തിരയുക

Marbal rocks site in Jabalpur Marbal rocks site in Jabalpur 

ജീവിത നവീകരണത്തിന് പ്രചോദനം പകരുന്ന സങ്കീര്‍ത്തനം

സങ്കീര്‍ത്തനം 65-ന്‍റെ പഠനം മൂന്നാം ഭാഗം - കൃതജ്ഞതാഗീതത്തിന്‍റെ വ്യാഖ്യാനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

65-‍Ɔο സങ്കീര്‍ത്തനപഠനം - ഭാഗം മൂന്ന്

1. ആമുഖം
ആകെ 13 വരികളുള്ള ഈ സങ്കീര്‍ത്തനത്തിന്‍റെ  പഠനം  കഴിഞ്ഞഭാഗത്ത് – ഒന്നുമുതല്‍ നാലുവരെയുള്ള വരികളുടെ വ്യാഖ്യാനം നാം കഴിഞ്ഞ ആഴ്ചയില്‍ പഠിച്ചതാണ്. ഇനി രണ്ടാം ഭാഗത്തിന്‍റെ, അതായത് 5-മുതല്‍ 13-വരെയുള്ള വരികളുടെ വ്യാഖ്യാനം ശ്രവിക്കാം.

2. ജീവിതം പുനരാവിഷ്ക്കരിക്കാനുള്ള ആവേശം
തന്‍റെ ജനത്തെ പരിപാലിക്കുന്നതില്‍ ദൈവം കൃപാപൂര്‍ണ്ണനാണ്, ഒപ്പം ക്ഷമാശീലനുമാണ്. പാപികളും ബലഹീനരുമായ മനുഷ്യരെ മോചിപ്പിക്കുന്നത് ദൈവകൃപയാണ്. മാത്രമല്ല ദൈവത്തിന്‍റെ ‘മാപ്പുനല്കല്‍’ മനുഷ്യരെ അനുദിന ജീവിതത്തില്‍ “നവസൃഷ്ടി”യാക്കി രൂപപ്പെടുത്തുകയും ജീവിതത്തെ പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നു. തന്‍റെ ജനത്തിന് നല്ല വിളനല്കി അനുഗ്രഹിക്കുന്നതില്‍ സ്രഷ്ടാവായ ദൈവത്തിന് പങ്കുണ്ടെന്ന വിശ്വാസം ഇസ്രായേലില്‍ നിലനിന്നിരുന്നത് സങ്കീര്‍ത്തനത്തിന്‍റെ ആദ്യഭാഗം വ്യക്തമാക്കുന്നുണ്ട്. ഇന്നും ഈ വിശ്വാസം ഏതു മനുഷ്യനിലും, ഏതു മതസ്ഥരിലും നിലനില്ക്കുന്നുണ്ട്. അതിന്‍റെ പ്രത്യക്ഷ അടയാളമാണ് സങ്കീര്‍ത്തനകാലത്ത്, ഇസ്രായേലില്‍ സവിശേഷമായി ആഘോഷിച്ചിരുന്ന വിളവെടുപ്പു മഹോത്സവം. വിളസമൃദ്ധിയുടെ ഉത്സവവും അതിനോടു ചേര്‍ന്നുവരുന്ന പുതുവത്സരവുമെല്ലാം ദൈവത്തില്‍ ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നതിനുള്ള ജനങ്ങളിലെ പ്രചോദനവും ആവേശവുമായി നമുക്ക് മനസ്സിലാക്കാം. അതുപോലെ കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ട് ഇന്നും ഒരു ദൈവവിചാരം ജനതകളുടെ ഇടയില്‍ നിലനില്ക്കുന്നത് നമുക്കു കാണാം! ദൈവം സകല നന്മദാതാവാണെന്ന അടിസ്ഥാന വിശ്വാസമാണ് ഭൂമിയില്‍നിന്നും ലഭിക്കുന്ന വിളസമൃദ്ധിയെ ഓര്‍ത്ത് ഉത്സവമാഘോഷിക്കുവാനും, ദൈവത്തെ സ്തുതിക്കുവാനും ഇന്നും മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഈ ആമുഖചിന്തയോടെ വ്യാഖ്യാന പഠനത്തിന്‍റെ രണ്ടാം ഭാഗത്തേയ്ക്കു നമുക്കു പ്രവേശിക്കാം.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം റാണി ജോസഫും സംഘവും.

Musical Version of Ps 65 Unit One
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.

3. രക്ഷകനായ ദൈവത്തിലുള്ള പ്രത്യാശ
ഭീതിദവും ആശ്ചര്യാവഹവുമായ പ്രവൃത്തികളാല്‍ ദൈവം തന്‍റെ ജനത്തെ ബന്ധനത്തില്‍നിന്ന് മോചിക്കുകയും നയിക്കുകയും ചെയ്ത കഥയാണ് 65-Ɔο സങ്കീര്‍ത്തനത്തിന്‍റെ രണ്ടാംഭാഗം വരികളില്‍ വിവരിക്കുന്നത്. പാപികളും ബലഹീനരുമായ മനുഷ്യരെ ഇന്നും ദൈവം തിന്മയില്‍നിന്ന് മോചിപ്പിക്കുകയും നയിക്കുകയും ചെയ്യുമെന്ന പ്രത്യാശയുടെ വികാരവും ഈ കൃതജ്ഞതാഗീതത്തിന്‍റെ വരികളില്‍ ഒളിഞ്ഞിരിക്കുന്നത് വ്യാഖ്യാന പഠനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കാം. സങ്കീര്‍ത്തനവരികള്‍ ശ്രവിച്ചുകൊണ്ട് വ്യാഖ്യാനത്തിലേയ്ക്കു കടക്കാം.

Recitation of Ps. 65, 5-9.
ഞങ്ങളുടെ രക്ഷകനായ ദൈവമേ,
ഭീതികരമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു.
ഭൂമി മുഴുവന്‍റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്.
ശക്തികൊണ്ട് അവിടുന്നു അരമുറുക്കി പര്‍വ്വതങ്ങളെ ഉറപ്പിക്കുന്നു.
സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ അലര്‍ച്ചയും
ജനതകളുടെ കലഹവും അങ്ങു ശമിപ്പിക്കുന്നു.
ഭൂമിയുടെ വിദൂരമായ അതിരുകളില്‍ വസിക്കുന്നവരും
അങ്ങയുടെ അത്ഭുതപ്രവൃത്തികള്‍ കണ്ടു ആശ്ചര്യപ്പെടുന്നു.
ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും ദിക്കുകള്‍ ആനന്ദത്താല്‍
അങ്ങയെ ആര്‍ത്തുവിളിക്കുന്നു.
അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു
അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു.
നദികള്‍ നിറഞ്ഞൊഴുകുന്നു
അവിടുന്നു ഭൂമിയെ ഒരുക്കുന്നു ഞങ്ങള്‍ക്ക് അങ്ങു
ധാന്യം സമൃദ്ധമായ് നല്കുന്നു.

4. ദൈവം സകല ജനതകളുടെയും അതിനാഥന്‍
ദൈവം ജനത്തെ മോചിപ്പിച്ച് നന്മയിലേയ്ക്കും സമൃദ്ധിയിലേയ്ക്കും നയിക്കുന്നെന്നാണ് ആദ്യവരികള്‍ വ്യക്തമാക്കുന്നത്. ദൈവത്തിന്‍റെ രക്ഷണീയ സംഭവങ്ങളുടെ ഭീതിദമായ പ്രവര്‍ത്തികളാല്‍ അവിടുന്നു ജനത്തെ ഈജിപ്തിലെ ബന്ധനത്തില്‍നിന്ന് മോചിപ്പിച്ചു. ജനം ബലഹീനരായിരുന്നിട്ടും ദൈവത്തില്‍നിന്നും അകന്നു ജീവിച്ചിട്ടും അവിടുന്ന് അവരെ വിമോചിക്കുകയും, നയിക്കുകയും, രക്ഷകനാണു താനെന്ന് അവിടുന്നു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇന്നും നാം മനസ്സിലാക്കേണ്ടത് ദൈവം സകലര്‍ക്കും രക്ഷകനാണ്. ഭൂമിയുടെ ഒരതിര്‍ത്തി മുതല്‍ മറ്റെ അതിര്‍ത്തിവരെയുള്ള ജനതകളുടെ നാഥനും രക്ഷകനുമാണ് അവിടുന്ന്! ഭൂമിയുടെ ഒരറ്റം മുതല്‍ സമുദ്രങ്ങളുടെ ചക്രവാളങ്ങള്‍വരെയുമുള്ള ജനതകളുടെ സംരക്ഷകനും അതിനാഥനും ദൈവമാണെന്ന് വരികള്‍ വ്യക്തമാക്കുന്നു, വരികള്‍ ഏറ്റുപാടുന്നു.

Musical Version of Ps 65 Unit Two.
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്നു മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും

5. ജരൂസലേം ദേവാലയത്തിലെ വിജാതീയാങ്കണം
ദൈവം വിളിച്ചതും തിരഞ്ഞെടുത്തതും സാധാരണക്കാരെയാണെന്ന സത്യം പ്രത്യാശപകരുന്ന ഘടകമാണ്. കാരണം ഇനിയും സാധാരാണക്കാരായ  ജനതകള്‍ക്ക്, പാപികളും ബലഹീനര്‍ക്കും, വിജാതീയര്‍ക്കുപോലും ദൈവം രക്ഷനല്കുമെന്നും, അവിടുന്ന് രക്ഷകനായിരിക്കുമെന്നുമുള്ള പ്രത്യാശപകരുന്നതാണ് ഈ സങ്കീര്‍ത്തനം. പഴയ നിയമകാലത്തുതന്നെ അന്യമതസ്ഥര്‍ ജരുസലേമില്‍ ദൈവത്തെ സ്തുതിക്കുവാനും നന്ദിയര്‍പ്പിക്കുവാനും തുടങ്ങിയിരുന്നു. അതിനു തെളിവാണ് ജരൂസലേം ദേവാലയത്തില്‍ വിജാതീയര്‍ക്കായി ഒരുക്കിയ പ്രത്യേക അങ്കണം - The court of the Gentiles , വിജാതീയരുടെ അങ്കണം! ഏശയ്യ പ്രവാചകന്‍ അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. “എന്നെ സേവിക്കുവാനും എന്‍റെ നാമത്തെ സ്നേഹിക്കുവാനും എന്‍റെ ദാസരായിരിക്കുവാനും എന്നോടുചേര്‍ന്നു നില്ക്കുകയും അശുദ്ധമാക്കാതെ സാബത്ത് ആചരിക്കുകയും, എന്‍റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെ ഞാന്‍ വിശുദ്ധഗിരിയിലേയ്ക്കു കൊണ്ടുപോകും. എന്‍റെ പ്രാര്‍ത്ഥനാലയത്തില്‍ അവര്‍ക്കു സന്തോഷം നല്കും. അവരുടെ ദഹനബലികളും മറ്റു ബലികളും ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. അങ്ങനെ എന്‍റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ളതാണെന്ന് അറിയപ്പെടുമെന്ന് പ്രവാചകന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഏശയ 56. 6-7).

Musical Version of Ps 65 Unit Three
സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും

6. സമൃദ്ധി സ്രഷ്ടാവിന്‍റെ സ്നേഹാതിരേകം
ഈ സങ്കീര്‍ത്തന പഠനത്തിനിടെ നാം ചിന്തിക്കുന്നുണ്ടാകാം – സകല ജനതകളുടെയും രക്ഷയും, വിളസമൃദ്ധിയും, കൃഷിയും തമ്മിലുള്ള ബന്ധമെന്താണെന്ന്? ഇത് ആരും ചിന്തിച്ചുപോകുന്ന വസ്തുതയാണ്. എന്നാല്‍ ഗീതത്തിന്‍റെ അവസാനത്തെ നാലുവരികള്‍ ഇക്കാര്യം വ്യക്തമാക്കി തരുന്നത് ശ്രവിക്കാം.

Recitation of Ps. 65, 10-13.
അവിടുന്ന് അതിന്‍റെ ഉഴവുചാലുകളെ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴവര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു
അവിടുന്ന് അതിന്‍റെ മുളകളെ അനുഗ്രഹിക്കുന്നു.
സംവത്സരത്തെ അവിടുന്നു സമൃദ്ധികൊണ്ടും മകുടം ചാര്‍ത്തുന്നു
അങ്ങയുടെ രഥത്തിന്‍റെ ചാലുകള്‍ പുഷ്ടിപൊഴിക്കുന്നു. 
മരുപ്രദേശത്തെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നു
കുന്നുകള്‍ സന്തോഷം അണിയുന്നു.
 മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍ കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു.
താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു
സന്തോഷംകൊണ്ടവ സ്രഷ്ടാവിനെ ആര്‍ത്തുപാടുന്നു.

ദൈവം സകലത്തിന്‍റെയും സ്രഷ്ടാവാണെങ്കില്‍ അവിടുന്ന് സകല ജീവജാലങ്ങളുടെയും, പ്രകൃതിയുടെയും പ്രപഞ്ചത്തിന്‍റെയും മുഴുവനും നാഥനും പരിപാലകനുമാണെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു. ഉല്പത്തി പുസ്തകത്തിന്‍റെ ആദ്യവരി രേഖപ്പെടുത്തുന്നത്, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നാണ്. ദൈവം ഒരിക്കലും തന്‍റെ സൃഷ്ടികര്‍മ്മത്തില്‍നിന്നും പിന്തിരിയുന്നില്ല. ദൈവം സൃഷ്ടികര്‍മ്മത്തില്‍ എന്നും വ്യാപൃതനാണ്.

7. ദൈവം ഉടയവനായ പൊതുഭവനം-ഭൂമി
ഇന്ന് മനുഷ്യന്‍റെ ശാസ്ത്രീയമായ നിഗമനം - ഈ പ്രപഞ്ചം വികസിക്കുന്നെന്നാണ്, ഒപ്പം ജനങ്ങള്‍ ഭൂമുഖത്ത് പെരുകുകയാണ്. എന്തിനും ഏതിനും ദൈവമാണ് ആശ്രയമായവനും അതിനാഥനും എന്നു പറയുമ്പോള്‍, മനുഷ്യന്‍റെ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ആധാരം ദൈവമാണെന്ന് നാം ഏറ്റുപറയുകയാണ്. ദൈവമാണ് സകലത്തിനും ഉടയവന്‍ എന്ന് മനുഷ്യര്‍ നന്ദിയോടെ ദൈവത്തെ സ്തുതിച്ചു പാടുമ്പോള്‍, ഇനിയും പൊതുഭവനമായ ഭൂമിയെ ഉത്തരവാദിത്ത്വത്തോടെ, പ്രകൃതിയെയും പരസ്ഥിതിയെയും നശിപ്പിക്കാതെ നന്ദിയോടെ ഉപയോഗിക്കണമെന്നും ഈ ഗീതം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്, നമ്മോട് ആഹ്വാനംചെയ്യുന്നുണ്ട്.

Musical Version of Ps 65 Unit Four
മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നൂ
കുന്നുകള്‍ സന്തോഷമണിയുന്നു
മേച്ചില്‍പ്പുറങ്ങളില്‍ ആടുകള്‍ മേയുന്നൂ
താഴ്വാരങ്ങള്‍ ധാന്യംകൊണ്ട് നിറയുന്നൂ
അവ സന്തോഷിച്ചാര്‍ക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും

അടുത്തയാഴ്ചയിലും  ഈ ഗീതത്തിന്‍റെ പദങ്ങളുടെ വ്യാഖ്യാനം തുടരും (ഭാഗംനാല്) .
 

25 February 2020, 14:28