിവുകളെ ഓര്‍ത്ത് അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മോടു കരുണകാട്ടുകയും ചെയ്യുന്നു. നമ്മോട് അനന്തമായി ക്ഷമിക്കുന്ന സ്നേഹാര്‍ദ്രനായ ദൈവപിതാവാണ് ദൈവം!

7. ക്രിസ്തുസാന്നിദ്ധ്യത്തില്‍ ജീവിക്കാം
തന്‍റെ പ്രേഷിതരായ ശിഷ്യന്മാരോട് ക്രിസ്തു അവസാനമായി പറയുന്നത്, യുഗാന്തംവരെ അവിടുന്ന് കൂടെ ഉണ്ടായിരിക്കുമെന്നാണ് (മത്തായി 28, 20). ക്രിസ്തുവില്ലാതെ, അവിടുത്തെ സാന്നിദ്ധ്യശക്തിയില്ലാതെ ഒരു ശിഷ്യനോ പ്രേഷിതനോ ഒന്നും തനിച്ച് ചെയ്യുവാന്‍ സാദ്ധ്യമല്ല. അജപാലന ശുശ്രൂഷയിലും പ്രേഷിതമേഖലകളിലും സഭയ്ക്ക് സംഘടനകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ആവശ്യമാണെങ്കിലും, ഉണ്ടെങ്കിലും അവ മതിയെന്നു കരുതുന്നത് അപകടകരമാണ്. യേശുവിന്‍റെ സാന്നിദ്ധ്യവും അവിടുത്തെ അരൂപിയുടെ ചൈതന്യവുമില്ലാതെ എത്ര കാര്യക്ഷമമായും കഠിനമായും അദ്ധ്വാനിച്ചാലും സംഘടിച്ചാലും സംഘടിപ്പിച്ചാലും അവസാനം അവയെല്ലാം ഫലപ്രാപ്തി എത്തണമെന്നില്ല. അതിനാല്‍ യഥാര്‍ത്ഥത്തില്‍ യേശുവിനെ പ്രഘോഷിക്കുവാനും സുവിശേഷം പങ്കുവയ്ക്കുവാനും അവിടുത്തെ സാന്നിദ്ധ്യവും, അരുപിയുടെ ശക്തിയും പ്രചോദനവും നാം എളിമയോടെ നേടേണ്ടിയിരിക്കുന്നു, എളിമയോടെ ജീവിക്കേണ്ടിയിരിക്കുന്നു.

8. പ്രാര്‍ത്ഥന
ഒരു മഹാമാരിയുടെ ദുര്‍ഘടമായ ഈ കാലഘട്ടത്തില്‍ പിതാവിന്‍റെ കാരുണ്യത്തിനായി നമുക്കു പ്രത്യേകം പ്രാര്‍ത്ഥിക്കാം. ആധുനികീകരണവും അതിന്‍റെ അമിതവേഗതയും നമ്മുടെ ജീവിതവഴികളില്‍ പാളിച്ചകള്‍ വരുത്തിയിട്ടുണ്ടെന്ന് കാലികമായ കെടുതികള്‍ തെളിയിക്കുന്നുണ്ട്. നാം സഹോദരങ്ങളെ, വിശിഷ്യ പാവങ്ങളായ സഹോദരങ്ങളെ അവഗണിച്ചു സ്വാര്‍ത്ഥതയില്‍ ജീവിക്കുന്നുണ്ട്. എല്ലാം വെട്ടിപ്പിടിക്കുവാനുള്ള ശ്രമത്തില്‍ പൊതുഭവനമായ ഭൂമി നാം നശിപ്പിക്കുന്നുണ്ട്. പിതാവിനോടു മാപ്പു യാചിക്കാം. അവിടുത്തെ കാരുണ്യം തേടാം. പിതാവു കരുണയുള്ളവനായരിക്കുന്നതുപോലെ നമുക്കും കരുണയുള്ളവരായിരിക്കാം, സ്നേഹമുള്ളവരായി ജീവിക്കാം. പുത്രനെ തന്‍റെ സന്നിധിയില്‍ കൈക്കൊണ്ട അവിടുന്ന് മക്കളായ നമ്മെയും കാരുണ്യത്തോടെ കടാക്ഷിക്കണമേയെന്നു പ്രാര്‍ത്ഥിക്കാം! ഈ വൈറസ്ബാധയില്‍നിന്നും  ലോകത്തെ മോചിക്കണമേ, ഞങ്ങളെ സമാധാനത്തിലേയ്ക്കു നയിക്കണമേ!!

ഗാനമാലപിച്ചത്... കെസ്റ്ററും റെക്സ് ബാന്‍റുമാണ്. രചന ജോസ് പോളയ്ക്കല്‍, സംഗീതം ജെര്‍സണ്‍ ആന്‍റെണി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2020, 09:36