കാലാവസ്ഥക്കെടുതിയുടെ വറുതിയില്‍ സാഹേല്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ഒരു ഭൂപ്രദേശത്തിന്‍റെ അടിയന്തിരാവസ്ഥ
സഹാറ മരുപ്രദേശത്തോടു മുട്ടിയും, പടിഞ്ഞാറ് അറ്റ്ലാന്‍റിക് സമുദ്രം മുതല്‍ കിഴക്ക് ചെങ്കടല്‍വരെ നീണ്ടുകിടക്കുന്ന പശ്ചിമാഫ്രിക്കന്‍ ഭൂപ്രദേശങ്ങളാണ് ഭീതിദമായ കൊടും പട്ടിണിയില്‍ മുഴുകുന്നതെന്ന് യുഎന്നിന്‍റെ ഭക്ഷ്യവകുപ്പ് ഫാവോ (Fao), ശിശുക്ഷേമ വിഭാഗം യുണിസെഫ് (Unicef), ഭക്ഷ്യവിതരണ പദ്ധതി ഡ്ബ്ല്യൂഎഫ്പി (Wfp) എന്നിവ ഫെബ്രുവരി 5-Ɔο തിയതി സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് സാഹേലിന്‍റെ മാനവിക അടിയന്തിരാവസ്ഥ യുഎന്‍ ലോകത്തെ അറിയിച്ചത്. വര്‍ദ്ധിച്ച കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, സഹാല്‍ പ്രവിശ്യയിലെ വിവിധ സമൂഹങ്ങള്‍ക്ക് ഇടയിലുള്ള കലാപങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നി ചേര്‍ന്നാണ് 50 ലക്ഷത്തോളം വരുന്ന ജനസഞ്ചയത്തെ കൊടുംദാരിദ്യത്തില്‍ ആഴ്ത്തുന്നതെന്ന് യുഎന്നിന്‍റെ പ്രസ്താവന വ്യക്തമാക്കി.
2. കൊടുംദാരിദ്രത്തിന്‍റെ പിടിയിലമരുന്ന പതിനായിരങ്ങള്‍
പശ്ചിമാഫ്രിക്കയെ തൊട്ടുറുമ്മിക്കിടക്കുന്ന സഹാറ മരുപ്രദേശത്തിന്‍റെ തെക്കന്‍ പ്രദേശ രാജ്യങ്ങളായ മാലി, നൈജര്‍, ചാഡ്, ബുര്‍ക്കീനോ ഫാസോ, എത്യോപ്യ എന്നീ രാജ്യാങ്ങളാണ് സഹാല്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നതും ദാരിദ്ര്യത്തിന്‍റെ രൂക്ഷത അനുഭവിക്കുന്നതുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2020-ല്‍ കൊടുംദാരിദ്ര്യത്തില്‍ മുഴുകുന്ന ജനങ്ങളുടെ എണ്ണം ഒരുകോടിയില്‍ അധികമാകാന്‍ സാദ്ധ്യതയുണ്ടെന്നും യുഎന്‍ ഭക്ഷ്യവിതരണ പദ്ധതി, ഡ്ബ്ല്യൂഎഫ്പി-യുടെ വക്താവ് ക്രിസ് നിക്കോയ് പ്രസ്താവനയില്‍ നിരീക്ഷിക്കുന്നുണ്ട്.
3. അലഞ്ഞുതിരിയുന്ന ജനസമൂഹം
മിക്കവാറും പട്ടിണിയില്‍ കഴിയുന്ന ഈ ഭൂപ്രദേശത്തെ നാടോടികളും അലഞ്ഞതിരിയുന്നതുമായ ജനസംഖ്യയുടെ ലോലമായ ഭക്ഷ്യസുരക്ഷയും, നശിക്കുന്ന കൃഷിയിടങ്ങളും, പ്രകൃതിയും, കാലാവസ്ഥ വ്യതിയാനം കാരണമാക്കിയ നാശനഷ്ടങ്ങളുമാണ് ഈ കൊടുംദാരിദ്ര്യാവസ്ഥയ്ക്കു പിന്നിലെന്ന് യുഎന്‍ വക്താവ് നിക്കോയ് ചൂണ്ടിക്കാട്ടി. ചത്തൊടുങ്ങുന്ന ആടുമാടുകള്‍ ദാരിദ്യാവസ്ഥയെ വര്‍ദ്ധിപ്പിക്കുമ്പോള്‍, പിന്നെയും ചെറുസമൂഹങ്ങള്‍ തമ്മിലുള്ള കലാപങ്ങളും ജീവിതത്തെ ക്ലേശപൂര്‍ണ്ണമാക്കുന്നുണ്ട്.
ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കളവും, തസ്കരസംഘങ്ങളും, ഇവ കാരണമാക്കുന്ന മേച്ചില്‍പ്പുറങ്ങളിലേയ്ക്കുള്ള നീക്കങ്ങള്‍ക്കുള്ള തടസ്സവും ദാരിദ്ര്യാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുപോലെ പുല്ലിനും കാലിത്തീറ്റയ്ക്കുമുള്ള ക്ഷാമം, വറ്റിവരണ്ട ജലസ്രോതസ്സുകള്‍ എന്നിവയും ഈ ജീവിത വറുതിയുടെ കാരണങ്ങളാണെന്ന് യുഎന്നിന്‍റെ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.