തിരയുക

Vatican News
TOPSHOT-PHILIPPINES-TOURISM-BORACAY TOPSHOT-PHILIPPINES-TOURISM-BORACAY  (AFP or licensors)

ശരണാര്‍ത്ഥരെ കൈവെടിയാത്ത ദൈവം

ഒരു ശരണഗീതം 16–Ɔο സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം ആദ്യഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 16-ന്‍റെ പഠനം ഭാഗം ഒന്ന്


1. ദൈവത്തില്‍ അഭയംതേടുന്ന മനുഷ്യന്‍
ശരണഗീതങ്ങളെക്കുറിച്ച് നാം പഠിച്ചിട്ടുണ്ട്. മനുഷ്യര്‍ ദൈവത്തില്‍ അഭയം തേടുകയും ശരണപ്പെട്ടു ജീവിക്കുകയും ചെയ്യുന്നു എന്ന ചിന്തയാണ് ശരണഗീതങ്ങളില്‍ പ്രതിഫലിപ്പിക്കുന്നത്. ജീവിതസാഹചര്യങ്ങളിലെ പ്രാര്‍ത്ഥനയാണ് ശരണത്തിന്‍റെ വരികളായും, സ്തുതിപ്പിന്‍റെ പദങ്ങളായും ഉയരുന്നത്. നന്മയ്ക്കുവേണ്ടിയുള്ള സഹായങ്ങളാണ് ശരണഗീതത്തിന്‍റെ വരികളില്‍ തെളിഞ്ഞുനില്ക്കുന്നത്. അത് വ്യക്തിയുടേതാവാം, അല്ലെങ്കില്‍ സമൂഹത്തിന്‍റേതാവാം. നാം പഠനവിഷയമാക്കിയിരിക്കുന്നത് ഒരു വ്യക്തിയുടെ ശരണസങ്കീര്‍ത്തനമാണ് - 16–Ɔο സങ്കീര്‍ത്തനം. ജീവിതത്തിന്‍റെ സാധാരണ സാഹചര്യങ്ങളിലും പ്രത്യേക അവസരങ്ങളിലും ഗായകന്‍ ദൈവത്തില്‍ അര്‍പ്പിക്കുന്ന അചഞ്ചലമായ ശരണമാണ് ഈ ഗീതത്തില്‍ പ്രതിഫലിക്കുന്നത്. സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ഉറവിടവും സുരക്ഷിതത്വത്തിന്‍റെ ഉറച്ച കോട്ടയും അഭയകേന്ദ്രവുമായ ദൈവത്തില്‍ പുര്‍ണ്ണമായി ശരണപ്പെടുവാന്‍ ശരണഗീതങ്ങള്‍ ആഹ്വാനംചെയ്യുന്നു.

Musical version of Psalm 16
കര്‍ത്താവാണെന്‍ ഓഹരിയും പാനപാത്രവും
എന്‍റെ ഭാഗധേയമങ്ങേ കൈകളിലാണ്.

ആലാപനം സെബി തുരുത്തിപ്പുറവും സംഘവും. ഗാനാവിഷ്ക്കാരം  ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും.

2. ഗീതത്തിന്‍റെ വരികളിലൂടെ - ആദ്യഭാഗം
പദങ്ങളുടെ പരിചയപ്പെടലും വിവരണവും - 1-മുതല്‍ 6-വരെ

Recitation of Ps. 16, verse 1 :
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാനങ്ങില്‍ ശരണംവച്ചിരിക്കുന്നു.

ജീവിതത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ അല്ലെങ്കില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ ചെയ്യുന്നതുപോലെ സങ്കീര്‍ത്തകന്‍ ദൈവത്തില്‍ ശരണപ്പെടുകയാണ്. ഗായകന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. ദേവാലയത്തില്‍, ദൈവസന്നിധിയില്‍ അഭയംതേടുന്നു.

Recitation of Verse-2
അവിടുന്നാണ് എന്‍റെ കര്‍ത്താവ്,
അങ്ങില്‍നിന്നല്ലാതെ എനിക്കു നന്മയില്ല
എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.

സങ്കീര്‍ത്തകന്‍ ആശ്രയിക്കുകയും ശരണപ്പെടുകയും ചെയ്യുന്ന ദൈവം തന്‍റെ കര്‍ത്താവും ജീവിതത്തില്‍ സകല നന്മകളുടെയും ഉറവിടവുമാണെന്ന് ഗായകന്‍ ഏറ്റുപാടുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ദൈവവുമായുള്ള തന്‍റെ ബന്ധം ഏറ്റവും വിലപ്പെട്ടതാണെന്നും സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നു. ഗായകന്‍ ആശ്ചര്യപ്പെടുന്നതും ചോദിക്കുന്നതും, ഏറ്റവും വലിയ നന്മയും സകല നന്മദാതാവുമായ ദൈവത്തില്‍നിന്നല്ലാതെ എങ്ങനെയാണ് ലോകത്തില്‍ ‍നന്മയുണ്ടാകുക?!

Recitation of Verse-3
ലോകം വിശുദ്ധരെന്ന കരുതുന്നവര്‍ നിസ്സാരരാണ്.
അവരില്‍ ആനന്ദംകൊള്ളുന്നവര്‍ അഭിശപ്തരാണ്.

ആരാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധന്മാര്‍? പാരമ്പരാഗതമായി ദൈവാരാധകരായ ഭക്തരോ (Hasidim) അല്ലെങ്കില്‍ വിശ്വാസികളോ? രണ്ടു കൂട്ടത്തിലുമാകാം പുണ്യാത്മാക്കള്‍! ദൈവത്തില്‍ ശരണപ്പെടുന്ന വിശ്വാസികള്‍പോലെതന്നെ ദൈവാരാധകരായ ഭക്തന്മാരും ജീവിത വിശുദ്ധിയുള്ളവരാണ്. കാരണം ദൈവം എല്ലാവരിലും വസിക്കുന്നു, ദൈവം എല്ലാവരെയും വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു.

Recitation of Verse-4
ദൈവത്തെ തള്ളിപ്പറയുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു.
ഞാന്‍ അവര്‍ക്കു രക്തംകൊണ്ടു പാനീയബലി അര്‍പ്പിക്കുകയില്ല.
ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല
വിശുദ്ധരില്‍നിന്നു വ്യത്യസ്തരായ വിഗ്രഹാരാധകരുടെ ചിത്രവും ഈ ശരണഗീതം വരച്ചുകാട്ടുന്നു. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുന്ന കാഴ്ചകളും ബലികളും അപലപനീയമാണ്. ഇതെല്ലാം സങ്കീര്‍ത്തകന്‍ തീര്‍ത്തും ഉപേക്ഷിച്ചിരുന്നതായി പറയുകയും, തന്‍റെ അനുവാചകരെ ഉദ്ബോധിപ്പിക്കുകയുംചെയ്യുന്നു.

Recitation of Verse-5
കര്‍ത്താവാണ് എന്‍റെ ഓഹരിയും പാനപാത്രവും
എന്‍റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.

ഇസ്രായേല്‍ക്കാരുടെ ഇടയില്‍ കാനാന്‍ ദേശം പങ്കിടുന്നതുമായി ബന്ധപ്പെട്ട വാക്കുകളും വാക്യങ്ങളും ഈ ശരണഗീതത്തിന്‍റെ ഭാഗമാണ്. ഗോത്രങ്ങള്‍ക്കു രാജ്യം പങ്കുവച്ചുകൊടുത്തത് പവിത്രമായ നറുക്കെടുപ്പു വഴിയാണ്. ലേവീ ഗോത്രത്തിനു ഭൂമിയല്ല, ദൈവത്തെയാണ് അവകാശമായി കിട്ടിയത്. ലേവ്യര്‍ ഭുമിയില്‍ അദ്ധ്വാനിച്ചല്ല കഴിയുന്നത്, മറിച്ച് ബലികളില്‍നിന്നും ദേവാലയ ശുശ്രൂഷയില്‍നിന്നും ദൈവമാണ് അവര്‍ക്കു ഭൂമിയില്‍ ജീവിതമാര്‍ഗ്ഗം തുറന്നുകൊടുക്കുന്നതെന്നാണ് ഇസ്രായേലിലെ വിശ്വാസം.

Recitation of Verse-6
അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്
വിശ്ഷിടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു.

ദൈവം അവര്‍ക്കു സമീപസ്ഥനാണ്. അവരുടെ ജീവിതത്തിന്‍റെ അടിസ്ഥാനം ദൈവമാണ്. ദൈവത്തില്‍ ജീവിക്കുക, ദൈവത്തിന്‍റെ സാമീപ്യത്തില്‍ വസിക്കുക വലിയ ഭാഗ്യം തന്നെ. ഇവിടെ സ്തുതിയും ശരണവും ചേര്‍ന്നുനില്ക്കുന്നു. ദൈവവുമായുള്ള മൗതികൈക്യം അല്ലെങ്കില്‍ അഭൗമൈക്യം ദര്‍ശിക്കാന്‍ ദൈവത്തില്‍ ശരണപ്പെടുന്നവര്‍ക്കു സാധിക്കും.

Musical version of Psalm 16
1 ദൈവമേ, കാത്തുകൊള്ളേണമേ
ഞാനങ്ങില്‍ ശരണംവയ്ക്കുന്നു
അവിടുന്നാണെന്‍റെ കാര്‍ത്താവ്
അങ്ങില്‍നിന്നല്ലാതെ എനിക്ക് നന്മയില്ല (2)
- കര്‍ത്താവാണെന്‍

3. സങ്കീര്‍ത്തനം 16–ന്‍റെ പഠനം രണ്ടാം ഭാഗം :
പദങ്ങളുടെ പരിചയപ്പെടലും വിവരണവും - 7-മുതല്‍ 11-വരെ
  
Recitation of Verse-7
എനിക്ക് ഉപദേശം നല്കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തും
രാത്രിയില്‍ എന്‍റെ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു.

ശരണഗീതത്തില്‍ അല്ലെങ്കില്‍ ഒരു ഭക്തന്‍റെ ശരണംവിളിയില്‍ കൃതജ്ഞതയുടെ ഭാവം തെളിഞ്ഞുനില്ക്കുന്നു. ദൈവം തന്നില്‍ ആശ്രയിച്ച സങ്കീര്‍ത്തകനെ ഉപദേശിക്കുന്നു. അയാള്‍ക്കു ജീവന്‍റെ മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നു. ആത്മാവിന്‍റെ ഏറ്റവും ആന്തരികമായ പ്രചോദനങ്ങളാണ് അന്തരംഗംകൊണ്ട് സുചിപ്പിക്കുന്നത്. ദൈവവചനത്തിന്‍റെ വെളിപാടു ലഭിച്ച സങ്കീര്‍ത്തകനില്‍ കൃതജ്ഞത അലതല്ലി നില്ക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
Recitation of Verse-8 കര്‍ത്താവ് എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ട്
അവിടുന്നെന്‍റെ വലതു ഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.

തന്‍റെകൂടെ നടക്കുന്ന സജീവനും, യഥാര്‍ത്ഥത്തിലുള്ളതുമായ വ്യക്തിയാണ് ദൈവം എന്ന ബോധ്യം ശരണഗീതത്തിന്‍റെ പ്രത്യേകതയാണ്. എപ്പോഴും അവിടുന്ന് ഉപദേശം തന്നുകൊണ്ട് തന്‍റെ വലതുഭാഗത്തുണ്ട്. അവിടുത്തെ ശക്തിയുള്ള സംരക്ഷണമെന്നാണ് വലതുഭാഗം സൂചിപ്പിക്കുന്നത്.

Recitation of Verse-9
അതിനാല്‍, എന്‍റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനനന്ദം കൊള്ളുകയും ചെയ്യുന്നു.
എന്‍റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.

ഇവിടെ മരണത്തില്‍നിന്നുള്ള മോചനമാണോ, അതോ പുനരുത്ഥാനത്തിലുള്ള പ്രത്യാശയാണോ ഉദ്ദേശിക്കുന്നത്? ആരും ചിന്തിച്ചുപോകാം...! നമുക്ക് ഉറപ്പില്ല. എന്നാല്‍ അടുത്തവരി ചിലപ്പോള്‍ സഹായിച്ചേക്കാം.

Recitation of Verse-10
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല.
അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ അനുവദിക്കുകയില്ല.

ദൈവത്തിന്‍റെ സഹായവും, അവിടുത്തെ സന്തതസാന്നിദ്ധ്യവും ജീവിതക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭക്തനു സന്തോഷവും പ്രത്യാശയും പ്രദാനംചെയ്യുന്നു. പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ യേശുവിന്‍റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നതായിട്ടും വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഇതിനെ അനുകൂലിക്കുന്നവര്‍ അനവധിയാണെങ്കിലും, മറിച്ചു വ്യാഖ്യാനിക്കുന്ന നിരൂപകന്മാരുമുണ്ട്.

Recitation of Verse-11
അങ്ങ് എനിക്കു ജീവന്‍റെ മാര്‍ഗ്ഗം കാണിച്ചുതന്നു.
അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്‍റെ പൂര്‍ണ്ണതയുണ്ട്
അങ്ങയുടെ വലതുകൈയ്യില്‍ ശാശ്വത സന്തോഷമുണ്ട്.

ദൈവം മനുഷ്യര്‍ക്ക്, അവിടുത്തെ ശരണാര്‍ത്ഥര്‍ക്ക് ജീവന്‍റെ വഴി കാണിച്ചുകൊടുക്കുന്നു. മരണം പതിയിരിക്കുമ്പോഴും, അവിടുത്തെ സാന്നിദ്ധ്യവും സാമീപ്യവും പൂര്‍ണ്ണമായ സന്തോഷവും പകര്‍ന്നുനല്കുന്നു. അവിടുന്നു തന്‍റെ ശക്തിയായ സംരക്ഷണത്താല്‍ തന്നില്‍ ശരണപ്പെടുന്നവര്‍ക്ക് ശാശ്വതമായ സന്തോഷം പ്രദാനംചെയ്യുന്നു. സംരക്ഷണം അന്വേഷിക്കുന്ന ശരണാര്‍ത്ഥന് ദൈവം സ്വയം വെളിപ്പെടുത്തിക്കൊടുക്കുന്നു. ദൈവം തന്‍റെ വചനവും ഉപദേശവും അവനു വെളിവാക്കിക്കൊടുക്കുന്നു. ഫലമോ, ദൈവത്തിലുള്ള ശരണവും, വിശ്വാസവും അവനില്‍ അവിടുത്തേയ്ക്കു സ്തുതിയും, രക്ഷയിലുള്ള അവബോധവുമായി വളരുന്നു. അങ്ങനെ ദൈവത്തിലുള്ളതും, ദൈവത്തോടുകൂടെയുള്ളതുമായ സുരക്ഷിതത്വത്തിന്‍റെ അത്ഭുതവും നിഗൂഢതയും ശ്രദ്ധേയമാണ്. അവിടുന്നു കൃപാലുവും ജീവദാതാവുമാണ്. ജീവന്‍റെ ഉറവിടം ദൈവമാണ്. അതുപോലെ ഒരു ശരണാര്‍ത്ഥന്‍റെ ജീരക്ഷ ദൈവമാണ്. അതിനാല്‍ ഒരു ശരണ സങ്കീര്‍ത്തനത്തിന്‍റെ അടിസ്ഥാനം മനുഷ്യന്‍റെ ആശ്രയവും അഭയവും ദൈവമാണെന്ന ധ്യാനമാണ്.

Musical version of Psalm 16
3. ദൈവമേ, എന്‍റെ ഹൃദയമങ്ങില്‍ സന്തോഷിക്കും
എന്‍റെ അന്തഃരംഗം കര്‍ത്താവില്‍ ‍ആനന്ദിക്കും
എന്‍റെ ദേഹം കര്‍ത്താവില്‍ സുരക്ഷിതമായ് വിശ്രമിക്കും
അവിടുന്നൊരിക്കലും എന്നെ ഉപേക്ഷിക്കുകയില്ല.
- കര്‍ത്താവാണെന്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്തയാഴ്ചയില്‍ സങ്കീര്‍ത്തനം16-ന്‍റെ പദങ്ങളുടെ വ്യാഖ്യാനം ശ്രവിക്കാം.
 

07 January 2020, 17:07