തിരയുക

Vatican News
ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ പ്രതിഷേധവുമായി പൗരന്മാര്‍ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ പ്രതിഷേധവുമായി പൗരന്മാര്‍  (AFP or licensors)

കപട ദേശീയത സമഗ്രാധിപത്യഭാവം ആര്‍ജ്ജിക്കും!

പൗരത്വ ഭേദഗതി നിയമം ഭാരതത്തില്‍ സംജാതമാക്കിയിരിക്കുന്ന അവസ്ഥയില്‍ ദേശീയ കത്തോലിക്കാമെത്രാന്‍ സംഘം (CBCI) ആശങ്ക പ്രകടിപ്പിക്കുന്നു, സംഭാഷണത്തിന്‍റെ സരണിയില്‍ ചരിക്കാന്‍ പ്രചോദനം പകരുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കപട ദേശീയതയ്ക്കെതിരെ സംഭാഷണത്തിന്‍റെ പാതയിലൂടെ മുന്നേറാന്‍ ഭാരതത്തിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം, സി.ബി.സി.ഐ (CBCI) ആഹ്വാനം ചെയ്യുന്നു.

ഈ മാസം 13-19 വരെ ബാംഗ്ലൂരിലെ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സെസില്‍ (St. John’s National Academy for Medical Sciences) സി.ബി.സി.ഐ  ചേര്‍ന്ന  ദ്വിവാര്‍ഷിക സമ്പൂര്‍ണ്ണ  സമ്മേളനത്തിന്‍റെ സമാപന പ്രസ്താവനയിലാണ് ഈ ആഹ്വാനമുള്ളത്.

പ്രജാധിപത്യത്തിന്‍റെ അടിസ്ഥാനമായ സംഭാഷണം ക്രിസ്തുമതത്തിന്‍റെ കാതലായ ഒരു ഘടകവും സഭയുടെ ഒരു വിളിയുമാണെന്ന് പ്രസ്താവനയില്‍ കാണുന്നു.

കപടദേശീയത ഇന്ന് സ്വേച്ഛാധിപത്യത്തിന്‍റെ നൂതന രൂപമാര്‍ജ്ജിക്കുന്നുവെന്ന ആശങ്കയും മെത്രാന്‍സംഘം പ്രകടിപ്പിക്കുന്നു.

അടുത്തയിടെ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നാട്ടില്‍ സംജാതമാക്കിയിരിക്കുന്ന വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥയിലും മെത്രാന്‍സംഘം ആശങ്ക അറിയിക്കുന്നു.

നാനത്വത്തിലുള്ള ഏകത്വം ഭാരതസമൂഹത്തിന്‍റെ മുഖമുദ്രയാണെന്നും മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഷകളുടെയും വൈവിധ്യങ്ങളാല്‍ വിരചിതമായ ഒരു മൊസൈക് ചിത്രമാണ് പുരാതനകാലം മുതല്‍ ഭാരതമെന്നും, നമ്മെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളെക്കാള്‍ ശക്തവും അഗാധവുമാണ് നമ്മെ ഒന്നിപ്പിക്കുന്ന ഘടകങ്ങളെന്നും മെത്രാന്മാര്‍ പ്രസ്താവനയില്‍ അനുസ്മരിക്കുന്നു.

രാജ്യത്തിന് മതേതരത്വ സ്വഭാവവും പൗരന്മാര്‍ക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പേകുന്ന ഭരണഘടനയില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും മെത്രാന്മാര്‍ പറയുന്നു.

ഭാരതത്തിലെ ഒരോ സമൂഹത്തിനും സാംസ്കാരിക അനന്യതയുണ്ടെന്നും അത് ആദരിക്കപ്പെടണമെന്നും, ആകയാല്‍, ഒരു സംസ്കാരത്തിനൊ, മതത്തിനൊ മറ്റൊരു സംസ്കാരത്തിന്‍റെയൊ മതത്തിന്‍റെയൊ മേല്‍ ആധിപത്യ പുലര്‍ത്താനാകില്ലെന്നും മെത്രാന്‍സേംഘം വ്യക്തമാക്കുന്നു.     

ഇന്ത്യയിലെ ലത്തീന്‍, സീറോമലബാര്‍, സീറോമലങ്കര കത്തോലിക്കാരൂപതകളുടെ, മൊത്തം 174 രൂപതകളുടെ അദ്ധ്യക്ഷന്മാരുള്‍പ്പടെ ഇരുനൂറോളം മെത്രാന്മാര്‍ സി.ബി.സി.ഐയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ സംബന്ധിച്ചു.

നാട്ടില്‍ സാമൂഹ്യ ഏകാതാനത പരിപോഷിപ്പിക്കുന്നതിന് സമൂഹത്തിലെ സകലയാഥാര്‍ത്ഥ്യങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടേണ്ടതിന്‍റെ അനിവര്യതയില്‍ കേന്ദ്രീകൃതായിരുന്നു ഇത്തവണ ഈ സമ്മേളനത്തിന്‍റെ ചര്‍ച്ചകള്‍.

 

21 February 2020, 11:11