നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“അവസാനമായി സെമിനാരിക്കാരനായ മിഖായേലും തട്ടിക്കൊണ്ടുപോയവരുടെ കൈയ്യിൽ കൊല്ലപ്പെട്ടുവെന്ന് ഞങ്ങൾ വളരെയധികം ദുഃ ഖത്തോടെ നിങ്ങളെ അറിയിക്കുന്നു”. എന്ന് ഇറ്റലിയിലെ ആവശ്യത്തിലായിരിക്കുന്ന സഭയെ സഹായിക്കുന്ന ACN പുറത്തുവിട്ട ട്വിറ്റിലാണ് ഈ വാർത്ത വന്നത്. കടുന്നായിലെ കാവ്വിലെ നല്ലിടയന്‍ മേജർ സെമിനാരിയിൽ നിന്നാണ് മിഖായേലിനോടപ്പം മറ്റ് മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോയത്. മറ്റ് മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളിൽ വിമോചിതരായി. ഇപ്പോൾ അവർക്ക് വൈദ്യസഹായം നല്‍കപ്പെടുന്നു. വധിക്കപ്പെട്ട മിഖായേലിന്‍റെ മൃതദേഹം സെമിനാരി ഡയറക്ടർ തിരിച്ചറിഞ്ഞതായി എസിഎൻ റിപ്പോർട്ട് ചെയ്തു.
ബെനിനിലെ ആർച്ച് ബിഷപ്പും, നൈജീരിയയിലെ കത്തോലിക്കാ മെത്രാന്‍ സമിതി അദ്ധ്യക്ഷനുമായ മോണ്‍. അഗസ്റ്റിൻ ഔക്ക്ബെസ്സ് രാജ്യമെമ്പാടും നിലനില്‍ക്കുന്ന ശക്തമായ അരക്ഷിതാവസ്ഥയെക്കുറിച്ച് വെള്ളിയാഴ്ച അറിയിച്ചു. നൈജീരിയയിലെ എല്ലാ സെമിനാരികളിലും സംരക്ഷണ മതിലുകളുണ്ടെങ്കിലും ബോക്കോ ഹറാമിന്‍റെ ആക്രമണം തടയാൻ അവ പര്യാപ്തമല്ലെന്നും, ഐക്യരാഷ്ട്ര സഭ അടുത്തിടെ വിലയിരുത്തിയ കണക്കുകൾ പ്രകാരം 2009 മുതൽ ഇസ്ലാമിക തീവ്രവാദികളുടെ അക്രമണത്തില്‍ 35,000 ലധികം പേര്‍ ഇരകളായിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് ഔക്ക്ബെസ്സ് വിശദീകരിച്ചു. എല്ലാ സെമിനാരികൾക്കും സുരക്ഷാ ക്യാമറകളില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എല്ലാ സെമിനാരികൾക്കും, ആശ്രങ്ങൾക്കും, മഠങ്ങൾക്കും ക്യാമറകളുണ്ടെങ്കിൽ, ചില തീവ്രവാദികളെ പിടികൂടുന്നതിന് അത് ഉപയോഗപ്രദമാകുമെന്നും നിർഭാഗ്യവശാൽ, സഭയിലെ ഉപാധികള്‍ പരിമിതമാണെന്നും ചില ഇടവകകൾ ഞായറാഴ്ച്ച ആരാധന ക്രമങ്ങളില്‍ പങ്കെടുക്കാനെത്തുന്ന ജനങ്ങളുടെ സംരക്ഷണത്തിനായി പോലീസിന് പണം നൽകേണ്ടിവരുന്നുവെന്നും എസിഎൻ ചൂണ്ടിക്കാട്ടി.