തിരയുക

GERMANY-ANIMALS-SHEEP-WEATHER GERMANY-ANIMALS-SHEEP-WEATHER 

സൃഷ്ടി ദൈവിക സാന്നിദ്ധ്യത്തിന്‍റെ ആവിഷ്ക്കാരം

ഒരു കൃതജ്ഞതാഗീതം - സങ്കീര്‍ത്തനം 65-ന്‍റെ പഠനം നാലാം ഭാഗം വരികളുടെ വ്യാഖ്യാനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

65-‍Ɔο സങ്കീര്‍ത്തനപഠനം ഭാഗം അഞ്ച്

1. വരികളുടെ വ്യാഖ്യാനം – സ്രഷ്ടാവും സൃഷ്ടികളും
ആകെ 13 വരികളുള്ള ഈ സങ്കീര്‍ത്തനപഠനത്തിന്‍റെ വ്യാഖ്യാനം നാം തുടരുകയാണ്. ദൈവത്തിനു നന്ദിയര്‍പ്പിക്കുന്ന ഈ സങ്കീര്‍ത്തനത്തില്‍ ജീവിതത്തിന്‍റെ ഭൗതിക നന്മകള്‍ക്കു മാത്രമല്ല മനുഷ്യര്‍ ദൈവത്തിന് നന്ദിപറയുന്നത് എന്ന ചിന്ത ഏറെ ശ്രദ്ധേയമാണ്. വിളസമൃദ്ധിപോലുള്ള ഭൗതിക നന്മകള്‍ക്കൊപ്പം, ആത്മീയ നന്മകള്‍ക്കും മനുഷ്യന്‍  ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു. കാരണം ഭൂമിയില്‍ നമുക്ക് അസ്തിത്വം നല്കി, പാര്‍പ്പിടം നല്കി, പ്രകൃതിയും മറ്റു ഭൂവിഭവങ്ങളും, കാലാവസ്ഥയും, കാലഭേദങ്ങളും നല്കി അനുഗ്രഹിച്ച ദൈവത്തിന് നമുക്കെങ്ങിനെ നന്ദിയര്‍പ്പിക്കാതിരിക്കാന്‍ സാധിക്കും, ഇത് 65-Ɔο സങ്കീര്‍ത്തനത്തിന്‍റെ ശ്രദ്ധേയമായൊരു വ്യാഖ്യാനവും ധ്യാനവുമാണ്.

അങ്ങനെ ഭൗതിക നന്മകള്‍ക്കൊപ്പം ആത്മീയ നന്മകള്‍ക്കും ദൈവത്തിന് നന്ദിയര്‍പ്പിക്കാന്‍ ഗായകന്‍ ജനങ്ങളെ ക്ഷണിക്കുന്നു. അതായത് ദൈവത്തിന്‍റെ സൃഷ്ടിയുടെ മകുടവും, രക്ഷണീയ കര്‍മ്മത്തിന്‍റെ കേന്ദ്രവുമായ മനുഷ്യനും ദൈവവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും, അതിനാല്‍ സ്രഷ്ടാവും സര്‍വ്വനന്മകളുടെയും ദാതാവുമായ ദൈവത്തെ സ്തുതിക്കുവാന്‍ മനുഷ്യന് കടപ്പാടുണ്ടെന്നും സങ്കീര്‍ത്തകന്‍ അനുസ്മരിപ്പിക്കുന്നു. നൂറുമേനിയും, ‌അറുപതും മുപ്പതും മേനിയും ഫലസമൃദ്ധി നല്കുന്നത് ദൈവമാണെന്ന് സങ്കീര്‍ത്തകന്‍ വരികളിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

Musical Version of Ps 65 Unit One
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.

2. ദൈവ-മനുഷ്യ ബന്ധത്തെക്കുറിച്ചുള്ള ചിന്തകള്‍
ഈ സങ്കീര്‍ത്തന വരികളുടെ കുറച്ചുകൂടെ ആഴമായ വ്യാഖ്യാനത്തിലേയ്ക്കു കടക്കുമ്പോള്‍ പൊന്തിവരുന്നൊരു ചോദ്യമുണ്ട്. മനുഷ്യകുലത്തിന്‍റെ രക്ഷാകര പദ്ധതിയും പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധമെന്താണ്? വിശിഷ്യാ 65-Ɔο സങ്കീര്‍ത്തനം വളരെ വിശദമായി പ്രദിപാദിക്കുന്ന വിളവെടുപ്പും ദൈവത്തിന് ജനം അര്‍പ്പിക്കുന്ന കൃതജ്ഞതയും തമ്മിലുള്ള ബന്ധം വിശകലനംചെയ്യുന്നത് ഈ വ്യാഖ്യാനപഠനത്തെ കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമാക്കും.
a) ആദ്യമായി ദൈവം സ്രഷ്ടാവാകയാല്‍ അവിടുന്ന് സകലര്‍ക്കും ദൈവമാണ്.
b) രണ്ടാമതായി, സ്രഷ്ടാവ് സകലസൃഷ്ടിയുടെയും അതിനാഥനാണ്. പ്രകൃതിയും ഭൂമിയും ദൈവം മനുഷ്യര്‍ക്കു തന്ന ദാനങ്ങളുടെ ഭാഗമാണ്.
“പൊതുഭവനമായ ഭൂമി”യെന്നാണ്, അങ്ങേയ്ക്കു സ്തുതി! Laudato Si! എന്ന ചാക്രിക ലേഖനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഭൂമിയെ വിശേഷിപ്പിക്കുന്നത്. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” വെന്നു സമര്‍ത്ഥിച്ചുകൊണ്ടാണ് ബൈബിളിലെ ആദ്യഗ്രന്ഥം, ഉല്പത്തി പുസ്തകത്തില്‍ സൃഷ്ടിയെ സംബന്ധിക്കുന്ന ഭാഗം ആരംഭിക്കുന്നത് (ഉല്പത്തി 1, 1). ഈ വരിയെക്കുറിച്ച് ആഴമായി ധ്യാനിച്ചാല്‍ നമുക്കു മനസ്സിലാകും, ദൈവം ഇന്നും അവിടുത്തെ സ്നേഹമുള്ള സൃഷ്ടികര്‍മ്മം ഈ ഭൂമിയില്‍ തുടരുകയാണ്.

3. പ്രകൃതി പ്രതിഫലിപ്പിക്കുന്ന ഈശ്വരചൈതന്യം
ഓരോ പ്രഭാതത്തിലും സൂര്യന്‍ ഉദിച്ചുയരുമ്പോഴും, പുല്‍നാമ്പു തളിര്‍ക്കുമ്പോഴും, മഞ്ഞുപൊഴിയുമ്പോഴും, പൂക്കള്‍ വിരിയുമ്പോഴും, തിരമാലകള്‍ തീരങ്ങളില്‍ അടിച്ചുയരുമ്പോഴും, കിളികള്‍ ചില്ലകളില്‍ ചിലയ്ക്കുമ്പോഴും, വന്യമൃഗങ്ങള്‍ വനാന്തരങ്ങളില്‍ ഗര്‍ജ്ജിക്കുമ്പോഴും, ഒരു കുഞ്ഞു ഭൂമിയിലേയ്ക്കു പിറന്നു വീഴുമ്പോഴും ദൈവം സ്നേഹത്തോടെ അവിടുത്തെ സൃഷ്ടികര്‍മ്മം ഇന്നും തുടരുകയാണെന്ന സത്യം ഓര്‍പ്പിക്കുകയാണ്. അതിനാല്‍ ദൈവം, “സ്രഷ്ടാവ്” എന്ന സംജ്ഞ ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ? ഇല്ല, പ്രകൃതിയിലെ ദൈവത്തിന്‍റെ സാന്നിദ്ധ്യം മനുഷ്യര്‍ ഇന്ന് പൂര്‍വ്വോപരി അംഗീകരിക്കുകയും ഏറ്റുപറയുകയുംചെയ്യുന്നുണ്ട്. കാരണം മാനവകുലവും, പ്രകൃതിയും വികസിക്കുന്നു എന്ന പ്രതിഭാസമാണ് ഇന്ന് ശാസ്ത്ര ലോകം നിരീക്ഷിക്കുന്നത്. അതിനാല്‍ ഭൂമിയും അതിന്‍റെ എല്ലാ നന്മയും, വിശിഷ്യാ വിളസമൃദ്ധിയും നാം ഉപയോഗിക്കുമ്പോള്‍ അതിന്‍റെ ദാതാവായ ദൈവത്തോട് നന്ദിയുള്ളവരായിക്കേണ്ടതാണ്.

Musical Version of Ps 65 Unit Two
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്നു മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.

4. വാനവിതാനങ്ങളെ  വിരിയിച്ചവന്‍
ഈ വ്യാഖ്യാനപഠനത്തെ തുണയ്ക്കുന്ന മറ്റൊരു നിരീക്ഷണം ഭൂമിയിലെന്നപോലെ തന്നെ ആകാശവിതാനത്തിലും, അതിനുമപ്പുറത്തും നാം കാണുന്ന സൂര്യചന്ദ്രാദികളും, നക്ഷത്രങ്ങളും, അത്ഭുതമുണര്‍ത്തിക്കൊണ്ട് അപൂര്‍വ്വമായി തെളിയുന്ന മഴവില്ലുമെല്ലാം ദൈവിക മഹിമാവിന്‍റെ ആകാശത്തുള്ള അടയാളങ്ങളാണ്. ദൈവം തന്‍റെ ജനത്തിനു നല്കിയിട്ടുള്ള വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവും, ദൈവിക പരിപാലനയുടെയും സംരക്ഷണത്തിന്‍റെയും അടയാളങ്ങളുമാണിവ. ഉല്പത്തിപ്പുസ്തകത്തിലെ വചനം ഈ ദൈവികവാഗ്ദാനങ്ങളെ അനുസ്മരിപ്പിക്കുന്നു. “ദൈവം അരുള്‍ചെയ്തു, രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശം ഉണ്ടാകട്ടെ!” (ഉല്പത്തി 1, 14). പിന്നെയും പറയുന്നു, “ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളമായി മാനത്ത് മേഘങ്ങളില്‍ മഴവില്ലു വിരിയട്ടെ!” (ഉല്പത്തി 9, 17).

5. ശാശ്വതമായ ദൈവിക വാഗ്ദാനങ്ങളുടെ അടയാളങ്ങള്‍
ഭൂമുഖത്ത് സൃഷ്ടിയുടെ നാള്‍മുതല്‍ ഋതുഭേദങ്ങളും കാലവ്യത്യാസങ്ങളും ഒരുക്കുന്ന ദൈവം മനുഷ്യര്‍ക്കെല്ലാം അവരുടെ ഉപജീവനത്തിനുള്ള സാദ്ധ്യതകളും സൗകര്യങ്ങളും ഈ പ്രകൃതിയില്‍ സംവിധാനം ചെയ്തിരിക്കുന്നുവെന്നത് ആശ്ചര്യാവഹംതന്നെ! ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ അങ്ങനെ ശാശ്വതമായി നിലനില്ക്കുമ്പോള്‍ ദൈവമാണ് മനുഷ്യന്‍റെ വിശ്വാസത്തിന് ആധാരമാകേണ്ടവന്‍ (the object of truth and the object of man’s faith) എന്ന വസ്തുത നാം സംശയമെന്യേ അംഗീകരിക്കേണ്ടതാണ്. പ്രകൃതിയുമായി ബന്ധപ്പെട്ട ദൈവത്തിലുള്ള മനുഷ്യന്‍റെ വിശ്വാസം എല്ലാ ജനതകളുടേതുമാണ്, എല്ലാ സംസ്കാരങ്ങളുടേതുമാണ്. ലോകത്തെ എല്ലാ സംസ്ക്കാരങ്ങളും പ്രകൃതിയുടെ മനോഹാരിതയിലും, അതിലൂടെ ദൈവം തരുന്ന നന്മകളിലും, അതിലെ സസ്യലതാദികളിലും, ജന്തുക്കളിലും, അവയുടെ വൈവിദ്ധ്യങ്ങളിലുമെല്ലാം ദൈവിക മഹത്വം, സ്രഷ്ടാവായ ദൈവത്തിന്‍റെ മഹത്വം ദര്‍ശിക്കുന്നുണ്ട്. ഈ പ്രാപഞ്ചിക മനോഹാരിത മനുഷ്യനെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, സ്രഷ്ടാവിനെ സ്തുതിക്കുവാനും വണങ്ങുവാനും, അവിടുത്തെ നാഥനായി അംഗീകരിക്കുവാനും സകലരെയും സഹായിക്കുന്നു, പ്രചോദിപ്പിക്കുന്നു.

Musical Version of Ps 65 Unit Three
സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.
 
6. സൃഷ്ടി ദൈവിക സാന്നിദ്ധ്യത്തിന്‍റെ ആവിഷ്ക്കാരം
ഉലപ്ത്തി പുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായങ്ങളില്‍ നാം കാണുന്നുണ്ട് ദൈവം നോഹുമായി ചെയ്ത ഉടമ്പടി, “ഇനിയൊരു ജലപ്രളയത്താല്‍ ഭൂമിയെ താന്‍ നശിപ്പിക്കില്ലെന്നത്. അതിന് അടയാളമായി നല്കുന്നത് മേഘങ്ങളില്‍ അവിടുന്നു സ്ഥാപിച്ച മഴവില്ലാണ് (ഉല്പത്തി 9, 13). തീര്‍ച്ചയായും മഴവില്ലിനെ ഒരു ശാസ്ത്രീയ ഭൂമിക പ്രതിഭാസമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ ദൈവം നമ്മുടെ സ്രഷ്ടാവ് എന്ന കാഴ്ചപ്പാടില്‍ ദൈവം സ്ഥാപിച്ച മഴവില്ല് അവിടുത്തെ സാന്നിദ്ധ്യ സ്മരണയായി കാണുമ്പോള്‍ അത് ഭൂമിയിലെ അവിടുത്തെ ദര്‍ശനത്തിന്‍റെയും സന്ദര്‍ശനത്തിന്‍റെയും സാന്നിദ്ധ്യമാണ്. അതിനാല്‍ സൃഷ്ടി, ഒരു വിധത്തില്‍ ഭൂമിയിലെ ദൈവിക സാന്നിദ്ധ്യത്തിന്‍റെ ആവിഷ്ക്കാരവും നവീകരണവുമായിട്ടാണ് കൃതജ്ഞതാഗീതത്തിന്‍റെ 65-Ɔο സങ്കീര്‍ത്തന പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ നാം മനസ്സിലാക്കേണ്ടത്.

വിത്തു മുളപൊട്ടി, തളിരിടുകയും, മുട്ട വിരിഞ്ഞ് അതില്‍നിന്നും പക്ഷി പറന്നുയരുകയും, ഒരു ഇലയോട് ഒട്ടിയിരിക്കുന്ന പൂപ്പയുടെ കവചം പൊട്ടിച്ച് കൂടപ്പുഴു വര്‍ണ്ണപ്പകിട്ടുള്ള ശലഭമായി പറന്നുയരുന്നതും, ജന്തുക്കളില്‍നിന്നും അവയുടെ വകഭേദങ്ങള്‍ ഉടലെടുക്കുന്നതുമെല്ലാം ദൈവം ലോകത്തിനു നല്കുന്ന സൃഷ്ടിയുടെ വലിയ ദാനവും, അതിന്‍റെ പുനരാവിഷ്ക്കരണവുമായി നമുക്കു മനസ്സിലാക്കാം. നിറഞ്ഞൊഴുകുന്ന നദിയെ സങ്കീര്‍ത്തകന്‍ ഈ കൃതജ്ഞതാഗീതത്തിന്‍റെ
9-Ɔമത്തെ വരിയില്‍ ഉപയോഗിക്കുന്നത് ദൈവം ഭൂമിയെ നവീകരിക്കുന്ന, അല്ലെങ്കില്‍ പുനരാവിഷ്ക്കരിക്കുന്ന കൃപയുടെ സ്രോതസ്സായിട്ടാണ്. സൃഷ്ടിയുടെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ നദിയോ, പ്രപഞ്ചത്തിലെ മറ്റെന്തെങ്കിലുമോ, സൃഷ്ടിയുടെ മകുടമായ മനുഷ്യനോളം ദൈവികമഹത്വത്തിന്‍റെ പൂര്‍ണ്ണിമ പ്രതിഫലിപ്പിക്കുന്നില്ലെന്നും സങ്കീര്‍ത്തനവരികള്‍ പഠിപ്പിക്കുന്നത്, വീണ്ടും വ്യക്തിപരമായും, മനുഷ്യര്‍ സമൂഹമായും ദൈവത്തിന് നന്ദിയര്‍പ്പിക്കാനുള്ള ഗാഢമായ പ്രചോദനമാണ്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം റാണി ജോസും സംഘവും.

Musical Version of Ps 65 Unit One & Four
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ചതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്ന് മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.

മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നൂ
കുന്നുകള്‍ സന്തോഷമണിയുന്നു
മേച്ചില്‍പ്പുറങ്ങളില്‍ ആടുകള്‍ മേയുന്നൂ
താഴ്വാരങ്ങള്‍ ധാന്യംകൊണ്ട് നിറയുന്നൂ
അവ സന്തോഷിച്ചാര്‍ക്കുന്നു.
നല്ല നിലത്ത്…

അടുത്തയാഴ്ചയില്‍ ഈ ഗീതത്തിന്‍റെ ആത്മീയ അവലോകനത്തിലേയ്ക്കു കടക്കാം. (ഭാഗംഅഞ്ച്) .
 

03 March 2020, 15:22