പൗരത്വഭേതഗതി നിയമം: ഭരണഘടനാവിരുദ്ധവും വിവേചനാപരവുമെന്ന് സഭാ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പൗരത്വഭേതഗതി നിയമത്തിന്‍റെ ഭരണഘടനാവിരുദ്ധവും വിവേചനപരവുമായ നീക്കങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ കർണ്ണാടക സംസ്ഥാനത്ത് മാംഗളൂറിലെ ലാറ്റിൻ റീത്തിൽപ്പെട്ട കത്തോലിക്കർ സംഘടിപ്പിച്ച സമ്മേളനത്തിൽ 30000 വിശ്വാസികൾ പങ്കെടുത്തു. ഐക്യത്തിനായുള്ള ആഹ്വാനവുമായി നടത്തിയ സമ്മേളനത്തിൽ സീറോ- മലബാർ, സീറോ-മലങ്കര വിശ്വാസ സമൂഹവും കൂടാതെ നൂറുകണക്കിന് വൈദീകരും സന്യാസിനികളും പങ്കുചേർന്നു.
മംഗളൂർ മെത്രാനായ മോൺ. പിയറെ പോൾ സൽദാന ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ ക്രിസ്തുവിന്‍റെ അനുയായികളായി സമാധാനത്തിലും പരസ്പര ബഹുമാനത്തിലും ജീവിക്കേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. മനുഷ്യ ഹൃദയങ്ങളിൽ കുടികൊള്ളുന്ന നന്മയിൽ വിശ്വസിക്കണമെന്നും, ഈ സമ്മേളനം സംഘടിപ്പിച്ചത് നമ്മെ ഒന്നിപ്പിക്കുന്ന ഏകദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നുവെന്നും നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നുവെന്ന് ഓർമ്മിപ്പിക്കാനാണെന്നും അദ്ദേഹം അറിയിച്ചു. ദേശീയ ഐക്യത്തിനായി ആഹ്വാനം ചെയ്ത അദ്ദേഹം ഭാരതീയര്‍ എന്ന നിലയിൽ നാനാത്വത്തിൽ ഏകത്വം ഉറപ്പുതരുന്ന ഭരണഘടനയാണ് നമ്മെ ഒന്നിപ്പിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. സീറോ മലബാർ സഭയിലെ മെത്രാനായ മോൺ. ലോറൻസ് മുക്കുഴി എല്ലാ മതങ്ങളേയും തങ്ങൾ ആദരിക്കുന്നുവെന്നും തുടർന്നും രാജ്യത്തെ സേവിക്കുമെന്നും അറിയിച്ചു.
കേന്ദ്ര സർക്കാർ പാസ്സാക്കിയ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും, സിഖ്, ബുദ്ധ, ജൈന, പാർസി ക്രിസ്ത്യൻ മത വിഭാഗങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നേടാൻ ഇളവുകൾ നൽകുന്ന പുതിയ പൗരത്വ ഭേദഗതി നിയമം ഇസ്ലാം വിശ്വാസികളെ ഒഴിവാക്കിയതിലുള്ള സമരങ്ങൾ ഇന്ത്യയിൽ രാഷ്ട്രീയ മത സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനം എന്നത് എടുത്തു പറയേണ്ടതാണ്. പൗരത്വഭേതഗതി നിയമത്തിനെതിരായി " വിവേചനപരം" എന്ന് കത്തോലിക്കാസഭാ നിർവ്വചനം നൽകിയിരുന്നു. ഗുജറാത്തിലെ മെത്രാന്മാര്‍ കേന്ദ്ര സർക്കാരിനോടു ഈ നിയമം ഉടൻ നിർത്തലാക്കാനും, ബന്ധപ്പെട്ട എല്ലാ മാനുഷീക വശങ്ങളും പരിഗണിക്കാനും ആവശ്യപ്പെട്ടിരുന്നു. അതേപോലെ തന്നെ ഇന്ത്യൻ ഭരണഘടനയിൽ " മത,വിശ്വാസ, ജാതി, ഭാഷ, ലിംഗ വ്യത്യാസമില്ലാതെ സകലരും വിവേചനമില്ലാതെ ഒരേപോലെ ഇന്ത്യക്കാരാണെന്ന്" അടിസ്ഥാന പ്രമാണം ഉറപ്പു തരുന്നതിനാൽ വിവിധ സന്യാസ സമൂഹങ്ങളുടെ സംഘടനയായ Justice Coalition of Religious ഈ നിയമത്തെ ഭരണഘടനാവിരുദ്ധമെന്നും വിശേഷിപ്പിച്ചിരുന്നു.