വൈറസ് ബാധയില്‍നിന്നും കുട്ടികളെ പരിരക്ഷിക്കണം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. വൈറസ്സിന്‍റെ ആഗോളവ്യാപനം ആവശ്യപ്പെടുന്ന
വര്‍ദ്ധിച്ച കരുതലും ശ്രദ്ധയും
കൊറോണാ വൈറസ് ബാധ ആഗോളതലത്തില്‍ വ്യാപിക്കുന്നതില്‍ ഏറെ ശ്രദ്ധയും കരുതലും വേണ്ടതാണ്. വിശിഷ്യാ കുട്ടികളെ ജീവനെടുക്കുന്ന രോഗത്തിന്‍റെ പിടിയില്‍നിന്നും രക്ഷിക്കാന്‍ കരുതല്‍ എടുക്കേണ്ടതാണെന്ന് യുണിസെഫിന്‍റെ ഡയറക്ടര്‍, ഹെന്‍റിയേത്ത ഫോറെ അഭ്യര്‍ത്ഥിച്ചു. കോവിഡ്-19 വൈറല്‍ രോഗം ആഗോള വ്യാപകമായ ഒരു മഹാമാരിയായി (pandemic) യുഎന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 18-Ɔο തിയതി ബുധനാഴ്ച യുനിസെഫിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലാണ് ഡയറക്ടര്‍ ഫോറെ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
2. കുട്ടികളെ തളര്‍ത്തുന്ന വൈറസ്
ആഗോളതലത്തില്‍ ഈ രോഗം വര്‍ദ്ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചതിനാല്‍ കോടിക്കണക്കിന് കുട്ടികളാണ് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുള്ളത്. മാധ്യമ സൗകര്യങ്ങളിലൂടെ അദ്ധ്യായനത്തില്‍ ഏര്‍പ്പെടാവുന്ന കുട്ടികളുടെ ശതമാനം വളരെ ചുരുക്കമാണ്. അതിനാല്‍ മാതാപിതാക്കളും കുട്ടികളുമായി ബന്ധപ്പെട്ട എല്ലാവരും ഏറെ ക്ലേശിക്കുന്നുണ്ടെന്നും ഫോറെ അറിയിച്ചു. കൂടാതെ രാജ്യാതിര്‍ത്തികള്‍ പലതും അടയ്ക്കപ്പെട്ടതോടെ, ജനജീവിതം കീഴ്മേല്‍ മറിഞ്ഞ അവസ്ഥയാണെന്നും ഫോറെ ചൂണ്ടിക്കാട്ടി.
3. ജീവന്‍ സംരക്ഷിക്കാന്‍ ആവതുചെയ്യാം
അപ്രതീക്ഷിതമായൊരു പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ യൂണിസെഫും പ്രയത്നിക്കുന്നുണ്ട്. പുതിയ വൈറസ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയും തെറ്റായി കൈമാറുന്ന അറിവിനെ ചെറുത്തും യൂണിസെഫിന്‍റെ പരിമിതമായ സംവിധാനങ്ങള്‍ ആവതുചെയ്യാന്‍ പരിശ്രമിക്കുകയാണെന്ന് ഫോറെ വ്യക്തമാക്കി. ആരോഗ്യവും, വിദ്യാഭ്യാസവും, പോഷകാഹാരങ്ങളും, സംരക്ഷണവും നല്കി കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിക്കുക എന്നതാണ് യൂണിസെഫിന്‍റെ നയം. ആയിരക്കണക്കിന് കുടിയേറ്റക്കാരും അവരുടെ കുഞ്ഞുങ്ങളും യുദ്ധം, അഭ്യന്തരകലാപം, എന്നിവപോലെ തടയാനാവാത്ത കെടുതികളാല്‍ വലയുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാതെവരുമ്പോള്‍ നിര്‍ദ്ധനരുടെ ആവശ്യങ്ങള്‍ അതിരില്ലാതെയും അളവില്ലാതെയും വരികയാണെന്ന് ഡയറക്ടര്‍ ഹെന്‍റിയേത്ത ഫോരെ ചൂണ്ടിക്കാട്ടി.
4. യൂണിസെഫ് നല്കുന്ന
ശിശു-സൗഹാര്‍ദ്ദപരമായ നിര്‍ദ്ദേശങ്ങള്‍
വൈറസിന്‍റെ ഭീതിയില്‍ കുട്ടികളെ സഹായിക്കാന്‍ യുഎന്നിന്‍റെ ശിശുക്ഷേമ വകുപ്പു നല്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ വന്‍കെടുതിയിലും മരണത്തിന്‍റെ ഭീതിയിലും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുകയും അവര്‍ക്കുവേണ്ട വൈറസ് ബാധയെ സംബന്ധിച്ച ലളിതമായ അറിവും അവബോധവും നല്കേണ്ടതാണ്. ചുറ്റും രോഗവും മരണഭീതിയും ഉയരുകയും ജീവിതം നിശ്ചലമാവുകയും, കുട്ടികളുടെ പതിവു പഠനവും കളിയും കളിക്കളവുമെല്ലാം അവര്‍ക്ക് നഷ്ടമാവുകയും ചെയ്യുമ്പോള്‍ അവരെ പിന്‍തുണച്ച് സംവദിക്കുവാന്‍ ശിശുക്ഷേമവിഭാഗം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉപകരപ്രദമാകട്ടെ.
5. കൊറോണ വൈറസിനെക്കുറിച്ച്
കുട്ടികളോട് എങ്ങനെ സംസാരിക്കാം?
a) വൈറസിനെക്കുറിച്ചു സംസാരിക്കാനും അവരുടെ വാക്കുകള്‍ കേള്‍ക്കുവാനും ആദ്യം മുതിര്‍ന്നവര്‍ സന്നദ്ധരാകണം.
b) അവര്‍ക്ക് അറിയാവുന്നതിനെക്കുറിച്ചും, അതിന്‍റെ ചുവടുപിടിച്ചും സംഭാഷണം അനൗപചാരികമായി ആരംഭിക്കാം.
c) കുട്ടികളെ മെല്ലെ മുന്നോട്ടു നയിക്കുകയാണ് അഭികാമ്യം.
d) വൈറസിന്‍റെ അപകടത്തെക്കുറിച്ച് കുട്ടികളുടെ ഭാഷയിലും ശൈലിയിലും സത്യസന്ധമായി സംസാരിക്കുകയാണു വേണ്ടത്.
e) വൈറസില്‍നിന്നു സ്വയം രക്ഷനേടുവാനും, അവരുടെ കൂട്ടുകാരെ എങ്ങനെ രക്ഷിക്കാമെന്നും അവരെ പഠിപ്പിക്കണം.
f) അവരെ ഭീതിപ്പെടുത്തുകയല്ല, മറിച്ച് അവര്‍ക്ക് സ്വരക്ഷയെക്കുറിച്ച് ഉറപ്പു നല്കുകയാണു വേണ്ടത്.
g) ഒരിക്കലും കുട്ടികളുടെ അറിവില്ലായ്മയെ തരംതാഴ്ത്തരുത്, മറിച്ച് അവര്‍ക്ക് നല്ല ആരോഗ്യം, ശുചിത്വം, കളികള്‍, വ്യായാമം എന്നിവയില്‍ വ്യാപൃതാരാകാനുള്ള അറിവും പ്രേത്സാഹനവും നല്കുകയാണു വേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.unicef.it/coronavirus