തിരയുക

Vatican News
ബംഗ്ലാദേശില്‍ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ സ്മാരകം. ബംഗ്ലാദേശില്‍ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ സ്മാരകം.  (ANSA)

52 ആം അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 21ന് നടക്കുന്ന ലോകവ്യാപകമായ വാർഷികാഘോഷമാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

 “സഭ വാഗ്ദാനം ചെയ്യുന്നതെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യതിരിക്തമായ രീതിയിൽ മനുഷ്യാവതാരം ചെയ്യപ്പെടണം. അതുവഴി ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയ്ക്ക് ദൈവകൃപയുടെ അക്ഷയമായ സമ്പന്നതയെ നന്നായി പ്രകടമാക്കുന്ന വൈവിധ്യമാർന്ന മുഖങ്ങൾ സ്വീകരിക്കാൻ കഴിയും. പ്രഘോഷണം മനുഷ്യാവതാര മായിത്തീരണം, ആത്മീയത മാംസം ധരിക്കണം, സഭാഘടനകൾ മാംസം ധരിക്കണം.” എന്ന് "പ്രിയ ആമസോൺ" എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ  സാമൂഹ്യ സ്വപ്നത്തെ കുറിച്ച് പരാമർശിക്കുന്ന ആദ്യ അദ്ധ്യായത്തിലെ ആറാമത്തെ ഖണ്ഡികയിൽ പാപ്പാ സൂചിപ്പിച്ചു.

നമ്മുടെ ജീവിതവും പ്രഘോഷണവും വിശ്വാസവും മറ്റുള്ളവരിൽ മാംസം ധരിക്കുന്നതു നമ്മുടെ ആശയ വിനിമയത്തിലൂടെയാണ്. ആശയം വിനിമയം ചെയ്യപ്പെടാൻ നാമുപയോയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധം ഭാഷയാണ്. ഈ പ്രപഞ്ചത്തിൽ എല്ലാ സൃഷ്ടികൾക്കും ശബ്‌ദവും ഭാഷയുമുണ്ട്. വ്യത്യസ്ഥ ഭാഷകളെ നാം അംഗീകരിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള വ്യത്യസ്ഥരായ മനുഷ്യരുടെ ജീവിതത്തെയും  അവരുടെ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും നാം ആദരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഇന്ന് അമ്പത്തി രണ്ടാം അന്താരാഷ്ട്ര മാതൃഭാഷാ ദിനം അനുസ്മരിക്കപ്പെടുന്നു. ഭാഷാപരവും സാംസ്കാരീകവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 21ന് നടക്കുന്ന ലോകവ്യാപകമായ വാർഷികാഘോഷമാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം.

ഓക്സ്ഫോർഡ് ഇംഗ്ലീഷ്നിഘണ്ടു ഭാഷയെ നിർവ്വചിക്കുന്നത് ചിന്തകളുടെ പ്രകടനത്തിനായി വാക്കുകളും അവ സംയോജിപ്പിക്കുന്ന രീതികളുമാണ് എന്നാണ്. ഒരു വ്യക്തിയുടെ മാതൃഭാഷ അമ്മിഞ്ഞ പാലിനൊപ്പം അവന്‍റെ ഓരോ കോശത്തിലും നിവേശിപ്പിക്കപ്പെട്ടതാണ്. മാതൃഭാഷ ഒരു ജനതയുടെയും, സംസ്കാരത്തിന്‍റെയും, വിശ്വാസത്തിന്‍റെയും, ആചാരാനുഷ്ടാനങ്ങളുടെയും അടയാളമാണ്. അത്കൊണ്ട്തന്നെ മനുഷ്യജീവിതത്തിൽ ഭാഷ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ഇത് ഒരു സാമൂഹിക പ്രതിഭാസമാണ്. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുക, അവരെ മനസ്സിലാക്കുക എന്നത് ഭാഷയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒരു വ്യക്തി തന്‍റെ ഭാഷ പല ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും, സമൂഹജീവിതം നയിക്കുന്നതിനും, അവന്‍റെ സ്പഷ്ടവും അദൃശ്യവുമായ പൈതൃകം സംരക്ഷിക്കുന്നതിനും, വികസിപ്പിക്കുന്നതിനുമുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളാണ് ഭാഷകൾ. മാതൃഭാഷയുടെ പ്രചരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ഭാഷാപരമായ വൈവിധ്യത്തെയും ബഹുഭാഷാ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഭാഷാപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങളെക്കുറിച്ച് പൂർണ്ണമായ അവബോധം വളർത്തുന്നതിനും ധാരണ, സഹിഷ്ണുത, സംഭാഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഐക്യദാർഢ്യം പ്രചോദിപ്പിക്കുന്നതിനും മാതൃഭാഷാ ദിനം  നമ്മെ സഹായിക്കും.

1999 നവംബർ 17ന് യുനെസ്കോയാണ് ആദ്യമായി അന്താരാഷ്ട്ര മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയുടെ 56/262 പ്രമേയം ബഹുഭാഷാവാദത്തെ 2002ൽ അംഗീകരിച്ചു. 2007 മെയ് മാസം പതിനാറാം തിയതി ഐക്യരാഷ്ട്ര പൊതുസഭയടെ പൊതുയോഗം 61/266 പ്രമേയത്തെ അംഗീകരിക്കുകയും ലോക ജനത ഉപയോഗിക്കുന്ന എല്ലാ ഭാഷകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ സംരംഭത്തിന്‍റെ ഭാഗമായാണ് മാതൃഭാഷാ ദിനം ആചരിക്കപ്പെടുന്നത്.  2008ല്‍ ഭാഷകളുടെ അന്താരാഷ്ട്ര വർഷമായി ഇത് സ്ഥാപിതമാക്കപ്പെട്ടു.

അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞത് ബംഗ്ലാദേശില്‍ നിന്നുള്ള സംരംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു. ബംഗ്ലാളി ഭാഷയുടെ അംഗീകാരത്തിനായി ബംഗ്ലാദേശ് ജനത പോരാടിയ ദിവസത്തിന്‍റെ വാർഷികമാണ് ഫെബ്രുവരി 21.

1952 ഫെബ്രുവരി 21 ല്‍ ധാക്കയിൽ നടന്ന ഘോഷയാത്ര

1952 ഫെബ്രുവരി 21 ന് ബംഗാളിയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധത്തിന് ധാക്ക സർവ്വകലാശാലയിലെ നിരവധി ബംഗാളി വിദ്യാർത്ഥികളെ പാകിസ്ഥാനിലെ പോലീസ് സേന കൊലപ്പെടുത്തിയതില്‍ നിന്നും അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്‍റെ ഉത്ഭവം ആരംഭിക്കുന്നു. 2000 ഫെബ്രുവരി 21 മുതൽ ഇത് ലോകമെമ്പാടും ആചരിക്കപ്പെടുന്നു. പൂര്‍വ്വ പാകിസ്ഥാനികളായ ബംഗ്ലാദേശികള്‍ ഭാഷയ്ക്ക് വേണ്ടി നടത്തിയ ജീവബലിയര്‍പ്പണത്തിന്‍റെ ദിനം കൂടിയാണിത്.  

ചരിത്ര പശ്ചാത്തലം

1947ൽ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാൻ വിഭജിക്കപ്പെട്ടപ്പോൾ അതിന് ഭൂമിശാസ്ത്രപരമായി രണ്ട് പ്രത്യേക ഭാഗങ്ങളുണ്ടായിരുന്നു: നിലവിൽ ബംഗ്ലാദേശ് എന്നറിയപ്പെടുന്ന പൂര്‍വ്വ പാകിസ്ഥാനും,  ഇപ്പോഴത്തെ പാകിസ്ഥാനായ പശ്ചിമ പാകിസ്ഥാനും. സംസ്കാരം, ഭാഷ മുതലായവയിൽ രണ്ട് ഭാഗങ്ങളും പരസ്പരം വളരെ വ്യത്യസ്ഥമായിരുന്നു. ഭൂരിപക്ഷം ജനങ്ങളും ഉറുത് സംസാരിക്കുന്നുണ്ടെങ്കിലും 1948ൽ അന്നത്തെ പാകിസ്ഥാൻ സർക്കാർ ഉർദുവിനെ പാകിസ്ഥാന്‍റെ ഏക ദേശീയ ഭാഷയായി പ്രഖ്യാപിച്ചു. ജനസംഖ്യയുടെ ഭൂരിഭാഗവും കിഴക്കൻ പാകിസ്ഥാനിൽ നിന്നുള്ളവരായതിനാൽ അവരുടെ മാതൃഭാഷ ബംഗ്ലാ ആയിരുന്നു. ഉറുദു ഭാഷയ്‌ക്ക് പുറമേ ദേശീയ ഭാഷകളിലൊന്നെങ്കിലും ബംഗ്ലാളിയായിരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 1948 ഫെബ്രുവരി 23ന് കിഴക്കൻ പാകിസ്ഥാനിൽ നിന്നുള്ള ധീരേന്ദ്രനാഥ് ദത്തയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്.

1947ൽ കറാച്ചിയിൽ നടന്ന ഒരു ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിലെ ഒരു പ്രധാന പ്രമേയം ഉർദുവിനെ ഏക രാഷ്ട്ര ഭാഷയാക്കണമെന്നും, മാധ്യമങ്ങളിലും സ്കൂളുകളിലും ഇത് പ്രത്യേകമായി ഉപയോഗിക്കണമെന്നുമായിരുന്നു. ഈ വാദത്തിന്  പ്രതിഷേധവും ഉടനടി ഉയർന്നു. ബംഗാളി ഇസ്ലാമിക സാംസ്കാരിക സംഘടനയായ തമദ്ദുൻ മജ്‌ലിഷിന്‍റെ സെക്രട്ടറി അബുൽ കാഷെമിന്‍റെ നേതൃത്വത്തിൽ ധാക്കയിലെ വിദ്യാർത്ഥികൾ അണിനിരന്നു. പാകിസ്ഥാൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗീകൃത വിഷയങ്ങളുടെ പട്ടികയിൽ നിന്നും, കറൻസി നോട്ടുകളിൽ നിന്നും, സ്റ്റാമ്പുകളിൽ നിന്നും ബംഗാളി ഭാഷയെ നീക്കം ചെയ്തു. പാകിസ്ഥാന്‍ ആധിപത്യത്തിന്‍റെ ഏക രാഷ്ട്ര ഭാഷ ഉർദുവാക്കി മാറ്റാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഫസ്ലുർ റഹ്മാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തി. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ പ്രതിഷേധം വർദ്ധിച്ചു. 1947 ഡിസംബർ 8ന് ധാക്ക യൂണിവേഴ്സിറ്റി കാമ്പസിൽ ധാരാളം ബംഗാളി വിദ്യാർത്ഥികളുടെ യോഗം ചേർന്നു. ബംഗാളിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് വിദ്യാർത്ഥികള്‍  ആവശ്യപ്പെട്ടു. അവരുടെ  ഈ ആവശ്യത്തെ സാധ്യമാക്കുന്നതിനായി വിദ്യാർത്ഥികൾ ധാക്കയിൽ  പ്രകടനങ്ങളും, റാലികളും സംഘടിപ്പിച്ചു.

1952 ഫെബ്രുവരി 21 ന് ധാക്കയിൽ നടന്ന പ്രതിഷേധ മാർച്ച്

1952ലെ കണക്കനുസരിച്ച് പാകിസ്ഥാൻ പൗരന്മാരിൽ ഭൂരിപക്ഷവും ഏകദേശം 54%ത്തോളം പൗരന്മാരും ബംഗാളികളാണ്. പ്രതിഷേധത്തിൽ തങ്ങൾക്കും ഭാവിതലമുറയ്ക്കും വേണ്ടി ബംഗാളി ഭാഷയ്ക്കായി നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ ജീവന്‍ ബലിനല്‍കേണ്ടി വന്നു. പ്രതിഷേധത്തെ തടയാന്‍ അഞ്ചോ അതിലധികമോ വ്യകതികള്‍ സമ്മേളിക്കുന്നതും, പൊതുയോഗങ്ങൾ നടത്തുന്നതും, തോക്കുകൾ കൊണ്ടുപോകുന്നതും നിരോധിക്കുന്ന കുറ്റക്യത്യ നടപടിക്രമത്തിന്‍റെ  ഒരു വിഭാഗമായ സെക്ഷൻ 144 ഭരണകൂടം പ്രഖ്യാപനമിറക്കി. എന്നാല്‍ ഇതിനെ ധിക്കരിച്ച് വിദ്യാർത്ഥികൾ ധാക്ക സർവ്വകലാശാലയിൽ ഒത്തുകൂടാൻ തുടങ്ങി. സായുധ പോലീസ് കാമ്പസിനെ വളഞ്ഞു. വിദ്യാർത്ഥികൾ സർവ്വകലാശാല പ്രവേശനകവാടത്തിൽ തടിച്ചുകൂടി പോലീസ് അതിര്‍ത്തി രേഖ തകർക്കാൻ ശ്രമിച്ചു.

വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകാനായി പോലീസ് ഗേറ്റിനു നേരെ കണ്ണീർ വാതക ബോംബുകൾ പ്രയോഗിച്ചു. ഒരു വിഭാഗം വിദ്യാർത്ഥികൾ ധാക്ക മെഡിക്കൽ കോളേജിലേക്ക് ഓടി. മറ്റുള്ളവർ പോലീസ് വളഞ്ഞ യൂണിവേഴ്സിറ്റി പരിസരത്തേക്ക് അണിനിരന്നു. വെടിവയ്പ്പ് നിർത്താൻ വൈസ് ചാൻസലർ പോലീസിനോടു ആവശ്യപ്പെടുകയും വിദ്യാർത്ഥികളോടു പ്രദേശം വിടാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ 144 വകുപ്പ് ലംഘിച്ചതിന് പോലീസ് നിരവധി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രകോപിതരായ വിദ്യാർത്ഥികൾ കിഴക്കൻ ബംഗാൾ നിയമസഭയ്ക്ക് ചുറ്റും കൂടി, നിയമസഭാംഗങ്ങളുടെ വഴി തടയുകയും, നിയമസഭയിൽ തങ്ങളുടെ  ആവശ്യം അവതരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു കൂട്ടം വിദ്യാർത്ഥികൾ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോൾ പോലീസ് നടത്തിയ വെടിവയ്പ്പില്‍ അബ്ദുസ് സലാം, റാഫിക് ഉദ്ദീൻ അഹമ്മദ്, അബുൽ ബർക്കത്ത്, അബ്ദുൽ ജബ്ബാർ എന്നിവര്‍ മരിക്കുകയും ചെയ്തു. കൊലപാതക വാർത്തകൾ പ്രചരിച്ചതോടെ നഗരത്തിലുടനീളം ക്രമക്കേട് പൊട്ടിപ്പുറപ്പെട്ടു. കടകളും ഓഫീസുകളും പൊതുഗതാഗതവും അടച്ചുപൂട്ടി  പൊതു പണിമുടക്ക് ആരംഭിച്ചു. ചരിത്രത്തിലെ അപൂർവ്വ സംഭവമായി ചിത്രീകരിക്കപ്പെട്ട ഈ പ്രക്ഷോപണത്തിലൂടെ മാതൃഭാഷയ്ക്ക് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ജീവൻ ബലിയർപ്പിച്ചത്.

അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ഔദ്യോഗിക ഭാഷകളുടെ പേരില്‍ നടന്ന പ്രക്ഷോപങ്ങള്‍ 1956 ഓടെ പരിഹരിക്കപ്പെട്ടുവെങ്കിലും  ലോക ഭാഷകളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ ഒരു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 1998 ജനുവരി 9ന് ഐക്യരാഷ്ട്ര സഭയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന കോഫി അന്നന് കാനഡയിലെ വാൻ‌കൂവറിൽ താമസിക്കുന്ന ബംഗാളി റാഫിഖുൽ ഇസ്ലാം ഒരു കത്തെഴുതി. ഭാഷാ പ്രസ്ഥാനത്തിനിടെ 1952ൽ ധാക്കയിൽ നടന്ന കൊലപാതകങ്ങളുടെ സ്മരണയ്ക്കായി ഫെബ്രുവരി 21നെ അന്താരാഷ്ട്ര മാതൃഭാഷാ ദിനമാക്കണമെന്ന് ആവശ്യപ്പെട്ടു. റാഫിഖുൽ ഇസ്‌ലാമിന്‍റെ നിർദ്ദേശം ബംഗ്ലാദേശ് പാർലമെന്‍റിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. യഥാസമയം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിർദേശപ്രകാരം ഔദ്യോഗിക നിർദ്ദേശം ബംഗ്ലാദേശ് സർക്കാർ യുനെസ്കോയ്ക്ക് സമർപ്പിച്ചു.

ഒടുവിൽ 1999 നവംബർ 17ന് യുനെസ്കോയുടെ 30മത് പൊതുസമ്മേളനം ഐകകണ്ഠ്യേന 1952ൽ ഈ ദിവസം ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെ അനുസ്മരിപ്പിക്കുന്നതിനായി ഫെബ്രുവരി 21ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആഘോഷിക്കണമെന്ന തീരുമാനമുണ്ടായി. അങ്ങനെ ഫെബ്രുവരി 21, " അന്താരാഷ്ട്ര മാതൃഭാഷാ ദിനം" അനുസ്മരിക്കപ്പെടുന്നു. രാഷ്ട്രഭാഷാ ദിനം അല്ലെങ്കിൽ ഭാഷാ രക്തസാക്ഷികളുടെ ദിനം എന്നും വിളിക്കപ്പെടുന്ന ഫെബ്രുവരി 21   അന്താരാഷ്ട്ര മാതൃഭാഷാ ദിനം ബംഗാളി ഭാഷാ പ്രസ്ഥാനത്തെയും, പ്രസ്ഥാനത്തിലെ രക്തസാക്ഷികളെയും അനുസ്മരിപ്പിക്കുന്ന ബംഗ്ലാദേശിന്‍റെ ദേശീയ അവധിദിനമാണ്. എല്ലാ വർഷവും  ഈ ദിവസത്തില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ ഷഹീദ് മിനാറുകൾ സന്ദർശിച്ച് ഭാഷയ്ക്കായി ജീവന്‍ ഹോമിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ബംഗ്ലാളി ഭാഷയെ ചർച്ച ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

21 February 2020, 12:24