തിരയുക

INDIA-ECONOMY-AGRICULTURE-LABOUR INDIA-ECONOMY-AGRICULTURE-LABOUR 

ദൈവികൈക്യം മനുഷ്യനു നല്കുന്ന ആത്മവിശ്വാസം

ശരണഗീതം 16-Ɔο സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം നാലാം ഭാഗം - ആത്മീയ വിചിന്തനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

16-‍Ɔο സങ്കീര്‍ത്തനം ഭാഗം 5 - ശരണഗീതം


1. ജീവിതയാത്രയില്‍ ദൈവം തുണയും സഹായകനും

ഇസ്രായേലിലേയ്ക്ക് വിശ്വാസം സ്വീകരിച്ചെത്തിയ ഒരു വ്യക്തിയുടെ ശരണപ്രകടനമാണ് ഈ സങ്കീര്‍ത്തനമെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ഈ ഗീതം ദാവീദിന്‍റേതെന്നാണ് ഇസ്രായേലില്‍ അംഗീകരിച്ചിരുന്നത്. പഴയനിയമത്തിന്‍റെ മൂല കൃതികളില്‍ അത് ഹെബ്രായ ഭാഷയിലായാലും, ഗ്രീക്കിലായാലും... ഇനി സമകാലീന പരിഭാഷകളിലും, പിഒസി ബൈബിളിലും ദാവീദു രാജാവിന്‍റേതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ ഗീതത്തിന്‍റെ ആത്മീയ അവലോകനം, ആത്മീയ നേട്ടങ്ങളാണ് നാം പഠിക്കുന്നത്. ഈ സങ്കീര്‍ത്തനം പഠിക്കുന്ന ആര്‍ക്കും, ഏത് അനുവാചകനും ഇതിന്‍റെ ധ്യാനത്തിലൂടെയും പഠനത്തിലൂടെയും, ഈ സങ്കീര്‍ത്തനം ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനയിലൂടെയുമെല്ലാം ലഭിക്കുന്ന നേട്ടങ്ങള്‍ ചെറുതെങ്കിലും അവ ഗണ്യമാണെന്ന ബോധ്യം തരുന്നതാണ് ഈ സങ്കീര്‍ത്തനം. പ്രതിസന്ധിയുടെ ജീവിത സാഹചര്യങ്ങളില്‍ ദൈവം തന്‍റെ സഹായകനും പരിപാലകനുമാണ് എന്നുതന്നെയാണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യന്‍ ഇല്ലായ്മയില്‍നിന്നുമാണ് അടിസ്ഥാനപരമായും അസ്തിത്വമെടുക്കുന്നത്. അതിനാല്‍ ദൈവമില്ലാതെ മനുഷ്യന് നിലനില്പില്ല.  ആദ്യ പദങ്ങളില്‍ തന്നെ, മനുഷ്യന്‍റെ ജീവിത നന്മ എപ്രകാരം ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

Musical version of Psalm 16
കര്‍ത്താവാണെന്‍ ഓഹരിയും പാനപാത്രവും
എന്‍റെ ഭാഗധേയമങ്ങേ കൈകളിലാണ്.
ദൈവമേ, കാത്തുകൊള്ളേണമേ
ഞാനങ്ങില്‍ ശരണംവയ്ക്കുന്നു
അവിടുന്നാണന്‍റെ കാര്‍ത്താവ്
അങ്ങില്‍നിന്നല്ലാതെ എനിക്ക് നന്മയില്ല (2)
- കര്‍ത്താവാണെന്‍

2. ശരണം ഉറപ്പുതരുന്ന ആത്മീയാനന്ദം
ദൈവത്തിലുള്ള മനുഷ്യന്‍റെ ശരണപ്പെടല്‍, ശരണം നിരാശപ്പെടലിലോ, ജീവിതദുഃഖത്തിലോ, അല്ല ആശ്രയിച്ചിരിക്കുന്നത്, മറിച്ച് ദൈവത്തിലുള്ള വിശ്വാസത്തിലാണ്. സങ്കീര്‍ത്തകന്‍ വിവരിക്കുന്ന ആത്മവിശ്വാസത്തോടെയുള്ള ശരണപ്പെടലില്‍ ഒരു അടിയുറച്ച സന്തോഷമുണ്ട്, പ്രത്യാശയുണ്ട്. അത് വിശ്വാസത്തില്‍ അടിയുറച്ച ശരണപ്പെടലും ദൈവസ്തുതിയുമാണെന്ന് വരികള്‍ വ്യക്തമാക്കുന്നു. ദൈവത്തില്‍ നിന്നല്ലാതെ എനിക്ക് നന്മയില്ല, എന്നു നാം പറയുന്നതിന്‍റെ പൊരുള്‍ എന്താണ്? ദൈവത്തില്‍നിന്ന് നിരവധിയായ നന്മകള്‍ അറിഞ്ഞും അറിയാതെയും സ്വീകരിക്കുമ്പോള്‍ ദൈവത്തിന് തിരിച്ചുനല്കാനായി നമുക്കൊന്നുമില്ല. ദൈവം അപരിമേയനും അത്യുദാരനുമായിരിക്കെ, മനുഷ്യരായ നാം നിസ്സാരരും അവിടുത്തെ അനന്തകാരുണ്യത്തിലെ ആശ്രിതരുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണമെന്ന് സങ്കീര്‍ത്തകന്‍  ഉദ്ബോധിക്കുന്നു.

Musical version of Psalm 16
ദൈവമേ ഞാനങ്ങേ വാഴ്ത്തുന്നു
എന്‍റെ അന്തരംഗമങ്ങില്‍  നിറയുന്നു
കര്‍ത്താവെപ്പോഴുമെന്‍റെ കണ്‍മുന്‍പിലുണ്ട്
ഞാന്‍ തെല്ലും കുലുങ്ങുകയില്ല (2).
- കര്‍ത്താവാണെന്‍

3.  ദൈവികൈക്യം തരുന്ന ആത്മവിശ്വാസം
ദൈവത്തിലുള്ള സങ്കീര്‍ത്തകന്‍റെ ശരണപ്പെടലില്‍നിന്നും ലഭിക്കുന്ന നേട്ടങ്ങള്‍ അല്ലെങ്കില്‍ ഗുണങ്ങള്‍ എന്തെല്ലാമെന്നു നമുക്കു ശ്രദ്ധിക്കാം. എന്തുചെയ്യുമ്പോഴും അതിന്‍റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് ചിന്തിക്കുന്നതും വിലയിരുത്തുന്നതും നല്ലതാണ്. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ നാം വ്യാപൃതരാകുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഗീതത്തിന്‍റെ 7, 8 വരികള്‍ അത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ദൈവത്തില്‍നിന്ന് സഹായം തേടുന്നവന് രാത്രിയെന്നോ പകലെന്നോയില്ല. രാത്രിയിലും അന്തരംഗത്തെ പ്രബോധിപ്പിക്കുന്ന കര്‍ത്താവിനെ സങ്കീര്‍ത്തകന്‍ സ്തുതിക്കുന്നു. ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നന്‍റെ കണ്‍മുന്‍പില്‍, ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും കര്‍ത്താവുണ്ടെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത്. ദൈവത്തില്‍ കേന്ദ്രീകരിച്ചും ആശ്രയിച്ചും ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറിച്ചായിരിക്കാന്‍ സാദ്ധ്യമല്ല. അയാള്‍ രാവും പകലും ദൈവത്തെ ഓര്‍ക്കുന്നു, ദൈവത്തെ ധ്യാനിക്കുന്നു, ജപിക്കുന്നു. അങ്ങനെ ദൈവം സദാ നമ്മെ നയിക്കുന്നു. ദൈവം രാവും പകലും നമ്മുടെ കൂടെയുണ്ട് എന്ന ചിന്തയാണ് മനുഷ്യന് ഭയലേശമെന്യേ മുന്നോട്ടു പോകാന്‍ കരുത്താകുന്നത്.

ദൈവിക ഐക്യത്തിന്‍റെ പൂര്‍ണ്ണിമ ഏറ്റവും മനോഹരമായിട്ടു നാം കാണുന്നത് ക്രിസ്തുവിലാണ്. അവിടുന്നു തന്‍റെ ജീവിതയാത്ര അനുനിമിഷം മുന്നോട്ടു നയിക്കുന്നത് പിതാവുമായുള്ള സമ്പൂര്‍ണ്ണ ഐക്യത്തിലാണ്. ഭൗമിക ജീവിതം നയിച്ച ദൈവപുത്രന്‍ ജീവിത പ്രതിസന്ധികളിലെല്ലാം പിതാവില്‍ സമര്‍പ്പിച്ച്, ശരണപ്പെടുന്നത് വളരെ പ്രകടമായ സത്യമാണ്. വിശ്വാസ ജീവിതത്തിന്‍റെ യഥാര്‍ത്ഥഭാവമാണ് ക്രിസ്തു കാണിച്ചുതന്ന പിതൃഐക്യത്തില്‍, ദൈവികകൈക്യത്തില്‍ പ്രകടമാകുന്നത്.

Musical version of Psalm 16
ദൈവമേ, എന്‍റെ ഹൃദയമങ്ങില്‍ സന്തോഷിക്കും
എന്‍റെ അന്തഃരംഗം കര്‍ത്താവില്‍ ‍ആനന്ദിക്കും
എന്‍റെ ദേഹം കര്‍ത്താവില്‍ സുരക്ഷിതമായ് വിശ്രമിക്കും
അവിടുന്നൊരിക്കലും എന്നെ ഉപേക്ഷിക്കുകയില്ല.
- കര്‍ത്താവാണെന്‍

4. ദൈവത്തോടു പക്ഷം ചേരുന്നവരുടെ ആത്മീയാനന്ദം
ദൈവികാനുഭവം നല്കുന്ന ആനന്ദവും സ്ഥിരോത്സാഹവും സങ്കീര്‍ത്തനം 16-ന്‍റെ അവസാനത്തെ മൂന്നു വരികളില്‍ നമുക്കു പ്രകടമായി കാണാം. ജീവിതചുറ്റുപാടുകളില്‍ നാം സാധാരണഗതിയില്‍ പണത്തിനും പ്രതാപത്തിനും സ്ഥാനമാനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും സ്ഥാനംകൊടുക്കുന്നു. അതില്‍ത്തന്നെ തെറ്റില്ലെങ്കിലും, ദൈവത്തിന് ജീവിതത്തില്‍ മുന്‍തൂക്കം നല്കുന്നവന്‍ അനുഭവിക്കുന്ന സവിശേഷമായ ആനന്ദത്തെക്കുറിച്ചാണ് അവസാന വരികളില്‍ സങ്കീര്‍ത്തകന്‍ വിവരിക്കുന്നത്. ദൈവത്തോടു പക്ഷംചേര്‍ന്നു നില്ക്കുന്നതിന്‍റെ നേട്ടാണ് ആത്മീയാനന്ദം. ഈ ഗീതത്തിന്‍റെ ആത്മീയ വിചിന്തനം ഇതുതന്നെയാണ്. ഗീതത്തിന്‍റെ ആത്മീയ വിചിന്തനത്തില്‍ ഈ ജീവിതത്തിനും അപ്പുറമെത്തുന്ന നേട്ടമാണ് സങ്കീര്‍ത്തകന്‍ വരികളില്‍ വിവരിക്കുന്നത്. മരണാന്തരം, രക്ഷകനായ അവിടുന്നു തന്നെ പാതാളത്തിലേയ്ക്കു തള്ളുകയില്ല, മറിച്ച് ദൈവികൈക്യത്തിലും സൗഭാഗ്യത്തിലും ആയിരിക്കാനാകുമെന്ന ഉറപ്പ് നല്കുകയും, അവ കൂടുതല്‍ ആനന്ദംപകരുകയും ചെയ്യുമെന്ന് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ കുറിക്കുകയും ചെയ്യുന്നു.

5. ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ
ക്രിസ്തു തന്‍റെ ഭൗമികജീവിതാന്ത്യത്തില്‍ സങ്കീര്‍ത്തകന്‍റെ ഈ പ്രത്യാശ പൂര്‍ത്തീകരിച്ചു. അവിടുന്നു തന്നെത്തന്നെ പൂര്‍ണ്ണമായും സര്‍പ്പിച്ചത് പിതൃകരങ്ങളിലാണ്. ഇത് ലോകത്തിന് മാതൃകയും പ്രത്യാശയും പ്രചോദനവുമാണ്. ക്രൈസ്തവ ജീവിതത്തെ സംബന്ധിച്ച പരമമായ വീക്ഷണത്തില്‍ നാമും ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ പങ്കുകാരാകുമെന്ന വിശ്വാസം ജീവിതയാത്രയില്‍ ഉറപ്പും പ്രത്യാശയും പകരുന്നു! ഇതാണ് സങ്കീര്‍ത്തകന്‍ വലതുകൈ എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ വലതുഭാഗം സുരക്ഷവും, ശരിയായതും, ആര്‍ക്കും ഇഷ്ടപ്പെടുന്നതുമായ സ്ഥാനമാണ്. ചുരുക്കത്തില്‍ അനുദിന ജീവിതത്തില്‍ ഈശ്വര വിശ്വാസിയായ മനുഷ്യന് പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകില്ലെന്നല്ല, ദൈവത്തോടു ചേര്‍ന്നുനില്ക്കുകയും അവിടുന്നില്‍ ശരണപ്പെട്ടു മുന്നോട്ടു പോവുകയും ചെയ്യുന്നവന് ജീവിതാനന്ദമുണ്ടാകും, പരമമായ സന്തോഷം ദൈവത്തില്‍ കൈവരിക്കുവാനും എന്ന ക്രിയാത്മകമായ ദര്‍ശനമാണ് ഈ ശരണഗീതം, സങ്കീര്‍ത്തനത്തിന്‍റെ  ആത്മീയ വിചിന്തനം നമുക്കു നല്കുന്നത്.

Musical version of Psalm 16, verses 1 & 11.
കര്‍ത്താവാണെന്‍ ഓഹരിയും പാനപാത്രവും
എന്‍റെ ഭാഗധേയമങ്ങേ കൈകളിലാണ്.
ദൈവമേ, കാത്തുകൊള്ളേണമേ
ഞാനങ്ങില്‍ ശരണംവയ്ക്കുന്നു
അവിടുന്നാണന്‍റെ കാര്‍ത്താവ്
അങ്ങില്‍നിന്നല്ലാതെ എനിക്ക് നന്മയില്ല (2)
- കര്‍ത്താവാണെന്‍

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരികൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.
 

28 January 2020, 15:08