തിരയുക

2020.02.14 angeli di raffaello dalle mura della cappella sistina centenario V della morte dell'artista raffaello 2020.02.14 angeli di raffaello dalle mura della cappella sistina centenario V della morte dell'artista raffaello 

ചിത്രകാരന്‍ റാഫേലിന്‍റെ അഞ്ചാം ചരമശതാബ്ദി

വിശ്വോത്തര ചിത്രകാരന്‍ റാഫേല്‍ സാന്തിയുടെ 500-Ɔο ചരമവാര്‍ഷികം ചിത്രപ്രദര്‍ശനത്തോടെ വത്തിക്കാന്‍ ആചരിക്കും.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. റാഫേലിന്‍റെ ചിത്രപ്രദര്‍ശനം
ഫെബ്രുവരി 17-മുതല്‍ 23-വരെ തിയതികളിലാണ് റാഫേലിന്‍റെ ചിത്രരചനകള്‍ വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഭാഗവും, മൈക്കിളാഞ്ചലോയുടെ ചുവര്‍ചിത്ര രചനകളാല്‍ അലംകൃതവുമായ സിസ്റ്റൈന്‍ കപ്പേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്. ബൈബിളിലെ പുതിയ നിയമത്തിലെ അപ്പസ്തോല നടപടി ഗ്രന്ഥത്തെ ആധാരമാക്കിയുള്ള റാഫേലിന്‍റെ ബൃഹത്തും മനോഹരവുമായ 10 രചനകളാണ് വത്തിക്കാന്‍ പ്രദര്‍ശനത്തിന് ഒരുക്കുന്നത്.  പൂര്‍ണ്ണരചനകള്‍ക്കൊപ്പം, അവയുമായി ബന്ധപ്പെട്ട റാഫേലിന്‍റെ കൈപ്പടയുള്ള പ്രാഥമിക രേഖാചിത്രങ്ങളും പ്രദര്‍ശനത്തിന്‍റെ ഭാഗമായിരിക്കുമെന്ന് വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ പ്രസ്താവന അറിയിച്ചു.

2. അപ്പസ്തോല നടപടിയിലെ സംഭവങ്ങളുടെ രചനകള്‍
സിസ്റ്റൈന്‍ കപ്പേളയുടെ ചുവരുകളെ അലങ്കരിക്കാനായിരുന്നു ലിയോ 10-Ɔമന്‍ പാപ്പായാണ് അപ്പസ്തോല നടപടി പുസ്തകത്തിലെ പ്രധാനപ്പെട്ട 10 വിഷയങ്ങള്‍ റാഫേലിനെക്കൊണ്ട് ക്യാന്‍വാസില്‍ തീര്‍പ്പിച്ചത്. 15 അടി വീതിയും 14 അടി ഉയരവുമുള്ള ബ്രസ്സല്‍സ് ക്യാന്‍വാസുകളിലാണ് ഈ ബഹുവര്‍ണ്ണ എണ്ണച്ഛായ രചനകള്‍ ചിത്രകാരന്‍ പൂര്‍ത്തീകരിച്ചത്. അന്ന് അവ പ്രദര്‍ശിപ്പിച്ചിരുന്ന സിസ്റ്റൈന്‍ കപ്പേളയിലെ ചുവരുകളിലെ അതേ കൊളുത്തുകളില്‍ 500 വര്‍ഷങ്ങള്‍ക്കുശേഷം സ്ഥാനംപിടിക്കുമ്പോള്‍ യൂറോപ്പിന്‍റെ നവോത്ഥാനകാലത്തെ ചിത്രരചനയുടെ ഉച്ചസ്ഥായിയുടെ തിളക്കമായി റഫായേല്‍ ഇന്നും പ്രശോഭിക്കും.

സിസ്റ്റൈന്‍ കപ്പേളയുടെ നവീകരണ കാലത്ത് റഫായേലിന്‍റെ രചനകള്‍ വത്തിക്കാന്‍ മ്യൂസിയം ഏറ്റെടുത്ത് സംരക്ഷിച്ചിട്ടുള്ളതിനാല്‍ അവ ഇന്നും ഒളിമങ്ങാതെ റാഫേലിന്‍റെ രചനാപാടവത്തിന്‍റെ കാലാതീതമായ സാക്ഷ്യമായി നിലകൊള്ളുവെന്ന്, വത്തിക്കാന്‍ മ്യൂസിയം ഡയറക്ടര്‍, ബാര്‍ബര ജെത്ത ഫെബ്രുവരി 12-Ɔο തിയതി പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ രേഖപ്പെടുത്തി.

3. ജീവിതത്തിലേയ്ക്ക് ഒരെത്തിനോട്ടം
15-Ɔο നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ മദ്ധ്യ ഇറ്റലിയിലെ ഉബ്രിയയിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച റാഫേല്‍ തന്‍റെ ആദ്യഘട്ടം, 21 വയസ്സുവരെ ജന്മനാട്ടില്‍ പഠനത്തിലും ചിത്രരചനയിലും ചെലവഴിച്ചു (1483-1504). തുടര്‍ന്നുള്ള നാലുവര്‍ഷക്കാലം, അക്കാലത്ത് കലയുടെയും അറിവിന്‍റെയും കേന്ദ്രമായിരുന്ന ഫ്ലോറന്‍സില്‍ അദ്ദേഹം 4 വര്‍ഷക്കാലം സമകാലീന ചിത്രരചനയിലും വാസ്തുശില്പ കലയിലും മുഴുകി ജീവിച്ചു (1504-1508). ഫ്ലോളറന്‍സിലെ നാലു വര്‍ഷക്കാലംകൊണ്ടുതന്നെ റാഫേല്‍ യൂറോപ്പില്‍ അറിയപ്പെട്ട കലാകാരാനായി വളര്‍ത്തിരുന്നു. തുടര്‍ന്ന് റോമില്‍ എത്തിയ റാഫേല്‍ ചിത്രരചനയുടെ വന്‍നേട്ടങ്ങളുമായി മരണംവരെ ജീവിച്ചു. രണ്ടു പാപ്പാമാരുടെ - ജൂലിയസ് രണ്ടാമന്‍റെയും, ലിയോ 10-Ɔമന്‍റെയും അടുത്ത സുഹൃത്തായിരുന്ന റാഫേലിന് അവരുടെ പ്രത്യേക പരിലാളനയും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. യുവകലാകാരന്‍, റഫേല്‍ ജീവിച്ചിക്കുമ്പോള്‍തന്നെ ലോകം അറിയാന്‍തുടങ്ങി. അതിനു കാരണം തന്‍റെ രചനകളില്‍ പലതും അക്കാലത്തെ അച്ചടിമാധ്യമങ്ങളിലേയ്ക്ക് പകര്‍ത്താനുള്ള സാദ്ധ്യതകളും റാഫേല്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ തന്‍റെ സമകാലീന ചിത്രകാരനും ശില്പിയുമായിരുന്ന തലമൂത്ത മൈക്കിളാഞ്ചലോയുടെ ഉറ്റവൈരിയുമായിരുന്നു.

4. സൂക്ഷ്മതയുള്ള റാഫേലിന്‍റെ സൃഷ്ടികള്‍
റാഫേലിന്‍റെ വളരെ നല്ല രചനകള്‍ വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ഇന്നും ദൃശ്യമാണ്. അവയില്‍ ഏറെ ബൃഹത്തും പ്രശസ്തവുമായ രചനയാണ് “ഏതന്‍സിലെ ചര്‍ച്ചാവേദി” (School of Athens). സമകാലീന യൂറോപ്പിന്‍റെ ജീവിതക്രമത്തിന്‍റെയും സാംസ്കാരികതയുടെയും വിശദാംശങ്ങള്‍ ഈ വിപുലമായ രചനയില്‍ കലാകാരന്‍ ബഹുവര്‍ണ്ണത്തില്‍ ചാലിച്ചു ചേര്‍ത്തിരിക്കുന്നു. വത്തിക്കാന്‍റെ പരമോന്നത കോടതിയിലാണ് (Tribunale Apostolica Signatura) ഇത് ഇന്നും കേടുകൂടാതെ നിലകൊള്ളുന്നത്.

5. ശ്രദ്ധേയമായ ചില രചനകള്‍
തിരുക്കുടുംബം, മറിയത്തിന്‍റെയും ജോസഫിന്‍റെയും വിവാഹം, മറിയം സ്വര്‍ഗ്ഗരാജ്ഞി, തിബേരിസൂസ് തടാകത്തിലെ അത്ഭുതകരമായ മീന്‍പിടുത്തം, യേശുവിന്‍റെ കുരിശുമരണം, യേശുവിന്‍റെ സംസ്ക്കാരം, വിശുദ്ധ യോഹന്നാന്‍, റാഫേല്‍ മാലാഖ,  ഉണ്ണിയേശുവും അമ്മയും ഉദ്യാനത്തില്‍, പൗലോസ് അപ്പസ്തോലന്‍ ആരിയോപ്പാഗസില്‍...  എന്നിങ്ങനെ റാഫേലിന്‍റെ നിറപ്പകിട്ടാര്‍ന്ന സൃഷ്ടികള്‍ നവോത്ഥാനകാലത്തെ യൂറോപ്പിന്‍റെ സംസ്കാരവും ജീവിതശൈലിയും നിറപ്പകിട്ടോടെ വിളിച്ചോതുന്നു. വര്‍ണ്ണപ്പകിട്ടും, അഴകുള്ള ശാരീരിക ഘടനയും, വേഷവിധാനത്തിന്‍റെ സൂക്ഷ്മതയും, യാഥാര്‍ത്ഥ്യങ്ങളോടു അടുപ്പമുള്ള സൂക്ഷ്മനിരീക്ഷണവും, സ്ഥലസംവിധാനത്തിന്‍റെ വിശദാംശങ്ങളും കാലംകണ്ട ഈ യുവപ്രതിഭയുടെ സവിശേഷതകളായിരുന്നു. റാഫേലിന്‍റെ മാത്രം രചനകള്‍ മാറിമാറി പ്രദര്‍ശിപ്പിക്കുന്ന വത്തിക്കാന്‍ മ്യൂസിയത്തിലെ സ്ഥിരംവേദിയാണ് “റാഫേലിന്‍റെ ഹാള്‍” (Aula di Raffaello or Room VIII).

6. “പാന്തയോണി”ല്‍ അന്ത്യവിശ്രമം
1520 ഏപ്രില്‍ 6-ന് 37-Ɔമത്തെ വയസ്സില്‍ റോമില്‍ അന്തരിച്ചു. ജീവിതം മുഴുവനായി ചിത്രരചനയ്ക്കായി സമര്‍പ്പിച്ച റാഫേല്‍ അവിവാഹിതനായിരുന്നു. ഇന്ന് മേരിയന്‍ ബസിലക്കയുടെ പദവിയുള്ള റോമാനഗരത്തിന്‍റെ ഹൃദയഭാഗത്തെ വിഖ്യാതവും സന്ദര്‍ശകര്‍ക്ക് പ്രിയങ്കരവുമായ പുരാതന ഗ്രീക്ക് വാസ്തുമന്ദിരം, “പാന്തെയോണി”ലാണ് (Pantheon) റാഫേല്‍ അന്ത്യവിശ്രമംകൊള്ളുന്നത്.
 

14 February 2020, 10:01