തിരയുക

cardinale Tagle Luis Antonio cardinale Tagle Luis Antonio  

മാറ്റം ആവശ്യപ്പെടുന്ന വിശ്വസാഹോദര്യത്തിന്‍റെ വെല്ലുവിളി - "കൊറോണ"

നമുക്കു മാറ്റാനാവത്ത പ്രതിസന്ധിയെയും മാറ്റാനാവുന്ന സാഹോദര്യത്തിന്‍റെ വെല്ലുവിളിയെയും കുറിച്ച് കര്‍ദ്ദിനാള്‍ ലൂയി താഗ്ലെ :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. മഹാമാരിക്കെതിരെ ഒരാത്മീയ നിലപാട്
അതിരുകള്‍ക്ക് അതീതമായ വിശ്വാസത്തോടെ കൊറോണ വൈറസ് ബാധയെ നേരിടണമെന്ന് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ അന്തോണിയോ ലൂയി താഗ്ലെ പ്രസ്താവിച്ചു. ഏപ്രില്‍ 13, തിങ്കളാഴ്ച താന്‍ പ്രസിഡന്‍റായിരിക്കുന്ന സഭയുടെ ആഗോള ഉപവി പ്രസ്ഥാനം കാരിത്താസിനു (Caritas International) നല്കിയ സന്ദേശത്തിലാണ് കാലികമായ മഹാമാരിക്ക് എതിരെ ഒരു ആത്മീയ നിലപാടു സഹായകമാണെന്നു കര്‍ദ്ദിനാള്‍ താഗ്ലെ നിര്‍ദ്ദേശിച്ചത്.

2. മാറ്റാനാവാത്തതും മാറ്റം വരുത്താവുന്നതും
വിശ്വാസികള്‍ക്ക് ഈസ്റ്റര്‍നാളില്‍ ഒരു ദിവ്യബലിയില്‍പോലും ഒരുമിച്ച് അര്‍പ്പിക്കുവാനുള്ള സാദ്ധ്യത ഇല്ലാതായ അവസ്ഥയില്‍, നമുക്കു മാറ്റാനാവാത്തവയും നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തവയെയും പ്രശാന്തതയോടെ തിരിച്ചറിയുവാനും അംഗീകരിക്കുവാനുമുള്ള കൃപയ്ക്കായ് പ്രാര്‍ത്ഥിക്കണമെന്നും, ഒപ്പം നമ്മില്‍ വരുത്തേണ്ട മാറ്റങ്ങളെ തുറവോടും ധീരതയോടുകൂടെ സ്വീകരിക്കുവാനും നടപ്പിലാക്കാനുമുള്ള സന്നദ്ധതയും ഉണ്ടാവണമെന്ന് കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു. മാറ്റത്തിനുള്ള സന്നദ്ധത  ഒരു വെല്ലുവിളിയാണെന്നും, ഈ വെല്ലുവിളി നമ്മെ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള വിശ്വാസത്തിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കുമെന്നും കര്‍ദ്ദിനാള്‍ താഗ്ലെ ചൂണ്ടിക്കാട്ടി.

3. മെച്ചപ്പെടുത്തേണ്ട സാഹോദര്യക്കൂട്ടായ്മ
ആഗോളവ്യാപകമായും അനിയന്ത്രിതമായും വൈറസ് ബാധ മാനവകുലത്തെ വലയ്ക്കുന്ന ഈ ഘട്ടത്തില്‍ മാനവകുടുംബം, വിശ്വസാഹോദര്യം എന്നീ ചിന്തകള്‍ നാം വികസിപ്പിക്കണമെന്നും, നമ്മുടെ ഇടയില്‍ പാവങ്ങളായവരുടെ അന്തസ്സു മാനിക്കുവാനും അവരെ സഹോദരങ്ങളായി കണ്ടു സഹായിക്കുവാനും സര്‍ക്കാരുകളും പൗരന്മാരും ഒരുപോലെ തയ്യാറാവണമെന്നും കര്‍ദ്ദാനാള്‍ താഗ്ലെ ആഹ്വാനംചെയ്തു.

4. ഭൂമിയുടെ സുസ്ഥിതി മെച്ചപ്പെടുത്തുന്ന മഹാമാരി
അന്തരീക്ഷത്തെ മലീമസമാക്കുകയും ഭൂമിയുടെ സുസ്ഥിതിയെ സാരമായി ബാധിക്കുകയും ചെയ്യുന്ന ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ നിയന്ത്രണത്തിന് ആവശ്യമായ മാറ്റങ്ങള്‍ക്ക് അധികം ലോകനേതാക്കളും തയ്യാറല്ലാതിരിക്കുന്ന അവസ്ഥയിലാണ് ഒരു വൈറസ്ബാധ അന്തരീക്ഷത്തിന്‍റെ സുസ്ഥിതിയെ നിയന്ത്രിക്കുമാറ് വാഹങ്ങളുടെയും വ്യവസായങ്ങളുടെയും മറ്റു മനുഷ്യര്‍ കാരണമാക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ് വാതക ബഹിര്‍ഗമനത്തിന്‍റെയും അളവു കുറയ്ക്കുവോളം എല്ലാം പൂട്ടിയിട്ടാന്‍ ഇടയായിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഇതുവഴി കഴിഞ്ഞ മൂന്നു മാസത്തില്‍ ഭൂമിയുടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞ്, മനുഷ്യര്‍ മേല്‍ത്തരം ശുദ്ധവായു ശ്വസിക്കുവാന്‍ ഇടയായിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ താഗ്ലെ വ്യക്തമാക്കി.

5. നമ്മെ 'ഉണര്‍വ്വുള്ളവരാക്കുന്ന' വൈറസ്
മരണംകൊണ്ടോ രോഗംകൊണ്ടോ എല്ലാം അവസാനിക്കുന്നില്ല, ജീവിതത്തില്‍ പ്രത്യാശയ്ക്ക് ഇടം നല്കണമെന്നുമാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നത്. ഇന്നു കൊറോണ വൈറസ് കാരണമാക്കിയിട്ടുള്ള പ്രതിബന്ധങ്ങള്‍ ചെറുതും വലുതുമായ വിധത്തില്‍ സാഹോദര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. സാഹോദര്യത്തിന്‍റെയും  ഐക്യദാര്‍ഢ്യത്തിന്‍റെയും ഒരു ജീവിതശൈലിയിലൂടെ നവമായൊരു ഭാവിയിലേയ്ക്കും ജീവിത രീതിയിലെയ്ക്കും ഉയരാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ താഗ്ലെ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2020, 14:21