ക്രിസ്തു തുറന്നിട്ട അമര്‍ത്ത്യതയുടെ കവാടം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. യേശു നല്കുന്ന നവജീവന്‍
ഈശോ തന്‍റെ പരസ്യജീവിത കാലത്തു പ്രവര്‍ത്തിച്ച അത്ഭുതകരമായ അടയാളങ്ങളുടെ ഉച്ചസ്ഥായിയാണ് ഇന്നത്തെ സുവിശേഷഭാഗം വിവരിക്കുന്ന ലാസറിന്‍റെ ഉത്ഥാനം. ജരൂസലേമില്‍നിന്നും 3 കി.മീ. അകലെ പ്രശാന്തമായ ഗ്രാമമാണ് ബഥനിയ. അവിടെയാണ് ലാസറും രണ്ടു സഹോദരിമാരും – മേരിയും മാര്‍ത്തയും പാര്‍ത്തിരുന്നത്. അവര്‍ ഈശോയുടെ സുഹൃത്തുക്കളായിരുന്നു. ലാസര്‍ മരണമടയുന്നു. ലാസര്‍ മരിച്ച വിവരം മേരിയും മാര്‍ത്തയും ആരുവഴിയോ പറഞ്ഞയച്ച് യേശുവിനു ലഭിക്കുന്നത് നാലാം ദിവസമാണ്.
2. ക്രിസ്തു ജീവനും പുനരുത്ഥാനവും
മരണവാര്‍ത്ത അറിഞ്ഞ് ഈശോ ബഥനിയില്‍ എത്തി. അവിടുന്നു ലാസറിന്‍റെ സഹോദരിമാര്‍ മാര്‍ത്തയെയും മറിയത്തെയും കണ്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ ക്രൈസ്തവ സമൂഹത്തിന്‍റെയും ക്രിസ്തുവില്‍ വിശ്വസിക്കുന്ന സകലരുടെയും ഓര്‍മ്മയില്‍ എന്നേയ്ക്കുമായി കൊത്തിവയ്ക്കപ്പെട്ടിരിക്കുന്ന സദ്വാര്‍ത്തയാണ് – “ഞാന്‍ ഉത്ഥാനവും ജീവനുമാകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിക്കുമെങ്കിലും ജീവിക്കും. എന്നാല്‍ എന്നില്‍ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല” (യോഹ. 11, 25-26). ഈ വാക്കുകളില്‍നിന്നും മനസ്സിലാക്കേണ്ടത്, യേശുവില്‍ വിശ്വസിക്കുകയും, അവിടുത്തെ കല്പനകള്‍ പാലിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ മരണാനന്തരം അമര്‍ത്ത്യതയുടെ നവവും സമ്പൂര്‍ണ്ണവുമായ ജീവനിലേയ്ക്ക് രൂപാന്തരപ്പെടുമെന്നാണ്.
യേശു ശരീരത്തോടെ ഉത്ഥാനംചെയ്തു. അവിടുന്ന് തന്‍റെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്കി. എന്നാല്‍ അവിടുന്ന് ഭൗമിക ജീവനിലേയ്ക്ക് തിരിച്ചു വരുന്നില്ല. അതുപോലെ യേശുവില്‍ വിശ്വസിക്കുന്നവര് നാമും ഉയിര്‍ത്തെഴുന്നേല്ക്കും, അതുവഴി നമ്മുടെ ശരീരങ്ങളും രൂപാന്തരപ്പെട്ട് മഹത്വീകൃതമാകും. മനുഷ്യരായ നാം ക്രിസ്തുവുമായി ഐക്യപ്പെട്ടു ജീവിക്കുമ്പോള്‍, അവിടുത്തെപ്പോലെ മരണാനന്തരം പരിശുദ്ധാത്മാവാല്‍ ഉത്ഥിതരായി സ്വര്‍ഗ്ഗീയ പിതാവിന്‍റെ സന്നിധിയില്‍ വസിക്കണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു. ഇത് വിശ്വാസം നേടിത്തരുന്ന ദൈവികജീവന്‍റെ അമര്‍ത്ത്യതയിലുള്ള പങ്കാളിത്തമാണ്.
3. ഇന്നും മുഴങ്ങുന്ന
സ്വാതന്ത്ര്യത്തിലേയ്ക്കുള്ള യേശുവിന്‍റെ വിളി
ബഥനിയില്‍ ലാസറിന്‍റെ കല്ലറയില്‍ എത്തിയ യേശു ഉറക്കെ വിളിച്ചു, ലാസറേ, പുറത്തുവരികയെന്ന്. മുഴുവന്‍ ശരീരവും ശീലയില്‍ പൊതിഞ്ഞ്, മുഖം ഒരു തുവാലയാല്‍ മൂടപ്പെട്ട് അടക്കംചെയ്ത അവസ്ഥയിലാണ് മരിച്ച ലാസര്‍ കല്ലറയില്‍നിന്നും പുറത്തുവന്നത് (43-44). ഇത് യേശുവിന്‍റെ ജീവിതത്തിലെ ഏറ്റവും മഹത്തരവും, ഏറ്റവും ദൈവികവുമായ സംഭവമായിരുന്നു. സമൂഹത്തിലെ പ്രധാന പുരോഹിതന്മാര്‍ സംഭവത്തിന്‍റെ വിശദാംശങ്ങളില്‍നിന്നും യേശുവിന്‍റെ ദൈവികത മനസ്സിലാക്കിയെങ്കിലും, അവര്‍ അവിടുത്തെ കൊല്ലുവാനാണ് കളമൊരുക്കിയത് (യോഹ. 11, 53).
സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്‍റെ ആ ഉറച്ചവിളി, ലാസറിനോടു മാത്രമുള്ളതല്ല, സകല മാനവരാശിക്കുമായുള്ളൊരു രോദനമാണ്. ആ വിളി ഒരു കല്പനയാണ്! കാരണം നാമെല്ലാവരും മരണത്തിന്‍റെ മുദ്രയുള്ളവരാണ്. നാം ഒരുനാള്‍ മരിക്കും, ഈ ഭൂമിയില്‍നിന്നും കടന്നുപോകും. എന്നാല്‍ ജീവന്‍റെ അതിനാഥനായ ദൈവത്തിന്‍റെ പദ്ധതിയാണ് ക്രിസ്തുവഴി നമുക്കു ലഭിക്കുന്ന ആത്മീയ സമൃദ്ധിയുടെ ജീവന്‍, നിത്യതയുടെ ജീവന്‍! (യോഹ. 10, 10). പാപത്തിലും സ്വാര്‍ത്ഥതയിലും നമുക്കായി നാം ഒരുക്കുന്ന തിന്മയുടെയും മരണത്തിന്‍റെയും കല്ലറകള്‍ ക്രിസ്തു തട്ടിത്തുറക്കുകയും, മനുഷ്യരെ മര്‍ത്ത്യതയില്‍നിന്നും നിത്യതയുടെ അമര്‍ത്ത്യതയിലേയ്ക്ക് ആനയിക്കുകയും ചെയ്യുന്നു.
4. യേശു വിമോചകന്‍
പാപത്തിനും അധര്‍മ്മങ്ങള്‍ക്കും മറയായി നാം ഒരുക്കിയിരിക്കുന്ന കല്ലറകള്‍ ക്രിസ്തു അംഗീകരിക്കുന്നില്ല, നിഷേധിക്കുന്നു. കുഴിച്ചു മൂടപ്പെട്ട പാപത്തിന്‍റെ കല്ലറകളില്‍നിന്നും മര്‍ത്യജീവിതങ്ങളെ സ്വതന്ത്രമാക്കാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. പാപത്തിന്‍റെ തടങ്കലുകളില്‍നിന്നും പുറത്തുവരുവാനും, വ്യാജവും വ്യര്‍ത്ഥവും സ്വാര്‍ത്ഥവും മന്ദവുമായ ജീവിതത്തിന്‍റെ ചങ്ങല പൊട്ടിച്ചു മോചിതരാകുവാനും ക്രിസ്തു നമ്മെ ഈ തപസ്സിലൂടെ പ്രത്യേകമായി ക്ഷണിക്കുന്നു. ലാസറിനോടു പറഞ്ഞതുപോലെ, പാപത്തിന്‍റെയും മരണത്തിന്‍റെയും ബന്ധനത്തില്‍നിന്നും പുറത്തു വരൂ!, പുറത്തു വരൂ..., എന്ന് അവിടുന്ന് നിങ്ങളോടും എന്നോടും ഇന്നും ആഹ്വാനംചെയ്യുന്നു.
5. ക്രിസ്തു തരുന്ന നവജീവന്‍റെ വെളിച്ചം
നമ്മുടെ അഹങ്കാരത്തിന്‍റെ ബന്ധനത്തില്‍നിന്നും സ്വതന്ത്രരായി പുറത്തുവരുവാനുള്ള ആഹ്വാനമാണിത്. കാരണം അഹങ്കാരം നമ്മെ അടിമകളാക്കുന്നു. പലതരത്തിലുള്ള ബന്ധനങ്ങള്‍ക്കും അഹങ്കാരം നമ്മെ കീഴ്പ്പെടുത്തും. എന്നാല്‍ ക്രിസ്തുവിനെ അനുസരിക്കുവാനും, അവിടുത്തെ വിളി കേട്ട് വെളിച്ചത്തിലേയ്ക്കു കടന്നുവരുവാന്‍ സന്നദ്ധരാകുമ്പോള്‍, നാം ക്രിസ്തുവില്‍ സ്വതന്ത്രരാകും. നാം അവിടുത്തെ പുനരുത്ഥാനത്തില്‍ ഭാഗഭാക്കുകളാകും. ജീവിതത്തില്‍ പാപത്തിന്‍റെ മുഖംമൂടി അണിയുന്നവരാണു നാം. എന്നാല്‍ മുഖംമൂടി മാറ്റുവാനും, പാപജീവിതം ഉപേക്ഷിക്കുവാനും സന്നദ്ധരായാല്‍, ക്രിസ്തുവില്‍ നാം പ്രകാശിതരാകും, ക്രിസ്തുവിന്‍റെ പ്രകാശം നമ്മെ പ്രശോഭിപ്പിക്കും. അങ്ങനെ നമ്മിലെ ദൈവത്തിന്‍റെ പ്രതിച്ഛായ സകലരും ദര്‍ശിക്കുവാന്‍ ഇടയാകും.
6. യേശുവില്‍ ലഭ്യമാകുന്ന കൃപാസമൃദ്ധി
ലാസറിനെ ഉയിര്‍പ്പിച്ചുകൊണ്ട് ക്രിസ്തു ദൈവകൃപയുടെ തീവ്രതയാണ് പ്രകടമാക്കിയത്. മനുഷ്യനിലെ - നിങ്ങളിലെയും എന്നിലെയും മാനസാന്തരത്തിനും രൂപാന്തരീകരണത്തിനും മുന്നില്‍, ദൈവം പ്രത്യുത്തരിക്കുന്ന അവിടുത്തെ സ്നേഹത്തിന്‍റെ ദൈവികശക്തി സീമാതീതമാണെന്ന് ക്രിസ്തു വെളിപ്പെടുത്തിത്തരുന്നു. അത് ജീവന്‍ പകരുന്നതാണെന്ന് അവിടുന്നു വ്യക്തമാക്കിത്തരുന്നു. ദൈവം നമ്മില്‍ വര്‍ഷിക്കുന്ന നന്മകള്‍ കലവറയില്ലാത്തതാണ്, അതിരുകള്‍ ഇല്ലാത്തതാണെന്ന് ഇന്നത്തെ സുവിശേഷസംഭവം പഠിപ്പിക്കുന്നു. അവിടുത്തെ സ്നേഹം സീമാതീതമാണ്. ദൈവം തന്‍റെ ജനത്തിനു നല്കുന്ന നന്മകള്‍ അനന്തമാണ്! നാം ആവര്‍ത്തിച്ചു പറയേണ്ട ദൈവസ്നേഹത്തിന്‍റെ അപാരത വെളിപ്പെടുത്തുന്ന ചിന്തയും ധ്യാനവുമാണിത്.
7. പ്രാര്‍ത്ഥന
ദൈവമേ, അങ്ങു ഞങ്ങളില്‍ അനുദിനം വര്‍ഷിക്കുന്ന നന്മകള്‍ നിരവധിയാണ്! എന്നിട്ടും അങ്ങേ ജീവന്‍റെ വെളിച്ചത്തില്‍നിന്നും ഞങ്ങള്‍ അകന്ന് പാപഗര്‍ത്തത്തില്‍ നിപതിക്കുന്നു. ഞങ്ങളുടെ വീഴ്ചകളുടെ കല്ലറയിലെ കല്ലുമാറ്റി, വീണ്ടും ഞങ്ങള്‍ക്കു പുതുജീവന്‍ തരണമേ!
രക്ഷയ്ക്കായുള്ള അങ്ങേ വിളി ഞങ്ങള്‍ ശ്രവിക്കട്ടെ! പാപത്തിന്‍റെ ശവക്കോട്ടയില്‍നിന്ന് പുറത്തുവരൂ! എന്ന യേശുവിന്‍റെ ദിവ്യസ്വരം ഞങ്ങള്‍ ശ്രവിക്കട്ടെ! യേശുവേ, ബലഹീനതകളുടെ ഗര്‍ത്തത്തില്‍നിന്നും പുറത്തുവരുവാനും ദൈവികജീവന്‍റെ പ്രകാശത്തില്‍ ജീവിക്കുവാനും വളരുവാനും ഞങ്ങളെ അങ്ങു തുണയ്ക്കണമേ!
ഗാനമാലപിച്ചത് മധുബാലകൃഷ്ണനും അലീനയുമാണ്. രചനയും സംഗീതവും സണ്ണിസ്റ്റീഫന്‍.