തിരയുക

Vatican News

റാഫേലിന്‍റെ അത്യപൂര്‍വ്വ സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു

വിശ്വോത്തര ചിത്രകാരന്‍ റാഫേല്‍ സാന്തിയുടെ ചിത്രപ്രദര്‍ശനം വത്തിക്കാനില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സിസ്റ്റൈന്‍ കപ്പേളയിലെ പ്രദര്‍ശനം
നവോത്ഥാനകാലത്ത് ലോകത്തിന് അതിമനോഹരങ്ങളായ ഛായാചിത്രങ്ങള്‍ കാഴ്ചവച്ച ഇറ്റാലിയന്‍ ചിത്രകാരന്‍, റാഫേല്‍ സാന്തിയുടെ 500–Ɔο ചരമവാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് ഫെബ്രുവരി 17-മുതല്‍ 23-വരെ വത്തിക്കാന്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത് (1483-1504). റഫേലിന്‍റെ അനശ്വരമായ 10 ചിത്രകംബള രചനകളാണ് (tapestries) വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്ന പുരാതന സിസ്റ്റൈന്‍ കപ്പേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

2. നടപടിപ്പുസ്തകത്തിലെ രംഗങ്ങള്‍
അപ്പസ്തോല നടപടിപ്പുസ്തകം രേഖീകരിച്ചിട്ടുള്ള ആദിമസഭയില്‍ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാര്‍ ചെയ്ത ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ വിശദമായി ബഹുവര്‍ണ്ണത്തില്‍ ചിത്രീകരിക്കുന്നതാണ് റാഫേലിന്‍റെ അനിതരസാധാരണമായ ഈ 10 സൃഷ്ടികള്‍.
ലിയോ 10-Ɔമന്‍ (1475-1521) പാപ്പായാണ് സിസ്റ്റൈന്‍ കപ്പേളയുടെ പാര്‍ശ്വഭിത്തികള്‍ അലങ്കരിക്കുന്നതിന് ഈ 10 രചനങ്ങള്‍ ഒരുക്കുന്നതിന് അക്കാലത്തുതന്നെ വിഖ്യാതനായിരുന്ന റാഫേലിനെ ഉത്തരവാദിത്വപ്പെടുത്തിയത്. 15 അടി വീതിയും 14 ഉയരവുമുള്ള റാഫേലിന്‍റെ സൂക്ഷ്മരചനകളായ ഈ ചിത്രകംബളങ്ങള്‍ 16–Ɔο നൂറ്റാണ്ടില്‍ അവ സ്ഥാപിച്ച സിസ്റ്റൈന്‍ കപ്പേളയിലെ അതേ സ്ഥാനത്തും കൊളുത്തുകളിലുമാണ് ഇന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന വസ്തുത തന്‍റെ രചനകളിലൂടെ അനശ്വരനായ റാഫേല്‍ സാന്തിയുടെ അഞ്ചാം ചരമശതാബ്ദി  പ്രദര്‍ശനത്തെ സവിശേഷമാക്കുന്നു.

3. ജീവിതരേഖ
15-Ɔο നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍  മദ്ധ്യഇറ്റലിയിലെ ഉംബ്രിയയിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച റാഫേല്‍ തന്‍റെ ആദ്യഘട്ടം, 21 വയസ്സുവരെ ജന്മനാട്ടില്‍ പഠനത്തിലും ചിത്രരചനയിലും ചെലവഴിച്ചു (1483-1504). തുടര്‍ന്നുള്ള നാലുവര്‍ഷക്കാലം, അക്കാലത്ത് കലയുടെയും അറിവിന്‍റെയും കേന്ദ്രമായിരുന്ന ഫ്ലോറന്‍സില്‍ അദ്ദേഹം 4 വര്‍ഷക്കാലം സമകാലീന ചിത്രരചനയിലും വാസ്തുശില്പ കലയിലും മുഴുകി ജീവിച്ചു (1504-1508). ഫ്ലോളറന്‍സിലെ നാലു വര്‍ഷക്കാലംകൊണ്ടുതന്നെ റാഫേല്‍ യൂറോപ്പില്‍ അറിയപ്പെട്ട കലാകാരനായി വളര്‍ന്നു.  തുടര്‍ന്ന് റോമില്‍ എത്തിയ റാഫേല്‍ ചിത്രരചനയുടെ വന്‍നേട്ടങ്ങളുമായി മരണംവരെ ജീവിച്ചു. 1520 ഏപ്രില്‍ 6-ന് 37-Ɔമത്തെ വയസ്സില്‍ റോമില്‍ അന്തരിച്ചു. ജീവിതം മുഴുവനായി ചിത്രരചനയ്ക്കായി സമര്‍പ്പിച്ച റാഫേല്‍ അവിവാഹിതനായിരുന്നു.

4. അന്ത്യവിശ്രമം
ഇന്ന് മേരിയന്‍ ബസിലക്കയുടെ പദവിയുള്ള റോമാനഗരത്തിന്‍റെ ഹൃദയഭാഗത്തെ വിഖ്യാതവും സന്ദര്‍ശകര്‍ക്ക് പ്രിയങ്കരവുമായ പുരാതന ഗ്രീക്ക് വാസ്തുമന്ദിരം, “പാന്തെയോണി”ലാണ് (Pantheon) റാഫേല്‍ അന്ത്യവിശ്രമംകൊള്ളുന്നത്.
 

19 February 2020, 17:24