തിരയുക

the palestinian lad who reads the scriptues the palestinian lad who reads the scriptues 

ദേവാങ്കണത്തില്‍ വസിക്കുവോര്‍ ഭാഗ്യമിയന്നോര്‍

65-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം – വരികളുടെ വ്യാഖ്യാനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

65-‍Ɔο സങ്കീര്‍ത്തനപഠനം - ഭാഗം 6

1. സമൂഹം ദൈവത്തിനു നന്ദിയര്‍പ്പിക്കുന്ന ഗീതം
65-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം രണ്ടാം ഭാഗത്ത് ഇന്ന് നാം പദങ്ങളുടെ വ്യാഖ്യാനം ആരംഭിക്കുകയാണ്. ഒരു സമൂഹം ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന ഗീതമാണിത്, അല്ലെങ്കില്‍ ഒരു സാമൂഹിക കൃതജ്ഞതാഗീതമെന്നു പറയാം. ദാവീദുരാജാവിന്‍റെ രചനയായിട്ടാണ് ഈ ഗീതം ഗണിച്ചിരിക്കുന്നത്. വിളവെടുപ്പുമായി ബന്ധപ്പെട്ട് ജരൂസലേം ദേവാലയത്തില്‍ നടത്തിയിരുന്ന ഉത്സവാഘോഷങ്ങളില്‍ പൊതുവെ ഉപയോഗിച്ചിരുന്ന സങ്കീര്‍ത്തനമാണിതെന്ന് നിരൂപകന്മാര്‍ ഈ ഗീതത്തെ വിലയിരുത്തുന്നു. വിളവെടുപ്പും പുതുവത്സരവും സന്ധിക്കുന്ന ഒരു ഉത്സവകാലമായിരുന്നു ഇത്. ഇന്നും ഇസ്രായേലില്‍ യഹൂദരുടെ ഇടയില്‍ ആഘോഷിച്ചു വരുന്ന “സുക്കോത്ത്” ഈ വിളവെടുപ്പ് ഉത്സവംതന്നെയാണെന്ന് നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. എട്ടുദിവസങ്ങള്‍ സമൂഹം ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന വലിയ ഉത്സവമായിട്ടാണ് ജരൂസലേത്ത് അന്നാളിലും ഇന്നും വിളവെടുപ്പുത്സവം ആഘോഷിക്കപ്പെടുന്നത്. ഇതിനോടൊപ്പം ദൈവം എപ്രകാരം തന്‍റെ ജനത്തെ ഈജിപ്തിലെ അടിമത്വത്തില്‍നിന്നു മോചിച്ച് പുനരാവിഷ്ക്കരിച്ചുവെന്നും അനുസ്മരിക്കുന്നത് ഈ ഉത്സവകാലത്തിന്‍റെ പ്രത്യേകതയാണ്.

2. വിളസമൃദ്ധിയുടെ ദൈവികദാനം
റോമന്‍ കലണ്ടര്‍ പ്രകാരം സെപ്തംബര്‍ മാസത്തിന്‍റെ അവസാനത്തിലാണ് ഇസ്രായേല്‍ വിളവെടുപ്പുവാരം ആഘോഷിക്കുന്നത്. വിളവെടുപ്പു കാലത്ത് ഏറ്റവും അവസാനം മുന്തിരിയുടെ വിളവെടുപ്പു കഴിഞ്ഞാല്‍ പിന്നെ മിക്കവാറും എല്ലാ വിളവെടുപ്പുകളും അവസാനിച്ചു കാണും. തുടര്‍ന്ന് ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം എല്ലാം നവമായി തുടങ്ങേണ്ട സമയമാണ് – കര്‍ഷകന്‍ നിലമൊരുക്കലും, വിതയും, നനയും, വളമിടലുമല്ലാം തുടങ്ങുന്നു. അതിനാല്‍ നമുക്കു മനസ്സിലാക്കാവുന്നതാണ് ഇസ്രായേലിലെ വിളവെടുപ്പുത്സവം നവമായൊരു ജീവിതഘട്ടത്തിന്‍റെ തുടക്കമാണ്. കാലഭേദങ്ങളും, വിളവും വിളസമൃദ്ധിയും നല്കുന്ന സര്‍വ്വനന്മദാതാവായ ദൈവത്തിന് ജനം ഒന്നുചേര്‍ന്ന് നന്ദിപറയുന്ന ഗീതമാണ് സങ്കീര്‍ത്തനം 65.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരികൊറയയുമാണ്. ആലാപനം റാണി ജോസഫും സംഘവും.

Musical Version of Ps 65 Unit One
നല്ലനിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്നു മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.

3. വിശ്വാസത്തോടെ ജനം ദൈവസന്നിധിയില്‍
ഒരു സമഹൂത്തിന്‍റെ കൃതജ്ഞതാഗീതമായ സങ്കീര്‍ത്തനം 65-ന്‍റെ ആദ്യത്തെ നാലു വരികളുടെ വ്യാഖ്യാനം നമുക്ക് ഇന്നു ശ്രവിക്കാം. ഉളളടക്കത്തില്‍ സിയോനില്‍ സങ്കീര്‍ത്തകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നതാണ് ഈ പദങ്ങള്‍. ആദ്യത്തെ 4 വരികളുടെ ഗണം ശ്രവിച്ചുകൊണ്ട് നമുക്ക് പഠനം ആരംഭിക്കാം.

Recitation of Ps. 65, 1-4.
സിയോനില്‍ വസിക്കുന്ന ദൈവമേ, അങ്ങു സ്തുത്യര്‍ഹനാണ്
അങ്ങേയ്ക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.
പ്രാര്‍ത്ഥന ശ്രവിക്കുന്ന ദൈവമേ, മര്‍ത്യരെല്ലാം പാപഭാരവുമായി
അങ്ങേ സന്നിധി ചേരുന്നു.
അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ ഞങ്ങളെ മോചിപ്പിക്കുന്നവനേ.
അങ്ങേ അങ്കണത്തില്‍ വസിക്കാന്‍ വിളിച്ച ജനങ്ങള്‍ ഭാഗ്യമിയന്നോര്‍.
അങ്ങേ ആലയത്തിലെ നന്മകൊണ്ടു ഞങ്ങള്‍ സംതൃപ്തരാകും.

4. കൃപാപൂര്‍ണ്ണനും ക്ഷമാശീലനുമായ ദൈവം
സങ്കീര്‍ത്തനം 65-ന്‍റെ ആദ്യഭാഗമെന്നു പറയുന്ന ആദ്യത്തെ നാലുവരികളില്‍ ദൈവകൃപയുടെ രണ്ടു ഭാഗങ്ങളാണ് സങ്കീര്‍ത്തകന്‍ വെളിപ്പെടുത്തുന്നത്.
a) ആദ്യമായി, തന്‍റെ ജനത്തെ പരിപാലിക്കുന്നതില്‍ ദൈവം കൃപാപൂര്‍ണ്ണനാണ്, ഒപ്പം ക്ഷമാശീലനുമാണ്. ദൈവകൃപ പാപികളും ബലഹീനരുമായ മനുഷ്യരെ മോചിപ്പിക്കുന്നു. മാത്രമല്ല ദൈവത്തിന്‍റെ ‘മാപ്പുനല്കല്‍’ മനുഷ്യനെ “നവസൃഷ്ടി”യാക്കുകയും ജീവിതത്തെ പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നു.
b) രണ്ടാമതായി പറയുന്നത് - കൃപാപൂര്‍ണ്ണനും സ്രഷ്ടാവുമായ ദൈവം തന്‍റെ ജനത്തിന് നല്ല വിളനല്കി അനുഗ്രഹിക്കുന്നതില്‍ പങ്കുണ്ടെന്ന വിശ്വാസമാണ് ഇസ്രായേലില്‍ നിലനിന്നിരുന്നത്. ഇന്നും ഈ വിശ്വാസം ഏതു മനുഷ്യനിലും, ഏതു മതസ്ഥനിലും നിലനില്ക്കുന്നുണ്ടെന്നു പറയാം. അതിന്‍റെ പ്രത്യക്ഷ അടയാളമാണ് സങ്കീര്‍ത്തനകാലത്ത്, ഇസ്രായേലില്‍ സവിശേഷമായി ആഘോഷിച്ചിരുന്ന വിളവെടുപ്പ് മഹോത്സവം. വിളവെടുപ്പ് ഉത്സവവും അതിനോടു ചേര്‍ന്നു വരുന്ന പുതുവത്സരവുമെല്ലാം ദൈവത്തില്‍ ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നതിനുള്ള പ്രചോദനമാണെന്നു നമുക്ക് ഇന്നും പറയാം. മനുഷ്യസംസ്ക്കാരങ്ങളില്‍ കൃഷിയും വിളവെടുപ്പുമായും ബന്ധപ്പെട്ട് ഇന്നും ഒരു ദൈവവിചാരം നിലനില്ക്കുന്നുണ്ട്! എല്ലാം ദൈവത്തില്‍നിന്നും നന്നായി തുടങ്ങുന്നതിനുള്ള നന്ദിയുടെ സ്തുതിപ്പും പ്രാര്‍ത്ഥനയുമാണ് സങ്കീര്‍ത്തനം 65.

5. ദൈവം തരുന്ന ആത്മീയവും ഭൗതികവുമായ വരദാനങ്ങള്‍
ആത്മീയമായി എന്നപോലെതന്നെ ഭൗതികമായും തങ്ങളെ സമ്പന്നമാക്കുന്ന അല്ലെങ്കില്‍ സമ്പുഷ്ടമാക്കുന്ന വിളസമൃദ്ധിക്ക് ദൈവത്തിന് നന്ദിയര്‍പ്പിക്കുക എന്നതാണ് സങ്കീര്‍ത്തനം 65-ന്‍റെ പ്രധാന ലക്ഷ്യം. തങ്ങള്‍ക്ക് വിളസമൃദ്ധി നല്കുന്ന സ്രഷ്ടാവായ ദൈവത്തെ ജനം സ്തുതിച്ചു പാടുന്നതാണ് സങ്കീര്‍ത്തന വരികള്‍. ഈ പ്രപഞ്ചത്തിലെ സകലത്തിനെയും – സൃഷ്ടിയെയും, സകല ജീവജാലങ്ങളെയും, സസ്യലതാദികളെയും, അവയുടെയെല്ലാം ഉടയവരെപ്പോലെ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരെയും ദൈവം പരിപാലിക്കുകയും, കാലാകാലങ്ങളില്‍ അവിടുന്നു എല്ലാം പുനരാവിഷ്ക്കരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതായി സങ്കീര്‍ത്തകന്‍ വരികളില്‍ വരച്ചുകാട്ടുന്നു. ദൈവത്തിന്‍റെ പരിപാലനയില്‍ ഈ പ്രപഞ്ചവും, അതിലെ സകല ജീവജാലങ്ങളും ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് സങ്കീര്‍ത്തന വരികള്‍ വ്യക്തമാക്കുന്നുണ്ട്. മാനുഷികവും ഭൗതികവുമായ എല്ലാ യാഥാര്‍ത്ഥ്യങ്ങളെയും ദൈവം തന്‍റെ പരിപാലനയില്‍ നിലനിര്‍ത്തുന്നു, കാത്തുപാലിക്കുന്നു.

Musical Version of Ps 65 Unit Two
സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു.

6. ദൈവത്തെ സ്തുതിക്കുന്ന ഭാഗ്യമിയന്നോര്‍!
നാം വ്യാഖ്യാനിക്കുന്ന അല്ലെങ്കില്‍ വിസ്തരിക്കുന്ന ഗീതത്തിന്‍റെ ആദ്യത്തെ നാലുവരികളുടെ പഠനത്തില്‍ ഈ സങ്കീര്‍ത്തനത്തിന്‍റെ ഹൃദയഭാഗത്ത് മനുഷ്യനെയല്ല, ദൈവത്തെയാണ് നാം കണ്ടുമുട്ടുന്നത്. മനുഷ്യന്‍ ദൈവത്തെ സ്തുതിക്കേണ്ടവനാണ്. ദൈവത്തിനുള്ള വിഹിതം എന്നും നല്കുവാനും, നിറവേറ്റുവാനും മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നു. അതിനാല്‍ ജീവിതത്തിലെ ദൈവിക നന്മകള്‍ മനുഷ്യന്‍ തിരിച്ചറിയേണ്ടതാണ്. മനുഷ്യരോടു ക്ഷമിക്കുകയും, മനുഷ്യജീവിതങ്ങളെ പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്ന ദൈവത്തോട് മനുഷ്യന് എങ്ങനെ നന്ദിപറയാതിരിക്കുവാനാകും?  “അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ ഞങ്ങളെ മോചിപ്പിക്കുന്നവനേ...” എന്ന് ഈ ഗീതത്തില്‍ സങ്കീര്‍ത്തകന്‍ (മൂന്നാമത്തെ വരിയില്‍) ദൈവത്തെ അഭിസംബോധനചെയ്യുന്നത് ശ്രദ്ധേയമാണ്. തുടര്‍ന്ന് നാലാമത്തെ വരിയില്‍ പറയുന്നു... “അങ്ങേ അങ്കണത്തില്‍ വസിക്കാന്‍ അങ്ങു വിളിച്ച ജനങ്ങള്‍ ഭാഗ്യമിയന്നോര്‍. അങ്ങേ ആലയത്തിലെ നന്മകൊണ്ടു ഞങ്ങള്‍ സംതൃപ്തരാകും.” ആലയത്തിലെ നന്മ, ദൈവിക സാന്നിദ്ധ്യം തന്നെയാണ്! അതുകൊണ്ടാണ് ഈ സാമൂഹിക കൃതജ്ഞതാഗീതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ദൈവമാണെന്നു പറയുന്നത്!

Musical Version of Ps 65 Unit Three
മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നൂ
കുന്നുകള്‍ സന്തോഷമണിയുന്നു
മേച്ചില്‍പ്പുറങ്ങളില്‍ ആടുകള്‍ മേയുന്നൂ
താഴ്വാരങ്ങള്‍ ധാന്യംകൊണ്ട് നിറയുന്നൂ
സന്തോഷിച്ചാര്‍ക്കുന്നു.

7. മനുഷ്യരെ തേടിയെത്തുന്ന ദൈവം
വരികളില്‍ ഗായകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുകയാണ്. “ഞങ്ങളുടെ രക്ഷകനായ ദൈവമേ,” ഭീതിദമായ പ്രവൃത്തികള്‍ ചെയ്തുകൊണ്ടാണ് അങ്ങു ഞങ്ങള്‍ക്കു മോചനം നല്കിയത്,” എന്ന രക്ഷണീയ ചിത്രം രചയിതാവ് പദങ്ങളില്‍ അനുസ്മരിക്കുന്നു. ഇസ്രായേലിന്‍റെ വിമോചനമാണ് ഇവിടെ ഗായകന്‍ അനുസ്മരിക്കുന്നത്. ഭൂമി മുഴുവന്‍റെയും വിദൂരദ്വീപകളുടെയും ജനതകളുടെയും പ്രത്യാശ ദൈവമാണ്. മനുഷ്യന്‍റെ ബലഹീനതകളെല്ലാം ദൈവം മായിച്ചുകളയുന്നുവെന്നും സങ്കീര്‍ത്തകന്‍ പാടുന്നു. ദൈവത്തിന്‍റെ കൃപയുടെയും നന്മയുടെയും ധാരാളിത്തം അത്രത്തോളമാണ്! എന്നിരുന്നാലും നാം മനസ്സിലാക്കേണ്ടത് ദൈവം തിരഞ്ഞെടുക്കുന്നതും പരിപാലിക്കുന്നതും പാപികളും ബലഹീനരുമായ മനുഷ്യരെയാണ്. അവിടുത്തെ ആലയത്തില്‍ പാര്‍ക്കുവാനും അവിടുത്തെ സ്തുതിക്കുവാനും ദൈവം ക്ഷണിക്കുന്നത് നമ്മെയാണ്. ഇത് ദൈവത്തിന്‍റെ കൃപയാണെന്ന് സങ്കീര്‍ത്തകന്‍ അനുസ്മരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ദൈവത്തെ കേന്ദ്രീകരിച്ചും, ദൈവോത്മുഖമായിട്ടുമാണ് ഗീതത്തിലെ ഓരോ വാക്കും, വരിയും പുരോഗമിക്കുന്നതെന്ന് പ്രസ്താവിച്ചുകൊണ്ട് പദങ്ങളുടെ വ്യാഖ്യാനത്തിന്‍റെ ഈ ആദ്യഘട്ടം ഉപസംഹരിക്കാം.

Musical Version of Ps 65 Unit Four
നല്ലനിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ചതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന് മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.

അടുത്തയാഴ്ചയിലും ഈ ഗീതത്തിന്‍റെ പദങ്ങളുടെ വ്യാഖ്യാനം തുടരും . 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 February 2020, 16:00