തിരയുക

IRAQ-RELIGION-CHRISTIANITY-PALM-SUNDAY IRAQ-RELIGION-CHRISTIANITY-PALM-SUNDAY 

ഓശാന തെളിയിക്കുന്ന നവമായ ജീവിതവഴികള്‍

ഓശാന ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ - വിശുദ്ധ മത്തായിയുടെ സുവിശേഷം 21, 1-11, 26, 14- 27, 66.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഓശാന ഞായര്‍ - വചനവിചിന്തനം

1. കൈപ്പും മധുരവും ഇടകലര്‍ന്ന മഹോത്സവം
ഓശാന മഹോത്സവത്തിന്‍റെ ആഘോഷത്തിന് കൈപ്പും മധുരവുമുണ്ടെന്നു പറയാം. സന്തോഷവും ദുഃഖവും ഇടകലര്‍ന്ന ഒരാഘോഷം. യേശുവിനെ ജനം ആര്‍ത്തിരമ്പി രാജാവെന്നു പ്രഘോഷിച്ച് ജരൂസലേത്തേയ്ക്ക് ആനയിച്ച ആനന്ദകരമായ സംഭവമാണ് ഓശാനയുടെ പൊരുള്‍. എങ്കിലും, ഉടനെ സംഭവിക്കാനിരിക്കുന്ന പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും വേദന ജരൂസലേം പ്രവേശന സംഭവത്തില്‍ നിഴലിക്കുന്നുണ്ട്. അതുകൊണ്ടാണു നാം ഇന്നേദിനം അവിടുത്തെ പീ‍‍ഡാനുഭവ രംഗങ്ങള്‍ സുവിശേഷത്തില്‍നിന്നു വായിച്ചു ധ്യാനിക്കുന്നത്. മാനസികമായി അന്നാളില്‍ ക്രിസ്തു അനുഭവിച്ച അതിതീവ്രതയുള്ളതും വൈരുധ്യവുമാര്‍ന്ന വികാരങ്ങളുടെ പ്രതിഫലനം വിശ്വാസമുള്ള ആരുടെയും ഹൃദയത്തിലേയ്ക്ക് വിശുദ്ധവാരത്തിന്‍റെ ആരംഭത്തില്‍, ഈ ഓശാനഞായര്‍ ദിനത്തില്‍ അല്പമായിട്ടെങ്കിലും ഊര്‍ന്നിറങ്ങുന്നതില്‍ ആശ്ചര്യപ്പെടാനില്ല. തന്‍റെ ശിഷ്യന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ജനങ്ങള്‍ക്കുമൊപ്പം ഈശോ സന്തോഷിച്ചെങ്കിലും, അവിടുന്ന് ജരൂസലേമിനെയും അവിടുത്തെ ജനങ്ങളെയും ഓര്‍ത്തു വിലപിച്ചെന്നും നാം വായിക്കുന്നു (ലൂക്കാ 19, 41-44).

2.  ജരൂസലേം പ്രവേശനം ഒരു ദൈവികപദ്ധതി
ഓശാനഞായര്‍ ദിനത്തെ പ്രദക്ഷിണത്തിനുമുന്‍പു നാം വായിക്കുന്ന സുവിശേഷഭാഗം വിവരിക്കുന്നത് (മത്തായി 21, 1-11), ഇന്നുവരെയ്ക്കും ആരും സവാരിക്ക് ഉപയോഗിക്കാത്തൊരു കഴുതയുടെ പുറത്തു കയറി ഒലിവു മലയില്‍നിന്നും ഈശോ ശിഷ്യന്മാരാലും, ജനങ്ങളാലും ആനീതനായി ജരൂസലേമിലേയ്ക്കു നീങ്ങിയെന്നാണ്. യേശുവിന് ജനങ്ങള്‍ നല്കിയ ഈ വരവേല്പില്‍ അവിടുത്തെ ശിഷ്യന്മാര്‍ സ്വാഭാവികമായും സന്തോഷത്താല്‍ മതിമറന്നു കാണും. അതുപോലെ, ജരൂസലേം ജനതയുടെയും, അവരുടെ കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ആനന്ദത്തിമിര്‍പ്പും ആവേശവും മനസ്സിന്‍റെ ഭാവനയില്‍ നമുക്കു വിരിയിക്കാവുന്നതാണ്! ഈ ജയഭേരിയും ആനന്ദത്തിന്‍റെ അലയടിയും തനിക്കു വശപ്പെടാത്തൊരു ശക്തിയായി യേശുവിനു തോന്നിയെങ്കിലും, അത് പിതാവായ ദൈവം ആഗ്രഹിച്ചതാണെന്ന് അവിടുന്നു അംഗീകരിച്ചു കാണണം.

3. ദാസന്‍റെ രൂപമെടുത്ത മിശിഹാ
യേശുവിനു ചുറ്റും കണ്ട വന്‍ജനാവലിയുടെ പിന്‍തുണകണ്ട് യഹൂദാചാര്യന്മാരും ഫരിസേയ പ്രമാണികളും അതിനെക്കുറിച്ച് അസൂയാലുക്കളാവുകയും, അവിടുത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. അതുകൊണ്ടാണ് അവരോട് ഏറെ കാര്‍ക്കശ്യത്തോടെ യേശു മറുപടിപറഞ്ഞത്, “ഈ ജനം മൗനം ഭജിച്ചാല്‍ കല്ലുകള്‍ ആര്‍ത്തുവിളിച്ചു ദൈവത്തെ സ്തുതിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു” (ലൂക്കാ 19, 40). തിരുവെഴുത്തുകളുടെ പൂര്‍ത്തീകരണമായിട്ടാണ് യേശു ജരൂസലേം നഗരത്തില്‍ ജനാവലിയോടു ചേര്‍ന്നു പ്രവേശിച്ചത്. അല്ലാതെ ഒരു അത്ഭുത പ്രവര്‍ത്തകനായോ, രാഷ്ട്രീയ നേതാവായോ, നവയുഗ പ്രവാചകനായോ, അല്ലെങ്കില്‍ ഒരു സാമൂഹ്യ വിപ്ലവകാരിയായോ അല്ല. അവിടുന്ന് യഥാര്‍ത്ഥത്തില്‍ ദാസന്‍റെ രൂപമെടുത്ത രക്ഷകനായ മിശിഹായാണ്. അവിടുന്ന് ദൈവത്തിന്‍റെയും മനുഷ്യരുടെയും ദാസനാണ്. അവിടുന്നു തന്‍റെ ജനത്തിനുവേണ്ടി ക്ലേശങ്ങളും പീഡകളും സ്വയം ഏറ്റെടുത്ത ദിവ്യരക്ഷകനാണ്. മാനവകുലത്തിന്‍റെ യാതനകള്‍ “ക്ഷമയോടെ…” സ്വയം ഏറ്റുവാങ്ങിയ സഹനദാസനായ മിശിഹായാണ് അവിടുന്ന്.

4.  നാം ധ്യാനിക്കേണ്ട ക്രിസ്തുവിന്‍റെ പീഡകള്‍
രാജാവായ ക്രിസ്തുവിനെ നാം പ്രഘോഷിക്കുമ്പോള്‍ അവിടുന്നു ലോകത്തിന്‍റെ രക്ഷയ്ക്കായ് സഹിച്ച പീഡകളും കുരിശുമരണവും മറക്കാനാവില്ല. അവയാണ് നാം ഈ വിശുദ്ധവാരത്തില്‍ പ്രത്യേകമായി അനുസ്മരിക്കുന്നത്. യേശു സഹിക്കേണ്ടി വന്ന നിന്ദനങ്ങളും അപമാനങ്ങളും, വഞ്ചനയും ചതിയും ഒറ്റുകൊടുക്കലും പരിത്യക്തതയും, അന്യായമായ വിധിയും വിചാരണയും നമുക്ക് ഊഹിക്കാവുന്നതാണ്. അവിടുന്ന് ഏറെ പ്രഹരങ്ങളും, മുള്‍മുടിയും ഏറ്റ് കുരിശിന്‍റെവഴിയിലൂടെ നടന്നുനടന്ന്, അവസാനം കാല്‍വരിക്കുന്നില്‍ ഏപ്രകാരം കുരിശില്‍ മരിക്കേണ്ടിവന്നുവെന്ന് നമുക്കീ ദിനങ്ങളില്‍ മൗനമായി ധ്യാനിക്കാം.

5. ശിഷ്യത്വം ഒരു കുരിശിന്‍റെവഴി
അവിടുന്നു തന്‍റെ ശിഷ്യഗണത്തോടു കൃത്യമായി പറഞ്ഞിട്ടുള്ളതാണ്,
“‌ഒരുവന്‍ എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അനുദിനം കുരിശും എടുത്ത് എന്നെ പിന്‍ഗമിക്കട്ടെ!” (മത്തായി 16, 24). ഒരുകാര്യം നാം ശ്രദ്ധിക്കേണ്ടത്, ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് വിജയത്തിന്‍റെയോ, നേട്ടങ്ങളുടെയോ മോഹന വാഗ്ദാനങ്ങള്‍ ഒന്നും നല്കിയില്ലെന്ന് സുവിശേഷങ്ങള്‍ അതു വ്യക്തമാക്കുന്നുണ്ട്. തന്‍റെ സുഹൃത്തുക്കള്‍ക്ക് അവിടുന്നു താക്കീതു നല്കിയിരുന്നു, അവിടുത്തോടൊപ്പം അന്തിമവിജയം നേടേണ്ടത് പീ‍ഡകളിലൂടെയും കുരിശിലൂടെയുമാണെന്ന്!

6. ക്രിസ്ത്വാനുകരണം വാക്കാലല്ല പ്രവൃത്തിയില്‍
ക്രിസ്തു അന്നു ശിഷ്യന്മാരോടു പറഞ്ഞതെല്ലാം ഇന്നു നമ്മോടും ആവര്‍ത്തിക്കുന്നുണ്ട്. നമുക്കു ക്രിസ്തുവിനെ വിശ്വസ്തതയോടെ അനുഗമിക്കാന്‍ പരിശ്രമിക്കാം, എന്നാല്‍ വാക്കാലല്ല, പ്രവൃത്തിയാലാണെന്ന് നാം മനസ്സിലാക്കണം. ജീവിതക്കുരിശുകള്‍ ക്ഷമയോടും വിശ്വസ്തതയോടുംകൂടെ സഹിക്കുവാനുള്ള കൃപ തരണമേയെന്ന് നമുക്കു പ്രാര്‍ത്ഥിക്കാം. കുരിശുകളെ നിഷേധിക്കുവാനോ തള്ളിക്കളയുവാനോ ഇടയാക്കരുതേയെന്നും, മറിച്ച് ക്രിസ്തുവിനെപ്പോലെ അനുദിനക്കുരിശുകള്‍ വഹിച്ചുകൊണ്ടു ജീവിതയാത്ര മുന്നോട്ടു നയിക്കുവാനും ആത്മീയവിജയം നേടുവാനും അനുഗ്രഹിക്കണമേയെന്നും പ്രാര്‍ത്ഥിക്കാം!

7. ഓശാന പാടിയവരും തള്ളിപ്പറഞ്ഞവരും
തനിക്കായി ഓശാനപാടിയ ജനംതന്നെ, അവിടുത്തെ കുരിശില്‍ തറയ്ക്കുക, കുരിശില്‍ തറയ്ക്കുക എന്ന് ആക്രോശിക്കുമെന്ന് ക്രിസ്തുവിനു നന്നായിട്ട് അറിയാമായിരുന്നിരിക്കണം. അവിടുന്ന് ആഗ്രഹിച്ചത് ചിത്രങ്ങളിലും ബിംബങ്ങളിലും നോക്കി അവിടുത്തെ നാം ധ്യാനിക്കണമെന്നോ, വണങ്ങണമെന്നോ അല്ല. അല്ലെങ്കില്‍ ഇന്‍റെനെറ്റില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ ചിത്രങ്ങള്‍ കണ്ടു അവിടുത്തോടു ഭക്തിയുള്ളവര്‍ ആകണമെന്നുമല്ല. അവിടുത്തെപ്പോലെ, ക്രിസ്തുവിനെപ്പോലെ ഇന്നത്തെ ലോകത്തിന്‍റെ വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളില്‍ യാതനകള്‍ അനുഭവിക്കുന്ന സഹോദരങ്ങളെ – പാവങ്ങളെയും പരിത്യക്തരെയും സഹായിക്കുവാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്.

8. എളിയവരിലെ ക്രിസ്തുരൂപം
പാവങ്ങള്‍ ചിലയിടങ്ങളില്‍ അടിമവേലചെയ്യുകയാണ്. ചിലര്‍ ചൂഷണംചെയ്യപ്പെടുന്നു. ധാരാളം കുടുംബങ്ങള്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഒത്തിരിപേര്‍ രോഗികളാണ്. ഭീകര പ്രവര്‍ത്തനങ്ങളുടെയും അഭ്യന്തരകലാപങ്ങളുടെയും കെടുതികള്‍ അനുഭവിക്കുന്നവരും ലോകത്തിന്ന് നിരവധിയാണ്. ആയുധങ്ങള്‍ ശേഖരിച്ചും നിര്‍മ്മിച്ചും, യുദ്ധത്തിന് ഒരുങ്ങിനില്ക്കുന്നവരുടെ ഭീഷണിയില്‍ കഴിയുന്ന നിര്‍ദ്ദോഷികളായ സ്ത്രീകളും കുട്ടികളും പതിനായിരങ്ങളാണ്. അങ്ങനെ വഞ്ചിതരാവുകയും, മുറിപ്പെട്ട വദനത്തോടും, ഇടറിയ കണ്ഠത്തോടുംകൂടെ കഴിയുന്നവരുടെ യാതകള്‍ക്കു പിന്നിലെ യേശുവിനെ നാം ശ്രവിക്കേണ്ടതാണ്.

മനുഷ്യാന്തസ്സു നഷ്ടപ്പെട്ട്, പരിത്യക്തതയുടെ മനോവ്യഥയില്‍ കഴിയുന്നവരുടെ വ്യക്തിത്വങ്ങളില്‍ യേശുവിനെ നാം കണ്ടെത്തേണ്ടതും, തുണയ്ക്കേണ്ടതുമാണ്. കാരണം ആണിപ്പാടുള്ള കൈകളും, കുത്തിത്തുറക്കപ്പെട്ട വിലാവുമായും, അടിയേറ്റു വ്രണിതമായ ദേഹവും, മ്ലേച്ഛമായ മുഖവുമുള്ള ക്രിസ്തുവിനെ പരിത്യക്തരായ സഹോദരങ്ങളില്‍ നാം കണ്ടെത്തേണ്ടതാണ്. കണ്ണുകളില്‍ നോക്കി, അലിവോടെ അവരെ ആശ്ലേഷിക്കുവാനും സ്നേഹിക്കുവാനുമാണ് നമ്മോട് ഈ വിശുദ്ധവാരത്തിന്‍റെ ആരംഭത്തില്‍, ഈ ഒശാനമഹോത്സവത്തില്‍ ക്രിസ്തു ആവശ്യപ്പെട്ടുന്നത്.

9. നീതിയുള്ള രാജാവു വച്ചുനീട്ടുന്ന വെല്ലുവിളികള്‍
എളിയവരിലേയ്ക്കു തിരിയുവാനും, സഹോദരങ്ങളുടെ വേദനകളിലും യാതനകളിലും അവരെ തുണയ്ക്കുവാനും ഇന്നു നമ്മോട് ആവശ്യപ്പെടുന്നത് ഇന്നാളില്‍ ഒലിവു ചില്ലകളേന്തി ഓശാനവിളിയുടെ ജയാരവത്തോടെ ജരൂസലേം പട്ടണത്തില്‍ പ്രവേശിച്ച ക്രിസ്തുതന്നെയാണ്. ആണികളാല്‍ കുരിശില്‍ തറയ്ക്കപ്പെട്ട്, രണ്ടു കുറ്റവാളികളുടെമദ്ധ്യേ പരിത്യക്തനായി മരിച്ച ക്രിസ്തുവാണ് പാവങ്ങളിലേയ്ക്കും പരിത്യക്തരിലേയ്ക്കും ദൃഷ്ടികള്‍ പതിപ്പിക്കണമെന്നും, അവരെ തുണയ്ക്കണമെന്നും നമ്മോടിന്ന് ആവശ്യപ്പെടുന്നത്.

നീതിയുടെയും കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും വിനീത രാജാവായ ക്രിസ്തുവല്ലാതെ മറ്റൊരു ദൈവം നമുക്കില്ല. അവിടുത്തെ സ്നേഹത്തോടും ആദരവോടുംകൂടെ, വിനീത ഹൃദയരായി ഈ വിശുദ്ധവാരത്തില്‍ നമുക്ക് അനുഗമിക്കാം. അവിടുത്തെ കുരിശിന്‍റെവഴിയിലൂടെ ചരിച്ച്, പുനരുത്ഥാനത്തിന്‍റെ മഹത്വത്തില്‍ പങ്കുകാരാകുവാന്‍ ഈ പെസഹരഹസ്യങ്ങള്‍ ഭക്തിയോടെ ആചരിക്കാം, അവിടുത്തെ പുനരുത്ഥാനത്തിന്‍റെ നവജീവനില്‍ പങ്കുകാരാകുവാന്‍ ഈ നാളുകളില്‍ പ്രത്യേകമായി ഒരുങ്ങാം!

ഗാനമാലപിച്ചത് ബിജു നാരായണനും സംഘവുമാണ്. രചന ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍, സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2020, 13:01