തിരയുക

Spring in Romania Spring in Romania 

ഒരു രാജകീയ സങ്കീര്‍ത്തനത്തിന്‍റെ പഠനം

89-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം – ആദ്യഭാഗം "ഗീതത്തിന്‍റെ വരികളിലൂടെ..."

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

89-‍Ɔο സങ്കീര്‍ത്തനം ഭാഗം 1 - രാജകീയഗീതം

1. രാജകീയ സങ്കീര്‍ത്തനം
വരികളുടെ ആമുഖപഠനത്തിലൂടെ സങ്കീര്‍ത്തനത്തെ അടുത്തു മനസ്സിലാക്കാന്‍ പരിശ്രമിക്കാം.  ഇസ്രായേല്‍ ജനത്തിന്‍റെ ജീവിതം വ്യക്തിഗതം എന്നതിനെക്കാള്‍ ഏറെ സാമൂഹികമായിരുന്നു. എന്നാല്‍ സമൂഹത്തിന്‍റെ നായകന്‍ രാജാവായിരുന്നു - ദൈവതുല്യനായ രാജാവ്. രാജാവായിരുന്നു എല്ലാക്കാര്യങ്ങളിലും എല്ലാവരെയും പ്രതിനിധാനം ചെയ്തിരുന്നത്. ഇസ്രായേല്‍ ജനത്തെ സംബന്ധിച്ച് ദൈവവുമായി ഉടമ്പടിചെയ്യുന്നതും രാജാവുമായി ഉടമ്പടിചേരുന്നതും തമ്മില്‍ വ്യത്യാസമില്ലായിരുന്നു. ഇക്കാരണത്താലാണ് ഇസ്രായേല്‍ സമൂഹത്തില്‍ രാജാവിന്‍റെ ബഹുമാനാര്‍ത്ഥം സങ്കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടിരുന്നത്. അവയാണ് രാജകീയ സങ്കീര്‍ത്തനങ്ങള്‍. എസ്രാഹ്യനായ ഏഥാന്‍റെ പ്രബോധന ഗീതമെന്നാണ് സങ്കീര്‍ത്തനം 89 ശീര്‍ഷകം ചെയ്തിരിക്കുന്നത്. ദാവീദു രാജാവിന്‍റെ ബഹുമാനാര്‍ത്ഥം അക്കാലത്തെ എസ്രാഹ്യ എന്ന സ്ഥലത്തുള്ള ഏഥാന്‍ എന്ന സംഗീതജ്ഞന്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഗീതമെന്നു ശീര്‍ഷകം വ്യക്തമാക്കുന്നു.

2. സ്തുതിപ്പുകളും അരുളപ്പാടുകളും
രാജാവിനെ സംബന്ധിക്കുന്നതാണ് രാജകീയ ഗീതങ്ങളെങ്കിലും – ഉള്ളടക്കത്തില്‍ അവ സ്തുതിപ്പും അരുളപ്പാടുകളും, ചിലപ്പോള്‍ പ്രവചനങ്ങളുമായിരുന്നെന്ന് പഠനത്തിലൂടെ നമുക്ക് വ്യക്തമാകും. ഇസ്രായേല്‍ എപ്പോഴും ഭൗമിക രാജത്വത്തെ ദൈവിക രാജത്വവുമായി ബന്ധപ്പെടുത്തിയിരുന്നു. അതിനാല്‍ രാജാവിന് അതുല്യമായ സ്ഥാനമാണ് അക്കാലത്ത് നല്കിയിരുന്നത്. മനുഷ്യാതീതമായ ശക്തിയും വിജ്ഞാനവും ദൈവത്തിന്‍റെ ആവാസവും രാജാവില്‍ സങ്കീര്‍ത്തനവരികള്‍ ആരോപിക്കുന്നത് കാണാനാകും. രാജാവ് ജനത്തെ പ്രതിനിധാനം ചെയ്യുക മാത്രമല്ല, രാജ്യത്തിന്‍റെ ഉടമ്പടിയും വാഗ്ദാനങ്ങളും ചുമതലകളും തന്നില്‍ത്തന്നെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ ചിലപ്പോള്‍ മതനേതൃത്വം രാജാവിന്‍റെ കുറവുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചരിത്രത്തില്‍ വിപ്രവാസ കാലത്തിനുശേഷമാണ് ഇസ്രായേല്‍ ജനതകള്‍ക്കിടയില്‍ രാജാവില്ലാത്ത സമൂഹത്തെ ആവിഷ്ക്കരിക്കുന്നതും, വളര്‍ത്തിയെടുക്കുന്നതും.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Ps 89 Unit One
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നൂ
നിന്‍റെ അചഞ്ചല സ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.

3.  വരികളുടെ പരിചയപ്പെടല്‍
ആദ്യത്തെ നാലുവരികള്‍ പരിചയപ്പെടാം.

Recitation of Verses 1-4 of Ps 89

കര്‍ത്താവേ, ഞാന്‍‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു.
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.
അവിടുന്ന് അരുളിച്ചെയ്തു,
എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു.
നിന്‍റെ സന്തതിയെ എന്നേയ്ക്കുമായി ഞാന്‍ ഉറപ്പിക്കും,
നിന്‍റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിര്‍ത്തും.

4. ദൈവത്തിന്‍റെ രക്ഷാകര പ്രവൃത്തികളുടെ സ്തുതിപ്പ്
സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ സ്നേഹകാരുണ്യത്തെ സ്തുതിക്കുന്നു. തന്‍റെ രക്ഷാകര പ്രവൃത്തികള്‍വഴി ചരിത്രത്തില്‍ ദൈവം അവിടുത്തെ സ്നേഹം പ്രകടമാക്കിയതാണ് ഈ സ്തുതിപ്പ്. തന്‍റെ പാട്ടുകൊണ്ട് ദൈവത്തെ സ്തുതിക്കും പ്രകീര്‍ത്തിക്കുമെന്ന് ആദ്യവരിയില്‍ സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നു. തുടര്‍ന്ന് 4 വരെയുള്ള വരികളില്‍ ഗായകന്‍ ദൈവത്തിന്‍റെ അരുളപ്പാടുകളെ അനുസ്മരിക്കുകയാണ്. എന്താണ് ഈ അരുളപ്പാടുകള്‍? ദൈവം തന്‍റെ സ്നേഹവും വിശ്വസ്തതയും ഭംഗം കൂടാതെ തുടരുമെന്നു പറഞ്ഞിട്ടുള്ളത് ഗായകന്‍ വരികളില്‍ അനുസ്മരിക്കുന്നു. ആകാശംപോലെ വിശാലവും അഗാധവുമായ അവിടുത്തെ അനാദിയോളം നിലനില്ക്കുമെന്ന അരുളപ്പാട്, ദൈവികവാഗ്ദാനം സങ്കീര്‍ത്തകന്‍ വരികളില്‍ അനുസ്മരിക്കുകയും ഏറ്റുപാടുകയും ചെയ്യുന്നു. ദാവീദിനോടു ദൈവം കാണിച്ച കാരുണ്യവും, അവിടുത്തെ ഉടമ്പടിയും വരികള്‍ അനുസ്മരിക്കുന്നു. ദാവീദിന്‍റെ സിംഹാസനം എന്നും നിലനിലക്കും എന്ന വാഗ്ദാനം ഗായകന്‍ നാലാമത്തെ വരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

5. അഞ്ചാമത്തെ വരി - സ്വര്‍ഗ്ഗവാസികളുടെ സ്തുതിപ്പ്
Recitation of Verses 5 of Ps 89
കര്‍ത്താവേ, ആകാശം അങ്ങയുടെ അത്ഭുതങ്ങളെ സ്തുതിക്കട്ടെ!
നീതിമാന്മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കട്ടെ!
കര്‍ത്താവിനു സമാനമായി സ്വര്‍ഗ്ഗത്തില്‍ ആരുണ്ട്?

അഞ്ചാമത്തെ വരി സ്വര്‍ഗ്ഗരാജ്യത്തെ സംബന്ധിക്കുന്ന സ്തുതിപ്പാണ്. രണ്ടു തലങ്ങളില്‍നിന്നാണ് സ്തുതികള്‍ നിര്‍ഗ്ഗളിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയില്‍നിന്നും. സ്വര്‍ഗ്ഗം ദൈവത്തിന്‍റെ മഹിമാദിരേകങ്ങളെ പാടിസ്തുതിക്കുന്നു. അവിടുത്തെ അത്ഭുതചെയ്തികളുടെ സ്ഥിരതയും വിശ്വാസ്യതയും വിശുദ്ധരുടെ സ്വര്‍ഗ്ഗീയ സ്തുതിക്ക് കാരണമാകുന്നു. വിശുദ്ധരുടെ സ്വര്‍ഗ്ഗീയ ശക്തികളാണ് അതുല്യനായ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതെന്ന് ഈ വരി വ്യക്തമാക്കി തരുന്നു.

6. ആറു മുതല്‍ എട്ടുവരെയുള്ള വരികള്‍
ദൈവത്തിന്‍റെ അതുല്യപ്രഭയുടെ വിവര​​ണം

Recitation of Verses 6-8 of Ps. 89
കര്‍ത്താവിനോടു സദൃശ്യനായി സ്വര്‍ഗ്ഗവാസികളില്‍ ആരുണ്ട്?
വിശുദ്ധരുടെ സമൂഹം അവിടുത്തെ ഭയപ്പെടുന്നു,
ചുറ്റും നില്ക്കുന്നവരെക്കാള്‍ അവിടുന്ന് ഉന്നതനും ഭീതിദനുമാണ്.
സൈന്ന്യങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശ്വസ്തത ധരിച്ചിരിക്കുന്ന അങ്ങയെപ്പോലെ ബലവാനായി ആരുണ്ട്?

കര്‍ത്താവിന്‍റെ മഹത്ത്വവും ഔന്നത്യവും അതുല്യമാണ്. അവിടുന്നു സകലത്തിന്‍റെയും രാജാവാണ്. അത്യുന്നതനായ ദൈവം മേഘങ്ങളുടെ ചിറകുകളില്‍ സഞ്ചരിക്കുന്നു. സത്തയിലും പ്രവൃത്തികളിലും അവിടുത്തേയ്ക്കു സമാനമായി ആരുമില്ല. കര്‍ത്താവല്ലാതെ വേറൊരു ദൈവമില്ല. വിശുദ്ധരുടെ സമൂഹം അവിടുത്തെ ഭയപ്പെടുന്നു.

Musical Version of Ps 89 Unit Two
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു...

7. ഒന്‍പതു മുതല്‍ പതിനാലുവരെയുള്ള വരികള്‍
ദൈവം സര്‍വ്വാധീശന്‍
Recitation of Verses 9-14 of Ps 89

അങ്ങ് ഇളകിമറിയുന്ന കടലിനെ ഭരിക്കുന്നു,
തിരമാലകളുയരുമ്പോള്‍ അങ്ങ് അവയെ ശാന്തമാക്കുന്നു.
അങ്ങു റാഹാബിനെ ശവശരീരമെന്നപോലെ തകര്‍ത്തു,
കരുത്തുറ്റകരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.
ആകാശം അങ്ങയുടേതാണ്, ഭൂമിയും അങ്ങയുടേതുതന്നെ,
ലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്,
ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു
താബോറും ഹെര്‍മോനും അങ്ങയുടെ നാമത്തെ ആഹ്ലാദത്തോടെ പുകഴ്ത്തുന്നു.
അങ്ങയുടെ ഭൂജം ശക്തിയുള്ളതാണ്. അങ്ങയുടെ കരം കരുത്തുറ്റതാണ്.
അങ്ങു വലതുകൈ ഉയര്‍ത്തിയിരിക്കുന്നു.
നീതിയിലും ന്യായത്തിലും അങ്ങു സിംഹാസനം ഉറപ്പിച്ചിരിക്കുന്നു,
അലറി ഇരമ്പുന്ന സമുദ്രത്തെ ഭരിക്കുന്നത് കര്‍ത്താവാണ്.

ഇസ്രായേല്യര്‍ പ്രതിപാദിച്ചിരുന്ന റാഹാബ് വികൃതവും വിചിത്രവുമായ ഒരു സാങ്കല്പിക മൃഗമാണ്. ലേവിയാഥന്‍ എന്നും അതിനെ വിളിച്ചിരുന്നു. ശത്രുക്കളെ, അല്ലെങ്കില്‍ ശത്രുസൈന്ന്യത്തെ ഇസ്രായേല്‍ പ്രതീകാത്മകമായി അഭിസംബോധനചെയ്തിരുന്ന രീതിയാണിത്. എല്ലാ ശത്രുക്കളെയും തോല്പിച്ച് തന്‍റെ ജനത്തെ കാത്തുപാലിച്ച ദൈവം ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥനാണെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ പാടി സ്തുതിക്കുന്നു. ഉന്നതമായ പര്‍വ്വതങ്ങളും ദൈവത്തെ സ്തുതിക്കുന്നതായി സങ്കീര്‍ത്തകന്‍ വിവരിക്കുന്നു. ഗായകന്‍ താബോറിന്‍റെയും ഹെര്‍മോണിന്‍റെയും, ഇസ്രായേലിലെ രണ്ടു മലയുടെ പേരുകള്‍ എടുത്തുപറയുന്നു. ജനം ഈ മലകളില്‍ ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. ദൈവമായ യാവെ അല്ലാതെ ഇസ്രായേലിന് മറ്റൊരു ദൈവമില്ലെന്നും ദൈവത്തിന്‍റെയും ദൈവരാജ്യത്തിന്‍റെയും ഭരണത്തിന്‍റെ ശക്തി നീതിയും ന്യായവുമാണെന്ന് സങ്കീര്‍ത്തകന്‍ വ്യക്തമാക്കിത്തരുന്നു.

Musical Version of Ps 89 Unit three
കര്‍ത്താവേ, അങ്ങാണു ഞങ്ങളുടെ പരിചയും കോട്ടയും
ഇസ്രായേലിന്‍റെ പരിശുദ്ധനും അതിന്‍റെ രാജാവും അങ്ങാകുന്നു
പണ്ടൊരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ ജനത്തോട് അരുള്‍ചെയ്തു
ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചൂ.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. 

അടുത്തയാഴ്ചയിലും സങ്കീര്‍ത്തനം 89, രാജകീയ സങ്കീര്‍ത്തനത്തിന്‍റെ ആമുഖപഠനം തുടരും. (ഭാഗംരണ്ട്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2020, 15:24