തിരയുക

GERMANY-WEATHER-NATURE-SPRING GERMANY-WEATHER-NATURE-SPRING 

പ്രപഞ്ചദാതാവിനോടു നന്ദിയുള്ളവരായി ജീവിക്കാം!

65-Ɔο സങ്കീര്‍ത്തനം - ദൈവത്തിനു നന്ദിയര്‍പ്പിക്കുന്ന ഗീതത്തി‍ന്‍റെ പഠനം – ഭാഗം ഒന്ന് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം - ആദ്യഭാഗം

1. ഒരു സമൂഹത്തിന്‍റെ കൃതജ്ഞതാഗീതം
സങ്കീര്‍ത്തനം 65-ന്‍റെ പഠനം നാം ഇന്ന് ആരംഭിക്കുകയാണ്. ആമുഖ പഠനത്തില്‍ നമുക്ക് ഗീതത്തിന്‍റെ സാഹിത്യരൂപവും ഘടനയും മനസ്സിലാക്കാന്‍ ശ്രമിക്കാം. 65-Ɔο സങ്കീര്‍ത്തനം ഒരു സമൂഹത്തിന്‍റെ കൃതജ്ഞതാഗീതമാണ്. കൃതജ്ഞതാഗീതങ്ങള്‍ രണ്ടു തരത്തിലുണ്ട്. വ്യക്തിയുടെ കൃതജ്ഞതാഗീതങ്ങളും, സമൂഹത്തിന്‍റെ കൃതജ്ഞതാഗീതങ്ങളും.

a) സര്‍വ്വനന്മകളുടെയും ഉറവിടമായ ദൈവത്തെ, വ്യക്തി നന്ദിപൂര്‍വ്വം പ്രകീര്‍ത്തിക്കുന്നതാണ് വ്യക്തിയുടെ കൃതജ്ഞതാ പ്രകടനം. വ്യക്തിപരമായ അനുഭവത്തിലൂടെ തെളിഞ്ഞു കാണുന്ന ദൈവപരിപാലനയെപ്പറ്റി സങ്കീര്‍ത്തകന്‍ ഏറ്റുപറയുകയാണിവിടെ.

b) സമൂഹത്തിന്‍റെ നന്ദിപ്രകടനത്തില്‍, ദൈവത്തിന്‍റെ പൊതുവായ ആനുകൂല്യങ്ങള്‍ക്കു സങ്കീര്‍ത്തകന്‍ സ്തുതിയും കീര്‍ത്തനവും അര്‍പ്പിക്കുന്നു. ദൈവം തന്‍റെ ജനത്തിനുവേണ്ടി ചെയ്യുന്ന രക്ഷാകര പ്രവര്‍ത്തനങ്ങളെ സങ്കീര്‍ത്തകന്‍ പ്രകീര്‍ത്തിച്ച് വരികളില്‍ നന്ദിയര്‍പ്പിക്കുന്നതാണ് സമൂഹത്തിന്‍റെ കൃതജ്ഞതാഗീതം. ഉദാഹരണത്തിന് ഇസ്രായേല്‍ ജനത്തിന് ദൈവം ചെയ്തിട്ടുള്ള അത്ഭുതകരമായ നന്മകള്‍ സങ്കീര്‍ത്തകന്‍ ഗാനത്തില്‍ ഉദ്ധരിച്ചുകൊണ്ട് അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കാന്‍ ജനങ്ങളെ സമൂഹമായി ക്ഷണിക്കുന്നത് ഒരു സമൂഹത്തിന്‍റെ കൃതജ്ഞതാഗീതമാണ്. ലോകത്തിന്‍റെ രാജാവും സ്രഷ്ടാവുമായ ദൈവത്തിന്‍റെ മുന്‍പിലുള്ള പ്രണാമമാണു ഒരു സാമൂഹിക കൃതജ്ഞതാതഗീതമെന്നു നമുക്കു ചുരുക്കിപ്പറയാം!

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി
കൊറയയുമാണ്. ആലാപനം റാണി ജോസഫും സംഘവും.

Musical Version of Ps 65 Unit One
നല്ലനിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്നു മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.
ഇനി നമുക്ക് ആകെയുള്ള 13 പദങ്ങളെ 3 ഭാഗങ്ങളായി പരിചയപ്പെടാം.
ആദ്യമായി 1-മുതല്‍ 5-വരെയുള്ള പദങ്ങളാണ്.

2. ഗീതത്തിന്‍റെ ആദ്യഭാഗം :  
കാത്തുപാലിക്കുന്ന ദൈവം


Recitation of Ps. 65, 1-5.

a) സിയോനില്‍ വസിക്കുന്ന ദൈവമേ, അങ്ങു സ്തുത്യര്‍ഹനാണ്
അങ്ങേയ്ക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.

b) പ്രാര്‍ത്ഥന ശ്രവിക്കുന്ന ദൈവമേ, മര്‍ത്യരെല്ലാം പാപഭാരവുമായി
അങ്ങേ സന്നിധി ചേരുന്നു.

c) അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ ഞങ്ങളെ മോചിപ്പിക്കുന്നവനേ.

d) അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍ അങ്ങു വിളിച്ച ജനങ്ങള്‍ ഭാഗ്യമിയന്നോര്‍.
അങ്ങേ ആലയത്തിലെ നന്മകൊണ്ടു ഞങ്ങള്‍ സംതൃപ്തരാകും.

e) രക്ഷകനായ ദൈവമേ, ഭീതിദമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങളെ മോചിക്കുന്നു.
ഭൂമി മുഴുവന്‍റെയും വിശാലമായ സമുദ്രങ്ങളുടെയും അതിനാഥന്‍ അവിടുന്നാണ്.

സെഹിയോനില്‍ സിംഹാസനസ്ഥനായ സകലത്തിന്‍റെയും നാഥനും സ്രഷ്ടാവുമായ ദൈവത്തിനുള്ളതാണ് മനുഷ്യരുടെ സ്തുതികളും കാഴ്ചകളും ബലികളുമെന്ന് സങ്കീര്‍ത്തകന്‍ ആദ്യമായി വരികളില്‍ പ്രസ്താവിക്കുന്നു. മനുഷ്യന്‍റെ സ്തുതിയും പ്രാര്‍ത്ഥനകളും ദൈവം ശ്രവിക്കുന്നു. അവിടുന്നു അവരുടെ കാഴ്ചകളും നേര്‍ച്ചകളും സ്വീകരിക്കുന്നു. ദൈവസന്നിധിയിലേയ്ക്കാണ് പാപഭാരം പേറിയ മനുഷ്യന്‍ തിരിയുന്നത്. മനുഷ്യന്‍റെ വഴിപിഴച്ച പോക്കാണ് പാപം. അത് ദൈവത്തിന്‍റെ പദ്ധതിക്കും ഹിതത്തിനും വിരുദ്ധമാണ്. അതിനാല്‍ പാപമോചനത്തിനായും, മാപ്പിനായും മനുഷ്യന്‍ ദൈവസന്നിധിയില്‍ വരേണ്ടതാണ്. ദേവാലയവാസം, അതിനാല്‍ സമുന്നതര്‍ക്കും ഭക്തന്മാര്‍ക്കും മാത്രമുള്ളതല്ല, ദൈവം പാപികളെ തേടുന്നവനാണ്, പാപികളെ കൈവെടിയാത്തവനുമാണെന്ന് സങ്കീര്‍ത്തനം സൂചിപ്പിക്കുന്നു. അതിനാല്‍ ജീവിതത്തില്‍ സദാ ദൈവചിന്തയില്‍ ജീവിക്കുന്നവന്‍ ഭാഗ്യവാനാണെന്ന് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നു. ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി അവിടുന്നു വന്‍കാര്യങ്ങള്‍ ചെയ്യുമെന്ന് വരികളില്‍ സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നു.

Musical Version of Ps 65 Unit Two
സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
പുഷ്ടിപൊഴിക്കുന്നു.

3. സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്ന ഗീതം
രണ്ടാമതായി 6-മുതല്‍ 8-വരെയുള്ള പദങ്ങളുടെ ഉള്ളടക്കം പരിശോധിക്കാം.

Recitation of Ps. 65, 6-8.

a) ദൈവം തന്‍റെ ശക്തികൊണ്ട് അരമുറുക്കി പര്‍വ്വതങ്ങളെ ഉറപ്പിക്കുന്നു.

b) സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ അലര്‍ച്ചയും
ജനതകളുടെ കലഹവും അവിടുന്നു ഒരുപോലെ ശമിപ്പിക്കുന്നു.

c) ഭൂമിയുടെ വിദൂരമായ അതിരുകളില്‍ വസിക്കുന്നവരും
അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ കണ്ടു ഭയചകിതരാകുന്നു.
ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും ദിക്കുകളില്‍ ജനങ്ങള്‍ ആനന്ദംകൊണ്ട്
ആര്‍ത്തുവിളിക്കാന്‍ അവിടുന്ന് ഇടയാക്കുന്നു.

ദൈവം സ്രഷ്ടാവാണ് എന്ന കൃത്യമായ ധാരണ ഇസ്രായേലിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നെന്ന്
ഈ സങ്കീര്‍ത്തനം വ്യക്തമാക്കുന്നു. പര്‍വ്വതങ്ങളെ അവിടുന്നാണ് സ്ഥാപിച്ചത്. അവ ഭൂമിയുടെ ഉറപ്പിന്‍റെയും നിലനില്പിന്‍റെയും പ്രതീകമാണ്. അവിടുന്നു ശക്തനാണ്. അഗാധവും നീലപ്പരപ്പുമായ വിശാല സമുദ്രങ്ങളെ നിയന്ത്രിക്കുന്നത് അവിടുന്നാണ്. ദൈവത്തിന്‍റെ സൃഷ്ടി വൈഭവം കണ്ട് സകലജനതകളും ആശ്ചര്യപ്പെടുക മാത്രമല്ല, ദൈവത്തെ ഭയപ്പെടുന്നു.
ദൈവത്തെ അറിയാത്തവര്‍പ്പോലും, അവിടുത്തെ അനന്തവും അദൃശ്യവുമായ വൈഭവത്തെ ആശ്ചര്യത്തോടെ നോക്കിനില്ക്കുകയും, അവിടുത്തെ അന്വേഷിക്കുകയുംചെയ്യുന്നു. സൂര്യന്‍റെ പ്രഭയാലും, ഉദയാസ്തമയങ്ങളിലെ വര്‍ണ്ണാഭയാലും ദൈവിക മഹിമാവിന്‍റെ  മഹത്ത്വത്തില്‍ മനുഷ്യര്‍ ആനന്ദംകൊള്ളുകയും അവിടുത്തെ സ്തുതിച്ചു പാടുകയുംചെയ്യുന്നു.

Musical Version of Ps 65 Unit Three
മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നൂ
കുന്നുകള്‍ സന്തോഷമണിയുന്നു
മേച്ചില്‍പ്പുറങ്ങളില്‍ ആടുകള്‍ മേയുന്നൂ
താഴ്വാരങ്ങള്‍ ധാന്യംകൊണ്ട് നിറയുന്നൂ
സന്തോഷിച്ചാര്‍ക്കുന്നു.

4. ഫലസമൃദ്ധി തരുന്ന ദൈവം
ഇനി അവസാനത്തെ 9-മുതല്‍ 13-വരെയുള്ള വരികള്‍ നമുക്ക് പരിചയപ്പെടാം.

Recitation of Ps. 65, 9-13.
a) ദൈവം ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു
അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു.
അവിടുത്തെ കരവിരുതായ നദി നിറഞ്ഞൊഴുകുന്നു
ഭൂമിയില്‍ കളമൊരുക്കി അവിടുന്നു മനുഷ്യര്‍ക്കു ധാന്യം നല്കുന്നു.

b) അതിന്‍റെ ഉഴവുചാലുകളെ അവിടുന്നു സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും, മഴവര്‍ഷിച്ച് അതിനെ കുതിര്‍ത്തുന്നു
അവിടുന്ന് അതിനെ മുളപ്പിക്കുകയും ചെയ്യുന്നു.

c) സംവത്സരത്തെ അവിടുന്നു സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു
തന്‍റെ രഥത്തിന്‍റെ ചാലുകളില്‍ അവിടുന്നു പുഷ്ടിപൊഴിക്കുന്നു.

d) മരുപ്രദേശത്തെ പുല്‍പ്പുറങ്ങളില്‍ ദൈവം സമൃദ്ധി ചൊരിയുന്നു
കുന്നുകളെ സന്തോഷമണിയിക്കുന്നു.

e) മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍ കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു.
താഴ്വാരങ്ങള്‍ ധാന്യംകൊണ്ടിതാ... മൂടിയിരിക്കുന്നു
സന്തോഷംകൊണ്ട് അവ ദൈവത്തെ ആര്‍ത്തുപാടുന്നു,
അവ ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നു.

മഴയും മഞ്ഞുമെല്ലാം ദൈവത്തിന്‍റെ അനുഗ്രഹങ്ങളായി ഭൂമിയില്‍ വര്‍ഷിക്കപ്പെടുന്നുവെന്ന് സങ്കീത്തകന്‍ ഏറ്റുപറയുന്നു. അത് ദൈവത്തിന്‍റെ അനുഗ്രഹദായകമായ സന്ദര്‍ശനങ്ങളായി സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കുന്നു. മഴയുടെ സ്രോതസ്സ് ദൈവമാണെന്ന് പറയുമ്പോള്‍, അവിടുത്തെ സ്രഷ്ടാവായി ഗായകന്‍ അംഗീകരിക്കുന്നു. ഒപ്പം ജരൂസലേം ദേവാലയത്തിന്‍റെ വാമഭാഗത്തുനിന്നൊഴുകുന്ന അരുവി, അല്ലെങ്കില്‍ ജലസ്രോതസ്സ് മനസ്സിലേറ്റിക്കൊണ്ടാണ് സങ്കീര്‍ത്തകന്‍ വരികളില്‍ കുറിക്കുന്നത്. അങ്ങനെ കാലങ്ങളെയും അതിന്‍റെ വിവിധ ഘട്ടങ്ങളെയും മനുഷ്യര്‍ക്കായി നല്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവം സംവത്സരങ്ങളെ തന്‍റെ നന്മകൊണ്ട് കിരീടമണിയിക്കുന്നുവെന്ന് സങ്കീര്‍ത്തിനം 65-ല്‍ ഏറ്റുപാടുന്നു.

Musical Version of Ps 65 Unit Four
നല്ലനിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ചതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന് മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. അടുത്തയാഴ്ചയില്‍  ഈ ഗീതത്തിന്‍റെ വരികളുടെ വ്യാഖ്യാനം ശ്രവിക്കാം .
 

11 February 2020, 17:10