- ഫാദര്‍ വില്യം നെല്ലിക്കല്‍
1. നല്ല വിദ്യാഭ്യാസം ഒരു തിരഞ്ഞെടുപ്പ്
ജനുവരി 26-മുതല്‍ ഫെബ്രുവരി 1-വരെ നീളുന്ന “കുട്ടികള്‍ക്ക് സ്കൂളുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയവാര”ത്തില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് അമേരിക്കയിലെ മെത്രാന്‍ സമിതി ഈ അഭിപ്രായ പ്രകടനം നടത്തിയത്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുന്നതിലുള്ള മാതാപിതാക്കളുടെ അടിസ്ഥാനപരവും പ്രഥവുമായ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായി, അതിന് ഉതകുന്ന നല്ല സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നു ബിഷപ്പ് മൈക്കിള്‍ സി. ബാര്‍ബര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
2. സര്‍ക്കാര്‍ നല്കുന്ന വിദ്യാഭ്യാസ പിന്‍തുണ
അമേരിക്കയില്‍ ഏത് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ലഭ്യമായിരുന്ന വിദ്യാഭ്യാസ പിന്‍തുണ ചില സ്കൂളില്‍ വിവേചനപൂര്‍വ്വം സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന്‍റെ വെളിച്ചത്തിലാണ് ദേശീയ മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാന്‍, ബിഷപ്പ് മൈക്കിള്‍ ബാര്‍ബര്‍ കുട്ടികളുടെ അവകാശവും സര്‍ക്കാരിന്‍റെയും മാതാപിതാക്കളുടെയും ഉത്തരവാദിത്വത്തെയും ചൂണ്ടിക്കാണിക്കുന്ന വ്യക്തമായ പ്രസ്താവന ഇറക്കിയത്.
സര്‍ക്കാര്‍ വഴി കുട്ടികള്‍ക്കു ലഭിക്കേണ്ട, വിശിഷ്യ പാവങ്ങളായവര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളും സ്കോളര്‍ഷിപ്പും വിവേചനമില്ലാതെ എല്ലാസ്ഥാപനങ്ങള്‍ക്കും നല്കേണ്ടതാണ്. കാരണം അമേരിക്ക സാമൂഹിക വിവേചനമില്ലാത്ത രാജ്യമാണെന്ന് (A non-denominational Country) മൊന്താനാ സംസ്ഥാനത്തെ കത്തോലിക്ക സ്ഥാപനങ്ങളെ ഒഴിവാക്കിയ സര്‍ക്കാരിന്‍റെ നവമായ നയത്തോടുള്ള വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ബിഷപ്പ് മൈക്കിള്‍ അമേരിക്കയിലെ ദേശീയ സഭയ്ക്കുവേണ്ടി പ്രസ്താവനയിലൂടെ പ്രതികരിച്ചു.
3. മാതാപിതാക്കള്‍ പ്രഥമ അദ്ധ്യാപകന്‍
അറിവു നേടാനുള്ള കുട്ടികളുടെ സാര്‍വ്വജനീനമായ അവകാശം സകലരും അംഗീകരിക്കുമ്പോഴും, മാതാപിതാക്കളാണ് അവരുടെ പ്രഥമ അദ്ധ്യാപകരെന്നും, രണ്ടു വിഭാഗത്തെയും പിന്‍തുണയ്ക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും ഓക്ക്ലാന്‍റിലെ മെത്രാന്‍ കൂടിയായ ബിഷപ്പ് മൈക്കില്‍ ബാര്‍ബര്‍ എസ്.ജെ. പ്രസ്താവനയിലൂടെ വ്യക്തമാക്കി. തങ്ങളുടെ കുട്ടികള്‍ക്ക് കത്തോലിക്കാ വിദ്യാഭ്യാസവും, ആത്മീയരൂപീകരണവും നല്കാനുള്ള അടിസ്ഥാന അവകാശത്തെക്കുറിച്ച് 1968-ല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രബോധിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസത്തെ സംബന്ധിച്ച പ്രബോധനം Gravissimum Educationis, “വിദ്യാഭ്യാസത്തിന്‍റെ ശ്രേഷ്ഠത” ബിഷപ്പ് മൈക്കിള്‍ പ്രസ്താവനയില്‍ ഉദ്ധരിച്ചു.