ഗാനമഞ്ജരി : കൊച്ചിരൂപതയുടെ “സ്വര്‍ഗ്ഗീയരാഗങ്ങള്‍"
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഡോ. കെ. ജെ. യേശുദാസും കൊച്ചിരൂപതയും
2000-Ɔമാണ്ട് ജൂബിലിവര്‍ഷത്തില്‍ കൊച്ചിരൂപതയുടെ സാന്താ സിസീലിയ സ്റ്റുഡിയോയും കെ.ജെ. യേശുദാസിന്‍റെ തരംഗിണിയും ചേര്‍ന്ന് ഒരുക്കിയ ആത്മീയ ഗീതങ്ങളാണ് ഇന്നത്തെ ഗാനമഞ്ജരിയില്‍. കൊച്ചിരൂപതയുടെ സ്റ്റുഡിയോ ഉത്ഘാടനത്തോട് അനുബന്ധിച്ച് രൂപതാംഗവും സാന്താക്രൂസ് ബസിലിക്ക ഇടവാംഗവുമായ കാട്ടാശ്ശേരി അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ മകന്‍, കെ. ജെ. യേശുദാസ് ഈ പദ്ധതിയുമായി സഹകരിച്ചതില്‍ ആശ്ചര്യപ്പെടാനില്ല. "നന്മനിറഞ്ഞ മാമരിയേ...." എന്ന ഗാനം കലാകാരന്മാര്‍ക്കൊപ്പം പാടി, റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് സ്റ്റുഡിയോ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചത്. യേശുദാസിന് കൊച്ചി രൂപതയുമായുള്ള ആത്മബന്ധത്തിന്‍റെ അടയാളംകൂടിയാണ് ക്രിസ്തുജയന്തി ജൂബിലിവര്‍ഷത്തില്‍ “സ്വര്‍ഗ്ഗീയരാഗം” എന്നപേരില്‍ പുറത്തുവന്ന ഗാനശേഖരം. അതിലെ മൂന്നു ഗാനങ്ങളാണ് ഈ ഗാനമഞ്ജരി. 20 വര്‍ഷങ്ങള്‍ പഴക്കമുള്ള നല്ലഗാനങ്ങള്‍ ഗന്ധര്‍വ്വനാദത്തില്‍ ശ്രവിക്കാം!
1. താരിളം മെയ്യില്‍ മിശിഹാ
ആദ്യഗാനം പത്രോശ്ലീഹായുടെ ആത്മഗതമാണ്. ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍ വി.സി-യുടെ രചന. കോഴി കുവുംമുന്‍പ് ഗുരുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ, നിങ്ങള്‍ക്കും എനിക്കും സ്വാംശീകരിക്കാവുന്ന പത്രോശ്ലീഹായുടെ വേദനയുടെയും തിരിച്ചുവരവിന്‍റെയും ആത്മഗതം ദുഃഖവെള്ളിയുടെ ധ്യാനമുണര്‍ത്തുന്ന ആര്‍ദ്രമായ ഗാനംതന്നെ.
സംഗീതം സണ്ണിസ്റ്റീഫന്‍, ആലാപനം ഡോ. കെ. ജെ. യേശുദാസ്.
2. ബലിവേദിയിങ്കല്‍
ഒരു ജീവസമര്‍പ്പണത്തിന്‍റെ അടുത്തഗാനമാണ് അടുത്തത് - രചനയും സംഗീതവും നിര്‍വ്വഹിച്ചത് കൊച്ചിരൂപതാംഗമായ ഫാദര്‍ റാഫി കൂട്ടുങ്കലാണ്. ആലാപനം ഡോ. കെ. ജെ. യേശുദാസ്.
3. ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍
ദുഃഖവെള്ളിയുടെ മനോവ്യഥയില്‍നിന്നും ഉയരുന്ന പ്രത്യാശയുടെ പൂര്‍ത്തീകരണമായ ആത്മീയാനന്ദമാണ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്. തിരുവുത്ഥാനം വര്‍ണ്ണിക്കുന്ന ഗാനം രചിച്ചത് കൊച്ചിരൂപതയുടെ ആത്മീയാചാര്യനും സ്നേഹധനനുമായിരുന്ന ബിഷപ്പ് ജോസഫ് കുരീത്തറയാണ്.
സംഗീതം ഗോഡ്-വിന്‍ ഫിഗരേദോ. ആലാപനം ഡോ. കെ. ജെ. യേശുദാസും സുജാതയും.
നന്ദി! ഏവര്‍ക്കും പുനരുത്ഥാന മഹോത്സവത്തിന്‍റെ ആശംസകള്‍
പ്രാര്‍ത്ഥനയോടെ നേരുന്നു!