പ്രകാശമാകുവാനുള്ള ആഹ്വാനം അഷ്ടഭാഗ്യങ്ങളുടെ ഉച്ചസ്ഥായി
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. അഷ്ടഭാഗ്യങ്ങളുടെ ഉച്ചസ്ഥായി
സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള അഷ്ടഭാഗ്യങ്ങളുടെ ഉച്ചസ്ഥായിയില്‍ തന്‍റെ ശിഷ്യന്മാരുടെ പ്രേഷിതദൗത്യത്തെക്കുറിച്ച് ഈശോ പരാമര്‍ശിക്കുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം. “നിങ്ങള്‍ ഭൂമിയുടെ ഉപ്പും…, ലോകത്തിന്‍റെ പ്രകാശവുമാണ്...!” വിശുദ്ധ മത്തായി രേഖപ്പെടുത്തിയിട്ടുള്ള ഈശോയുടെ ഗിരിപ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തിട്ടുള്ള ഭാഗമാണിത്. എക്കാലത്തുമുള്ള ക്രിസ്തു ശിഷ്യന്മാര്‍ക്ക് പ്രസക്തമാണ് ക്രൈസ്തവജീവിതത്തെ പ്രകാശത്തോടും ഉപ്പിനോടും ഉപമിക്കുന്ന ഈ വചനങ്ങള്‍ (മത്തായി 5, 13, 14).
സല്‍പ്രവൃത്തികളിലൂടെ അവിടുത്തെ ദിവ്യപ്രകാശത്തിന്‍റെ സാക്ഷികളാകുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. “നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, മനുഷ്യര്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ!” (മത്തായി 5, 16). അതിനാല്‍ നാം ക്രിസ്തുവിന്‍റെ ശിഷ്യരാകുന്നത് വാക്കുകളില്‍ മാത്രമല്ല, ജീവിതചൂറ്റുപാടുകളില്‍ അവിടുത്തെപ്പോലെ സത്പ്രവൃത്തികള്‍ ചെയ്യുമ്പോഴാണ്. ലോകത്തിന് നന്മയുടെ വെളിച്ചമേകാനാണ് അവിടുന്ന് സകലരോടും – നിങ്ങളോടും എന്നോടും ആവശ്യപ്പെടുന്നത്.
2. ലോകത്തിന് വെളിച്ചം അനിവാര്യമായൊരു കാലഘട്ടം
പ്രവൃത്തികളിലൂടെയാണ് മറ്റുള്ളവര്‍ നമ്മെ ശ്രദ്ധിക്കുന്നത്. എല്ലാറ്റിനും ഉപരിയായി പ്രവൃത്തികളാണ് നമ്മുടേതായ ഒരു മുദ്ര മറ്റുള്ളവരില്‍ പതിക്കുന്നത്. അത് നല്ലതാകാം, മോശമാകാം! അതിനാല്‍ ഓരോ ക്രൈസ്തവനും സ്വീകരിച്ചിട്ടുള്ള വിശ്വാസവെളിച്ചം വഴി ലോകത്തോടുതന്നെ നമുക്ക് ഒരു പ്രത്യേക ഉത്തരവാദിത്ത്വമുണ്ടെന്നാണ് ക്രിസ്തു നമ്മോടിന്ന് ഉദ്ബോധിപ്പിക്കുന്നത്. ക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താലും നാം സ്വീകരിച്ചിരിക്കുന്ന വിശ്വാസവെളിച്ചം എവിടെയും തെളിഞ്ഞു പ്രകാശിക്കേണ്ടതാണ്. മറച്ചുവയ്ക്കേണ്ടതല്ല, പൂഴ്ത്തിവയ്ക്കേണ്ടതല്ല. ജ്ഞാനസ്നാനത്തിലൂടെ നാം സ്വീകരിച്ചിരിക്കുന്ന വെളിച്ചം നമ്മിലെ സത്പ്രവര്‍ത്തകളിലൂടെ അനുദിനം ജീവിതത്തില്‍ പ്രഭാപൂരമാകേണ്ടതാണ്. രൂപാന്തരപ്പെടുത്തുവാനും, സൗഖ്യപ്പെടുത്തുവാനും, സാന്ത്വനപ്പെടുത്തുവാനും, രക്ഷയുടെ ഉറപ്പുനല്കുവാനും തെളിച്ചമുള്ള ക്രിസ്തുവെളിച്ചം ലോകത്തിന് ഏറെ ആവശ്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജീവിതപരിസരത്ത് നമ്മുടെ ഓരോരുത്തരുടെയും സത്പ്രവൃത്തികളിലൂടെയാണ് ക്രിസ്തുവെളിച്ചം പ്രസരിപ്പിക്കേണ്ടത്.
വിശ്വാസവെളിച്ചം സല്‍പ്രവൃത്തികളിലൂടെ പങ്കുവയ്ക്കുന്നതുവഴി അതൊരിക്കലും നമ്മില്‍ കുറഞ്ഞുപോകുന്നില്ല, മറിച്ച് അത് കൂടുതല്‍ പ്രഭയാര്‍ജ്ജിക്കുകയാണ് ചെയ്യുന്നത്. സഹോദരങ്ങളുമായി അത് പങ്കുവയ്ക്കാതിരിക്കുമ്പോഴാണ് നമ്മിലെ ക്രിസ്തുവെളിച്ചം പ്രഭമങ്ങുന്നതും, ജീവിതത്തില്‍ നന്മ ഇല്ലാതാകുന്നതും. അതിനാല്‍ ജീവിത സാഹചര്യത്തില്‍ ഓരോ ക്രൈസ്തവനും “ലോകത്തിന് പ്രകാശമാകണമെന്നും,” “ഭൂമിയുടെ ഉപ്പാകണ”മെന്നുമാണ് അഷ്ടഭാഗ്യങ്ങളിലൂടെ ക്രിസ്തു നമ്മോടിന്ന് ഉദ്ബോധിപ്പിക്കുന്നത് (13).
3. ക്രിസ്തു സ്നേഹംകൊണ്ട് ജീവിതത്തിന് രുചിപകരാം!
ഭക്ഷണത്തിനു രുചി തരുന്നതുപോലെ തന്നെ, ഭക്ഷണം മോശമാകാതെ സൂക്ഷിക്കുന്നതിനും അതു ശേഖരിച്ചുവയ്ക്കുന്നതിനും ഉപയുക്തമാകുന്ന ഒരു മൂലപദാര്‍ത്ഥമാണ് ഉപ്പ്. ഈശോയുടെ കാലത്ത് ഫ്രിഡ്ജ് ഇല്ലായിരുന്നല്ലോ! അതിനാല്‍ നമുക്കു പറയാം സമൂഹത്തില്‍ നമ്മുടെ വിശ്വാസംകൊണ്ടും ക്രിസ്തു സ്നേഹംകൊണ്ടും രുചി പകരുകയെന്നത് ക്രൈസ്തവ ധര്‍മ്മമാണ്. ആതിഥ്യത്തിന്‍റെയും, കൂട്ടായ്മയുടെയും അനുരഞ്ജനത്തിന്‍റെയും കണ്ണിചേര്‍ന്ന സമൂഹമായി നിലനില്ക്കേണ്ട ക്രൈസ്തവരെ നശിപ്പിക്കുന്ന കീടങ്ങളാണ് സ്വാര്‍ത്ഥത, അസൂയ, പരദൂഷണം എന്നിവ. കീടങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ സഹായിക്കുന്ന മൂലപദാര്‍ത്ഥമാണ് ആഴമുള്ള വിശ്വാസത്തിന്‍റെ ഉപ്പ്.
അങ്ങനെ സമൂഹത്തിന്‍റെ ഉപ്പും പ്രകാശവുമാകുവാനുള്ള ദൗത്യം യാഥാര്‍ത്ഥ്യമാക്കാന്‍, ആദ്യമായി ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും ഇണങ്ങാത്ത തിന്മകളില്‍നിന്ന് അകുന്നു ജീവിക്കാന്‍ പരിശ്രമിക്കാം. വിശ്വാസത്തിനും ക്രൈസ്തവികതയ്ക്കും ഇണങ്ങുന്ന സല്‍സ്വഭാവം ലോകത്തിന് സനേഹത്തിന്‍റെ പ്രകാശവും, ഭൂമിക്ക് നന്മയുടെ ഉപ്പായി ജീവിക്കുവാനുമുള്ള വിശുദ്ധിയാണ്. ക്രൈസ്തവരുടെ ദൗത്യമാണ് വിശ്വാസവും ക്രിസ്തു സ്നേഹവുംകൊണ്ട് സമൂഹജീവിതത്തിന് രുചിപകരുകയെന്നത്. സുവിശേഷത്തിനും ക്രിസ്തുവിനും ഇണങ്ങാത്ത കുടിലതകളില്‍നിന്നും ദുഷ്പ്രവൃത്തികളില്‍നിന്നും നാം അതിനാല്‍ സ്വതന്ത്രരാകേണ്ടതാണ്.
4. ജീവിതനന്മയുടെ ഉപ്പ്
ഉപ്പിന്‍റെയും വെളിച്ചത്തിന്‍റെയും അടയാളങ്ങള്‍ ഒന്നുകൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, ദൈവത്തിനു സമര്‍പ്പിക്കുന്ന ഏതു വസ്തുക്കളിലും അല്പം ഉപ്പു വിതറുന്നത് ഇസ്രായേലില്‍ പഴയ ഉടമ്പടിയുടെ അടയാളമായിരുന്നു, പൗരസ്ത്യമതങ്ങളില്‍ ഇന്നും അത് തുടരുന്ന ആചാരമാണ്. അതുപോലെ വിജാതിയര്‍ക്ക് എതിരായ ദൈവിക വെളിപാടിന്‍റെ അടയാളമായിരുന്നു ഇസ്രായേലില്‍ പ്രകാശം. എന്നാല്‍ വിശ്വാസവും, ഉപവിപ്രവൃത്തികളും വഴി മാനവികതയെ ഫലവത്താക്കുവാനുള്ള നവമായൊരു ദൗത്യമാണ് നവഇസ്രായേലായ സഭയ്ക്കും സഭാമക്കള്‍ക്കും ലഭിച്ചിരിക്കുന്നത്.
ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ളവര്‍ ക്രിസ്തുശിഷ്യരും പ്രേഷിതരുമാണ്. ജീവിക്കുന്ന സുവിശേഷമാകേണ്ടവരാണ്, സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കേണ്ടവരാണ് നാം. നന്മയുള്ള ജീവിതംകൊണ്ടും വിശുദ്ധിയുള്ള ജീവിതസമര്‍പ്പണംകൊണ്ടും ചുറ്റുപാടുകളെ സ്വാദിഷ്ടവും, സന്തോഷഭരിതവും, പ്രഭാപൂര്‍ണ്ണവുമാക്കാന്‍ നമുക്കു പരിശ്രിമിക്കാം. ഉപ്പുപോലെ ജീവിതമേഖലകളെ മോശമാകാതെ പരിരക്ഷിക്കാം. ഇരുട്ടല്ല, വിളക്കുപോലെ ചുറ്റും നന്മയുടെ പ്രകാശംപരത്തുവാനും നമുക്ക് പരിശ്രമിക്കാം!
5. ജ്ഞാനസ്നാന കര്‍മ്മത്തിലെ പ്രകാശം
ജ്ഞാനസ്നാന വേളയിലെ ചില വാക്കുകള്‍ ഇവിടെ അനുസ്മരണീയമാണ്. കുട്ടിയുടെ പേരു വിളിച്ചുകൊണ്ട് കാര്‍മ്മികന്‍ അവരുടെ കൈകളില്‍ ഒരു ചെറിയ വിളക്കു പിടിപ്പിക്കുന്നു. എന്നിട്ട് ഉച്ചരിക്കുന്നത്, “മേരീ, ആന്‍റണീ... നിങ്ങള്‍ ക്രിസ്തുവിന്‍റെ വെളിച്ചം സ്വീകരിക്കുക! നിങ്ങള്‍ ക്രിസ്തുവില്‍ പ്രകാശിതരാണ്. ഈ വെളിച്ചം ഒരിക്കലും പൊലിയാതെ സൂക്ഷിക്കുവാന്‍ നിങ്ങളെ ഏല്പിക്കുന്നു. ഒപ്പം നിങ്ങളുടെ മാതാപിതാക്കളെയും ജ്ഞാനസ്നാനപിതാക്കളെയും ഭരമേല്പിക്കുന്നു. ഈ വിശ്വാസവിളിക്ക് അണയാതെ കാത്തുസൂക്ഷിച്ച് നിങ്ങള്‍ നിത്യഭാഗ്യത്തിന് അര്‍ഹരാകുക!”
ഏറെ മനോഹരവും ജീവല്‍ ബന്ധിയുമാണ് ജ്ഞാനസ്നാന കര്‍മ്മത്തിന്‍റെ അവസാനഭാഗത്ത് ഉരുവിടുന്ന ഈ പ്രാര്‍ത്ഥന. വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ള ഈശോയുടെ വാക്കുകള്‍ ഇവിടെ കൂട്ടിവായിക്കാവുന്നതാണ്, “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവന് ജീവന്‍റെ പ്രകാശമുണ്ടായിരിക്കും!"(യോഹ. 8, 12). സുവിശേഷത്തിന്‍റെ അരൂപിയിലും ദൈവരാജ്യത്തിന്‍റെ കാഴ്ചപ്പാടിലും മാനവയാഥാര്‍ത്ഥ്യം പുനാവിഷ്ക്കരിക്കുവാന്‍ സഭ പാപ്പാ ഫ്രാന്‍സിസിന്‍റെ പിതൃസാന്നിദ്ധ്യത്തില്‍ ഏറെ തത്രപ്പെടുന്ന ഇന്നിന്‍റെ പ്രക്രിയയില്‍ പതറാതെ മുന്നേറാന്‍ അനുദിന ജീവിതപരിസരങ്ങളില്‍ നമുക്ക് ഓരോരുത്തര്‍ക്കും ക്രിസ്തുവിന്‍റെ ഉപ്പും വെളിച്ചവുമാകാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.
6. ഗാനവും പ്രാര്‍ത്ഥനയും
ഫാദര്‍ തദേവൂസ് അരവിന്ദത്താണ് തന്‍റെ ഗാനത്തില്‍ യേശുവിനെ സ്നേഹപ്രവാഹമേ... ജീവല്‍ പ്രവാഹമേ... എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. രാധികാ തിലക് ആലപിച്ച അദ്ദേഹത്തിന്‍റെ ധ്യാനാത്മകമായ വരികള്‍ ഹെക്ടര്‍ ലൂയിസ് ഈണംപകര്‍ന്നതാണ്.
സ്നേഹപ്രവാഹവും ജീവല്‍ പ്രകാശവുമായ യേശുവിനോട് നമ്മുടെ ജീവിതങ്ങളെ സ്നേഹപൂര്‍ണ്ണമാക്കണമേ, സമാധാന പൂര്‍ണ്ണമാക്കണമേയെന്നു വിനയാന്വിതരായി പ്രാര്‍ത്ഥിക്കാം! അങ്ങനെ എളിയവരായ ഞങ്ങള്‍ അവിടുത്തെ സ്നേഹത്തിന്‍റെയും നന്മയുടെയും സാക്ഷികളായി ജീവിതപരിസരങ്ങളില്‍ പ്രശോഭിക്കാന്‍ സഹായിക്കണമേ, ഞങ്ങളെ യോഗ്യരാക്കണമേ!