തിരയുക

Vatican News
The coronavirus disease (COVID-19) outbreak, at the Vatican വത്തിക്കാന്‍റെ സ്വിസ്സ് ഗാര്‍ഡുകള്‍  

സ്വിസ്സ് ഗാര്‍ഡുകളുടെ സ്ഥാപനവാര്‍ഷികം ആചരിച്ചു

സഭാസേവനത്തില്‍ ജീവന്‍ സമര്‍പ്പിച്ചവരുടെ പ്രത്യേക അനുസ്മരണം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. റോമാനഗരത്തിന്‍റെ കവര്‍ച്ച
15-Ɔο നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ 1527 മെയ് 6-ന് ഫ്രാന്‍സിലെ ഒരു നാട്ടുരാജാവിന്‍റെ ചെറുസൈന്ന്യം  വത്തിക്കാന്‍ കൊള്ളയടിക്കാന്‍ എത്തിയത് ചരിത്രമാണ്. സൈന്ന്യമില്ലാതിരുന്ന വത്തിക്കാനെ സഹായിക്കാന്‍ മുന്നോട്ടുവന്നത് സ്വിറ്റ്സര്‍ലണ്ടുകാരായ 200-ല്‍ അധികം യുവയോദ്ധാക്കളായിരുന്നു. ഫ്രഞ്ചു പടയുമായുള്ള പോരാട്ടത്തില്‍ 147 സ്വിസ്സ് യോദ്ധാക്കള്‍ കൊല്ലപ്പെട്ടുവെങ്കിലും, ചെറിയ വത്തിക്കാന്‍ രാജ്യം അവര്‍ സംരക്ഷിക്കുകയും, അന്നത്തെ ആഗോള സഭാദ്ധ്യക്ഷനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ക്ലെമന്‍റ് 7-Ɔമന്‍ പാപ്പായെ അടുത്തുള്ള ഏഡ്രിയന്‍ കോട്ടയുടെ സുരക്ഷയിലേയ്ക്ക്, ഇന്നത്തെ ക്യാസില്‍ സന്താഞ്ചലോയിലേയ്ക്ക് രഹസ്യമായി മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ചരിത്രകാരന്മാര്‍ പിന്നീട് ഈ യുദ്ധത്തെ “റോമാ നഗരത്തിന്‍റെ കവര്‍ച്ച”യെന്ന് (sack of Rome) വിശേഷിപ്പിച്ചിട്ടുണ്ട്.

2. സ്വിസ്സ് യുവാക്കളുടെ സമര്‍പ്പണം
വത്തിക്കാന്‍ രാജ്യത്തോടും സഭാദ്ധ്യക്ഷനായ പാപ്പായോടും സ്വിസ്സ് യോദ്ധാക്കള്‍ കാണിച്ച ധീരമായ സമര്‍പ്പണത്തിനു പ്രതിനന്ദിയെന്നോണം ഇന്നും സ്വിറ്റ്സര്‍ലണ്ടിന്‍റെ സൈന്യത്തില്‍ പരിശീലനം നേടിയിട്ടുള്ള യുവയോദ്ധാക്കളാണ് വത്തിക്കാന്‍റെ നിരായുധരായ സൈനീകരും പാപ്പാമാരുടെ അംഗരക്ഷകരുമായി സേവനംചെയ്യുന്നത്.

3. പരേതരായ യോദ്ധാക്കളുടെ അനുസ്മരണം
ലോകത്ത് എവിടെയും, വിശിഷ്യാ ഇറ്റലിയിലും പടര്‍ന്നുപിടിച്ചിട്ടുള്ള മഹാമാരി കണക്കിലെടുത്ത് സ്വിസ്സ് ഗാര്‍ഡിന്‍റെ വാര്‍ഷിക പരിപാടികള്‍ ലഘൂകരിച്ചതായിരുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വത്തിക്കാനിലെ പ്ലൂട്ടോണിക് സിമിത്തേരിയോടു ചേര്‍ന്നുള്ള കന്യകാനാഥയുടെ കപ്പേളയില്‍ പരേതരായ സ്വിസ്സ് ഗാര്‍ഡുകളെ അനുസ്മരിച്ച് അര്‍പ്പിച്ച ദിവ്യബലി മാത്രമായിരുന്നു  ഈ വര്‍ഷത്തെ പ്രത്യേക പരിപാടി.

 

07 May 2020, 07:51