തിരയുക

Vatican News
2020.02.15 CRISTO MOSAICO di RUPNIK sj 2020.02.15 CRISTO MOSAICO di RUPNIK sj  

സ്നേഹത്തിന്‍റെ വെളിച്ചത്തിന് ലോകത്തെ പ്രകാശിപ്പിക്കാനാകും

ആണ്ടുവട്ടം 6-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം - വിശുദ്ധ മത്തായിയുടെ സുവിശേഷം 5 : 17-37.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ആണ്ടുവട്ടം 6-Ɔο വാരം ഞായറാഴ്ച - സുവിശേഷവിചിന്തനം

1. രേഖാംങ്കിതമായ ക്രിസ്തുവിന്‍റെ ആദ്യപ്രഭാഷണം
ഈശോയുടെ പരസ്യജീവിതത്തില്‍നിന്നും രേഖാംങ്കിതമായ ആദ്യപ്രസംഗമാണ് ഗിരിപ്രഭാഷണം. വിശുദ്ധ മത്തായി രേഖപ്പെടുത്തിയിട്ടുള്ള ഈ പ്രഭാഷണത്തില്‍ സഹോദരസ്നേഹത്തെ സംബന്ധിക്കുന്ന ഭാഗമാണ് ഈ ആഴ്ചയില്‍ നാം ധ്യാനിക്കുന്നത്. ഈശോയുടെ അതിശ്രേഷ്ഠവും കാലാതീതവുമായ പ്രബോധനങ്ങളാണിവ! അന്ന് നിലവിലുണ്ടായിരുന്ന നിയമങ്ങളോട് ഈശോ സ്വീകരിച്ച സ്പഷ്ടമായ നിലപാടാണ് ഗിരിപ്രഭാഷണത്തില്‍ ഈ ഭാഗത്ത് പ്രതിഫലിക്കുന്നത്. “നിയമങ്ങളെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാനല്ല ഞാന്‍ വന്നിരിക്കുന്നത്.” എന്നിട്ട് കൂട്ടിച്ചേര്‍ക്കുന്നു, “ഇല്ലാതാക്കാനല്ല, പൂര്‍ത്തീകരിക്കുവാനാണ്!” നിയമത്തിന് ഇനിയും, നിലവിലുള്ളതിലും സമുന്നതമായ ഒരു നീതിനിഷ്ഠവേണമെന്നും, സത്യസന്ധമായ അനുഷ്ഠാനം വേണമെന്നും ക്രിസ്തു നിഷ്ക്കര്‍ഷിക്കുന്നു. “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരീസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെ”ന്നാണ് അവിടുന്നു പഠിപ്പിച്ചത് (മത്തായി 5, 20).

2. നിയമത്തിന്‍റെ പൂര്‍ത്തീകരണം – സ്നേഹം
ആരും ചിന്തിച്ചുപോകും... അപ്പോള്‍ നിയമത്തിന്‍റെ പൂര്‍ത്തീകരണം എന്താണ്? എന്താണ് ഇനിയും ശ്രേഷ്ഠമായൊരു നീതി? വളരെ പ്രായോഗിക ബുദ്ധിയോടെ ക്രിസ്തു സംസാരിക്കുകയും, പറഞ്ഞ കാര്യങ്ങള്‍ ഉദാഹരണസഹിതം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അവിടുന്നു പഠിപ്പിക്കുന്ന പുതിയ കാര്യങ്ങളുമായി പഴയ കല്പനകളെ തുലനംചെയ്തു കാണിച്ചുതരുന്നു. ഉദാഹരണത്തിന് പത്തുകല്പനകളില്‍ അഞ്ചാമത്തേത്... കൊല്ലരുത്! ഇവിടെനിന്നുമാണ് ക്രിസ്തു ആരംഭിച്ചത്. കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകുമെന്ന് പൂര്‍വ്വീകരോട് പറഞ്ഞിട്ടുള്ളത് അവിടുന്നു സമ്മതിക്കുന്നു. എന്നാല്‍ സഹോദരനോടു കോപിക്കുന്നവനും ന്യായവിധിക്ക് അര്‍ഹനാകുമെന്ന് അവിടുന്നു കൂട്ടിച്ചേര്‍ക്കുന്നു.  സഹോദരനെ ഭോഷാ, എന്നു വിളിക്കുന്നവന്‍ ന്യായാധിപ സംഘത്തിന്‍റെ മുമ്പില്‍ നില്ക്കേണ്ടിവരും. വിഡ്ഢി, എന്നു വിളിക്കുന്നവന്‍ നരകാഗ്നിക്ക് ഇരയായിത്തീരുമെന്നും
അവിടുന്നു പഠിപ്പിച്ചു (21-22).

വാക്കുകള്‍ക്ക് അപരനെ കൊല്ലുവാനുള്ള ശക്തിയുണ്ടെന്നാണ് ക്രിസ്തുവിന്‍റെ നവമായ പ്രബോധനം. സാധാരണ നാം പറയാറുണ്ട്, അവന്‍, അവള്‍ വിഷമാണ്! എന്താണ് അതിന് അര്‍ത്ഥം? ഒരു പാമ്പിന്‍റെ നാക്കുപോലെ കൊത്തിക്കൊല്ലാന്‍ കരുത്തുള്ള വാക്കുകളാണ് വായില്‍നിന്നും പുറത്തേയ്ക്കു വരുന്നതെന്നാണ്. അതിനാല്‍ അക്ഷരാര്‍ത്ഥത്തിലുള്ള കൊലപാതകം മാത്രമല്ല, വാക്കുകൊണ്ട് വ്യക്തികളെ ഹനിക്കുന്നതും, തേജോവധംചെയ്യുന്നതും, അടിച്ചമര്‍ത്താന്‍ അപവാദം പറഞ്ഞുപരത്തുന്നതുമെല്ലാം കൊലപാതകത്തോളം ഗൗരവമുള്ള തെറ്റാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു.

3. ‘പരദൂഷണക്കമ്പനി’
എന്താണ് പരദൂഷണം, ഇംഗ്ലിഷില്‍ “ഗോസിപ്” (Gossip)! അപരനെ കൊല്ലാന്‍ കെല്പുള്ള, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ഒരു “കരക്കമ്പി”യാണ് പരദൂഷണം. അപവാദത്തിലൂടെ അപരന്‍റെ സല്‍പ്പേരിനെയാണു നാം കൊല്ലുന്നത്! അത്ര ക്രൂരമാണ് പരദൂഷണവും കിംവദന്തികളും! പരദൂഷണം ആദ്യം കേള്‍ക്കുമ്പോള്‍ കുഴപ്പമില്ലാത്തതും, ചിലപ്പോള്‍ ചെറിയ മധുരം കഴിക്കുന്നപോലെ രസകരവുമായി തോന്നാം. എന്നാല്‍ പരദൂഷണം നിറഞ്ഞ സംഭാഷണത്തിന്‍റെ അന്ത്യത്തില്‍ അവ കേട്ട വ്യക്തിയുടെ മനസ്സിലും ചിന്തയിലും വിഷം കലരുന്നു. നമ്മുടെ വാക്കുകളും പ്രവൃത്തികളും വിഷമയമായി തീരുന്നു. മനസ്സില്‍ അപരനോടുള്ള വിദ്വേഷം നിറയുന്നു, വിദ്വേഷം വളരുന്നു!

പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ പ്രഭാതപൂജയില്‍ ഒരിക്കല്‍ പാപ്പാ ഫ്രാന്‍സിസ് പറഞ്ഞത്, പരദൂഷണം ഇല്ലാതാക്കാന്‍ സാധിച്ചാല്‍ ജീവിതങ്ങള്‍ വിശുദ്ധിയുള്ളതായിത്തീരും എന്നാണ്. ഇല്ല, പരദൂഷണം കൂടപ്പിറപ്പായി സൂക്ഷിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് വ്യക്തികളെയും സമൂഹങ്ങളെയും നശിപ്പിക്കുവാനും പ്രസ്ഥാനങ്ങളെ തളര്‍ത്തുവാനും സാധിക്കുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

4. ക്രിസ്തു വാഗ്ദാനംചെയ്യുന്ന സ്നേഹത്തിന്‍റെ പൂര്‍ണ്ണിമ
തന്നെ അനുഗമിക്കുന്നവര്‍ക്ക് ക്രിസ്തു വാഗ്ദാനംചെയ്യുന്നത് സ്നേഹത്തിന്‍റെ പൂര്‍ണ്ണിമയാണ്. ന്യായവിധിയെയും നിയമത്തിന്‍റെ വള്ളിപ്പുള്ളികളെയും അതിലംഘിക്കുന്നതാണ് സ്നേഹം. യഥാര്‍ത്ഥത്തില്‍ സ്നേഹത്തിന് ഒരു അളവുണ്ടെങ്കില്‍ അത് അളവില്ലായ്മയാണെന്നു പറയാം! ആഴമുള്ള സ്നേഹത്തിന് അളവോ അതിരോ ഇല്ല. അത് അസ്തമിക്കാത്തതാണ്. ഓരോ പ്രഭാതത്തിലും അത് നവമായി രൂപപ്പെടുന്നു, അങ്ങനെ ജീവിതം സഹോദരസ്നേഹത്താല്‍ പ്രഭയാര്‍ന്നതായി മാറുകയും, ദൈവസ്നേഹത്താല്‍ നിറയുകയും ചെയ്യുന്നു. എവിടെ സ്നേഹമുണ്ടോ അവിടെ ദൈവവും...!

5.  രമ്യമായ് വന്ന് ബലിയര്‍പ്പിക്കുവിന്‍!
അയല്‍ക്കാരനെ സ്നേഹിക്കുക എന്ന കല്പന ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്ക് അടിസ്ഥാനമാണ്. അയല്‍പക്കവുമായി രമ്യതപ്പെടുവാന്‍ സാധിക്കാത്തവര്‍ക്കും, മനുഷ്യര്‍ക്കൊപ്പം സമാധാനത്തില്‍ ജീവിക്കാന്‍ സാധിക്കാത്തവര്‍ക്കും, ദൈവവുമായി ഒരു നല്ലബന്ധത്തില്‍ ജീവിക്കാനോ, ദൈവികൈക്യത്തില്‍ വളരുവാനോ സാധിക്കില്ലെന്നാണ് ക്രിസ്തു പ്രബോധിപ്പിക്കുന്നത്. അതുകൊണ്ട് അവിടുന്ന് പഠിപ്പിക്കുന്നത്, “നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍, നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓര്‍മ്മ വന്നാല്‍, കാഴ്ചവസ്തു ബലിപീഠത്തിനു മുമ്പില്‍വച്ചിട്ട്, ആദ്യം പോയി സഹോദരനോടു രമ്യപ്പെടുക. എന്നിട്ടു വന്ന് കാഴ്ചയര്‍പ്പിക്കുക!” (23-24). അതിനാല്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തോടു ഭക്തി പ്രകടമാക്കുന്നതിനും മുന്‍പേ മനുഷ്യരോടു സ്നേഹമുള്ളവരായി  സഹോദരങ്ങളോടു രമ്യതയില്‍ വര്‍ത്തിക്കുവാന്‍ സാധിക്കണമെന്നും അവിടുന്നു പഠിപ്പിക്കുന്നു. ക്ഷമിക്കുന്ന സ്നേഹമാണ് ക്രിസ്തു കല്പിക്കുന്ന മൗലികമായ പാഠം.

6. ഹൃദയാന്തരാളത്തില്‍ വേരൂന്നേണ്ട നിയമം
അതിനാല്‍ നാം മനസ്സിലാക്കേണ്ടത് കാര്‍ക്കശ്യമുള്ള മതാനുഷ്ഠാനങ്ങള്‍ക്കോ, പൊള്ളയായ ആചാരങ്ങള്‍ക്കോ തന്‍റെ ശിഷ്യന്മാര്‍ക്കിടയിലും, സമൂഹത്തിലും യാതൊരു പ്രാധാന്യവും ക്രിസ്തു കല്പിക്കുന്നില്ലെന്നു ഇന്നത്തെ സുവിശേഷം ഓര്‍പ്പിക്കുന്നു. നിയമത്തിന്‍റെ വേരുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. ഏറ്റവും ആദ്യം നിയമം വേരൂന്നേണ്ടത് ഹൃദയത്തിലാണ്. എന്തിനെക്കുറിച്ചും ഹൃദയാന്തരാളത്തില്‍ വിരിയുന്ന ലക്ഷ്യമാണ് പ്രഥമദഃ കണക്കിലെടുക്കേണ്ടത്. കാരണം ഹൃദയത്തിലാണ് നന്മയും തിന്മയും ഉടലെടുക്കുന്നത്. സമൂഹത്തില്‍ നന്മയും സത്യസന്ധമായ പെരുമാറ്റവും വേണമെങ്കില്‍ നല്ല നിയമങ്ങള്‍ ഉണ്ടായതുകൊണ്ടു കാര്യമായില്ല.

മൂല്യങ്ങളുടെ ആത്മീയ ലക്ഷ്യങ്ങളും, ഏതു മേഖലയ്ക്കും അനിവാര്യമായ ഉദ്ദേശശുദ്ധിയും ആദ്യം മനുഷ്യഹൃദയങ്ങളില്‍ നിറയണം. അത് ദൈവാരൂപിയില്‍നിന്നും ലഭിക്കുന്ന വിജ്ഞാനമാണ്, നിഗൂഢമായ വിജ്ഞാനമാണത്. ക്രിസ്തുവിലും അവിടുത്തെ സുവിശേഷത്തിലുമുള്ള ആഴമായ വിശ്വാസത്തിലൂടെ നമുക്ക് ദൈവാരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുറവുള്ളവരാകുവാനും, ദൈവസ്നേഹം ജീവിതത്തില്‍ അനുഭവിക്കുവാനും സാധിക്കും.

7. ആണയിടുന്ന കാപട്യവും സുരക്ഷിതത്ത്വമില്ലായ്മയും
ആണയിടരുതെന്ന് ക്രിസ്തു ഗിരിപ്രഭാഷണത്തില്‍ പ്രബോധിപ്പിക്കുന്നു. കാരണം ആണയിടുന്നത് വ്യക്തിയുടെ സുരക്ഷിതത്ത്വമില്ലായ്മയും കാപട്യവുമാണ്. ഇവ രണ്ടും മാനുഷിക ബന്ധങ്ങളെ നശിപ്പിക്കും. വ്യക്തി തന്‍റെ പ്രസ്താവനയും നിലപാടുകളും ഉറപ്പിക്കാന്‍ ദൈവത്തിന്‍റെ പേര് ഉപയോഗിക്കുന്നതാണ് ആണയിടല്‍ (Swearing). ക്രൈസ്തവര്‍ എവിടെയും - കുടുംബങ്ങളിലും സമൂഹത്തിലും സുതാര്യതയുടെയും പരസ്പര വിശ്വാസത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ വിളിക്കപ്പെട്ടവരാണ്. അതായത് നാം ജീവിതത്തില്‍ കൂടുതല്‍ ആത്മാര്‍ത്ഥതയുള്ളവരാകണം. മറിച്ച് മറ്റുള്ളവരുടെ വിശ്വാസം നേടാന്‍ വേണ്ടിയോ, അവരെ വശത്താക്കാന്‍ വേണ്ടിയോ കുതന്ത്രങ്ങളും വളഞ്ഞവഴികളും ഉപയോഗിക്കുന്നതു മാനുഷികമല്ല, ഒട്ടും ക്രിസ്തീയവുമല്ല. അതിനാല്‍ ആണയിടലിന് അടിസ്ഥാനമായി കാണുന്ന ഈ പരസ്പര വിശ്വാസക്കുറവും സംശയവും നമ്മുടെ കുടുംബങ്ങളിലെയും സമൂഹത്തിലെയും സമാധാനന്തരീക്ഷത്തിന് ഭീഷണിയാണ്.

കല്പനകള്‍ക്കും നിയമങ്ങള്‍ക്കും പൂര്‍ണ്ണത ലഭിക്കുന്നത് യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ വെളിച്ചത്തില്‍ മാത്രമാണെന്ന് ക്രിസ്തു മനസ്സിലാക്കിത്തരുന്നു. “ദൈവത്തെ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണഹൃദയത്തോടുകൂടെ സ്നേഹിക്കുക, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക!” ഈ സുവര്‍ണ്ണനിയമം ജീവിതത്തില്‍ പകര്‍ത്താന്‍ എന്നും പരിശ്രമിക്കാം. (മത്തായി 22, 39). പൊയ്മുഖങ്ങള്‍ അഴിച്ചുമാറ്റി, സകലരോടും സ്നേഹത്തില്‍ വര്‍ത്തിക്കാന്‍ കൃപതരണമേയെന്ന് ഗിരിപ്രഭാഷണത്തിന്‍റെ ഗുരുനാഥനോടു പ്രാര്‍ത്ഥിക്കാം!

ഗാനമാലപിച്ചത് മധുബാലകൃഷ്ണന്‍, രചന ഫാദര്‍ ജോര്‍ജ്ജ് പുതുമന തലശ്ശേരി,
സംഗീതം ജെറി അമല്‍ദേവ്.

 

15 February 2020, 17:12