ജീവിതത്തോണിയുടെ അണയത്തെ ദൈവികസാന്നിദ്ധ്യം
മാര്‍ച്ച് 27, വെള്ളിയാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച പ്രാര്‍ത്ഥന ശുശ്രൂഷയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്താമലരുകള്‍ - ആദ്യഭാഗം :
പരിപാടി ഒരുക്കിയത് : മരിയ ഡാവിനയും ഫാദര്‍ വില്യം നെല്ലിക്കലും.
1. ഗലീലിയക്കടലിലെ കൊടുങ്കാറ്റ്
“സായാഹ്നമായി ഇരുള്‍ മൂടിയിരുന്നു...” (മര്‍ക്കോസ് 4, 35). ഇങ്ങനെയാണ് യേശു കടലിനെ ശാന്തമാക്കിയ സംഭവം വിവരിക്കുന്ന മര്‍ക്കോസിന്‍റെ സുവിശേഷഭാഗം ആരംഭിക്കുന്നത്. നമ്മുടെ നഗരങ്ങളിലും ചത്വരങ്ങളിലും തെരുവുകളിലും ഈ നാളുകളില്‍ ഇരുള്‍ മൂടിയിരിക്കുകയാണ്. കാതടപ്പിക്കുന്ന ഒരു നിശ്ശബ്ദത എങ്ങും വ്യാപിക്കുകയും ഞങ്ങളുടെ ജീവിതങ്ങളെ അത് ഗ്രസിച്ചിരിക്കുകയും ചെയ്യുന്നു. കടന്നുപോകുന്ന എല്ലാറ്റിനെയും അത് പിടിച്ചുനിര്‍ത്തുന്നു. നിരാശാജനകമായ ഒരു ശൂന്യതയായിട്ടാണ് ഈ നിശ്ശബ്ദത എങ്ങും അനുഭവപ്പെടുന്നത്. ജനങ്ങളുടെ നോട്ടങ്ങളിലും ഭാവങ്ങളിലും അതു ശ്രദ്ധേയമാണ്. നാം നമ്മെത്തന്നെ ഭയക്കുന്നവരും, എല്ലാം നഷ്ടപ്പെട്ടവരുമായി മാറിയിരിക്കുന്നു.
2. ലോകം അനുഭവിക്കുന്ന പ്രക്ഷുബ്ധമായ ജീവിതം
സുവിശേഷം വിവരിക്കുന്ന സംഭവത്തിലെ ശിഷ്യന്മാരെപ്പോലെ നമ്മളും അപ്രതീക്ഷിതവും പ്രക്ഷുബ്ധവുമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടിരിക്കുകയാണ്. നാമെല്ലാം ഒരേ വഞ്ചിയിലാണെന്നും, ലക്ഷ്യബോധം നഷ്ടപ്പെട്ടവരും ബലഹീനരുമാണെന്നും അറിയുന്നു. പക്ഷെ, അതേ സമയം നാം ഓരോരുത്തരും അപരനെ ആശ്വസിപ്പിക്കേണ്ടതാണെന്നും, മുങ്ങാതിരിക്കണമെങ്കില്‍ എല്ലാവരും ഒരുമിച്ചു തുഴയേണ്ടതിന്‍റെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കേണ്ടിയുമിരിക്കുന്നു. നാം എല്ലാവരും ഒരേ വഞ്ചിയില്‍നിന്നാണ് ഉല്‍ക്കണ്ഠയോടെ ഒരേസ്വരത്തില്‍ കേഴുന്നത്. “ഞങ്ങള്‍ മുങ്ങിപ്പോവുകയാണെ”ന്നു കേണപേക്ഷിച്ച ശിഷ്യന്മാരെപ്പോലെ (38), നമ്മെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. പക്ഷെ, ഇപ്പോള്‍ മനസ്സിലാകാന്‍ തുടങ്ങുകയാണ് നമ്മെക്കുറിച്ചു മാത്രം ചിന്തയുള്ളവരായി ജീവിച്ചാല്‍പ്പോരെന്നും, ഒത്തൊരുമിച്ചു മാത്രമേ മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കുവാനും രക്ഷനേടുവാനും സാധിക്കൂവെന്നും!
3. തോണിയുടെ അണയത്ത് ഉറങ്ങിയ ക്രിസ്തു
ക്രിസ്തുവും ശിഷ്യന്മാരും ഗലീലിയായുടെ മറുകരയിലേയ്ക്കു തോണിയില്‍ യാത്രചെയ്യവേ അനുഭവിച്ച കൊടുങ്കാറ്റില്‍ നമ്മെയും ഉള്‍ച്ചേര്‍ക്കുവാനും തിരിച്ചറിയുവാനും എളുപ്പമാണ്. ഇവിടെ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുള്ളത് ക്രിസ്തുവിന്‍റെ മനോഭാവമാണ്. ശിഷ്യന്മാരെല്ലാം സ്വാഭാവികമായും ഭയചകിതരും നിരാശരുമായിരിക്കുമ്പോള്‍, അവിടുന്നു ആദ്യം മുങ്ങിപ്പോകുന്ന വഞ്ചിയുടെ മുന്‍ഭാഗമായ അണയത്ത് വിശ്രമിക്കുന്നു. അവിടുന്ന് എന്താണ് ചെയ്തത്? കൊടുങ്കാറ്റുണ്ടായിരുന്നെങ്കിലും പിതാവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ക്രിസ്തു ശാന്തമായി ഉറങ്ങുകയായിരുന്നു. യേശു ഉറങ്ങുന്നതായി സുവിശേഷത്തില്‍ ഓരേയൊരു തവണ നാം കാണുന്നത് ഇവിടെയാണ്. അവിടുന്ന് ഉണര്‍ന്ന ഉടനെ കാറ്റിനെയും കടലിനെയും ശാന്തമാക്കി. എന്നിട്ട് ശിഷ്യന്മാര്‍ക്കു നേരെ തിരിഞ്ഞ് ശാസനാ സ്വരത്തില്‍ പറഞ്ഞു. നിങ്ങളെന്തിനാണ് പേടിക്കുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ? (40).
4. പതറിയ വിശ്വാസം
ഇനിയും നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. യേശുവിന്‍റെ രീതിക്ക് വിരുദ്ധമായി എന്തായിരുന്നു ശിഷ്യന്മാരില്‍ നാം കാണുന്ന വിശ്വാസത്തിന്‍റെ പോരായ്മ? യേശുവില്‍ അവര്‍ക്കുള്ള വിശ്വാസം അറ്റുപോയിരുന്നില്ല. വാസ്തവത്തില്‍ അവര്‍ ഗുരുവിനെ വിളിച്ചപേക്ഷിക്കുകയാണു ചെയ്തത്. അവിടുത്തെ വിളിച്ചുണര്‍ത്തിയ രീതിയാണ് നാം പരിശോധിക്കേണ്ടത്. ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നു. ഞങ്ങളെക്കുറിച്ച് അങ്ങേയ്ക്ക് ശ്രദ്ധയില്ലേ? (38). അങ്ങ് ശ്രദ്ധിക്കുന്നില്ലേ? അതായത് യേശുവിന് അവരില്‍ താല്പര്യമില്ലെന്ന് ശിഷ്യന്മാര്‍ ചിന്തിച്ചു. അവരെക്കുറിച്ച് ശ്രദ്ധയില്ലെന്ന് അവര്‍ വിചാരിച്ചു പോയി.
നമ്മളെയും കുടുംബങ്ങളെയും ഏറ്റവുമധികം വേദനിപ്പിക്കുന്ന കാര്യങ്ങളിലൊന്ന്, “എന്നെക്കുറിച്ച് നിങ്ങള്‍ക്ക് ശ്രദ്ധയില്ലേ?” എന്നുള്ള പരാതി കേള്‍ക്കുമ്പോഴാണ്. ഹൃദയത്തെ മുറിപ്പെടുത്തുകയും, മനസ്സില്‍ കൊടുങ്കാറ്റു വീശുകയും ചെയ്യുന്നു. തീര്‍ച്ചയായും അത്തരമൊരു പ്രയോഗം ശിഷ്യന്മാരില്‍നിന്നു വന്നത് യേശുവിനെയും പിടിച്ചു കുലുക്കിയിരിക്കാം. കാരണം, അവിടുന്ന് മറ്റാരെയുംകാള്‍ അവരില്‍ ശ്രദ്ധാലുവായിരുന്നു, അവരെ സ്നേഹിച്ചിരുന്നു. അതുകൊണ്ടാണ് അവിടുത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവരുടെ ധൈര്യമില്ലായ്മയില്‍നിന്ന് അവിടുന്ന് ആദ്യം ശിഷ്യന്മാരെ രക്ഷിച്ചത്. അവിടുന്നു കടലിനെ ശാന്തമാക്കിയത്.
5. മാനുഷിക ദൗര്‍ബല്യത്തെ തുറന്നുകാട്ടിയ കൊടുങ്കാറ്റ്
ശിഷ്യന്മാരുടെ ബലഹീനതയെ കൊടുങ്കാറ്റ് തുറന്നു കാട്ടുകയാണ്. അതുപോലെ നമ്മുടെയും അനുദിന പരിപാടികളും പദ്ധതികളും ശീലങ്ങളും മുന്‍ഗണനകളും എന്തിനെ ചുറ്റിപ്പറ്റിയാണോ പടുത്തുയര്‍ത്തിയിരിക്കുന്നത് ആ വ്യാജവും ഉപരിപ്ലവവുമായ സുനിശ്ചിതത്വങ്ങളെ ജീവിതയാത്രയിലെ പ്രതിസന്ധികള്‍ പലപ്പോഴും പൊളിച്ചു മാറ്റും. നമ്മെ പരിപോഷിപ്പിക്കുകയും, നിലനിര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്ത കാര്യങ്ങള്‍തന്നെ നമ്മെ ക്ഷീണിതരും ബലഹീനരുമാക്കി മാറ്റുവാന്‍ ഇടയാക്കുമെന്നാണ് ഗലീലിയക്കടലിലെ കൊടുങ്കാറ്റിന്‍റെ കഥ നമ്മെ പഠിപ്പിക്കുന്നത്. ജനങ്ങളെയും അവരുടെ ആത്മാക്കളെയും പരിപുഷ്ടരാക്കിയിരുന്നതെന്ന് വിശ്വസിച്ചിരുന്ന പൊതിഞ്ഞുകെട്ടിയ ആശയങ്ങളും, മറവിയില്‍ മൂടിവെച്ചിരുന്ന പഴയ രീതികളുമെല്ലാം കൊടുങ്കാറ്റു വെളിച്ചത്തുകൊണ്ടുവരുന്നു.
6. ജീവന്‍ ദൈവികദാനം
രക്ഷിക്കുമെന്ന് ഉറപ്പുനല്കിയ പ്രത്യയശാസ്ത്രങ്ങളും ചിന്താഗതികളും, ശാസ്ത്രവും സാങ്കേതികതകളും അവയുടെ പ്രവര്‍ത്തന രീതികളുമെല്ലാം നമ്മുടെ വിശ്വാസ ബോധ്യത്തെ മന്ദീഭവിപ്പിക്കുകയും മരവിപ്പിക്കുകയുംചെയ്യുന്ന ശ്രമങ്ങള്‍ മാത്രമായിരുന്നു. നമുക്കുമുന്നേ കടന്നുപോയവരെക്കുറിച്ചുള്ള സ്മരണകള്‍ സജീവമായി സൂക്ഷിക്കുന്നതിലും, നമ്മുടെ വേരുകളെ തൊട്ടറിയിക്കുന്നതിലും അവയ്ക്ക് പ്രാപ്തിയില്ലെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു. പ്രതിബന്ധങ്ങളെ നേരിടുവാനുള്ള ശാരീരികമായ പ്രതിരോധങ്ങള്‍ കണ്ടെത്തുന്നതില്‍നിന്ന് അതുമൂലം നാം നമ്മെത്തന്നെ അകറ്റിനിര്‍ത്തുകയാണ്. ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളില്‍ എല്ലായ്പ്പോഴും നമ്മുടെതന്നെ ചില സ്ഥിരം ചേരുവകള്‍കൊണ്ടു ചമയം തീര്‍ത്ത്, സ്വന്തം പ്രതിഛായ സംരക്ഷിക്കുവാനുള്ള തത്രപ്പാടും വ്യാകുലപ്പെടലുമാണ് നാം കാട്ടിക്കൂട്ടുന്നത്.
എന്നാല്‍ ഇന്നു നമ്മുടെ അഹന്തകള്‍ പ്രഭ മങ്ങിനില്ക്കുകയും എടുപ്പുകളെല്ലാം വീണടിഞ്ഞു കിടക്കുകയും ചെയ്യുകയാണെന്ന സത്യം ദുരന്തം വെളിപ്പെടുത്തുന്നു. എല്ലാം നന്മയായി രൂപാന്തരപ്പെടുത്തുവാനും, തിന്മകള്‍പോലും നന്മയാക്കി മാറ്റുവാനും കരുത്തുള്ള ശക്തിയാണ് ദൈവമെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവിടുന്ന് നമ്മുടെ ജീവിതത്തിന്‍റെ കൊടുങ്കാറ്റു ശമിപ്പിക്കും, കാരണം ദൈവകരങ്ങളില്‍ മനുഷ്യജീവന്‍ അമര്‍ത്ത്യമാണ്.
7. എന്തിനു ഭയപ്പെടുന്നു... വിശ്വാസമില്ലേ...!
“നിങ്ങളെന്തിന് ഭയപ്പെടുന്നു? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” അങ്ങയുടെ വാക്കുകള്‍ ഈ സായാഹ്നത്തില്‍ ഞങ്ങളെ എല്ലാവരെയും പ്രഹരിക്കുകയും ഒപ്പം തഴുകുകയും ചെയ്യുന്നു. ശക്തരാണെന്നും എന്തും ചെയ്യുവാന്‍ കരുത്തുള്ളവരാണെന്നുമുള്ള തോന്നലോടെ ഞങ്ങള്‍ സ്നേഹിക്കുന്നതിനെക്കാള്‍ അങ്ങു സ്നേഹിക്കുന്ന ഈ ലോകത്തില്‍ ഞങ്ങള്‍ ഭ്രാന്തവേഗത്തിലാണ് കുതിക്കുന്നത്. ലാഭത്തോടുള്ള ആര്‍ത്തിയാലും ധൃതിയാലും വഴിതെറ്റിയ ഞങ്ങള്‍ പല തിന്മകളിലും അകപ്പെട്ടുപോയി. ഞങ്ങള്‍ക്ക് അങ്ങു നല്കിയ താക്കീതുകള്‍ ഞങ്ങള്‍ കണക്കിലെടുക്കുകയോ, അവയെ തടയാന്‍ വഴിതേടുകയോ ചെയ്തില്ല. ലോകമെമ്പാടുമുള്ള യുദ്ധങ്ങളും അനീതിയും ഞങ്ങളെ ലവലേശം ഉണര്‍ത്തിയില്ല. രോഗാതുരമായ ഞങ്ങളുടെ ഭൂമിയുടെയും, അതിലെ പാവങ്ങളുടെയും കരച്ചില്‍ ഞങ്ങള്‍ ചെവിക്കൊണ്ടില്ല. രോഗഗ്രസ്ഥമായ ഒരു ലോകത്തില്‍ ആരോഗ്യവാന്മാരായിരിക്കാം എന്ന് ചിന്തിച്ചുകൊണ്ട് ആരോടും ഒന്നിനോടും പരിഗണനയൊന്നുമില്ലാതെ ഞങ്ങള്‍ ജീവിതം തുടരുകയായിരുന്നു. ഇപ്പോഴിതാ, ഞങ്ങള്‍ പ്രക്ഷുബ്ധമായ ഒരു കടലില്‍നിന്ന് അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ദൈവമേ, അങ്ങ് ഉണര്‍ന്ന്, ഞങ്ങളെ രക്ഷിക്കണമേ!
8. വീണ്ടും വിളിക്കുന്ന ദൈവം
“എന്തിനു നിങ്ങള്‍ ഭയപ്പെടുന്നു? നിങ്ങള്‍ക്കു വിശ്വാസമില്ലേ?” ഇതേ വാക്കുകളില്‍, ദൈവമേ, അങ്ങ് ഇന്നും ഞങ്ങളെ വിളിക്കുകയാണ്, ഈ വിളി വിശ്വാസത്തിലേയ്ക്കുള്ള വിളിയാണ്. ഞങ്ങള്‍ ജീവിക്കുന്നത് അങ്ങിലേയ്ക്ക് അടുക്കുവാനും അങ്ങില്‍ വിശ്വസിക്കുന്നതിനുമാണ്.
ഈ മഹാമാരിയുടെ പ്രതിസന്ധിയിലും അങ്ങയുടെ വിളി അടിയന്തിരമായി ചുറ്റും പ്രതിധ്വനിക്കുന്നുണ്ട്. പ്രവാചകശബ്ദം ഇന്നും ഞങ്ങള്‍ കേള്‍ക്കുന്നു, “ഇനിയെങ്കിലും വിലാപത്തോടും നെടുവീര്‍പ്പോടും പൂര്‍ണ്ണഹൃദയത്തോടുംകൂടെ നിങ്ങള്‍ എന്‍റെ അടുക്കലേയ്ക്കു തിരികെ വരുവിന്‍” (ജോയേല്‍ 2, 12). അങ്ങയെ ഞങ്ങള്‍ വിളിക്കുന്നത് ഈ പരീക്ഷണത്തിന്‍റെ കാലത്തിന് അറുതിവരുത്തി അതൊരു തിരഞ്ഞെടുപ്പിന്‍റെയും ആത്മനവീകരണത്തിന്‍റെയും സമയമാക്കുവാനാണ്. ദൈവമേ, അങ്ങ് ഉണര്‍ന്ന് ഞങ്ങളെ രക്ഷിക്കണമേ!
ഇത് ദൈവിക വിധിയുടെ സമയമല്ല, മറിച്ച് നമ്മുടെ തിരഞ്ഞെടുപ്പിന്‍റെയും തീരുമാനത്തിന്‍റെയും നവീകരണത്തിന്‍റെയും സമയമാണ്. നന്മയ്ക്കും തിന്മയ്ക്കും, ഫലവത്തായവയ്ക്കും ഫലശൂന്യമായവയ്ക്കും ഇടയിലെ ഒരു തിരഞ്ഞെടുപ്പിലേയ്ക്കാണ് ദൈവം നമ്മെ വിളിക്കുന്നത്. ദൈവമേ, ഞങ്ങളുടെ ജീവിതങ്ങള്‍ അങ്ങിലേയ്ക്കും, അങ്ങേ നന്മയുടെ വഴിയിലേയ്ക്കും, സഹോദരങ്ങളിലേയ്ക്കും തിരിക്കേണ്ട അവസരമാണിത്. ജീവിതവഴികളില്‍ മാതൃകയാക്കാവുന്ന എത്രയോ നല്ല മനുഷ്യര്‍, എത്രയെത്ര വിശുദ്ധാത്മാക്കള്‍ അവര്‍ സഹോദരങ്ങള്‍ക്കായ് ജീവിതം വിശ്വസ്തതയോടെ സമര്‍പ്പിച്ചവരാണ്.
9. സഹോദരങ്ങള്‍ക്കായ് സ്വയാര്‍പ്പണംചെയ്തവര്‍
ഉദാരവും ധീരവുമായ സ്വയാര്‍പ്പണത്തിന്‍റെയും ആത്മനിരാസത്തിന്‍റെയും പാതയില്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതമായ ശക്തിയാണ് അവരില്‍ കാണുന്നത്. എങ്ങനെ ഞങ്ങളുടെ ജീവിതങ്ങള്‍ സാധാരണ ജനങ്ങളുമായി ഇഴചേര്‍ത്തിരിക്കുന്നുവെന്നും, അവര്‍ക്കൊപ്പം നിലനില്ക്കുകയും, വീണ്ടെടുക്കപ്പെടുകയും, വിലമതിക്കപ്പെടുകയും ചെയ്യുന്നുവെന്നു വെളിവാക്കുന്ന പരിശുദ്ധാത്മാവിലുള്ള ജീവിതങ്ങളാണ് വിശുദ്ധാത്മാക്കളുടേത്.
പത്രമാസികകളുടെ തലക്കെട്ടുകളിലോ വര്‍ണ്ണാഭയുള്ള "ടി.വി.ഷോ"യുടെ ഗംഭീരന്‍ അരങ്ങുകളിലോ പ്രത്യക്ഷപ്പെടാതെ പലപ്പോഴും വിസ്മൃതിയില്‍ ആണ്ടുപോകുന്ന വ്യക്തികള്‍ ലോകത്ത് ധാരാളമാണ്. പക്ഷെ അവരാണ് ഈ ദിനങ്ങളില്‍ നമ്മുടെ കാലത്തെ നിര്‍ണ്ണായകമായ സംഭവവികാസങ്ങള്‍ രചിക്കുന്നതെന്നത് തര്‍ക്കമറ്റ കാര്യമാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രികളിലെ ജീവനക്കാര്‍, ശുചീകരണ പ്രവര്‍ത്തകര്‍, ശുശ്രൂഷകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, അതിലെ മെഡിക്കല്‍ സ്റ്റാഫ്, നിയമപാലകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, പുരോഹിതര്‍, സന്ന്യസ്തര്‍, അങ്ങനെ മറ്റ് അനവധിപേര്‍! തങ്ങള്‍ മാത്രമായി ആരും രക്ഷിക്കപ്പെടുന്നില്ലെന്ന് മനസ്സിലാക്കി മറ്റുള്ളവര്‍ക്കുവേണ്ടി സേവനംചെയ്യുന്നരാണവര്‍. ജനതകളുടെ യഥാര്‍ത്ഥമായ വികസനം വിലയിരുത്തപ്പെടുന്ന ഇത്രയധികം യാതനകളുടെ മുഖത്ത്, യേശുവിന്‍റെ പുരോഹിത സഹജമായ പ്രാര്‍ത്ഥന നമുക്ക് അനുഭവവേദ്യമാണ്. "എല്ലാവരും ഒന്നാകാന്‍ ഇടവരട്ടെ....!" (യോഹ. 17, 21).
10. പ്രാര്‍ത്ഥന
ദൈവമേ, അങ്ങ് ഈ ലോകത്തെ അനുഗ്രഹിച്ച് ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസവും, ശരീരങ്ങള്‍ക്ക് ആരോഗ്യവും സൗഖ്യവും പ്രദാനംചെയ്യണമേ. ഭയപ്പെടാതിരിക്കുവാന്‍ അവിടുന്ന് ഞങ്ങളോട് വീണ്ടും പറയുന്നുണ്ട് (മത്തായി 28, 5). പത്രോശ്ലീഹായോടൊപ്പം ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു, ദൈവമേ, ഞങ്ങളുടെ എല്ലാ ഉല്‍ക്കണ്ഠകളും അങ്ങയെ ഭരമേല്പിക്കുന്നു. കാരണം അവിടുന്നു ഞങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്! (1പത്രോസ് 5, 6).
ഗാനമാലപിച്ചത് കെ. എസ്സ്. ചിത്രയാണ്. രചനയും സംഗീതവും പാസ്റ്റര്‍ എം. ടി. ജോസ്.