തിരയുക

Vatican News
2020.03.21 UOMO CIECO di RUPNIK sj 2020.03.21 UOMO CIECO di RUPNIK sj 

ക്രിസ്തു തരുന്ന കൃപയാല്‍ പ്രകാശിതരാകാം

തപസ്സുകാലം നാലാംവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകള്‍ - വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 9, 1-41.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തപസ്സുകാലം നാലാംവാരം ഞായര്‍

1 കാഴ്ചയേകിയ അത്ഭുതം
ജന്മനാ അന്ധനായിരുന്ന മനുഷ്യന് ക്രിസ്തു കാഴ്ച നല്കിയ സംഭവമാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്. പ്രതീകാത്മകമായ ചില കര്‍മ്മങ്ങളുടെ ഒടുവിലാണ് ക്രിസ്തു അത്ഭുതം പ്രവര്‍ത്തിക്കുന്നത്. നിലത്തു തുപ്പിയിട്ട്, തുപ്പല്‍കൊണ്ട് അല്പം ചെളിയുണ്ടാക്കി. അത് അന്ധന്‍റെ കണ്ണില്‍ പൂശി. ദേവാലയ പരിസരത്തെ സീലോഹാ കുളത്തില്‍ പോയി, അതായത് എല്ലാവരും കാണ്‍കെ അത് കഴുകിയിട്ടുവരാന്‍ പറഞ്ഞു. ഇതിന് ആമുഖമായി ക്രിസ്തു പറഞ്ഞത്, അന്ധനായ മനുഷ്യനിലൂടെ ദൈവത്തിന്‍റെ പ്രവൃത്തികള്‍ ലോകം ദര്‍ശിക്കട്ടെയെന്നാണ്. ലോകത്തിലായിരിക്കുമ്പോള്‍ താന്‍ “ലോകത്തിന്‍റെ പ്രകാശ”മാണെന്നും ക്രിസ്തു അവിടെ പ്രസ്താവിച്ചു. ആ മനുഷ്യന്‍ കാഴ്ചയുള്ളവനായി തിരിച്ചുവന്നെന്ന് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു (യോഹ. 9, 5-7).

2. സമൂഹത്തിലെ ദോഷൈകദൃക്കുകള്‍
സുവിശേഷത്തിലെ കാഴ്ച നല്കലിന്‍റെ വിവരണം വളരെ ഹ്രസ്വമാണെങ്കിലും, അതിനുശേഷമുള്ള സംഭവവികാസങ്ങള്‍ വിശുദ്ധ യോഹന്നാന്‍ കൂടുതലായി വിവരിക്കുന്നത് ആര്‍ക്കും വിചിത്രമായി തോന്നാം. സ്ഥലത്തെ സാമൂഹ്യപ്രമുഖരുടെയും മതാചാര്യന്മാരുടെയും പ്രതികരണങ്ങളാണ് യോഹന്നാന്‍ വിശദമായി ഇവിടെ രേഖപ്പെടുത്തുന്നത്. ക്രിസ്തു ചെയ്ത നന്മയെക്കുറിച്ച് ഒരു നല്ലവാക്കു പറയുന്നതിനു പകരം, സമൂഹം അതിലുള്ള സംശയവും വിദ്വേഷവും, അവരുടെ വിശ്വാസക്കുറവുമാണ് പ്രകടിപ്പിച്ചത്. അവരുടെ അടഞ്ഞ മനസ്സും നിഷേധാത്മകമായ മനോഭാവവുമാണ് ഇവിടെ പ്രകടമായിക്കാണുന്നത്.

കാഴ്ച ലഭിച്ചതിനെക്കുറിച്ചുള്ള വിവരണങ്ങളും തര്‍ക്കങ്ങളും ആരോപണങ്ങളും സമൂഹത്തിന്‍റെ അടഞ്ഞ മനോഭാവമാണ് വെളിപ്പെടുത്തിയത്. ഒരോ നല്ലപ്രവൃത്തിയും പ്രസ്ഥാനവും വിമര്‍ശിക്കപ്പെടുന്നതായി കാണാം. അവ പരദൂഷണത്തിനും അപവാദത്തിനും ഇരകളാകുന്നു. സത്യവും നന്മയും അതിലുണ്ടെങ്കിലും, നല്ലത് പുറത്തുവരുവാന്‍ ഇഷ്ടപ്പെടാത്തവര്‍ ധാരാളമുണ്ട്. അവരാണ് നന്മയെയും നല്ലപ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും, അവയ്ക്കെതിരെ പിറുപിറുക്കുകയും ചെയ്യുന്നത്.

3. സത്യം നിഷേധിക്കുന്നവര്‍
ക്രിസ്തുവില്‍നിന്നും കാഴ്ച ലഭിച്ചവന്‍ ജന്മനാ കുരുടനായിരുന്നോ എന്നറിയാന്‍ അയാളുടെ മാതാപിതാക്കളെ നിയമജ്ഞന്മാര്‍ ആദ്യം ചോദ്യംചെയ്തു. കാഴചലബ്ധിയിലുള്ള സംശയപ്രകടനവും അസൂയയും എല്ലാം ചേര്‍ന്നതാണ് ഈ ചോദ്യങ്ങള്‍. എന്തിന്, സൗഖ്യദാനത്തിന് ദൃക്സാക്ഷികളായ ജനംപോലും കുരുടനെ ചോദ്യം ചെയ്തതായി സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. ഇയാള്‍ ആ പൊതുസ്ഥലങ്ങളിലിരുന്ന് ഭിക്ഷയാചിച്ചിരുന്ന
ആ മനുഷ്യനല്ലേ, ആ കുരുടനല്ലേയെന്ന് ചിലര്‍ ആരാഞ്ഞു. ചിലര്‍ അല്ലെന്നും, കുറേപ്പേര്‍ അതേയെന്നും മറുപടിപറഞ്ഞു.

ആ പാവം മനുഷ്യന്‍ ഏറ്റുപറഞ്ഞു, അതു താന്‍തന്നെയാണ്! എന്നിട്ടും ജനത്തിനു ബോധ്യം വന്നില്ലെന്ന് സുവിശേഷകന്‍ കുറിക്കുന്നു (9 : 9). എന്നാല്‍ കാഴ്ച ലഭിച്ചവന്‍ സത്യം ഏറ്റുപറയുകയും, ക്രിസ്തുവിലുള്ള വിശ്വാസം സ്ഥിരീകരിക്കുകയും ചെയ്തു. അയാള്‍ക്ക് അവിടുന്നു നല്കിയ കാഴ്ചയെക്കാള്‍, അവിടുന്നു നല്കിയ വിശ്വാസ വെളിച്ചത്തെയാണു സുവിശേഷകന്‍ യോഹന്നാന്‍ പ്രധാനപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്നത്. കാരണം, അയാള്‍ കാണുക മാത്രമല്ല, ക്രിസ്തു ദൈവപുത്രനാണെന്ന് മനസ്സിലാക്കുകയും, ഏറ്റുപറയുകയും വിശ്വസിക്കുകയും ചെയ്യുന്നു. യേശു ലോകത്തിന്‍റെ പ്രകാശമാണെന്ന് അയാളിലൂടെ വെളിപ്പെടുന്നു, ചുറ്റുമുള്ള സകലര്‍ക്കും അറിയുന്നു. (9, 38).

4. നന്മയും സത്യവും മറച്ചുവയ്ക്കുമ്പോള്‍
അന്ധനായിരുന്നവന് കാഴ്ചയും ആത്മീയ വെളിച്ചവും ലഭിച്ചപ്പോള്‍... ചുറ്റുമുള്ളവരോ...? അവര്‍ അപാരമായ ആത്മീയ ഇരുട്ടില്‍ നിപതിക്കുകയായിരുന്നു. ക്രിസ്തു പ്രബോധിപ്പിച്ച സത്യത്തിനായി ഹൃദയംതുറക്കന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. അവര്‍ തെളിവുകള്‍ നിഷേധിക്കുകയും, സൗഖ്യം ലഭിച്ചവന്‍റെ വ്യക്തിത്വം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. സൗഖ്യദാനത്തിനു പിന്നിലെ ക്രിസ്തുവിന്‍റെ ദൈവികകരം അവര്‍ക്ക് കാണാനായില്ല, അവര്‍ അംഗീകരിച്ചില്ല. “സാബത്തു ദിനത്തില്‍ ദൈവം ജോലിചെയ്യില്ല,” എന്ന ആചാരനിഷ്ഠയില്‍ മുറുകെപ്പിടിക്കുന്ന കൂപമണ്ഡൂകങ്ങളായിരുന്നവര്‍, പൊട്ടക്കിണറ്റിലെ തവളകളെപ്പോലെയായിരുന്നg! സത്യത്തോടും വെളിച്ചത്തോടുമുള്ള അന്ധതമൂത്ത് ദേവാലയാചാര്യന്മാരും സാമൂഹ്യപ്രമാണികളും അക്രമാസക്തരായി. അവര്‍ എല്ലാവരുംചേര്‍ന്ന് കാഴ്ച ലഭിച്ച മനുഷ്യനെ അങ്കണത്തില്‍നിന്നും തള്ളിപ്പുറത്താക്കി.

5. ദൈവിക വെളിച്ചം തിരിച്ചറിയുന്നവര്‍
കാഴ്ച ലഭിച്ചവന്‍റെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അയാള്‍ പടിപടിയായി ക്രിസ്തുവിലേയ്ക്ക് അടുക്കുകയാണ്. അവന്‍റെ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ബലപ്പെട്ടുവന്നു. താന്‍ ജന്മനാ അന്ധനായിരുന്നു എന്നല്ലാതെ, തനിക്കു മറ്റൊന്നും അറിയില്ല. യേശു എന്നൊരാള്‍ - അയാള്‍ പ്രവാചകനോ, ദൈവത്തോട് അടുപ്പമുള്ള ഒരാളോ തനിക്കു കാഴ്ചനല്കിയെന്നാണ് അവന്‍ ഏറ്റുപറഞ്ഞത് (9, 31). പൊതുസ്ഥലങ്ങളില്‍നിന്നും ദേവാലയ പരിസരത്തുനിന്നും ആട്ടിയോടിക്കപ്പെട്ട കുരുടനെ കണ്ടിട്ട് അലിവുതോന്നി ക്രിസ്തു അയാള്‍ക്കു കാഴ്ചനല്കുക മാത്രമല്ല, അവസാനം താന്‍ “മിശിഹാ”യാണെന്ന് അവിടുന്നുതന്നെ അവനു വെളിപ്പെടുത്തിക്കൊടുത്തു.

ഈ അവസരത്തില്‍ കാഴ്ച ലഭിച്ചവന്‍റെ പ്രതികരണമോ, “കര്‍ത്താവേ, ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു!” ഇങ്ങനെ പറഞ്ഞിട്ട് അയാള്‍ ക്രിസ്തുവിന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു (9, 38). വിശുദ്ധ യോഹന്നാന്‍റെ ഈ സുവിശേഷഭാഗം ഒരു സമൂഹത്തിന്‍റെ ആത്മീയ അന്ധതയുടെ രംഗമാണു ചിത്രീകരിക്കുന്നത്. നമ്മുടെ ജീവിതത്തിലും ഇതുപോലെ സംഭവിക്കാം. സത്യമെന്താണെന്ന് അറിയാതെയും അന്വേഷിക്കാതെയും, ചിലരോടു കൂട്ടംചേര്‍ന്ന് നന്മ തിരസ്കരിക്കുകയും, തിന്മയുടെ പക്ഷംചേരുകയും ചെയ്യുന്ന അന്ധരായി പ്രവര്‍ത്തിക്കാം, ഇരുട്ടിന്‍റെ ആത്മാക്കളായി നാം മാറാന്‍ സാദ്ധ്യതയുണ്ട്.

6. കൃപയാല്‍ പ്രകാശിതരാകാം!
ദൈവത്തിനും, അവിടുത്തെ കൃപയ്ക്കും, വെളിച്ചത്തിനുമായി തന്‍റെ ഹൃദയംതുറന്ന അന്ധനായ മനുഷ്യന്‍റെ മനോഭാവം നമുക്ക് ഉള്‍ക്കൊള്ളാവുന്നതാണ്. നാം പലപ്പോഴും ജീവിതത്തില്‍ എടുക്കുന്നത് യേശുവിന്‍റെ കാലത്തെ നിയമപണ്ഡിതന്മാരുടെ അഹങ്കാരത്തിന്‍റെ നിലപാടാണ്. നല്ലതു ചമഞ്ഞ് മറ്റുള്ളവരെ നാം വ്യാജമായി വിധിക്കുന്നു, ദൈവത്തെ പഴിക്കുന്നു! ഈ സുവിശേഷ സംഭവം നമ്മെ ക്ഷണിക്കുന്നത്, ജീവിതത്തില്‍ നന്മ അംഗീകരിക്കുവാനും, തിന്മ പാടെ ഉപേക്ഷിക്കുവാനും, യേശുവിന്‍റെ പ്രകാശത്തിനായി ഹൃദയം തുറക്കുവാനുമാണ്. ക്രിസ്ത്യാനികളാണ് നാമെങ്കിലും, പലപ്പോഴും പെരുമാറ്റവും സംസാരവുമൊക്കെ ക്രിസ്തീയമല്ല! അനുതപിച്ച് വിശുദ്ധിയുടെ വഴിയെ ചരിക്കുവാനുള്ള സമയമാണ് തപസ്സ്. ജ്ഞാനസ്നാനത്തില്‍ നാം സ്വീകരിച്ചിട്ടുള്ള ക്രിസ്തുവെളിച്ചത്തിന്‍റെ പ്രഭ ആളിക്കത്തിക്കേണ്ട തീവ്രമായ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും ഉപവിപ്രവര്‍ത്തികളുടെയും ദിനങ്ങളാവട്ടെ തപസ്സുകാലം.

ഒരിക്കല്‍ നാം അന്ധകാരത്തിലായിരുന്നു, എന്നാല്‍ ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവില്‍ പ്രകാശിതരാണു നാം. വെളിച്ചത്തിന്‍റെ മക്കളെപ്പോലെ ജീവിക്കണമെന്നു നാം ഇന്നത്തെ രണ്ടാം വായനയില്‍ പൗലോശ്ലീഹയില്‍നിന്നും ശ്രവിക്കുന്നുണ്ട്. “എളിമയോടും ക്ഷമയോടും കാരുണ്യത്തോടുംകൂടെ വെളിച്ചത്തിന്‍റെ മക്കളായി ജീവിക്കണ”മെണ് ശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നു (എഫേസി. 5, 8).

7. ക്രിസ്തു തരുന്ന രക്ഷാവഴി
നാം വിചിന്തനം ചെയ്ത വിശുദ്ധ യോഹന്നാന്‍റെ ഈ സുവിശേഷഭാഗം, 9-Ɔο അദ്ധ്യായം
1-മുതല്‍ 40-വരെയുള്ള വചനങ്ങള്‍ ഒന്നുകൂടെ നാം വായിച്ചു ധ്യാനിക്കുകയാണെങ്കില്‍, ഇരുട്ടിന്‍റെ അന്ധതയില്‍നിന്നും കുരുടനായ മനുഷ്യന്‍ എപ്രകാരമാണ് ദൈവിക വെളിച്ചത്തിലേയ്ക്ക് സഞ്ചരിച്ചതെന്ന് കുറെക്കൂടെ ആഴമായി മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. ഒപ്പം മറുഭാഗത്ത് സമൂഹം എപ്രകാരം അന്ധതയില്‍നിന്ന് അന്ധതയിലേയ്ക്കു കൂടുതല്‍ അമര്‍ന്നുപോയെന്നും ആവര്‍ത്തിച്ചുള്ള വായന മനസ്സിലാക്കിത്തരും.

ഹൃദയങ്ങള്‍ പരിശോധിക്കാം! ഈ തപസ്സുകാലത്ത് ദൈവത്തോടും സഹോദരങ്ങളോടും അട‍ഞ്ഞ മനസ്സാണോ, തുറന്ന മനസ്സാണോ നമുക്കുള്ളത്? അന്ധതയോടും തിന്മയോടും തീര്‍ച്ചയായും നമ്മുടെ മാനുഷികതയ്ക്ക് വലിയൊരു ചായ്-വുണ്ടെന്നത് സത്യമാണ്. എങ്കിലും ദൈവത്തിങ്കലേയ്ക്ക് അടുക്കുവാന്‍ ഭയപ്പെടാതിരിക്കാം. സ്നേഹപിതാവായ ദൈവം നമുക്കായി കാത്തിരിക്കുന്നു. ക്രിസ്തുവിന്‍റെ പ്രകാശത്തിലേയ്ക്ക് ഈ തപസ്സിലെ ഓരോ നാളുകളിലൂടെയും നമുക്ക് അടുക്കാന്‍ പരിശ്രമിക്കാം. അവിടുന്നു നമുക്ക് ആത്മീയമായ ഉള്‍ക്കാഴ്ച നല്കും. ആത്മീയ അന്ധത അവിടുന്ന് അകറ്റും, അവിടുന്നു നമ്മോടു ക്ഷമിക്കും, നമ്മെ യേശുവിലുള്ള പ്രകാശത്തിലേയ്ക്കു നയിക്കും.

8. പ്രാര്‍ത്ഥന
ലോകത്തിന്‍റെ പ്രകാശമായ യേശുവേ, അങ്ങേ കൃപയാല്‍ ഞങ്ങളുടെ ആത്മീയ അന്ധത അകറ്റി, ഞങ്ങളെ നന്മയുടെ വെളിച്ചത്തിലേയ്ക്കു നയിക്കണമേ! അങ്ങേ സുവിശേഷ വെളിച്ചത്തില്‍, രക്ഷാവഴിയിലൂടെ അനുദിനം ജീവിച്ച് ഞങ്ങള്‍ നവജീവന്‍ പ്രാപിക്കട്ടെ! വിഭൂതിത്തിരുനാളില്‍ നെറ്റിത്തടങ്ങളില്‍ പൂശിയ ചാരം ഞങ്ങളുടെ അസ്തിത്വത്തിന്‍റെ ദൈവികജീവനിലേയ്ക്കുള്ള കടന്നുപോക്കിനെ അനുസ്മരിപ്പിക്കുന്നു. മണ്ണില്‍നിന്നും മെനഞ്ഞെടുത്ത ഞങ്ങളുടെ ഭൗതിക ജീവിതങ്ങള്‍ അങ്ങേ ദൈവികജീവനിലേയ്ക്ക് കടന്നുവരേണ്ടതാണെന്ന് ചാരം അനുസ്മരിപ്പിക്കുന്നു. ഞങ്ങള്‍ പൂഴിയാണെങ്കിലും, നിസ്സാരരാണെങ്കിലും അങ്ങേക്കര സ്പര്‍ശത്താല്‍ ഞങ്ങള്‍ രൂപാന്തരപ്പെടും, നവജീവന്‍ പ്രാപിക്കുമെന്ന് അറിയുന്നു. ഞങ്ങളെ ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും ഇനിയും പ്രകാശമുള്ളവരാക്കണേ, രൂപാന്തരപ്പെടുത്തണമേ! ഞങ്ങളുടെ കണ്ണുകളെ, ഉള്‍ക്കണ്ണുകളെ അങ്ങു സ്പര്‍ശിച്ച് കാഴ്ചനല്കണമേ!

ഗാനമാലപിച്ചത് കെ. എസ്. ചിത്ര. രചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്.
 

21 March 2020, 17:13