തിരയുക

Coronavirus in Switzerland Coronavirus in Switzerland 

സൃഷ്ടിയില്‍ തിങ്ങിനില്ക്കുന്ന ദൈവികസാന്നിദ്ധ്യം

89-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം. ദൈവത്തിന്‍റെ നിഗൂഢമായ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ആത്മീയവിചിന്തനം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

89-‍Ɔο സങ്കീര്‍ത്തന പഠനം - ഭാഗം നാല്

1. ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്ന ഗീതം
സങ്കീര്‍ത്തനം 89, കൃതഞ്ജതാഗീതത്തിന്‍റെ ആത്മീയവിചിന്തനം രണ്ടാം ഭാഗം 5-മുതല്‍ 
18-വരെയുള്ള വരികളാണിന്നു പഠിക്കുന്നത്. ഘടനയിലും സ്വഭാവത്തിലും ഈ ഗീതം ഒരു രാജകീയ സങ്കീര്‍ത്തനമാണല്ലോ! കാരണം ദൈവത്തെയാണ് നന്ദിയോടെ രാജാവായി സ്തുതിക്കുന്നത്. ജീവിതത്തില്‍ അവിടുന്നു വര്‍ഷിച്ച നന്മകള്‍ വരികളില്‍ ഗായകന്‍ പ്രകീര്‍ത്തിക്കുന്നു. പ്രത്യേകിച്ച് ഇന്നു നാം പഠിക്കുവാന്‍ പോകുന്ന വരികള്‍ ദൈവിക നന്മകളുടെ സ്തുതിപ്പാണെന്നു പറയാം. “കര്‍ത്താവേ, ആകാശം അങ്ങയുടെ അത്ഭുതങ്ങളെ സ്തുതിക്കട്ടെ,” എന്ന് അഞ്ചാമത്തെ വരി പ്രസ്താവിക്കുന്നു. അതായത് ഒരു രാജാവ് ജനത്തിനായി നിയുക്തനായ സംഭവം മനുഷ്യപ്രേരിതം മാത്രമല്ല, അത് ഉന്നതങ്ങളില്‍നിന്ന്, സാധാരണ ജനങ്ങളുടെ ചിന്തയിലും വാക്കുകളിലും ദൈവത്തില്‍നിന്നുമുള്ള അരുളപ്പാടാണെന്നാണ് സങ്കീര്‍ത്തകന്‍ വിവരിക്കുന്നത്.

2. തിരഞ്ഞെടുപ്പ് ഒരു ദൈവനിയോഗം
മനുഷ്യരുടെ തിരഞ്ഞെടുപ്പില്‍ ദൈവത്തിന്‍റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നുവേണം നമുക്കു മനസ്സിലാക്കുവാന്‍. അതായത് ദാവീദു രാജാവിന്‍റെ തിരഞ്ഞെടുപ്പ് ഒരു യുഗാന്തശാസ്ത്ര സംഭവമാണെന്നുവേണം മനസ്സിലാക്കുവാന്‍ (an event with a reference to eschatology). ഇതിന് സമാനമായൊരു വിവരണം 82-Ɔο സങ്കീര്‍ത്തനത്തിലും കാണുന്നുണ്ട്. ഭൂമിയില്‍ ഇസ്രായേലിന്‍റെ സൈന്ന്യവ്യൂഹവും മുകളില്‍ സ്വര്‍ഗ്ഗീയ വൃന്ദങ്ങളും ചേര്‍ന്നുള്ള കൂട്ടത്തെ ഇസ്രായേലിന്‍റെ രാജാവിനാല്‍ നയിക്കപ്പെടുന്നു എന്നു സൂചിപ്പിക്കുന്നതാണ് ആ വരി. അങ്ങനെയുള്ള “നീതിമാന്മാരുടെ സമൂഹത്തില്‍ ദൈവത്തിന്‍റെ വിശ്വസ്തത വാഴ്ത്തപ്പെടുന്നു, പ്രകീര്‍ത്തിക്കപ്പെടുന്നു” എന്ന് സങ്കീര്‍ത്തകന്‍ എടുത്തുപറയുന്നു.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Ps 89 Unit One
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നൂ
നിന്‍റെ അചഞ്ചലസ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

3. ദൈവത്തിന്‍റെ വിശ്വസ്തത
ഇസ്രായേലിന്‍റെ രാജാവ് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പായിരുന്നു എന്നത് ജനത്തിന്‍റെ വിശ്വാസമായിരുന്നു. അവര്‍ രാജാവിനെ ദൈവത്തിന്‍റെ പ്രതിപുരുഷനായി കാണുകയും ആദരിക്കുകയും ചെയ്തിരുന്നു. ജനം ദൈവത്തോടു കാണിക്കുന്ന ഈ ആദരവും അവിടുന്നു അവരോടു കാണിക്കുന്ന വിശ്വസ്തതയും ആനുപാതീകമായിരുന്നെന്ന് നമുക്ക് അനുമാനിക്കാം, അല്ല, പാഠമാക്കാം. ഇസ്രായേല്‍,  ദൈവത്തിന്‍റെ ഉടമ്പടിയുടെ ജനമാണ്. പൂര്‍വ്വപിതാക്കന്മാരുമായി ദൈവം ചെയ്ത ഉടമ്പടിയാലാണ് അവരെ ദൈവിക വിശ്വസ്തതയില്‍ ഭാഗഭാക്കുകളാക്കുന്നത്, അതിന് പാത്രീഭൂതരാക്കുന്നത്. “നീതിമാന്മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കട്ടെ!” എന്താണീ ദൈവിക വിശ്വസ്തത? അതു നമുക്കു പരിശോധിക്കാം. മനുഷ്യര്‍ ജീവിക്കുന്ന പ്രകൃതിയില്‍ത്തന്നെയാണ് ദൈവത്തിന്‍റെ വിശ്വസ്തത സങ്കീര്‍ത്തകന്‍ നിരീക്ഷിക്കുന്നതെന്ന് ഗീതത്തിന്‍റെ വരികള്‍ വ്യക്തമാക്കുന്നതു ശ്രദ്ധിക്കാം.

Recitation of Verses 9-14
ദൈവം ഇളകിമറിയുന്ന കടലിനെ ഭരിക്കുന്നു,
തിരമാലകള്‍ ഉയരുമ്പോള്‍ അങ്ങ് അവയെ ശാന്തമാക്കുന്നു.
അങ്ങു റാഹാബിനെ തകര്‍ത്തു,
കരുത്തുറ്റകരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.
ആകാശം അങ്ങയുടേതാണ്, ഭൂമിയും അങ്ങയുടേതാണ്,
ലോകവും അതിലുള്ള സമസ്ഥവും അങ്ങാണു സ്ഥാപിച്ചത്,
ദക്ഷിണോത്തരദിക്കുകള്‍ അങ്ങു സൃഷ്ടിച്ചു.
താബോറും ഹെര്‍മോണും അങ്ങയുടെ നാമത്തെ ആഹ്ലാദത്തോടെ പുകഴ്ത്തുന്നു.
അങ്ങയുടെ ഭുജം ശക്തിയുള്ളതാണ്. അങ്ങയുടെ കരം കരുത്തുറ്റതാണ്.
അങ്ങേ വലതുകൈ ഉയര്‍ത്തിയിരിക്കുന്നു.
നീതിയിലും ന്യായത്തിലും അങ്ങു സിംഹാസനം ഉറപ്പിച്ചിരിക്കുന്നു,
കാരുണ്യവും വിശ്വസ്തതയും അങ്ങയുടെ മുന്‍പേ നീങ്ങുന്നു.

ഉല്പത്തിപ്പുസ്തകത്തില്‍ നോഹുമായി ഉടമ്പടിയുണ്ടാക്കുകയും, നോഹിനെയും കുടുംബത്തെയും ദൈവം സംരക്ഷിക്കുകയും ചെയ്തപ്പോള്‍, ആ സംഭവത്തില്‍ ദര്‍ശിക്കേണ്ടതും മനസ്സിലാക്കേണ്ടതും, സങ്കീര്‍ത്തകന്‍ സ്തുതിക്കുന്ന ദൈവത്തിന്‍റെ പരിപാലനയുടെ വിശ്വസ്തതയാണ്.

Musical Version of Ps 89 Unit two
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

4. സ്രഷ്ടാവിന്‍റെ വൈഭവങ്ങള്‍
ദൈവം ഭൂമിയുടെയും ആകാശവിതാനങ്ങളുടെയും സകലത്തിന്‍റെയും സ്രഷ്ടാവാണ്. ഭൂമിയിലെ സകല പക്ഷിമൃഗാദികളും,  മലകളും മാമരങ്ങളും അവയെല്ലാറ്റിനെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനെ പ്രഥമദൃഷ്ടാ സ്തുതിച്ചു പാടുകയാണെന്ന് അവയുടെ മനോഹാരിതയില്‍നിന്ന് നമുക്കു മനസ്സിലാക്കാം. മരച്ചില്ലയിലിരുന്നു ചിലയ്ക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്നൊരു കുരുവിയെ കാണുമ്പോള്‍ ആശ്ചര്യത്തോടെ ചിന്തിച്ചുപോകും, ഇവ എവിടെനിന്നു വന്നു, എങ്ങനെ ജീവിക്കുന്നു, ആരു നല്കി ഇതിനീ വര്‍ണ്ണവും ഭംഗിയും നാദവും. ഇനി, ആര്‍ത്തിരമ്പുന്ന തിരമാലയും, പറ്റമായി പറന്നിറങ്ങുന്ന വെട്ടുകിളികളും ദൈവികമഹിമാവിനെ സ്തുതിക്കുന്നില്ലേ? അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ പാടുന്നത്.

Recitation of Verse 13
ദൈവമേ, അങ്ങയുടെ ഭുജം ശക്തിയുള്ളതാണ്.
അങ്ങയുടെ കരം കരുത്തുറ്റതാണ്.
അങ്ങു വലതുകൈ ഉയര്‍ത്തിയിരിക്കുന്നു.

സ്ഥലകാല സീമകളില്‍പ്പോലും ദൈവത്തിന്‍റെ കരങ്ങള്‍ നമുക്കു ചുറ്റും പ്രകൃതിയിലും പ്രപഞ്ചത്തിലും കാണാം. കാറ്റിലും കോളിലും കൊറോണയെന്ന ചെറു മാരകാണുവിലും ദൈവികകരങ്ങള്‍ നാം കാണേണ്ടിയിരിക്കുന്നു. എന്നാല്‍ സൃഷ്ടാവായ അവിടുന്ന് ഇവയ്ക്കെല്ലാം പിന്നില്‍ നിഗൂഢനായിരിക്കുന്നെന്നാണ് സങ്കീര്‍ത്തകന്‍ പഠിപ്പിക്കുന്നത്.

5. ദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍
സീനായ് മലയില്‍ മോശ ദൈവസന്നിധിയില്‍ കല്പനകള്‍ സ്വീകരിക്കുമ്പോള്‍ ജനം താഴെ കാത്തുനില്ക്കുന്നു. ദൈവം നിഗൂഢമായി സന്നിഹിതനായിരുന്ന കനത്ത മേഘത്തെ മോശ സമീപിച്ചെന്ന് പുറപ്പാടു ഗ്രന്ഥം രേഖപ്പെടുത്തുന്നു. (പുറപ്പാട് 20, 21). അതിനാല്‍ നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തന വരികള്‍ പ്രതിപാദിക്കുന്നതുപോലെ, തിന്മയുടെ പ്രതീകമായിരുന്ന റാഹാബിനെ തകര്‍ത്തത് മോശയല്ല, മറിച്ച് ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങളാണ്. പുറപ്പാട്ഗ്രന്ഥം അത് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട് :

ദൈവമേ, അങ്ങയുടെ വലതുകൈ ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു,
ദൈവമേ, അങ്ങയുടെ വലതുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു
- പുറപ്പാട് 15, 6).
പുറപ്പാടു ഗ്രന്ഥത്തിലെ ചിന്തകള്‍ സങ്കീര്‍ത്തകനും ആവര്‍ത്തിക്കുന്നതുപോലെയാണ്.

Recitation of Verses 12-13.

താബോറും ഹെര്‍മോണും അങ്ങയുടെ നാമത്തെ
ആഹ്ലാദത്തോടെ പുകഴ്ത്തുന്നു.
അങ്ങയുടെ ഭുജം ശക്തിയുള്ളതാണ്.
അങ്ങയുടെ കരം കരുത്തുറ്റതാണ്.
അങ്ങു വലതുകൈ ഉയര്‍ത്തിയിരിക്കുന്നു (സങ്കീ. 89, 12-13).

6. സ്രഷ്ടാവിന്‍റെ അദൃശ്യസാന്നിദ്ധ്യം
ഇവിടെ രണ്ടു മലകളാണ് പ്രതിപാദിക്കപ്പെടുന്നത്, താബോറും ഹെര്‍മോണും. താബോര്‍ പുണ്യമലയാണെങ്കില്‍, വിജാതീയ ദേവതകളെ പ്രീതിപ്പെടുത്തിയിരുന്ന ഹെര്‍മോണ്‍ അകൃത്യങ്ങളുടെ കേന്ദ്രമായിരുന്നു.  ദൈവം നന്മയായി തന്ന പ്രകൃതി രമണീയമായ സ്ഥാനങ്ങള്‍ ഒരു കാലത്ത് മനുഷ്യര്‍ അവയെ മാറ്റിമറിച്ചു.  ഇന്നും നമുക്കു ചുറ്റും അതു സംഭവിക്കുന്നുണ്ട്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ മനുഷ്യര്‍തന്നെ അനുഭവിക്കേണ്ടിയും വരുന്നുണ്ട്. എന്നാല്‍ അദൃശ്യമായ ദൈവിക സാന്നിദ്ധ്യം പ്രപഞ്ചത്തില്‍ എവിടെയും കാണുന്ന സങ്കീര്‍ത്തകന്‍ ദൈവത്തെ സ്തുതിച്ചു പാടുന്നത് നന്മയില്‍ ജീവിക്കുവാനും, നന്മയില്‍ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുവാനുള്ളൊരു ആഹ്വാനവും പ്രചോദനവുമായി ഈ ആത്മീയ വിചിന്തനത്തിന്‍റെ രണ്ടാം ഭാഗത്ത് നമുക്ക് ഉള്‍ക്കൊള്ളാം.

Musical Version of Ps 89 Unit two & three
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

കര്‍ത്താവേ, അങ്ങാണു ഞങ്ങളുടെ പരിചയും കോട്ടയും
ഇസ്രായേലിന്‍റെ പരിശുദ്ധനും അതിന്‍റെ രാജാവും അങ്ങാകുന്നു
പണ്ടൊരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ ജനത്തോട് അരുള്‍ചെയ്തു
ശക്തനായ ഒരവനെ ഞാന്‍ കിരീടമണിയിച്ചൂ.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

അടുത്തയാഴ്ചയിലും സങ്കീര്‍ത്തനം 89-ന്‍റെ വരികളുടെ ആത്മീയവിചിന്തനം തുടരും. (ഭാഗം അഞ്ച്). 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 April 2020, 12:14